Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെയും വാപ്പച്ചിയെയും സഹോദരിയെയും കൂട്ടിയിണക്കുന്ന ഘടകമാണ് ഉമ്മച്ചി: ദുൽഖർ

Dulquer Salman ദുൽഖർ സൽമാൻ കുടുംബത്തിനൊപ്പം

സമൂഹമാധ്യമങ്ങളിൽ സ്ത്രീവിരുദ്ധ തമാശകൾ പലതുണ്ട്. ഒറ്റനോട്ടത്തിൽ നിർദോഷമെന്നു തോന്നാം, പക്ഷേ അവ അത്ര നിർദോഷമാണോ? നടൻ ദുൽഖർ സൽമാനും കോഴിക്കോട് മുൻ കലക്ടർ പ്രശാന്ത് നായർക്കും തിരക്കഥാകൃത്ത് സഞ്ജയ്ക്കും ഈ വിഷയത്തിൽ പറയാനുള്ളത് ഇതാണ്...

നിർത്താം കളിയാക്കൽ

ഞങ്ങളുടെ  വീട്ടിൽ  സ്ത്രീകൾക്കാണു ഭൂരിപക്ഷം.  ഇടയിൽ ജീവിക്കുന്ന ന്യൂനപക്ഷമായ പുരുഷന്മാരാണു ഞങ്ങൾ. അവരുടെ ഇടയിൽ ജീവിക്കുന്നതിന്റെസുരക്ഷിതത്വവും സന്തോഷവും കുട്ടിക്കാലം മുതൽ അനുഭവിച്ചറിഞ്ഞ ആളാണു ഞാൻ. ഉമ്മച്ചിയാണ് എന്നെയും വാപ്പച്ചിയെയും സഹോദരിയെയും കൂട്ടിയിണക്കുന്ന ഘടകം. ഞങ്ങൾ മൂന്നുപേരും കേന്ദ്രീകരിച്ചിരുന്നത് ആ ബിന്ദുവിലാണ്. അവിടെ എത്തുമ്പോൾ എല്ലാവർക്കും ഒരേ മനസ്സാണ്. ഈ ബന്ധം എന്നിലുണ്ടാക്കിയ സ്നേഹവും കരുത്തും ചെറുതല്ല. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ കളിയാക്കിയും അവർ വീടിനുള്ളിലെ ജീവികളാണെന്നു ധ്വനിപ്പിച്ചുമുള്ള സന്ദേശങ്ങൾ എന്നെ എന്നും വേദനിപ്പിച്ചിട്ടുണ്ട്. 

സത്യത്തിൽ ഓരോ പുരുഷനും ജീവിതത്തിൽ ഒരിക്കലെങ്കിലും വളർന്നത് ഒരു സ്ത്രീയുടെ തണലിലാകും.  സ്ത്രീകളെ പുച്ഛിക്കുമ്പോൾ ആ തണലിനെയാണു തള്ളിപ്പറയുന്നത്. ഇനി മുതൽ അത്തരം സന്ദേശങ്ങൾ അയയ്ക്കാതിരിക്കാം. നമ്മുടെയെല്ലാം സന്ദേശത്തിൽ നല്ല അമ്മയും ഭാര്യയും സഹോദരിയും അയൽക്കാരും സഹജീവിയുമെല്ലാം കടന്നുവരട്ടെ. അവർ നമ്മുടെ മുന്നിൽ നിൽക്കട്ടെ. 

(ദുൽഖർ സൽമാൻ, നടൻ)

sanjay-prasanth സഞ്ജയ്, പ്രശാന്ത് നായര്‍

നല്ല ചിരിപരക്കട്ടെ

സ്ത്രീകളെ കളിയാക്കുന്ന തരത്തിലുള്ള തമാശകൾ പറയുമ്പോഴും ആസ്വദിക്കുമ്പോഴും മനുഷ്യനെന്ന നിലയിൽ നമ്മൾ ചെറുതാകുകയല്ലേ? ഇത്തരം പ്രവണതകൾ സ്വിച്ചിട്ടതു പോലെ മാറില്ലെങ്കിലും ഞാൻ വിശ്വസിക്കുന്നു, തീർച്ചയായും ഇതു മാറിവരും. പല മാറ്റങ്ങളും ഉണ്ടാകുന്ന കാലമാണിത്. വ്യ‌ക്തിയുടെ വൈകല്യത്തെയും നിറത്തെയുമൊക്കെ കളിയാക്കുന്ന തമാശകൾ കേട്ടു ചിരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. നാം അതിലെ ‘തരംതാഴൽ’ തിരിച്ചറിഞ്ഞുകഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും മറ്റും സ്ത്രീവിരുദ്ധ തമാശകൾക്കു വലിയ മാർക്കറ്റാണല്ലോ. ആ തമാശകൾ ആസ്വദിക്കുന്നവർ പുരുഷന്മാരെ പരിധിവിട്ടു കളിയാക്കുന്ന തമാശകൾ ആസ്വദിക്കുമോ എന്നും ചിന്തിക്കണം. 

ലോകം കാണുമ്പോൾ, കണ്ണും കാതും തുറന്നു ജീവിക്കുമ്പോഴേ മുൻവിധികൾ മാറൂ. തമാശ എന്നു പറയുന്നത് ആളുകൾക്കു സന്തോഷമുണ്ടാക്കാനാണ്; വേദനിപ്പിക്കാനോ പരിഹസിക്കാനോ അല്ല. നല്ല തമാശകൾ വളരട്ടെ. അപ്പോൾ ചിരി പരക്കും. നല്ല ചിരികൾ.

(കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി,

കോഴിക്കോട് മുൻ കലക്ടർ)

ഭാര്യ കൂട്ടുകാരി

ഭാര്യയെ ഞാൻ ബഹുമാനിക്കുന്നു എന്നു പറയുന്നതിനേക്കാൾ  ആൺ കൂട്ടായ്മകളിൽ ‘സ്വീകാര്യത’ ഭാര്യയെപ്പറ്റി പരിഹാസരൂപേണയുള്ള തമാശകൾ പറയുന്നതാണ്. 

വിവാഹം എന്നത് ഇപ്പോഴും സൗഹൃദത്തിന്റെ ഏറ്റവും ഉയർന്ന തലമായി കാണാൻ പറ്റാത്തതിന്റെ പ്രശ്നമാണത്. ഭാര്യ ഭരിക്കപ്പെടാനുള്ളതും വേണ്ടി വന്നാൽ കോമാളിയാക്കപ്പെടാനുള്ളതുമാണെന്ന‌ പഴകിത്തേഞ്ഞ മേധാവിത്വഭാവത്തിന്റെ പ്രതിഫലനം തന്നെയാണത്.

നടി ശ്രീദേവിയുടെ മരണത്തിനു പിന്നാലെa ഒരു വാട്സാപ് സന്ദേശം കണ്ടു– അത്തരം ബാത് ടബ്ബുകൾ വാങ്ങാനോടുന്ന ഭർത്താക്കന്മാരെക്കുറിച്ച്. ആ

ഫലിതം ഒരിക്കലും നിർദോഷമല്ല. മരണമാഗ്രഹിക്കുന്നു എന്നതിൽ ഒരു തമാശയുമില്ല. അമ്മയെയും മകളെയുംപറ്റി അങ്ങനെയൊരു നർമം ആരും പറയില്ല. കാരണം പൗരുഷം പ്രകടിപ്പിക്കാൻ പ‌റ്റുന്ന ഏറ്റവും നല്ല ഉപകരണം ഭാര്യ തന്നെയാണ്. കാലം ഒരുപാടുകാര്യങ്ങൾ നമ്മളിൽ നിന്ന് ആവശ്യപ്പെടുന്നു. ഭാര്യയുടെ പര്യായം സുഹൃത്ത് എന്നാകണമെന്നത് അതിൽ പ്രധാനപ്പെട്ട ഒന്നാണ്. അതങ്ങനെയാകട്ടെ. 

(സഞ്ജയ്, തിരക്കഥാകൃത്ത്)

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam