Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലി, മുതല മുതൽ സിംഹം വരെ; മനുഷ്യൻ മാത്രമല്ല വടക്കേ മലബാറിന്റെ ദൈവങ്ങൾ

Theyyam പഞ്ചുരുളി തെയ്യം. ചിത്രം– അഖിൽ വി.കെ

മനുഷ്യൻ ദൈവമാകുന്ന മണ്ണാണ് വടക്കേ മലബാറിലേതെന്നാണ് പൊതുവെ പറഞ്ഞു വരുന്നത്. അമ്പലത്തിലെ നാലു മതിലുകൾക്കകത്ത് കുടികൊള്ളുന്ന ചൈതന്യം ചായങ്ങളും ചമയങ്ങളുമണിഞ്ഞ മനുഷ്യക്കോലങ്ങളിലേക്ക് ചേക്കേറി തെയ്യങ്ങളെന്ന പേരിൽ‌ ഉറഞ്ഞു തുള്ളുന്നതിനാലാണ് ഉത്തരമലബാറിന് ഈ വിശേഷണം വന്നുചേർന്നത്. എന്നാൽ മനുഷ്യൻ മാത്രമല്ല മറിച്ച് മൃഗങ്ങളും ഇഴജന്തുക്കളും അടക്കം വടക്കേ മലബാറിൽ ദൈവമാകുന്നുണ്ടെന്നും കൂട്ടിവായിക്കണം.

മനുഷ്യനുണ്ടായ കാലംമുതൽക്കു തന്നെ ആരംഭിച്ചതാണ് പ്രകൃതിയെയും മൃഗങ്ങളെയും ആരാധിക്കുന്ന അവന്റെ രീതികൾ. സിന്ധു നദീതട സംസ്കാരങ്ങളില്‍ മൃഗങ്ങളെ ആരാധിച്ചതിനുള്ള തെളിവുകൾ നിരവധിയാണ്. ഭയപ്പെട്ടിരുന്ന മൃഗങ്ങളെയാണ് ഉത്തര കേരളത്തിലെ ജനത വ്യാപകമായി ആരാധിക്കുന്നത്. കാട്ടുപന്നി, പുലി, മുതല, സിംഹം തുടങ്ങിയ മൃഗങ്ങളെയെല്ലാം ദൈവിക പരിവേഷം നൽകി വടക്കേ മലബാറിൽ ഇപ്പോഴും കെട്ടിയാടിക്കുന്നു. 

theyyam-1 കാളപ്പുലിയൻ വെള്ളാട്ടം. ചിത്രം– അഖിൽ വി.കെ

ശിവ–പാർവതിമാർക്കു പുലിയായി പിറന്ന കിടാങ്ങൾ

കാസർകോട്, കണ്ണൂർ ജില്ലയിൽ വ്യാപകമായി കെട്ടിയാടിക്കുന്ന കോലങ്ങളാണ് പുലിദൈവങ്ങളുടെത്. അഞ്ചു കോലങ്ങളുണ്ടായതു കൊണ്ട് പൊതുവെ ഐവർ പുലി ദൈവങ്ങളെന്നാണ് ഇവ അറിയപ്പെടുന്നത്. കണ്ടപ്പുലി, മാരപ്പുലി, പുലിമാരൻ, പുലിയൂർ കണ്ണൻ, കാളപ്പുലി തുടങ്ങിയ അഞ്ച് ആൺമക്കളാണ് ഐവർ പുലിദൈവങ്ങളിൽ വരിക. എന്നാൽ പേരു സൂചിപ്പിക്കുന്നതു പോലെ പുലിദൈവസങ്കൽപ്പങ്ങളിൽ വരുന്ന തെയ്യങ്ങള്‍ അഞ്ചെണ്ണം മാത്രമല്ല. അഞ്ച് ആണ്‍മക്കൾക്കു പുറമെ പുലിയൂർ കാളിയെന്ന മകൾ, ഇവരുടെ അമ്മയായ പുള്ളിക്കരിങ്കാളി, അച്ചൻ പുലിക്കണ്ടൻ എന്നിവയും പുലിദൈവങ്ങളില്‍ ഉള്‍പ്പെടുന്നു. ശൈവാരാധനയുടെ പശ്ചാത്തലത്തിലാണ് പുലിദൈവങ്ങളെ ആരാധിക്കുന്നത്. 

ശിവൻ പുലിക്കണ്ടനായും പാർവ്വതി പുള്ളിക്കരിങ്കാളിയുമായി പുലിരൂപം പൂണ്ട്  പുലിമക്കൾക്കു ജന്മം നല്‍കിയെന്നാണു വിശ്വാസം. ഗർഭിണിയായ പെൺപുലി താതേനാർ കല്ലിന്റെ തായ്മടയിൽ അരയോളം മടമാന്തി അഞ്ചു പുലിക്കിടാങ്ങളെ പ്രസവിച്ചു. പെൺ കുഞ്ഞ് വേണം എന്ന ആഗ്രഹത്താൽ പുള്ളിക്കരിങ്കാളി പ്രസവിച്ച ഇളയ പുലിയാണു പുലിയൂർ കാളി. കാസർകോട് ജില്ലയിലെ തുളുർവനത്തിലാണ് പാർവതി പുലിമക്കളെ പ്രസവിച്ചതെന്നാണ് വിശ്വാസം.

വിശന്ന് ഇര തേടിയിറങ്ങിയ പുലിക്കിടാങ്ങൾ കുറുമ്പ്രാന്തിരി വാണവരുടെ പശുക്കളെ കൊന്നു വിശപ്പടക്കി കാട്ടിലേക്കു മടങ്ങി. ഈ കാഴ്ച കണ്ട കുറുമ്പ്രാന്തിരി വാണവർ അമ്പെയ്ത്ത് വീരനായ കരിന്തിരി നായരെ പുലികളെ കൊല്ലാനായി ഏൽപ്പിച്ചു. ആലയ്ക്കു സമീപം ഒളിച്ചിരുന്ന നായരെ പുലിമക്കളിലെ കണ്ടപ്പുലി ഒറ്റച്ചാട്ടത്തിനു കൊന്നു. ഒടുവില്‍ പുലികളുടെ അനുഗ്രഹത്തിനായി ജന്മി പുലിദൈവങ്ങളുടെ കോലം കെട്ടിയാടിച്ചുവെന്നാണു വിശ്വാസം. പുലികൾ കൊന്നതിനാൽ കരിന്തിരിക്കണ്ണനെയും ദൈവചൈതന്യമാക്കി മാറ്റി.

theyyam-5 കാളപ്പുലിയൻ തെയ്യം. ചിത്രം– അഖിൽ വി.കെ

ഇന്നും കാവുകളിലെ കളിയാട്ടത്തിൽ ഈ ദൈവങ്ങളെ ആരാധിച്ചുവരുന്നു. കാസർകോട് ജില്ലയിൽ നരിക്കാട്ടറ, കിഴക്കുംകര, പെരിയ പുലിഭൂത ദേവസ്ഥാനം, , പാടി, പുലിക്കുന്ന് ഐവർ ഭഗവതി ദേവസ്ഥാനം, എരിയ കോട്ട ഐവർ ഭഗവതി ദേവസ്ഥാനം, അടൂര്‍ പുള്ളിക്കരിങ്കാളി ദേവസ്ഥാനം, കൊടവഞ്ചി തുടങ്ങിയവ പുലിദൈവങ്ങളുടെ സാന്നിധ്യമുള്ള കാവുകളാണ്. മുച്ചിലോട്ടുകാവുകളിലും പുലിദൈവങ്ങൾക്കു മുഖ്യസ്ഥാനം നൽകി വരുന്നു. വണ്ണാൻ സമുദായത്തിനാണ് പുലിദൈവങ്ങൾ കെട്ടിയാടാനുള്ള അവകാശം നൽകിയിരിക്കുന്നത്.

പൂജ മുടങ്ങാതെ നോക്കിയ മുതല, തെയ്യമായപ്പോൾ

ഇഴജന്തുക്കളുടെ അക്രമത്തിൽ നിന്നു രക്ഷപ്പെടാൻ മുതലത്തെയ്യത്തെ വിളിച്ചാല്‍ മതിയെന്നാണ് വിശ്വാസം. കവുങ്ങിന്റെ ഓല, ഇഴജന്തുക്കളുടെ ചിത്രങ്ങൾ വരച്ചുചേർത്ത പാള, ചിലമ്പ്, ചെന്നിമലർ, തലപ്പാളി എന്നിവയാണ് മുതലത്തെയ്യത്തിന്റെ ചമയങ്ങൾ. തൃപ്പണ്ടാറത്തെ ക്ഷേത്രത്തില്‍ പൂജ മുടങ്ങിയപ്പോൾ മറ്റൊരാളെ മുതല എത്തിച്ച് പൂജ ചെയ്യിച്ചെന്നാണ് ഐതിഹ്യം. കണ്ണൂർ ജില്ലയിൽ അപൂർവ്വമായി മാത്രമാണ് ഈ തെയ്യം കെട്ടിയാടുന്നത്. മുതലയെപോലെ ഇഴഞ്ഞു ക്ഷേത്രം വലം വയ്ക്കുന്നതാണ് തെയ്യത്തിന്റെ രീതി. ഭക്തരോടു അനുഗ്രഹസമയത്തുപോലും ഒരു വാക്കും മിണ്ടില്ല. കെട്ടിയാടുന്ന സമയത്ത് ഇലത്താളത്തിന്റെ അകമ്പടിയോടെ മാത്രം തോറ്റം പാടുന്നതും ഈ തെയ്യത്തിന്റെ പ്രത്യേകതയാണ്.

theyyam-3 പന്നിക്കുളത്ത് ചാമുണ്ഡി

പന്നിപ്പേടിയിൽ നിന്ന് പിറന്ന ദൈവങ്ങള്‍

കൃഷി നശിപ്പിക്കാനെത്തുന്ന പന്നികളെ അടിസ്ഥാനമാക്കിയും ഉത്തരകേരളത്തിൽ ദൈവങ്ങളുണ്ട്. പന്നിക്കുളത്ത് ചാമുണ്ഡി, പഞ്ചുരുളി, പന്നിത്തെയ്യം തുടങ്ങിയവയെല്ലാം ഐതീഹ്യപരമായോ അല്ലാതെയോ കാട്ടുപന്നികളുമായി ബന്ധപ്പെടുന്നുണ്ട്. പന്നിക്കുളത്ത് ചാമുണ്ഡി പോലുള്ള തെയ്യങ്ങൾ കെട്ടിയാടുമ്പോൾ കൂടെ കുട്ടികളെ പന്നിയുടെ കോലം കെട്ടിച്ച് ആടിക്കുന്നതും ചാമുണ്ഡി ദൈവങ്ങള്‍ പന്നിക്കോലത്തിലേറി സഞ്ചരിക്കുന്നതും ഈ സങ്കൽപ്പത്തിന്റെ ഭാഗമായാണ്. 

theyyam-4 പന്നിത്തെയ്യം

പുലിമറഞ്ഞ തൊണ്ടച്ചനും പുലിച്ചാമുണ്ഡിയും

ചതിവിന്റെ കഥയാണ് പുലി മറഞ്ഞ തൊണ്ടച്ചൻ തെയ്യത്തിന്റെത്. നീലേശ്വരം രാജാവിന്റെ മാനസിക രോഗം ഭേദപ്പെടുത്താനെത്തിയ കാരി ഗുരുക്കളെ ഉന്നതകുലജാതർ ചതിച്ചതാണ് കഥ. പുലി മറയൽ എന്ന ഒടി വിദ്യ കൈവശമുണ്ടായിരുന്ന കാരി രാജാവിന്റെ ആവശ്യപ്രകാരം പുലിയായി മാറുകയും എന്നാൽ ചതിയുടെ ഭാഗമായി മനുഷ്യനാകാതെ കാട്ടിൽ അപ്രത്യക്ഷനായെന്നുമാണ് വിശ്വാസം. ഉത്തരകേരളത്തിലെ പുലയ വിഭാഗക്കാരുടെ ധർമദൈവമായാണ് പുലിമറഞ്ഞ തൊണ്ടച്ചൻ തെയ്യത്തെ ആരാധിക്കുന്നത്. നാടകമായും മുരളി നായകനായ പുലിജന്മം എന്ന സിനിമയിലൂടെയും കാരിഗുരുക്കളുടെ കഥ മലയാളികൾക്കു പരിചിതമാണ്. പുലയ വിഭാഗക്കാരുടെ കാവിൽ തന്നെ കെട്ടിയാടുന്ന മറ്റൊരു തെയ്യമാണ് പുലിച്ചാമുണ്ടി. തീക്കനലിൽ അഗ്നി പ്രവേശം നടത്തുന്നതാണ് പുലിച്ചാമുണ്ടിയുടെ പ്രധാന ചടങ്ങ്. 

theyyam-2 വിഷ്ണുമൂർത്തി. ചിത്രം– അഖിൽ വി.കെ

പുരാണത്തിലെ നരസിംഹം നീലേശ്വരത്ത് അവതരിച്ചപ്പോൾ

പുരാണത്തിൽ വിഷ്ണു ഭക്തനായ പ്രഹ്ലാദനുവേണ്ടി നരസിംഹരൂപം ധരിച്ചെത്തുന്ന കഥയാണ് വിഷ്ണുമൂർത്തിയുടേത്. എന്നാൽ അതിൽ കുറച്ച് പ്രാദേശികതയും കൂടെ ചേർന്നെന്നു മാത്രം. പാലന്തായി കണ്ണനെന്ന വിഷ്ണു ഭക്തനെ കൊന്ന കുറുവാടൻ കുറുപ്പിനെ നിഗ്രഹിക്കാൻ നരസിംഹമൂർത്തി അവതരിച്ചുവെന്നാണു വിശ്വാസം. കുറുവാടൻ കുറുപ്പ് കൊന്ന പാലന്തായിക്കണ്ണന്റെ ശവകുടീരം ഇന്നും കാസർകോട് നീലേശ്വരത്തെ കോട്ടപ്പുറം ഗ്രാമത്തിൽ നിലനിൽക്കുന്നുണ്ട്. വിഷ്ണുമൂർത്തിയുടെ പ്രധാന സ്ഥാനമായി കരുതുന്നതും കോട്ടപ്പുറത്തെയാണ്. പാലായിപ്പരപ്പേൻ എന്ന തെയ്യംകലാകാരന് സ്വപ്ന ദർശനം ലഭിച്ചാണ് വിഷ്ണുമൂർത്തി തെയ്യത്തിന്റെ രൂപം ചിട്ടപ്പെടുത്തിയത്. സിംഹത്തിന്റെ ചേഷ്ടകളും നിരവധിയുള്ള ഈ തെയ്യം പുലിവാഹനമേറി സഞ്ചരിക്കുകയും ചെയ്യുന്നു.

പാമ്പുകളുടെ പ്രതിരൂപങ്ങളായ നാഗരാജാവ്, നാഗകന്നി എന്നിവയ്ക്കും കെട്ടിക്കോലങ്ങളുണ്ട്. മുതലത്തെയ്യങ്ങൾക്കു സമാനമായി ഇഴജന്തുക്കളെ ആരാധിക്കുകയെന്നതാണ് നാഗദൈവാരാധനയുടെയും അടിസ്ഥാനം. കേരളത്തിലെ മറ്റു ഭാഗങ്ങളിലുമുള്ള നാഗക്കാവുകൾ കേന്ദ്രീകരിച്ചുള്ള ആരാധന പോലെതന്നെ. എന്നാൽ കെട്ടിക്കോലം കൂടെ ഉണ്ടെന്നു മാത്രം. മനുഷ്യനും മൃഗവും ചേർന്ന മലയംചാമുണ്ഡി പോലുള്ള അപൂർവ്വമായി കെട്ടിയാടുന്ന വിവിധ മൃഗാരാധനകൾ വേറെയും തെയ്യപ്രപഞ്ചത്തിലുണ്ട്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam