Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളേ... മുപ്പത് കഴിഞ്ഞ് കല്യാണം കഴിച്ചാൽ ??

Marriage in 30s Representative Image

ഒരു ശരാശരി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഏതൊരു പെണ്‍കുട്ടിയും ഇരുപതുകളിലേക്ക് കാലെടുത്തു വയ്ക്കും മുന്‍പേ വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യുന്നവരാണ്. വിദ്യാഭ്യാസവും ജോലിസ്വപ്നങ്ങളും എല്ലാം മാറ്റി വച്ച് വിവാഹത്തിന് വഴങ്ങേണ്ടി വരുന്നവരാണ് മിക്ക പെണ്‍കുട്ടികളും. വിവാഹത്തിനു ശേഷം പിന്നീട് ഇത്തരം അവസരങ്ങള്‍ ലഭിക്കുന്നവര്‍ ഇതില്‍ തീരെ കുറവാണ്. ലഭിച്ചാല്‍ തന്നെയും അതെല്ലാം നിയന്ത്രങ്ങള്‍ക്കുള്ളിലായിരിക്കുകയും ചെയ്യും.

പക്ഷെ ഇത്തരം സമ്മര്‍ദ്ദങ്ങളെ എല്ലാം അതിജീവിച്ച് വിദ്യാഭ്യാസത്തിനും ജോലിക്കും പ്രാധാന്യം കൊടുത്ത് മുപ്പതുകളിലേക്ക് എത്തുമ്പോഴേക്കും സമൂഹം നിങ്ങളെ നോക്കുക അന്യഗ്രഹ ജീവിയെപ്പോലെ ആയിരിക്കും. വിവാഹം കഴിക്കണം എന്ന ബന്ധുക്കളുടെ ആവശ്യം വിവാഹം കഴിച്ചേ തീരു എന്ന ഭീഷണിയിലേക്ക് ചിലപ്പോള്‍ വഴിമാറിയെന്ന് വരാം. അതേസമയം മകിച്ച വിദ്യാഭ്യാസവും നല്ലൊരു കരിയറും നിങ്ങള്‍ക്ക് ആ സമയത്ത് നല്‍കുന്ന അത്മവിശ്വാസം ചെറുതായിരിക്കില്ല.

നിങ്ങള്‍ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് പ്രാധാന്യം കൊടുക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ വിവാഹം അല്‍പ്പം വൈകിക്കുന്നത് തന്നെയാണ് നല്ലത്. ഇങ്ങനെ മുപ്പതുകളുടെ തുടക്കത്തില്‍ വിവാഹിതരാകുന്നത് കൊണ്ടുള്ള ഗുണങ്ങളില്‍ ചിലത് ഇവയാണ്.

1. സാമ്പത്തിക സ്ഥിരതയുള്ളവരും സ്വതന്ത്രയും ആയിരിക്കും

തീരെ ചെറുപ്പത്തിലെ വിവാഹിതരായാല്‍, അല്ലെങ്കില്‍ കരിയറോ മറ്റോ പാതി വഴിയില്‍ ഉപേക്ഷിച്ച് വിവാഹതിരായാലും നിങ്ങള്‍ക്ക് മിക്കപ്പോഴും സ്വതന്ത്ര്യം എന്നത് ഒരു പാട് പരിധികള്‍ക്കുള്ളിലുള്ള ഒന്നായിരിക്കും. എന്തിനും ഏതിനും ഭര്‍ത്താവിനോടോ ചിലപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാരോട് തന്നെയോ അനുവാദം ചോദിക്കേണ്ട അവസ്ഥ. ചെറിയ സാധനം വാങ്ങണമെങ്കില്‍ പോലും പണം ചോദിക്കേണ്ട സ്ഥിതി. കണക്ക് പറച്ചിലുകള്‍ തകര്‍ക്കുന്ന ആത്മാഭിമാനവും മനസ്സമാധാനവും. സ്വന്തം കാലില്‍ നില്‍ക്കാനും സ്വയം തീരുമാനമെടുക്കാനും പര്യാപ്തരാണെങ്കില്‍ നിങ്ങള്‍ക്ക് മേല്‍പ്പരഞ്ഞതൊന്നും ഒരു പ്രശ്നമായിരിക്കില്ല.

തീരെ ചെറുപ്പത്തില്‍ വിവാഹിതരായ ശേഷം ജോലിക്ക് പോകുന്ന സ്ത്രീകളില്‍ പോലും മാനസികമായ ഒരു അടിമത്വം ഭര്‍ത്താവിനോട് കാണാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ജോലി മാത്രമല്ല ഇവിടെ വിഷയം. തന്റെ സ്വത്വം തിരിച്ചറിയുകയും അതില്‍ അഭിമാനിക്കാനുള്ള അവസരം ഉണ്ടാവുകയുമാണ്. ഇതിന് തീര്‍ച്ചയായും കുറച്ച് കാലത്തേക്കെങ്കിലും മാതാപിതാക്കളില്‍ നിന്ന് പോലും സ്വതന്ത്രരായി നിങ്ങള്‍ക്ക് ജീവിക്കേണ്ടതുണ്ട്. ഈ സ്വാതന്ത്ര്യം അനുഭവിക്കാനായി നിങ്ങള്‍ക്ക് മാറ്റിവക്കാന്‍ കഴിയുന്നത് നിങ്ങളുടെ ഇരുപതുകളാണ്.

2. തെറ്റുകള്‍ വരുത്താന്‍, അവ തിരിച്ചറിഞ്ഞ് സ്വയം തിരുത്താന്‍

ജീവിതം സ്വയം അനുഭവിച്ചറിയേണ്ട ഒരു പാഠമാണ്. മറ്റുള്ളവര്‍ എത്ര പഠിപ്പിക്കാന്‍ ശ്രമിച്ചാലും അനുഭവിച്ചറിഞ്ഞ് മനസ്സിലാക്കിയില്ലെങ്കില്‍ നിങ്ങളുടെ ജീവിതത്തെ നിങ്ങള്‍ വലിമതിക്കില്ല. മറ്റുള്ളവരുടെ സംരക്ഷണയില്‍ എന്നും ജീവിക്കുന്നവര്‍ക്ക് തെറ്റുകള്‍ തിരുത്താനുള്ള അവസരം ലഭിക്കാറില്ല. എല്ലായ്പോഴും അവരെ പിന്തുണക്കാനും സഹായിക്കാനും ചുറ്റും ആളുകളുണ്ടാകും. എന്നാല്‍ എപ്പോഴെങ്കിലും ഇവര്‍ കൈ വിട്ടാല്‍ പിന്നെ ജീവിതം അവസാനിച്ചെന്ന പ്രതീതിയാകും അവര്‍ക്കുണ്ടാകുക.

ഇങ്ങനെ ഒറ്റപെടുമെന്നുള്ള പെടി കൊണ്ടുമാത്രം കിട്ടിയ ജീവിതത്തില്‍ തൃപ്തി കണ്ടെത്താനും അതില്‍ ജീവിക്കാനും ശ്രമിക്കുന്ന നിരവധി സ്ത്രീകളുണ്ട്. ആ കൂട്ടത്തില്‍ നിങ്ങളും ഒരാളാകാതിരിക്കാന്‍ നിങ്ങളുടെ ജീവിതം നിങ്ങള്‍ക്ക് സ്വയം തിരഞ്ഞെടുത്തേ മതിയാകു, ജീവിതത്തിലുണ്ടാകുന്ന തകര്‍ച്ചകള്‍ അത് പ്രണയത്തിലായാലും സാമ്പത്തികമായാലും ജോലിയിലായാലും നിങ്ങളെ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിക്കും. ആ തെറ്റുകളില്‍ നിന്നും തോല്‍വികളില്‍ നിന്നും നിങ്ങള്‍ സ്വയം തിരുത്താനോ, മെച്ചപ്പെടുത്താനോ സാധിക്കും. അതുകൊണ്ടു തന്നെ നിങ്ങളുടെ ഇരുപതുകള്‍ ഈ തെറ്റുകള്‍ക്ക് വേണ്ടിക്കൂടി മാറ്റി വക്കാം.

3. എടുത്തുചാട്ടത്തില്‍ നിന്ന് ക്ഷമയിലേക്കുള്ള ദൂരം

സമയം നിങ്ങള്‍ക്കു നല്‍കുന്ന പ്രധാനപ്പെട്ട ശീലങ്ങളില്‍ ഒന്നാണ് ക്ഷമ. എടുത്തചാട്ടത്തിന്റെ പ്രായമായ ഇരുപതുകളുടെ തുടക്കത്തില്‍ നിന്ന് മുപ്പതുകളിലേക്ക് എത്തുമ്പോള്‍ നിങ്ങള്‍ ജീവിതത്തെ കാണുന്ന രീതി തന്നെ മാറിയിരിക്കും. അതിനാല്‍ തന്നെ ആദ്യകാലത്ത് നിങ്ങളെടുക്കുന്ന തീരുമാനങ്ങളില്‍ മിക്കതും തന്നെ ശരിയായിരുന്നില്ല എന്ന് പിന്നീട് നിങ്ങള്‍ക്ക് തോന്നിയേക്കാം. വിവാഹം അവയില്‍ ഒന്നാവാതിരിക്കുന്നതാണ് നല്ലത് . അതിനാല്‍ തന്നെ ക്ഷമയും ചിന്താശേഷിയും സ്ഥിരപ്പെടുന്ന മുപ്പതുകളുടെ തുടക്കകാലത്ത് നിങ്ങള്‍ക്ക് ജീവതപങ്കാളിയെ തിരഞ്ഞെടുക്കാം.

4. ഗര്‍ഭധാരണത്തെക്കുറിച്ച് ആശങ്ക വേണ്ട

മുപ്പതുകളുടെ അവസാനം അമ്മയാകാന്‍ അത്ര ഉചിതമായ സമയമല്ല. എന്നാല്‍ മുപ്പതുകളുടെ തുടക്കത്തിലെ പ്രസവം നിങ്ങള്‍ക്ക് മറ്റ് ശാരീരിക പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ ഒരു വെല്ലുവിളി ആകില്ല. മുപ്പതുകളുടെ തുടക്കത്തില്‍ നിങ്ങളുടെ പ്രത്യുത്പാദന ശേഷിക്ക് ഇരുപതുകളുടേതില്‍ നിന്ന് കുറവൊന്നും സംഭവിക്കുന്നില്ല. എന്നാല്‍ അമ്മയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് അധികം നീട്ടിക്കൊണ്ടു പോകരുതെന്ന് മാത്രം. മുപ്പതുകളുടെ അവസാനം ആകുമ്പോഴേക്കും സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത കുറഞ്ഞുവരും.

5. ജീവിതത്തില്‍ നമ്മുടെ പ്രാധാന്യങ്ങള്‍ എന്തെല്ലാം 

തന്റെ ജീവിതത്തില്‍ എന്തുവേണം എന്തെല്ലാം നേടണം എവിടെല്ലാം യാത്ര ചെയ്യണം ഇങ്ങനെ ഇഷ്ടമുള്ളതും ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഇരുപതുകള്‍ തന്റെ ജീവിത്തതില്‍ വേണ്ടത് എന്താണെന്ന് തിരിച്ചറിയാനുള്ള സമയമാണ്. ഒന്നില്‍ പരാജയപ്പെട്ടാലും മറ്റൊന്നില്‍ പിടിച്ച് വിജയത്തിലേക്ക് പടികയറാനുള്ള സമയം. അങ്ങനെ ജീവിതത്തില്‍ വേണ്ട കാര്യങ്ങള്‍ നേടിയെടുക്കാനും, പിന്നീട് വേണ്ട കാര്യങ്ങള്‍ക്ക് അടിത്തറയിടാനുമായും ഇരുപതുകള്‍ മാറ്റി വയ്ക്കാം.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam