Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാമറകൾ തന്നിൽനിന്നു തട്ടിയെടുത്ത ബാല്യം മക്കൾക്കു നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച അമ്മ

Sridevi ജാൻവി കപൂർ, ശ്രീദേവി, ഖുഷി കപൂര്‍

കഴിഞ്ഞ വർഷം ജൂലൈയിൽ ‘മോം’ (അമ്മ) എന്ന സിനിമയുടെ റിലീസിനു മുൻപു ശ്രീദേവിയെ കാണാൻ പോയി. അവരുടെ മുന്നൂറാമത്തെ സിനിമയായിരുന്നു അത്. ഒപ്പം അഭിനയജീവിതത്തിന്റെ അരനുറ്റാണ്ടു തികയുന്ന സന്ദർഭവും. അഭിമുഖത്തിനിടെ അവരോടു ചോദിച്ചു: ‘ആരോടാണ് ഏറ്റവും കടപ്പാട്?’ 

ശ്രീദേവി പറഞ്ഞു: ‘അമ്മയോടു തന്നെ. എനിക്കൊപ്പം എന്നും നിന്നു. ഇന്നു ഞാൻ ഇവിടെ എത്താനുള്ള കാരണം അമ്മ മാത്രമാണ്. നാലു വയസ്സുള്ളപ്പോൾ സിനിമയിലെത്തിയതാണ്. അമ്മയുടെ കൈപിടിച്ചു സെറ്റിലൂടെ നടന്ന കാലമൊക്കെ ഓർമ വരുന്നു. എത്രപെട്ടെന്നാണ് കാലം കടന്നുപോയത്. 50 വർഷമായി എന്നു വിശ്വസിക്കാനാകുന്നില്ല.’ 

അമ്മ- മകൾ ബന്ധത്തിന്റെ കഥയാണു ‘മോം’. ആ സിനിമയ്ക്കു ശേഷമാണു ശ്രീദേവിയുടെ മകൾ ജാൻവി കപൂർ നായികയായി അരങ്ങേറുന്ന ‘ധഡക്’ സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. സെറ്റിലേക്ക് അമ്മ തന്നെ കൊണ്ടുവന്നതുപോലെ ജാൻവിയെ ബോളിവുഡിലേക്കു കരുതലോടെ ആനയിക്കുകയായിരുന്നു ശ്രീദേവി. മകൾക്ക് അഭിനയപാഠം പകർന്നുനൽകുന്ന മുതിർന്ന നടിയെന്നതിലുപരി, കാർക്കശ്യത്തോടെ ജാൻവിക്കു വഴികാട്ടുന്ന അമ്മയെയാണു പലപ്പോഴും കണ്ടിരുന്നതെന്ന് ധഡക്കിന്റെ അണിയറ പ്രവർത്തകർ ഓർക്കുന്നു.  

sridevi-parents അമ്മ രാജേശ്വരി, അച്ഛൻ അയ്യപ്പൻ എന്നിവർക്കൊപ്പം ശ്രീദേവി.

മൂന്നു പതിറ്റാണ്ടോളം വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന ശ്രീദേവി 1996 ൽ ബോണി കപൂറുമായുള്ള വിവാഹത്തോടെയാണ് അഭിനയലോകത്തോടു വിടപറഞ്ഞത്. 1997 ൽ ജാൻവിയുടെ ജനനത്തോടെ പൂർണമായി വീട്ടമ്മയായി മാറി. തുടർന്നു മൂന്നു വർഷത്തിനു ശേഷമാണു ഖുഷിയുടെ ജനനം. ഇതോടെ മക്കളായി ശ്രീദേവിയുടെ ലോകം. ക്യാമറകൾ തന്നിൽനിന്നു തട്ടിയെടുത്ത ബാല്യം മക്കൾക്കു നഷ്ടപ്പെടരുതെന്ന് അവർ ആഗ്രഹിച്ചു. ഇരുവരെയും ഉൗട്ടിയും ഉറക്കിയും സ്കൂളിലെ രക്ഷാകർതൃ യോഗങ്ങൾക്കു പോയുമെല്ലാം അവർ അമ്മയുടെ റോൾ ആസ്വദിച്ചു. ശ്രീദേവിയെന്ന നടിയെക്കുറിച്ചു കേൾക്കാൻ തന്നെയില്ലാതായി.  

15 വർഷത്തിനു ശേഷം, മക്കൾ സ്വന്തം കാലിൽ നിൽക്കാറായെന്നു തോന്നിയപ്പോൾ ശ്രീദേവി സിനിമയിൽ തിരിച്ചെത്തി– 2012 ൽ ‘ഇംഗ്ലിഷ് വിംഗ്ലിഷ്’ എന്ന ചിത്രത്തിലൂടെ. തുടർന്നു രണ്ടു ചിത്രങ്ങളിൽ മുഖം കാണിച്ചെങ്കിലും വീണ്ടും അഞ്ചുവർഷമെടുത്തു മുഴുനീള വേഷം ചെയ്യാൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘മോം’ ആയിരുന്നു ചിത്രം. അതിനു പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട്. ശ്രീദേവി സിനിമയിലെത്തിയതിന്റെ അൻപതാം വർഷം ഭാര്യയ്ക്കുള്ള സമ്മാനമായാണു ബോണി കപൂർ ‘മോം’ നിർമിച്ചത്.  

മോമിൽ ശ്രീദേവിയുടെ മകളായി അഭിനയിച്ച പാക് നടി സജാൽ അലിയുടെ അമ്മ അർബുദത്തെത്തുടർന്നു മരിച്ചത് ആ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു. ശ്രീദേവിയിലായിരുന്നു സജാൽ ആ വേളയിൽ ആശ്വാസം േതടിയത്. ശ്രീദേവി അഭിനയിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു അവരുടെ അമ്മയുടെ മരണം. ഇപ്പോഴിതാ, മകൾ ജാൻവി, നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ ശ്രീദേവിയും ഓർമയായിരിക്കുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam