Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നിനക്ക് വേറെ പണിയില്ലേ പെണ്ണേ' എന്നു ചോദിച്ചിരുന്നവര്‍ ഇന്ന് കേള്‍ക്കാന്‍ കാത്തിരിക്കുന്നു

Jinsha Basheer ജിന്‍ഷ ബഷീര്

നാട്ടുവിശേഷങ്ങളും രാഷ്ട്രീയവും സൗഹൃദങ്ങളും മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചലനങ്ങളും സോഷ്യല്‍ മീഡിയ വേദികളില്‍ സജീവമാണ്. സെലിബ്രിറ്റികളൊന്നുമല്ല, നമ്മുടെ ഇടയില്‍ നിന്നുള്ള സാധാരണക്കാരായ മനുഷ്യരാണ് ഇങ്ങനെയുള്ള ശ്രമങ്ങള്‍ക്കു പിന്നിലുള്ളത്. അങ്ങനെയൊരു പെണ്‍കുട്ടിയാണ് ആലപ്പുഴക്കാരി ജിന്‍ഷ ബഷീര്‍. തന്റെ ചെറിയ അറിവുകള്‍ പങ്കുവെക്കണമെന്നും അതിലൂടെ  മറ്റുള്ളവര്‍ക്ക് തണലൊരുക്കണമെന്നുമാഗ്രഹിച്ച് ഫേസ്ബുക്കിലെത്തിയ ജിന്‍ഷ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്ന വിഡിയോ ബ്ലോഗര്‍മാരില്‍ ഒരാളായി മാറി. ഒരുപാട് ജീവിതങ്ങള്‍ക്കു കൈത്താങ്ങായി.

"മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് വിഡിയോ ബ്ലോഗിങ്ങ് തുടങ്ങിയത്. പരിമിതമായ എന്റെ അറിവുകള്‍ സുഹൃത്തുക്കളുമായി പങ്കുവയ്ക്കണമെന്നു മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. ആവും വിധം മറ്റുള്ളവരെ സഹായിക്കണമെന്നും. പക്ഷേ പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള സപ്പോര്‍ട്ട് ലഭിച്ചു. ചെറുതാണെങ്കിലും ചില ജീവിതങ്ങളില്‍ മാറ്റങ്ങളുണ്ടാക്കാനായി" - ജിന്‍ഷ ബഷീര്‍ പറയുന്നു. മറ്റുള്ളവര്‍ക്ക് സഹായം അഭ്യര്‍ഥിച്ചു കൊണ്ടുള്ള ആറോളം വീഡിയോകളാണ് ജിന്‍ഷ പോസ്റ്റ് ചെയ്തത്. എല്ലാം വൈറലായി. സഹായവുമായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആള്‍ക്കാരെത്തി.

പ്രവാസജീവിതത്തിലേക്ക് കടന്ന് ഇരുപത്തിയഞ്ചാം നാള്‍ മരണപ്പെട്ട ഷാന്‍ ഷാഹുലിന്റെ കുടുംബത്തിനു സഹായം അഭ്യര്‍ഥിച്ചു ജിന്‍ഷ ചെയ്ത വിഡിയോ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ കാണുകയും തുടര്‍ന്ന് സൗദി അറേബ്യയിലെ അല്‍ഖസീം പ്രവാസി സംഘം സഹായവുമായി എത്തുകയും ചെയ്തിരുന്നു. മലപ്പുറം സ്വദേശി ആയിഷ മോളുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി മുപ്പതു ലക്ഷം രൂപയോളം സ്വരുക്കൂട്ടുന്നതിലും ജിന്‍ഷ കൂടെക്കൂടി.

"ഇവരുടെയൊക്കെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കിയത് ഞാനല്ല. അതിനുള്ള കെല്‍പ്പ് എനിക്കില്ല. എന്നാലാവും വിധം, ഇവരുടെ ജീവിതം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളിലേക്കെത്തിക്കാന്‍ ശ്രമിച്ചു. സഹായിക്കാന്‍ തയ്യാറായ ആയിരക്കണക്കിനു മനുഷ്യര്‍ തന്നെയാണ് ഹീറോസ്. ഞാനല്ല "- ജിന്‍ഷ പറയുന്നു. മാതാപിതാക്കള്‍ക്കു ജോലിക്കു പോവാന്‍ സാധിക്കാതെ, സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ഒരു കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന്, സൗദി അറേബ്യയില്‍ വീട്ടുജോലിക്ക് ചെന്നു കുടുങ്ങിപ്പോയ യുവതിയെ രക്ഷിക്കാന്‍ എന്നിങ്ങനെ തന്നാലാവും വിധം ഈ പെണ്‍കുട്ടി നന്മയുടെ തിരി കൊളുത്തുന്നു. "ചെയ്ത നന്മകള്‍ എണ്ണിപ്പറയുന്നത് ശരിയല്ല. എങ്കിലും അതു ചെയ്യുന്നത്, ഇത് എന്നപ്പോലെയുള്ള ആര്‍ക്കെങ്കിലുമൊക്കെ പ്രചോദനമാവും എന്ന പ്രതീക്ഷയിലാണ്. അതിലൂടെ ഒരാളുടെ ജീവിതത്തില്‍ കൂടി ചെറിയൊരു നന്മയുടെ മാറ്റമുണ്ടായാല്‍...അതു നല്ലതല്ലേ..?"- ജിന്‍ഷ ചോദിക്കുന്നു. 

സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള വിഡിയോകള്‍ക്കൊപ്പം തന്നെ തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തുന്ന, സാധാരണക്കാര്‍ക്ക് നിയമനടപടികളെക്കുറിച്ചുള്ള അറിവു പകരുന്ന വിഡിയോകളും ജിന്‍ഷ തന്റെ പ്രൊഫൈലിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ആദ്യം - നിനക്ക് വേറെ പണിയില്ലേ പെണ്ണേ- എന്നു ചോദിച്ചവര്‍ തന്നെ ഇന്നു ജിന്‍ഷയുടെ വിഡിയോകള്‍ ഷെയര്‍ ചെയ്യാനും അഭിനന്ദിക്കാനും മുന്നില്‍ നില്‍ക്കുന്നു. 

ഭര്‍ത്താവ് ഫൈസലും രണ്ടു വയസ്സുകാരി മകളും നല്‍കിയ പിന്തുണയുടെ കരുത്തിലാണ് പ്രോഗ്രാമിങ്ങ് മേഖലയിലെ ജോലി ഉപേക്ഷിച്ച് ചാരുംമൂട് സ്വദേശിനിയായ ജിന്‍ഷ തന്റെ ഇഷ്ടത്തിലേക്കു തിരിഞ്ഞത്. "കഷ്ടപ്പെടുന്ന മനുഷ്യരെക്കുറിച്ച് ലോകത്തോട് ഇനിയും പറയണം. ആവും വിധം അവരെ ചേര്‍ത്തു പിടിക്കണം. എന്നെപ്പോലെ പലയിടങ്ങളിലായി ഒരുപാട് പേരുണ്ട്. അവരോടൊക്കെ ചേര്‍ന്നു പ്രവര്‍ത്തിക്കണം. അങ്ങനെ കുറേ സ്വപ്നങ്ങളുണ്ട്. ഞാന്‍ ജീവിക്കുന്ന പ്രദേശത്തെ, എനിക്കോടിയെത്താന്‍ പാകത്തിലുള്ള ദൂരത്തിലുള്ളതല്ലേ എനിക്കു ചെയ്യാനാവൂ..."- ജിന്‍ഷയുടെ വാക്കുകളില്‍ തെളിച്ചമേറുന്നു. ഈ കഥ കേട്ട്, ലോകത്തിന്റെ മറ്റൊരു കോണില്‍ മറ്റൊരാള്‍ കൂടി ഈ വഴി തെരെഞ്ഞെടുക്കുമെന്ന എന്ന പ്രതീക്ഷയും. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam