Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് മരുതിയുടെ കുരുതി; ഇന്ന് മധുവിന്റെയും: അട്ടപ്പാടിയുടെ നോവാഴം

Madhu

അട്ടപ്പാടി വീണ്ടും കേരളത്തെ കരയിക്കുന്നു. ഇക്കുറി ഓരോ മലയാളിയുടെയും തല കുനിയുന്ന വാർത്തയാണ് ആ നാട് തന്നത്. കേൾക്കാത്ത സംഭവകഥകളേറെ പറയാനുള്ള അട്ടപ്പാടി സമ്മാനിച്ച ഒരപൂർവ സൗഹൃദത്തിന്റെയും അതിന്റെ ദാരുണമായ പര്യവസാനത്തിൻറെയും അനുഭവമെഴുതുന്നു മനോരമ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീദേവി പിള്ള)

അട്ടപ്പാടിയിലെ പാടവയലെന്ന ആദിവാസി ഊര്. ഇതുപോലൊരു വേനല്‍ക്കാലത്താണ് മരുതിയെ കാണുന്നത്. കുടിവെള്ള പ്രശ്നമുള്ള ഊര് അന്വേഷിച്ചുള്ള യാത്രയിലാണ് പാടവയലിലെത്തുന്നത്. കുത്തനെയുള്ള മലഞ്ചെരിവുകളും ഇടക്ക് ചെറിയ വീടുകള്‍, പൊടിക്കാറ്റും എവിടെയും ഉണങ്ങിയ മരങ്ങളും ചെടികളുമുള്ള തനി ആദിവാസി ഊര്. ഉച്ചതിരിഞ്ഞ സമയം, വളരെ കുറച്ചുപേരെയുള്ളൂ ഊരില്‍. അപ്പോഴാണ് മരുതിയുടെ വരവ്, 30 വയസ്സോളം കാണും. രണ്ടുകൈയ്യിലും വെള്ളം നിറച്ച പ്്ളാസ്റ്റിക്ക് കുടം. ഊരിലുള്ളത് കൂടുതലും സ്ത്രീകളും കുട്ടികളും. കുറേ നിര്‍ബന്ധിച്ചശേഷമാണ് ക്യാമറക്ക് മുന്നില്‍വന്ന് കുടിവെള്ള പ്രശ്നത്തെ കുറിച്ച് സംസാരിക്കാമെന്ന് സമ്മതിച്ചത്. മരുതി സംസാരിച്ചുതുടങ്ങി. തമിഴും ആദിവാസിഭാഷയും മലയാളവും കൂടിയുള്ള സമ്മിശ്രഭാഷ, ഉറച്ചശബ്ദം, ഗൗരവമുള്ള മുഖഭാവം. ‘കാടെല്ലാം പോയി, മഴയില്ല, ഉറവവറ്റി പിന്നെ എങ്ങിനെ വെള്ളം കിട്ടും..?’ ഈ ചോദ്യം ഉന്നയിച്ച് മരുതി ക്യാമറയെ നോക്കി നിന്നു. വല്ലാത്തൊരു നിശ്ശബദ്ത ചുറ്റും. മരുതിയുടെ കണ്ണുകളില്‍ കത്തുന്ന രോഷം. 

പാടവയലില്‍നിന്ന് മലയിറങ്ങുമ്പോള്‍ മനോരമ ന്യൂസ് ചീഫ് ക്യാമറാമാന്‍ പി.ജെ.ചെറിയാന്‍ പറഞ്ഞു. മരുതി എത്ര യുക്തിയോടെ, ആത്മവിശ്വാസത്തോടെ, ഉറപ്പോടെ സംസാരിച്ചു. ഇവര്‍ എഴുത്തുകാരിയോ ഫിലിം മേക്കറോ പത്രപ്രവര്‍ത്തകയോ ആകാന്‍ കെല്‍പ്പുള്ള സ്ത്രീയാണെന്ന്. മരുതിക്ക് അഞ്ചരയടിയിലേറെ ഉയരമുണ്ട്. ചെമ്പിന്റെ നിറം, പച്ചനിറംകലര്‍ന്ന കണ്ണുകള്‍, ചെമ്പിച്ചമുടി. ചെറിയാന്‍ അവര്‍ക്കൊരുപേരിട്ടു: ‘കോപ്പര്‍നിറമുള്ള ഐശ്വര്യാ റായ്’. 

പിന്നെ പലപ്പോഴായി പാടവയലില്‍പോയി. മരുതിയുമായി അടുത്ത കൂട്ടായി. പലതും പറഞ്ഞു തന്നു, സ്വന്തം ജീവിതത്തെകുറിച്ച്, അട്ടപ്പാടിയെകുറിച്ച്, കാടിനെ കുറിച്ച്, പുഴയെകുറിച്ച്, അങ്ങനെ പലതും. പാടവയലിന് മുകളില്‍ പാറക്കെട്ടിനോട് ചേര്‍ന്നൊരു കുടിലിലാണ് മരുതിയും കുട്ടികളും കഴിഞ്ഞിരുന്നത്. ഒരു ചുമര് പാറ. മറ്റ് ചുമര് മുളയും മണ്ണൂം ചേര്‍ന്ന അരമതിലും അതിന് മുകളില്‍ ടാര്‍പ്പോളിനും തുണിയും വെച്ചുള്ള മറയും. എങ്ങിനെയാണ് ചെറുപ്പക്കാരിയായ ഒതു സ്ത്രീയും രണ്ട് ചെറിയകുട്ടികളും അവിടെ ജീവിക്കുന്നു എന്ന് ചോദിക്കാന്‍ നാവ് പൊങ്ങിയില്ല. അവിടെ അങ്ങിനെയാണ്. പല ചോദ്യങ്ങള്‍ക്കും ഒരു പ്രസക്തിയുമില്ല.  അതാണ് അട്ടപ്പാടി.

മണ്ണാര്‍ക്കാടുനിന്നുള്ള ഒരു കച്ചവടക്കാരനായിരുന്നു മരുതിയെ കല്യാണം കഴിച്ചത്. അന്യനാട്ടുകാരന്‍ ഒപ്പം ജീവിക്കാനെത്തിയത് മരുതിയുടെ ബന്ധുക്കള്‍ക്ക് അത്രബോധിച്ചില്ല. അയാളുടെ ബന്ധുക്കളാകട്ടെ അവരെ നടതള്ളി. രണ്ടുകുഞ്ഞുങ്ങളായി. അയാള്‍ പലനാട്ടിലും സഞ്ചരിച്ച്, ഉത്സവ പറമ്പുകളിലും തെരുവോരത്തും ഒക്കെ കച്ചവടം നടത്തുന്നയാളായിരുന്നു. ഇടയ്ക്ക് വരും, പോകും. ഒരിക്കല്‍ വന്നത് വിടാത്ത വയറുവേദനയുമായി.  ‘പല ഡോക്ടറെ കാണിച്ചു. പല ചികിത്സ ചെയ്തു. കുറഞ്ഞില്ല. ഒരുദിവസം പണിക്കുപോയി നാന്‍ വന്നപ്പോള്‍ ആളിവിടെ തൂങ്ങി നില്‍ക്കുന്നു.’ ശൂന്യമായ കണ്ണുകളോടെയാണ് മരുതി അത് പറഞ്ഞത്. അന്നു മുതല്‍ രണ്ടുകുഞ്ഞുങ്ങളെ പോറ്റാന്‍, മണ്ണിനോടും ദാരിദ്യത്തോടും മല്ലിട്ട് മരുതി ജീവിച്ചു.

പാടവയിലെ ആദിവാസികള്‍ക്ക് ദാരിദ്യത്തോടൊപ്പം വലിയ രണ്ട് പ്രശ്നങ്ങള്‍ നേരിടേണ്ടിയിരുന്നു. ഒന്ന് കള്ളവാറ്റ് സംഘങ്ങള്‍. അതൊരു അപകടം പിടിച്ച മാഫിയയായിരുന്നു. രണ്ടാമത് ഭൂമികൈയ്യേറ്റക്കാര്‍. തമിഴ്നാട്ടിലെ ഗൗഡമാര്‍ മുതല്‍ സമതലങ്ങളില്‍ നിന്നെത്തുന്ന വരത്തന്‍മാര്‍വരെ ആദിവാസിയുടെ ഭൂമി പലവഴിക്ക് കൈവശമാക്കി. ഈ രണ്ടുകൂട്ടരോടും പൊരുതി നില്‍ക്കാനായിരുന്നു മരുതിയുടെ തീരുമാനം, വിധിയും. അവളുടെ അഛന് സ്വന്തമായുണ്ടായിരുന്ന രണ്ടേക്കര്‍ഭൂമി വാഴകൃഷിക്കാരനയ തമിഴന്‍കൈയ്യടക്കി. ഇതിനെതിരെ മരുതി കയറി ഇറങ്ങാത്ത സര്‍ക്കാര്‍ ഒാഫീസില്ല.  അക്ഷരമറിയാത്ത ആദിവാസിയുടെ കൈവിരലടയാളം വാങ്ങി ഭൂമി കൈവശപ്പെടുത്തുന്ന കഥകളിലെ ഒന്നായി അത് ഒടുങ്ങി. 

ഒാരോ മലയിടുക്കിലും കള്ളവാറ്റു നടത്തി, ആദിവാസിയെ  മദ്യത്തിൽ മുക്കുന്നവര്‍ക്കെതിരെ പാടവയലിലെ സ്ത്രീകള്‍ സംഘടിച്ചു. മുന്നില്‍നിന്നത് ഗ്രമസഭയിലെ അംഗമായ സ്ത്രീ. ഈ കൂട്ടത്തില്‍മരുതിയും ചേര്‍ന്നു. പലപ്പോഴും ഇവര്‍ മദ്യമാഫിയയെ പേടിച്ച് രാത്രി കുടിലില്‍വിളക്ക് വെക്കില്ല. അടച്ചുറപ്പില്ലാത്ത വീടുകളില്‍ പുല്ലുവെട്ടുന്ന കത്തിയും പാറക്കല്ലും കൈവശം വെച്ചാണ് സ്ത്രീകള്‍ കഴിഞ്ഞിരുന്നത്. 

ഇതെല്ലാം പലപ്പോഴായി മരുതി തന്നെ പറഞ്ഞ കാര്യങ്ങളാണ്. മരുതിക്ക് പറയാന്‍ കുറേയേറെ ഉണ്ടായിരുന്നു. അതിനൊരാളെ കിട്ടിയതായിരുന്നു ഞങ്ങള്‍ അടുക്കാന്‍ കാരണം. വലിയ കൂട്ടുകാരായപ്പോള്‍ ഡോക്യുമെന്ററി എടുക്കുന്നതിനെ കുറിച്ചായി ചര്‍ച്ച. മരുതി എന്റെ ഡോക്യുമെന്ററിയിലെ നായിക. അട്ടപ്പാടിയുടെ കഥ, മരുതിയുടെ വാക്കുകളിലൂടെ. ഇതേകുറിച്ച് സംസാരിച്ചിരുന്ന മണിക്കൂറുകള്‍ക്ക് കണക്കില്ല. 

ഇടക്ക് മരുതി ഫോണില്‍ വിളിക്കുമായിരുന്നു. രണ്ടാഴ്ചയോളം അതുണ്ടായില്ല. പിന്നെ കേട്ടത് മരണ വാര്‍ത്തയായിരുന്നു. പലക്കാട് എഡിഷനില്‍ ഒരുകോളം വാര്‍ത്ത. പാടവയല്‍ ഊരിലെ മരുതി എന്ന യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആദ്യം ഒരു സുഹൃത്താണ് ഫോണില്‍ പറഞ്ഞത്. അത്രയേ കേട്ടുള്ളൂ. ക്രൂരമായി പീഡിപ്പിച്ച് ഒരുമലമടക്കില്‍ കൊന്നുതള്ളുകയായിരുന്നു. നൂറ്റിനാല്‍പ്പത്തിരണ്ട് മുറിവുകളായിരുന്നു ആ ശരീരത്തില്‍. കൊന്നത് ആരെന്ന് അറിയില്ല. ഭൂമിസ്വന്തമാക്കിയവരെന്നും കള്ളവാറ്റുകാരെന്നും പിന്നെ പലരും പറഞ്ഞു. ആ ശരീരം കാണാന്‍ പോയില്ല, അട്ടപ്പാടിയിലേക്കും പിന്നെ പോയിട്ടില്ല. മരുതിയുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാനായി ഒരു സന്നദ്ധസംഘടനയുടെയ  സഹായം കിട്ടി. കുട്ടികള്‍ മുതിര്‍ന്നപ്പോള്‍ മരുതിയുടെ കുടുംബം അവരെ തിരികെ അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി. 

മധുവിന്റെ മരണമാണ് മരുതിയുടെ ജീവിതത്തെയും മരണത്തെയും പിന്നെയും മുന്നിലേക്കെത്തിച്ചത്. മരുതിയെപ്പോലെ മധുവും അട്ടപ്പാടിയുടെ പ്രതിരൂപമാണ്. ചിണ്ടക്കിയിലോ അഗളിയിലോ ഗംഗയൂരിലോ ചീറ്റൂരിലോ പാടവയലിലോ അട്ടപ്പാടിലെ ഏത് ആദിവാസി ഊരില്‍പോയാലും കാണാം മരുതിയെയും മധുവിനെയും പോലുള്ളവരെ.  ചെറ്റക്കുടില്‍പോലുമില്ലാത്തവര്‍, മഴയിലും മഞ്ഞിലും വെയിലിലും ആകാശത്തിന് താഴെ ഏതെങ്കിലും മരത്തണലിലോ പാറയിടുക്കിലോ തലചായ്ക്കുന്നവര്‍. പട്ടിണി എന്നും കൂട്ടിനുള്ളവര്‍. തീര്‍ത്തും ഒറ്റപ്പെട്ടുപോയവര്‍, രോഗാവസ്ഥകളിലുള്ളവര്‍, ചിലപ്പോള്‍ മദ്യത്തിനോ മയക്കുമരുന്നിനോ കീഴടങ്ങിയവര്‍. സ്വന്തം ഭൂമിയില്‍ സ്വത്വവും അവകാശവും നീതിയും നിഷേധിക്കപ്പെട്ടവര്‍. മരുതിയുടെ മരണത്തില്‍നിന്ന് മധുവിന്റെ കൊലയിലേക്കെത്തുമ്പോള്‍, ആദിവാസിയും അവരുടെ ദൈന്യതയും അവർ നേരിടുന്ന നീതി നിഷേധവും കേരളം, വൈകിയെങ്കിലും തിരിച്ചറിയും എന്ന് കരുതാമോ? 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam