എല്ലുകൾ നുറുങ്ങുന്ന വേദനയിലും നൃത്തത്തിന്റെ ആവേശം കെടാതെ ഷംന

ഷംന

എല്ലുകൾ ഒടിഞ്ഞു പോകുന്ന ശാരീരിക വൈകല്യത്തോടെ ജനിച്ച കാസർഗോഡ് സ്വദേശിനി ഷംന തന്റെ നൃത്ത വൈഭവത്തിലൂടെ ആളുകളെ ഞെട്ടിക്കുകയാണ്. കാലുകൾക്ക് വൈകല്യം ബാധിച്ചിട്ടുണ്ട്, എഴുന്നേറ്റു നില്ക്കാൻ കഴിയില്ല. എന്നാൽ പാട്ടിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യാൻ തുടങ്ങിയാൽ ഷംന എല്ലാവരെയും സ്തബ്ധരാക്കും. ബ്രിട്ടിൽ ബോൺ ഡിസീസ് ബാധിച്ച ഒരു കുട്ടി എന്ന സഹതാപമല്ല മറിച്ച് പ്രോത്സാഹനമാണ് ഒരു കൊറിയോഗ്രഫർ ആകാൻ ആഗ്രഹിക്കുന്ന ഷംനക്ക് വേണ്ടത്. ഷംനയുടെ കഥയിങ്ങനെ...

പതിനേഴ് വർഷങ്ങൾക്ക് മുൻപ് കാസർഗോഡ് സ്വദേശികളായ സീദിക്കും മൈമുനക്കും കാത്തിരുന്ന് ഒരു പെൺകുഞ്ഞു പിറന്നപ്പോൾ നാടുംവീടും ഒരു പോലെ ആഘോഷിച്ചു. എന്നാൽ ആ ആഘോഷത്തിനും സന്തോഷത്തിനും ഒന്നും അധിക നാളത്തെ ആയുസ്സുണ്ടായില്ല. നിർത്താതെ കരഞ്ഞിരുന്ന കൈക്കുഞ്ഞിനെ വിദഗ്ധ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് എല്ലുകൾ ഒടിഞ്ഞു പോകുന്ന ബ്രിട്ടിൽ ബോൺ ഡിസീസ് കണ്ടെത്തിയത്.

പൂർണ്ണമായും ചികിൽസിച്ചു ഭേദമാക്കാൻ കഴിയാത്ത ജനിതക വൈകല്യമാണ് ബ്രിട്ടിൽ ബോൺ ഡിസീസ്. എവിടെ എങ്കിലും ചെറുതായി തട്ടുകയോ മുട്ടുകയോ ചെയ്താൽ എല്ലുകൾ ഒടിയുന്ന അവസ്ഥ. പിന്നെ അത് പരസ്പരം കൂടി ചേരാൻ സമയമെടുക്കും. കാലുകൾക്ക് ആകൃതി വ്യത്യാസവും ഉണ്ടായിരുന്നു. നടക്കാൻ കഴിയാത്ത അവസ്ഥ. ആറ്റുനോറ്റിരുന്ന് ഉണ്ടായ കുഞ്ഞിന് ഇത്തരം ശാരീരിക അവസ്ഥ വന്നത് ആ മാതാപിതാക്കളെ പാടെ തളർത്തി. എന്നിരുന്നാലും, തങ്ങളാൽ കഴിയും വിധം മകളുടെ ആയുസ്സ് നീട്ടിക്കിട്ടാൻ വേണ്ടത് ഒക്കെ ആ മാതാപിതാക്കൾ ചെയ്തു. ഷംന എന്ന് പേരിട്ട ഫീനിക്സ് പക്ഷിയുടെ കഥ ആരംഭിക്കുന്നത് അവിടെ നിന്നുമാണ്.

ഷംനയുടെ അനുജൻ

പഠിക്കാൻ മിടുക്കിയായിരുന്നു എങ്കിലും മറ്റു കുട്ടികളെ പോലെ സ്‌കൂളിൽ പോയി പഠിക്കാനുള്ള അവസരം ഷംനക്ക് ലഭിച്ചിരുന്നില്ല. വൈകിയാണ് സ്‌കൂളിൽ ചേർത്തത്. ഇപ്പോൾ കാസർഗോഡ് ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിനിയാണ് ഷംന. എല്ലുകൾ ഒടിഞ്ഞു പോകുന്നതിനു പരിഹാരമായി പലവിധ ചികിത്സകൾ നടത്തി. 27 ഓപ്പറേഷനുകൾ ഇതിനോടകം പൂർത്തിയാക്കി എന്നിരുന്നാലും പൂർണമായി ഫലം ലഭിച്ചു എന്ന് പറയാനാവില്ല.

ടിവിയിൽ നൃത്തപരിപാടികൾ കണ്ടിട്ടാണ് ഷംന നൃത്തം ചെയ്യാൻ തുടങ്ങിയത്. കാലുകൾക്ക് സ്വാധീനം ഇല്ല എന്ന കുറവ് ഷംനയുടെ നൃത്തത്തിൽ കാണില്ല. അത്ര മികവോടെയാണ് കൈകളും ശരീരവും ഉപയോഗിച്ച് ഷംന നൃത്തം ചെയ്യുന്നത്. നൃത്തം ചെയ്യുമ്പോൾ താൻ ശരീരത്തിന്റെ വേദന മറക്കുന്നു എന്ന് ഈ കൊച്ചു മിടുക്കി പറയുന്നു.

'' കൊച്ചിലെ മുതൽ എനിക്ക് നൃത്തം വലിയ ഇഷ്ടമാണ്. ടിവിയിൽ കണ്ടാണ് ഞാൻ പഠിച്ചത്. എല്ലുകൾ പൊട്ടുമോ എന്ന പേടി വീട്ടുകാർക്ക് ഉണ്ടായിരുന്നു. എന്നാലും ഞാൻ പരിശീലനം തുടർന്നു. ഇപ്പോൾ സ്റ്റേജിൽ നൃത്തം അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം ഒക്കെയുണ്ട്. ചികിത്സ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇടക്കിടക്ക് ഓപ്പറേഷനുകൾ നടത്തണം. രോഗം ആണ് എന്ന് കരുതി വിഷമിച്ച് ഇരുന്നിട്ട് കാര്യമില്ലല്ലോ. എനിക്ക് നൃത്തം ചിട്ടയായി പഠിക്കണം എന്നുണ്ട്. പഠിച്ച് ഒരു ഡാൻസ് കൊറിയോഗ്രഫർ ആകണം എന്നാണ് എന്റെ ആഗ്രഹം'' ഷംന പറയുന്നു.

25 ലക്ഷം രൂപയിൽ കൂടുതൽ ഷംനയുടെ ഓപ്പറേഷനുകൾക്ക് മാത്രമായി ചെലവായി. ഷംനയ്ക്ക് ശേഷം 13 വർഷങ്ങൾ കഴിഞ്ഞാണ് സീദിക്കും മൈമുനയ്ക്കും ഒരു കുഞ്ഞു ജനിക്കുന്നത്. ഇങ്ങനെ ജനിച്ച നാലുവയസുകാരൻ അനുജൻ ഹാസനും ബ്രിട്ടിൽ ബോൺ ഡിസീസ് തന്നെയാണ് രോഗം. ഡ്രൈവർ ആയ ഉപ്പക്കും വീട്ടമ്മയായ ഉമ്മക്കും മകളുടെ കഴിവുകൾക്ക് മുന്നിൽ നിറകണ്ണുകളോടെ നില്ക്കാൻ മാത്രമേ കഴിയുന്നുള്ളൂ.

''എനിക്കും അനിയനും വേണ്ടി ഉപ്പയും ഉപ്പയും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അവന്റെ ഓപ്പറേഷനുകൾ തുടങ്ങാൻ ഇരിക്കുന്നെ ഉള്ളൂ. അതിനായി 25 ലക്ഷം രൂപ വേണം. വീട് ഇപ്പോൾ തന്നെ പണയത്തിലാണ്. അതിനിടയിലും നൃത്തം തന്നെയാണ് എനിക്ക് ആത്മവിശ്വാസം നൽകുന്നത് '' ഷംന പറയുന്നു.

ഷംനയുടെ ആഗ്രഹപ്രകാരം അവളെ നൃത്തം പഠിപ്പിക്കണം എന്ന് മാതാപിതാക്കൾക്ക് ആഗ്രഹം ഉണ്ടെങ്കിലും സാമ്പത്തികം അനുവദിക്കുന്നില്ല. കാര്യങ്ങൾ എന്നെങ്കിലും മാറിമറിയും എന്നും കഷ്ടപ്പാടുകൾ മാറും എന്നുമുള്ള ശുഭ പ്രതീക്ഷയിലാണ് ഷംനയും കുടുംബവും.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam