Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലന്റൈൻസും വെഡ്ഡിങ്ങും ചേർന്നാൽ ഡിവോഴ്സ്! ഞെട്ടിക്കും ഈ പഠനം

 Valentines Day Representative Image

പ്രണയിതാക്കൾക്കു മാത്രമായുള്ള ദിനം ഇങ്ങു വന്നെത്തുകയായി. മനസ്സിലൊളിപ്പിച്ചു വച്ചിരിക്കുന്ന ഇഷ്ടങ്ങളെ പറത്തിവിടാൻ വലന്റൈൻസ് ദിനത്തിനായി കാത്തിരിക്കുന്നവരുണ്ട്. ചിലരൊക്കെ പ്രണയദിനത്തെ അൽപം കൂടി സ്പെഷലാക്കാറുണ്ട്, എങ്ങനെയെന്നല്ലേ? പ്രണയം നിറഞ്ഞു നില്‍ക്കുന്ന ആ ദിവസത്തിൽ തന്നെ വിവാഹിതരാകുവാനും തീരുമാനിച്ചുകൊണ്ടാണത്. എന്നാൽ അത്തരക്കാരെ ഞെട്ടിക്കുന്നൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വലന്റൈന്‍സ് ദിനത്തിൽ വിവാഹിതരാകുന്നവർ മറ്റുള്ളവരെ അപേക്ഷിച്ച് എളുപ്പത്തിൽ വിവാഹമോചിതരാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

മെൽബൺ സർവകലാശാല നടത്തിയ പഠനത്തിലാണ് ലോകത്തെ സകല കാമുകീകാമുകന്മാരെയും ദു:ഖത്തിലാഴ്ത്തിയ പഠനം പുറത്തു വന്നിരിക്കുന്നത്. മറ്റുള്ള ദമ്പതികളെ അപേക്ഷിച്ച് വലന്റൈന്‍സ് ദിനത്തിൽ വിവാഹിതരാകുന്നവർ വിവാഹമോചിതരാകാനുള്ള സാധ്യത 37 ശതമാനം കൂടുതലാണത്രേ. എന്തിനധികം പറയുന്നു മൂന്നാം വിവാഹ വാർഷികം വരെയും എത്തുന്ന വലന്റൈൻസ് വിവാഹദാമ്പത്യങ്ങളും വളരെ കുറവാണത്രേ.

1.1 മില്യൺ ഡച്ച് വിവാഹങ്ങളിൽ നടത്തിയ ഗവേഷണത്തെ ആസ്പദമാക്കിയാണ് ഈ പഠനം പുറത്തു വന്നിരിക്കുന്നത്. ഇവയിൽ വലന്റൈൻസ് ദിനത്തിൽ വിവാഹിതരായ ആറു ശതമാനത്തോളം പേരും (ഡച്ച് ശരാശരി വിവാഹമോചനനിരക്ക് നാലു ശതമാനമാണ്) മൂന്നാം വിവാഹ വാർഷികം എത്തും മുമ്പേ വിവാഹ മോചിതരായെന്നാണ് പഠനം പറയുന്നത്. 

ഒഴിവു ദിനങ്ങളല്ലാത്ത ദിവസങ്ങളിൽ സാധാരണയായി 313 വിവാഹങ്ങളൊക്കെ നടക്കുന്ന സ്ഥാനത്ത് വലന്റൈന്‍സ് ദിനത്തിൽ അതിന്റെ എണ്ണം ആയിരത്തിൽപ്പരം ആകാറുണ്ട്. പ്രത്യേക ദിനങ്ങളിൽ വിവാഹിതരാകാൻ തീരുമാനിക്കുന്നവരിലേറെയും അതിവൈകാരികമായി ചിന്തിക്കുന്നവരും വൈവാഹികമായ കൂട്ടുത്തരവാദിത്തങ്ങളിൽ വിമുഖരുമായിരിക്കും. മധുവിധുകാലം കഴിയുമ്പോഴേക്കും റൊമാൻസ് ഒക്കെ വറ്റിവരണ്ട്‍ വിരസമായ ജീവിത യാഥാർഥ്യങ്ങളിലേക്ക് കൂപ്പുകുത്തും. പല ദമ്പതികൾക്കും ഇത് അഭിമുഖീകരിക്കാനുള്ള മാനസിക പക്വതയും കൂട്ടുത്തരവാദിത്തവും ഉണ്ടാകാറില്ല. ഇതാണ് വിവാഹമോചനം വർധിക്കാൻ കാരണമെന്നു പഠനം സാക്ഷ്യപ്പെടുത്തുന്നു.   

എന്തായാലും പുതിയ പഠനം പല കാമുകീകാമുകന്മാരെയും നിരാശയിലാഴ്ത്തുമോയെന്നു കണ്ടറിയണം. ഇതിനിടെ പഠനത്തോടു പോയി പണി നോക്കാൻ പറയാം വിവാഹിതരാകുന്നെങ്കില്‍ അതു വലന്റൈൻസ് ദിനത്തിൽ തന്നെ എന്നു പറയുന്നവരും ഉണ്ട്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam