Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തിന് മുൻപ് ആ ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, ഒടുവിൽ അവൻ യാത്രയായി!

Dustin Snyder ഡസ്റ്റിൻ സ്നൈഡറും ഭാര്യ സിയറ സിവേറിയയും

മരിക്കും മുമ്പ് തന്റെ കൂട്ടുകാരിയെ വിവാഹം കഴിക്കുക എന്ന ഒരൊറ്റ ആഗ്രഹമേ അവനുണ്ടായിരുന്നുള്ളു. ഗുരുതര രോഗം ബാധിച്ച് ആശുപത്രിയിൽ കിടക്കുമ്പോഴൊക്കെ താങ്ങും തണലുമായി നിന്ന ആ പ്രണയിനിയെ ഈ ലോകംവിടുംമുമ്പ് സ്വന്തമാക്കുക എന്ന ആഗ്രഹം സഫലീകരിച്ച് ഇപ്പോൾ അവന്‍ യാത്രയായിരിക്കുകയാണ്. പറഞ്ഞുവന്നത് അർബുദരോഗം ബാധിച്ചു മരിച്ച ഡസ്റ്റിൻ സ്നൈഡറെക്കുറിച്ചാണ്. മരണക്കിടക്കയിലും പ്രണയം കൈവിടാതെ കാമുകിയെ വിവാഹം കഴിച്ചുവെന്ന പേരിലാണ് സ്നൈഡർ വാർത്തകളിൽ നിറഞ്ഞു നിന്നത്. 

പത്തൊമ്പതുകാരനായ സ്നൈഡർ  മൂന്നാഴ്ച മുമ്പാണ് സ്കൂൾ കൂട്ടുകാരി കൂടിയായ സിയറ സിവേറിയയെ വിവാഹം കഴിച്ചത്. കണ്ടുനിന്നവരെയെല്ലാം ഈറനണിയിച്ച ആ വിവാഹത്തിന് അധികനാൾ ആയുസ്സില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു, ചിലപ്പോൾ വിവാഹത്തിന്റെ പിറ്റേന്നുപോലും സ്നൈഡർ മരിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. ഒരുറപ്പുമില്ലാത്ത ആ ജീവിതത്തിനും ദാമ്പത്യത്തിനും മൂന്നാഴ്ചക്കാലത്തെ ആയുസ്സു കൂടി വിധി നൽകുകയായിരുന്നു. സ്നൈഡറുടെ സഹോദരിയാണ് വെള്ളിയാഴ്ച മരിച്ച വിവരം സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്.

dustin-2 ഡസ്റ്റിൻ സ്നൈഡറും ഭാര്യ സിയറ സിവേറിയയും

എന്റെ കുഞ്ഞു സഹോദരന് ചിറകുകൾ ലഭിച്ചു, അവൻ യാത്രയായി എന്നായിരുന്നു സഹോദരി കുറിച്ചത്. ഭർത്താവുമായുള്ള അവസാന സംഭാഷണം സിയറയ്ക്കും മറക്കാൻ കഴിയുന്നില്ല. ബുധനാഴ്ചയാണ് അവസാനമായി സ്നൈഡർ  സിയറയോടു സംസാരിച്ചത്. താൻ പറയുന്നതു മനസ്സിലാകുന്നുണ്ടെങ്കിൽ കണ്ണൊന്നു ചിമ്മാൻ സിയറ പറഞ്ഞിരുന്നു. അപ്രകാരം സ്നൈഡർ ചെയ്യുകയും ചെയ്തു. 

കഴിഞ്ഞ മാസമാണ് സ്നൈഡറുടെ വിവാഹ വാർത്ത മാധ്യമങ്ങളിലാകെ പരന്നത്. ശേഷം മധുവിധുവിനായി ഇരുവരും ഡിസ്നി വേൾ‍ഡിലേക്കു പറക്കുകയും ചെയ്തിരുന്നു. രണ്ടുവർഷക്കാലം പ്രണയത്തിലായിരുന്ന സ്നൈഡറും സിയറയും കഴിഞ്ഞ മാസമാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. വിധി ആഗ്രഹം സഫലമാക്കുംമുമ്പ്  സ്നൈഡറെ തട്ടിയെടുക്കരുതെന്നു കരുതി രോഗാവസ്ഥയിൽ തന്നെ വിവാഹിതരാകുവാനും തീരുമാനിച്ചു. 

dustin-1 ഡസ്റ്റിൻ സ്നൈഡറും ഭാര്യ സിയറ സിവേറിയയും

ആറാംക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്നങ്ങോട്ട് സുഹൃത്തുക്കളായി മാറുകയും പ്രണയത്തിലാവുകയും ചെയ്തു. സ്നൈഡർക്ക് പതിനെട്ടു വയസ്സുള്ളപ്പോൾ ഒരു നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് രോഗവിവരം അറിയുന്നത്. ഒന്നരവർഷമായി അപൂർവതരം ശ്വാസകോശ കാൻസറിനോടു പോരാടുകയാണ് അവൻ. അന്നുതൊട്ട് മരണം വരെയും നിമിഷനേരം പോലും വിട്ടുപോകാതെ ഒപ്പമുണ്ട് സ്കൂൾ കൂട്ടുകാരി സിയറ. 

പിന്നീടുള്ള നാളുകൾ ആശുപത്രി കിടക്കയും വീടുമായി കഴിഞ്ഞു. സർജറികൾക്കും കീമോകൾക്കും ശേഷം സ്നൈഡറുടെ അർബുദം ഭേദമായെന്ന്  കഴിഞ്ഞ നവംബറിൽ ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ പെട്ടെന്നൊരുനാൾ ആരോഗ്യം സുഖകരമല്ലാതെ തോന്നിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴാണ് രോഗം സ്നൈഡറെ പൂർണമായും കീഴ്പ്പെടുത്തിക്കളഞ്ഞുവെന്നു മനസ്സിലായത്. 

Dustin ഡസ്റ്റിൻ സ്നൈഡറും ഭാര്യ സിയറ സിവേറിയയും

ജീവിതത്തിന്റെ അവസാന പടവുകളിൽ എത്തിയപ്പോഴാണ് സ്നൈഡർ അവന്റെ വലിയൊരു മോഹം പ്രിയപ്പെട്ടവരോടു പങ്കുവച്ചത്, സിയറയെ വിവാഹം കഴിക്കണം എന്നതായിരുന്നു അത്. സിയറയ്ക്കു സമ്മതം, വീട്ടുകാർക്കും. അങ്ങനെ വിവാഹ ഒരുക്കങ്ങൾ തുടങ്ങി. വിവാഹച്ചെലവിനു പണം കണ്ടെത്തിയതു ജനങ്ങളിൽനിന്നു സംഭാവന സ്വീകരിക്കുന്ന ക്രൗഡ് ഫണ്ടിങ് രീതിയിലൂടെ. ദിവസങ്ങൾക്കകം ആവശ്യത്തിലേറെ പണം ഒഴുകിയെത്തി. വിവാഹവിശേഷമറിഞ്ഞ് ഫോണിൽ വിളിച്ച വാഷിങ്ടൺ പോസ്റ്റ് ലേഖകനോടു സ്നൈഡർ  പറഞ്ഞു, ‘അവളാണ് എന്റെ ലോകം. അവളില്ലാതെ ഈ ദുരന്തകാലം താണ്ടാൻ എനിക്കു കഴിയുകയേയില്ലായിരുന്നു.’

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam