Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം വിരിയും, മരണം തലകുനിക്കും ; മരണാസന്നനായ പത്തൊമ്പതുകാരനു വിവാഹം !

Dustin ഡസ്റ്റിൻ സിയറയ്ക്കൊപ്പം

ഡസ്റ്റിൻ സ്നൈഡറും സിയറ സിവേറിയയും മോതിരം കൈമാറി ഒന്നാകുന്ന നിമിഷം അടുത്തെവിടെയോ തലകുനിച്ചു നിൽക്കുന്നുണ്ടാവും, മരണം. പ്രണയത്തിന്റെയും സമർപ്പണത്തിന്റെയും ഹൃദയനിറവിനു മുന്നിൽ തോറ്റുപോവുകയല്ലാതെ മറ്റെന്തുവഴിയുണ്ട് അതിന്!

പത്തൊൻപതു വയസ്സേയുള്ളൂ, ഫ്ലോറിഡയിലെ വാൽറികോയിൽ ജീവിക്കുന്ന ഡസ്റ്റിൻ സ്നൈഡർക്ക്. ഒന്നരവർഷമായി അപൂർവതരം ശ്വാസകോശ കാൻസറിനോടു പോരാടുകയാണ് അവൻ. നിമിഷനേരം പോലും വിട്ടുപോകാതെ ഒപ്പമുണ്ട് സ്കൂൾ കൂട്ടുകാരി സിയറ. 

dustin-1 ഡസ്റ്റിനും സിയറയും

ഇനി നേരമധികമില്ല ഡസ്റ്റിന്. ദിവസങ്ങൾ, ഒരുപക്ഷേ, മണിക്കൂറുകൾ മാത്രം. ജീവിതത്തിന്റെ അവസാന പടവുകളിൽ സ്നൈഡർ അവന്റെ വലിയൊരു മോഹം പ്രിയപ്പെട്ടവരോടു പങ്കുവച്ചു, സിയറയെ വിവാഹം കഴിക്കണം. സിയറയ്ക്കു സമ്മതം, വീട്ടുകാർക്കും. അങ്ങനെ വിവാഹ ഒരുക്കങ്ങൾ തുടങ്ങി. 

വിവാഹച്ചെലവിനു പണം കണ്ടെത്തിയതു ജനങ്ങളിൽനിന്നു സംഭാവന സ്വീകരിക്കുന്ന ക്രൗഡ് ഫണ്ടിങ് രീതിയിലൂടെ. ദിവസങ്ങൾക്കകം ആവശ്യത്തിലേറെ പണം ഒഴുകിയെത്തി. വിവാഹവിശേഷമറിഞ്ഞ് ഫോണിൽ വിളിച്ച വാഷിങ്ടൺ പോസ്റ്റ് ലേഖകനോടു ഡസ്റ്റിൻ പറഞ്ഞു, ‘അവളാണ് എന്റെ ലോകം. അവളില്ലാതെ ഈ ദുരന്തകാലം താണ്ടാൻ എനിക്കു കഴിയുകയേയില്ലായിരുന്നു.’

dustin-2 ഡസ്റ്റിനും സിയറയും

നമ്മുടെ സമയം ഇന്നു പുലർച്ചെയാണ് ഡസ്റ്റിന്റെയും സിയറുടെയും വിവാഹം. ഈ വാർത്ത അച്ചടിച്ച പത്രം നിങ്ങളുടെ കയ്യിലെത്തുമ്പോഴേക്കും വിവാഹം കഴിഞ്ഞിരിക്കും.

ഒരുപക്ഷേ, അതിനു മുൻപോ ശേഷമോ ഡസ്റ്റിൻ ഈ ലോകത്തോടു വിടപറഞ്ഞിട്ടുമുണ്ടാകാം. അങ്ങനെ സംഭവിക്കരുതേ എന്നു നമുക്കും ആശിക്കാം.

ഉടനൊന്നും അസ്തമിക്കാതിരിക്കട്ടെ ജീവിതത്തിന്റെ വിസ്മയസൂര്യൻ. തോറ്റുപോകട്ടെ, മരണം.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam