Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്ധങ്ങൾ ആരോഗ്യകരമാക്കാൻ 5 കാര്യങ്ങൾ!

Healthy Relationship നിങ്ങള്‍ക്ക് നിങ്ങളുടേതായ ഇടം നല്‍കാത്ത പങ്കാളികള്‍ ഉണ്ടായിരിക്കാം.

എല്ലാ ബന്ധങ്ങള്‍ക്കും ഒരു അതിര്‍ത്തി അനിവാര്യമാണ്. നിങ്ങളെന്ന വ്യക്തിയുടെ എല്ലാ സ്വകാര്യതകളെയും മാനിക്കാന്‍ തക്ക അകലത്തിലുള്ളതാകണം ആ പരിധി. അത് പ്രണയത്തിലായാലും, ദാമ്പത്യത്തിലായാലും, മറ്റ് ഏത് തരത്തിലുള്ള ബന്ധങ്ങളിലായാലും. അതിരുകളില്ലാത്ത ബന്ധമെന്നൊക്കെ കാവ്യാത്മകമായി പറയാമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ നിശ്ചിത അതിര്‍ത്തി ഇല്ലാത്തതാണ് പല ബന്ധങ്ങളുടെയും തകര്‍ച്ചയിലേക്ക് നയിക്കുന്നത്. രണ്ട് പേര്‍ തമ്മിലുള്ള ബന്ധത്തില്‍ അതിര്‍ത്തി മുന്‍കൂട്ടി നിര്‍ണ്ണയിക്കുന്നതോ അല്ലെങ്കില്‍ അത് സംബന്ധിച്ച്  ഒരു പരസ്പര ധാരണ ഉണ്ടായിരിക്കുന്നതോ ആണ് ആരോഗ്യകരമായ ബന്ധത്തിന്റെ ലക്ഷണമെന്ന് സൈക്കളോജിസ്റ്റുകള്‍ പറയുന്നു.

ഇത്തരം അതിര്‍ത്തികള്‍ ആദ്യം തന്നെ നിശ്ചയിക്കാവുന്നതോ അല്ലെങ്കില്‍ ബന്ധം പുരോഗമിക്കുന്തോറും ഘട്ടം ഘട്ടമായി നടപ്പാക്കാവുന്നതോ ആണ്. അതിര്‍ത്തികളില്ലാത്ത ബന്ധങ്ങളില്‍ പലപ്പോഴും കാര്യങ്ങളിലെ കടന്ന് കയറ്റങ്ങളുടെ പേരില്‍ സംഘര്‍ഷമുണ്ടാകാറുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പരിധികള്‍ നിശ്ചയിക്കുന്നത് കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം രണ്ട് പേര്‍ തമ്മിലുള്ള ബഹുമാനം വര്‍ദ്ധിക്കുന്നതിനും ഇരുവരുടെയും വ്യക്തിത്ത്വ വികാസത്തിനും സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു. 

ഇത്തരം പരിധികള്‍ നിശ്ചയിക്കാനും ഇടയ്ക്കിടെ അവ പുതുക്കാനും വിദഗ്ധര്‍ മുന്നോട്ട് വക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

1. സ്വന്തം അനുഭവത്തില്‍ നിന്ന്

അനുഭവമാണ് ഏറ്റവും വലിയ ഗുരു. മുന്‍പുണ്ടായിരുന്ന ബന്ധങ്ങളിലെ അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു കൊണ്ട് ബന്ധങ്ങളിലെ പരിധികള്‍ നിശ്ചയിക്കുന്നതാണ് ഏറ്റവും ഉചിതമായ വഴി. കാരണം അത്തരം അനുഭവങ്ങളിലൂടെ നിങ്ങള്‍ക്ക് സ്വന്തം സ്വകാര്യതക്കും താല്‍പ്പര്യങ്ങള്‍ക്കും ഏതൊക്കെ ഘട്ടത്തില്‍ ഏതൊക്കെ മേഖലകളില്‍ പ്രാധാന്യം നല്‍കണമെന്ന ബോധ്യം നിങ്ങള്‍ക്കുണ്ടായിരിക്കും. മുന്‍പുണ്ടായിരുന്ന ബന്ധങ്ങളെന്നാല്‍ പ്രണയബന്ധങ്ങള്‍ മാത്രമല്ല, ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിലും നിങ്ങള്‍ക്ക് വേണ്ട പരിധി നിര്‍ണ്ണയിക്കാനാകും. ഉദാഹരണത്തിന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാവുന്ന ചിത്രങ്ങളില്‍ തുടങ്ങി സുഹൃത്തുക്കള്‍ക്ക് വേണ്ടി നീക്കി വക്കുന്ന സമയം വരെയുള്ള കാര്യങ്ങളില്‍ മുന്‍കൂട്ടി ധാരണ ഉള്ളത് ഇക്കാര്യത്തെ ചൊല്ലി പിന്നീടുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനാകും.

2. തന്റെ താല്‍പ്പര്യങ്ങളെക്കുറിച്ച് പങ്കാളിക്ക് അറിയാമെന്ന് മുന്‍കൂട്ടി ധരിക്കാതിരിക്കുക

ദാമ്പത്യജീവിതത്തിലായാലും പ്രണയത്തിലായും നിങ്ങളുടെ സ്വകാര്യതയുടെ അതിര്‍ത്തി നിങ്ങള്‍ ആദ്യമെ വ്യക്തമാക്കുക. ആ പരിധി പങ്കാളിയെ ബോദ്ധ്യപ്പെടുത്തായാല്‍ മാത്രമെ അവരോട് അത് ലംഘിക്കരുതെന്ന് ആവശ്യപ്പെടാന്‍ കഴിയൂ. ഇക്കാര്യത്തില്‍ തുറന്ന് സംസാരിക്കുന്നത് ആരോഗ്യകരമായ ബന്ധത്തിന് ഏറെ ഗുണം ചെയ്യും. തന്റെ സ്വകാര്യതയെ മാനിക്കുന്ന ആളല്ലെന്ന് ബോദ്ധ്യപ്പെട്ടാല്‍ അധികം വഷളാകുന്നതിന് മുന്‍പേ അത്തരം ബന്ധത്തില്‍ നിന്ന് പിന്‍മാറാനും ഈ തുറന്നുള്ള സംസാരം സഹായിക്കും.

3. പരിധികള്‍ ഒരുമിച്ചിരുന്ന് തീരുമാനിക്കാം

ദാമ്പത്യജീവിതത്തിലായാല്‍ പോലും സ്വകാര്യതകള്‍ക്ക് അതിന്റേതായ പ്രാധാന്യം നല്‍കുന്നതാണ് പുതിയ തലമുറയിലെ ശീലം. ഇത്തരം സ്വകാര്യതകള്‍ക്കുള്ള പരിധി ഒരുമിച്ചിരുന്ന് നിശ്ചയിക്കുന്നത് ഏറെ നല്ലതാണ്. കാരണം നിങ്ങളുടെ സ്വകാര്യതയെക്കുറിച്ചുള്ള ആവശ്യങ്ങള്‍ എല്ലാം ഒരു പക്ഷെ പങ്കാളിക്ക് സ്വീകാര്യമായി എന്ന് വരില്ല. അത് പോലെ തന്നെ തിരിച്ചും. ഈ സാഹചര്യത്തില്‍ ഒത്ത് തീര്‍പ്പുകള്‍ അനിവാര്യമായി വന്നേക്കും. രണ്ട് പേര്‍ക്കും അനുയോജ്യമായി പരിധികള്‍ കണ്ടെത്താന്‍ ഒരുമിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിലൂടെ സാധിക്കും. ഉദാരണത്തിന് ഒരാളുടെ ഫോണ്‍ മറ്റൊരാള്‍ നോക്കുന്നതും സുഹൃത്തുക്കള്‍ക്ക് വേണ്ടി മാറ്റി വക്കുന്ന സമയവും എല്ലാം ഇത്തരം സ്വകാര്യതയുടെ അതിർവരമ്പുകള്‍ക്ക് അകത്താണോ പുറത്താണോ എന്ന് തീരുമാനമെടുക്കാന്‍ വേഗത്തില്‍ കഴിയും.

4 സ്വകാര്യത മാനിക്കേണ്ട സമയങ്ങളും സന്ദര്‍ഭങ്ങളും

വെറുതെ ഒറ്റക്കിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ ഇതിന് എത്രമാത്രം സാഹചര്യം ഉണ്ടാകുമെന്നത് വലിയ ചോദ്യമാണ്. ചിലപ്പോള്‍ ഇത് നിങ്ങള്‍ക്ക് പങ്ക് വയ്ക്കാനാകാത്ത എന്തെങ്കിലും വിഷമത്തിന്റെ പേരിലും ആകാം. ഈ സമയത്ത് നിങ്ങളുടെ  സ്വകാര്യതയെ സംരക്ഷിക്കാന്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന പരിധികളിലൂടെ സാധിക്കും. നിങ്ങള്‍ അങ്ങനെ ഒറ്റക്കിരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണെന്ന വിലയിരുത്തല്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് തുറന്ന് പറയുക. ഒറ്റക്കിരിക്കുന്ന കാര്യത്തില്‍ മാത്രമല്ല നിങ്ങളുടെ ഡയറിക്കുറിപ്പുകള്‍ എഴുതുമ്പോളോ, സുഹൃത്തിനോട് സംസാരിക്കുമ്പോഴോ എല്ലാം നിങ്ങള്‍ക്ക് സ്വകാര്യത ആവശ്യമായി വന്നേക്കാം. എല്ലാ സന്ദര്‍ഭങ്ങളും മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇക്കാര്യത്തിലെ ഒരു ഏകദേശ ധാരണ ഇരുവര്‍ക്കും ഗുണം ചെയ്യും.

5. സ്വകാര്യതയുടെ ആവശ്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കുക

നിങ്ങള്‍ക്ക് നിങ്ങളുടേതായ ഇടം നല്‍കാത്ത പങ്കാളികള്‍ ഉണ്ടായിരിക്കാം. ഇത് പലപ്പോഴും അവര്‍ മനപൂര്‍വ്വം ചെയ്യുന്നതായിരിക്കില്ല. ആദ്യമൊന്നും നിങ്ങളും തിരിച്ചറിഞ്ഞെന്ന് വരില്ല. എല്ലാം കാര്യത്തിലും ഇടപെടുന്ന, എല്ലാ കാര്യത്തിനും നിങ്ങളെ ആശ്രയിക്കുന്ന ഒരു ജീവിതപങ്കാളി ചിലപ്പോഴെങ്കിലും ഒരു ബാദ്ധ്യത യാണ്. ഇത്തരം കാര്യങ്ങളില്‍ ബുദ്ധിമുട്ട് തോന്നിയാല്‍ മനസ്സില്‍ വക്കാതെ അക്കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നതാകും നല്ലത്. ഇങ്ങനെ തുറന്ന് സംസാരിക്കുന്നതിലൂടെ അതിന് ശേഷം നിങ്ങള്‍ ആവശ്യപ്പെടുന്ന സ്വകാര്യതയുടെ പരിധി ലംഘിക്കാതിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും. ഇത് പരസ്പരമുള്ള സ്നേഹവും ബഹുമാനവും വര്‍ദ്ധിപ്പിക്കാനാണ് മിക്ക ബന്ധങ്ങളിലും സഹായിക്കുക.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam