Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

25 വര്‍ഷമായി പ്രവാസജീവിതം, നാട്ടില്‍ പോകാന്‍ സാധിക്കാത്തതിന് കാരണം...

Sayed Mohammed നാലു പെണ്‍കുട്ടികളെ കെട്ടിച്ചയക്കാനുള്ള സ്ത്രീധനം സമ്പാധിക്കാനും അവരെ പഠിപ്പിക്കാനുമായിരുന്നു കാല്‍നൂറ്റാണ്ടായി ബെംഗളൂരു സ്വദേശി സയിദ് മഹബൂബ് സാബിന്റെ...

വിരഹത്തിന്റെ വേദന പ്രവാസിയോളമറിഞ്ഞവരുണ്ടാവില്ല. ഉറ്റവരെയും ഉടയവരെയും വിട്ട്, സ്നേഹവും ബന്ധങ്ങളും കത്തുകളിലും ഫോണ്‍വിളികളിലും മാത്രമൊതുക്കി കഴിയുമ്പോഴൊക്കെ അവധിക്കാലത്ത് നാട്ടില്‍ പോവുന്നതാണ് ഓരോ പ്രവാസിയും സ്വപ്നം കാണുന്നത്. വര്‍ഷത്തിലൊരിക്കല്‍, ഇത്തിരി കഷ്ടപാടുള്ളവരാണേല്‍ രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍...കടം വാങ്ങിയിട്ടാണെങ്കിലും ടിക്കറ്റെടുക്കും, ഉറ്റവരേയും ഉടയവരേയും കാണാന്‍. എന്നാല്‍ ഇവിടെയിതാ ഒരു ഇന്ത്യന്‍ പ്രവാസി; മൂന്നോ നാലോ അഞ്ചോ അല്ല,  ഇരുപത്തിയഞ്ചു വര്‍ഷമാണ് നാട്ടില്‍ പോകാതെ പ്രവാസിയായി ജീവിച്ചത്. നാലു പെണ്‍കുട്ടികളെ കെട്ടിച്ചയക്കാനുള്ള സ്ത്രീധനം സമ്പാധിക്കാനും അവരെ പഠിപ്പിക്കാനുമായിരുന്നു കാല്‍നൂറ്റാണ്ടായി ബെംഗളൂരു സ്വദേശി സയിദ് മഹബൂബ് സാബിന്റെ അറബ് നാട്ടിലെ അധ്വാനം

ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 1992ല്‍ തന്റെ നാല്‍പ്പത്തി രണ്ടാം വയസ്സിലാണ് മഹമൂദ് സാബ് സൗദി അറേബ്യയിലെത്തുന്നത്. എല്ലാ പ്രവാസികളെയും പോലെ ജീവിതപ്രാരാബ്ധം തന്നെയാണ് ഭാര്യയെയും നാലു ചെറിയ കുട്ടികളെയും നാട്ടിലാക്കി മഹബൂബിനെയും വിമാനം കയറ്റിയത്. മക്കളെ നന്നായി പഠിപ്പിക്കണം, നല്ല നിലയ്ക്ക് കെട്ടിച്ചയക്കണം- അതു മാത്രമായിരുന്നു അയാളുടെ സ്വപ്നം. സ്ത്രീധനമില്ലാതെ പെണ്‍കുട്ടി പടിയിറങ്ങാത്ത നമ്മുടെ നാട്ടില്‍, നാലു പെണ്‍കുട്ടികളെ കെട്ടിച്ചയക്കുക അത്രയെളുപ്പമുള്ള കാര്യമല്ലല്ലോ. 

നിയമാനുസൃതമുള്ള രേഖകളില്ലാതെയായിരുന്നു ഇരുപതു വര്‍ഷത്തിലേറെയും ജീവിതം. രാപ്പകലില്ലാത്ത മഹബൂബ് സാബ് അധ്വാനിച്ചു. ടൈലറിങ്ങായിരുന്നു കയ്യിലുണ്ടായിരുന്ന തൊഴില്‍. പക്ഷേ അതുകൊണ്ടു മാത്രം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ വന്നപ്പോള്‍ പകല്‍സമയം കെട്ടിട നിര്‍മാണതൊഴിലാളിയായി. രാത്രി നേരങ്ങളില്‍ ടൈലറും. മക്കളുടെ ബാല്യവും കൗമാരവുമെല്ലാം അയാളെ കടന്നു പോയി. കാലം കടന്നു പോകുന്നത് മഹബൂബ് സാബ് അറിയാഞ്ഞിട്ടല്ല, പക്ഷേ വേറെ മാര്‍ഗമില്ലായിരുന്നു. ''ഞാന്‍ വരുമ്പോള്‍ ഇളയമകള്‍ തീരെ ചെറുതാണ്. മൂന്നു വയസ്സ് പ്രായം. ഇപ്പോള്‍ അവള്‍ക്ക് 28 വയസ്സായി. ഫോട്ടോകളിലൂടെ കണ്ട ഉപ്പയുടെ മുഖം മാത്രമേ അവള്‍ക്ക് ഓര്‍മയുള്ളൂ. ഇപ്പോഴും വിളിക്കുമ്പോള്‍ അവള്‍ കരയും. എന്നെ കെട്ടിച്ചുവിടാന്‍ വേണ്ടി ഉപ്പ അവിടെ ഇനി നില്‍ക്കണ്ട, എനിക്കുള്ള ജോലി വച്ച് അതിനൊരു മാര്‍ഗം കാണാമെന്നെല്ലാം പറയും. പക്ഷേ..അതത്ര എളുപ്പമല്ലല്ലോ...''- മഹബൂബ് സാബ് പറയുന്നു. 

പ്രവാസം കൊണ്ടുള്ള ഏറ്റവും വലിയനേട്ടവും സന്തോഷവും മക്കള്‍ക്കു നല്കാന്‍ സാധിച്ച വിദ്യഭ്യാസമാണ് എന്നു സംശയമില്ലാതെ പറയുന്നുണ്ട് മഹബൂബ്. -''രണ്ടു പെണ്‍കുട്ടികളെ കെട്ടിച്ചയച്ചു. ഇനി രണ്ടു പേരുകൂടിയുണ്ട്. അവരെയും നല്ല രീതിയില്‍ കെട്ടിച്ചയക്കണം'' - അറുപത്തിയഞ്ചു വയസ്സാവുമ്പോഴും ഈ പ്രവാസിയുടെ സ്വരത്തില്‍ നിരാശയുടെ നിഴലില്ല. 

ഇടവേളയില്ലാത്ത ഇരുപത്തിയഞ്ചു വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയപ്പോള്‍ മറ്റൊരു പ്രശ്നമുദിച്ചു. 1992ല്‍ വന്നിറങ്ങുമ്പോഴുള്ള രീതികളൊന്നുമല്ല, ബയോമെട്രിക് സിസ്റ്റമൊക്കെയാണ് ഇപ്പോള്‍. അതിലെവിടെയും മഹബൂബ് സാബ് എന്ന അധ്യായം തന്നെയില്ല. ഒടുക്കം സന്നദ്ധപ്രവര്‍ത്തകനായ നാസ് ഷൗക്കത്ത് അലിയുടെ സഹായത്തോടെ രേഖകളെല്ലാം കൃത്യമാക്കിയാണ് സയിദ് മഹബൂബ് സാബ് നാട്ടിലേക്കു മടങ്ങിയത്. 

മക്കളെ പഠിപ്പിക്കുന്നതിനും കെട്ടിച്ചയക്കുന്നതിനും ഇടയില്‍ സ്വന്തമായി ഒരു വീട് പോലും ഇത്രയും കാലത്തിനിടെ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇനിയും ഉത്തരവാദിത്വങ്ങള്‍ ബാക്കിയുണ്ടെന്നും ഓര്‍ത്തുകൊണ്ടായിരുന്നു മടക്കം.നഷ്ടപ്പെട്ട കാലം തിരികെ കിട്ടില്ലെന്ന് അറിയുമ്പോഴും തന്റെ വേരുകളിലേക്ക് തിരികെ മടങ്ങാന്‍ മോഹിക്കുന്നവനാണല്ലോ ഓരോ പ്രവാസിയും.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam