Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എതിർപ്പുകൾ മറികടന്ന് അവർ ഒന്നായി; ഋഷി ഇനി വിന്നിനു സ്വന്തം

Same Sex Marriage വിന്നും ഋഷിയും

'പ്രണയത്തിനു ജാതിയോ മതമോ ലിംഗവ്യത്യാസമോ ഒന്നുമില്ല, രണ്ടു മനസ്സുകൾ തമ്മിലുള്ള ചേർച്ചയ്ക്കാണു പ്രാധാന്യം.' സദസ്സുകളിലും നാലാളുകൾ കൂടുന്ന വേദികളിലുമൊക്കെ ഘോരഘോരം പ്രസംഗിച്ചു തിരികെ വരുമ്പോഴായിരിക്കും 'എന്നാലും സ്വവർഗരതി കുറ്റകരമാക്കാതിരിക്കുന്നതെങ്ങനെ' എന്നു രഹസ്യമായി ചോദിക്കുന്നത്. പലരുടെയും കാര്യത്തിൽ സ്ഥിതി ഇങ്ങനെയാണ്, മറ്റേതു പ്രണയത്തെ സ്വീകരിക്കാൻ സന്നദ്ധത കാണിച്ചാലും സ്വവർഗ പ്രണയവും സ്വവർഗ രതിയുമൊക്കെ വിലക്കായി കാണുന്നർ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഉണ്ടെന്നത് അത്ഭുതത്തോടെ കാണേണ്ടുന്ന കാര്യമാണ്. അത്തരക്കാരുടെ വായടയ്ക്കാൻ ഇതാ മറ്റൊരു സ്വവർഗ പ്രണയം കൂടി വിവാഹത്തിലെത്തിയിരിക്കുന്നുവെന്ന സന്തോഷ വാർത്തയാണ് വൈറലാകുന്നത്. 

കാലിഫോർണിയയിൽ താമസക്കാരായ  ഋഷിയും വിന്നുമാണ്  ആ സന്തുഷ്ട ദമ്പതികൾ. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയായ ഋഷി സാത്‌‌വാനെയ്ക്കും വിയറ്റ്നാം സ്വദേശിയായ വിന്നിനും ഇതു സന്തോഷത്തിന്റെ നാളുകളാണ്. കാത്തുകാത്തിരുന്ന പ്രണയം ഒടുവിൽ നാടും നാട്ടാരുമൊക്കെ അംഗീകരിച്ചിരിക്കുകയാണ്. മറ്റേതൊരു പ്രണയികളെയും പോലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശീർവാദത്തോടെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. 

താൻ മറ്റൊരു പുരുഷനിലേക്കാണ് ആകർഷിക്കപ്പെടുന്നതെന്നും ഗേ ആണെന്നും  ഋഷി മാതാപിതാക്കളോടു പറയുന്നത് കൗമാരകാലത്താണ്. എന്നാൽ തുടക്കത്തിൽ അതിനോടു പൊരുത്തപ്പെടാൻ അവർക്കായിരുന്നില്ല. എന്നാൽ പതിയെ അവർ തങ്ങളുടെ മകനെ മനസ്സിലാക്കി അവനെ തന്റെ ഇഷ്ടത്തിനനുസരിച്ചു നീങ്ങാൻ അനുവദിക്കുകയായിരുന്നു. ഒടുവിൽ വിന്നുമായുള്ള പ്രണയത്തെക്കുറിച്ചു പറഞ്ഞപ്പോഴും അവർ മറുത്തൊന്നും പറയാതെ കൂടെനിന്നു. 

തുടക്കത്തിൽ ഇന്ത്യയിൽ വച്ചു വിവാഹിതരാകണം എന്ന ഋഷിയുടെ തീരുമാനത്തെ മാതാപിതാക്കൾ എതിർത്തിരുന്നു, സ്വവർഗ വിവാഹത്തോടുള്ള സമൂഹത്തിന്റെ മനോഭാവവും നിയമപരമായ പ്രശ്നങ്ങളുമൊക്കെ കണക്കിലെടുത്തായിരുന്നു ആ എതിർപ്പ്. പക്ഷേ തന്റെ നാട്ടിൽ വച്ചുതന്നെ പരമ്പരാഗത ശൈലിയിൽ വിവാഹിതനാകുമെന്ന തീരുമാനത്തിൽ നിന്ന് യാതൊരു കാരണവശാലും പിന്നോട്ടില്ലെന്ന് ഋഷിയും തീരുമാനിച്ചു. 

അങ്ങനെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മോതിരവും പൂമാലകളും കൈമാറി അവർ ഒന്നായി. ഇങ്ങനെയാണെങ്കിലും ആ ചടങ്ങിനെ വിവാഹം എന്നു വിളിക്കുന്നതിനോട് ഋഷിക്കു തീരെ യോജിപ്പില്ല. '' അതിനെ ഒരു വിവാഹം എന്നു വിളിക്കുന്നതിനേക്കാൾ പ്രതിജ്ഞാബദ്ധമായ ചടങ്ങ് എന്നു വിളിക്കാനാണിഷ്ടം. എന്റെ പ്രിയപ്പെട്ടവർക്കു മുന്നിൽ വച്ച് വിന്നിനൊപ്പം ഇനിയെന്നുമുണ്ടാകുമെന്നു പ്രഖ്യാപിക്കുന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്.''- ഋഷി പറയുന്നു. 

സ്വവർഗരതി കുറ്റകരമല്ലാതാക്കാനുള്ള നിയമനിർമാണം സംബന്ധിച്ച് വാദങ്ങൾ നടക്കുന്നതിനിടെ ഇത്തരം സ്വവർഗ വിവാഹങ്ങൾ നൽകുന്ന സന്ദേശം ചെറുതല്ല. കാലം പുരോഗമിച്ചിട്ടും പ്രായപൂർത്തിയായ യുവാവിനോ യുവതിക്കോ തനിക്കിഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന കാര്യം അറിഞ്ഞിരിക്കെ പോലും സ്വവർഗ വിവാഹം ചെയ്യുന്നവരെ മാത്രം തിരഞ്ഞുപി‌ടിച്ച് വേട്ടയാടുന്നവർക്കെല്ലാം കനത്ത പ്രഹരമാണ്  ഋഷിയും വിന്നും  നൽകുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam