Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പ്രണയിച്ചതിന്റെ പേരിൽ അവർ ഞങ്ങളെ കൂട്ടമായി തല്ലിച്ചതച്ചു, എന്നിട്ടും...'

Sanseera സൻസീര

പ്രണയകഥകൾ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. പ്രാണനു തുല്യം സ്നേഹിച്ചവനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുമ്പോഴും പലർക്കും തടസ്സമാകുന്നത് ജാതിയും മതവുമൊക്കെയാണ്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കാലമിത്രയൊക്കെ പുരോഗമിച്ചിട്ടും പല അതിർവരമ്പുകളും പറഞ്ഞു പ്രണയികളെ തല്ലിപ്പിരിക്കുന്നവർ ഏറെയാണ്. അത്തരക്കാർ കണ്ടിരിക്കേണ്ട കഥയായിരുന്നു ഇത്തവണത്തെ ഉടൻ പണത്തിൽ എത്തിയ സൻസീരയുടെയും ഭർത്താവ് അനീഷിന്റേതും.

മുസ്ലിമായ താനും ഹിന്ദുവായ അനീഷും തമ്മില്‍ പ്രണയിച്ചപ്പോൾ സമൂഹം അതിനെ നോക്കിക്കണ്ടതും മതഭ്രാന്തന്മാർ തങ്ങളെ തല്ലിച്ചതച്ചതുമൊക്കെ സൻസീര പറയുന്നുണ്ട്. കർണാടകയിൽ ജനിച്ചു വളർന്ന മലയാളിപ്പെൺകൊടിയാണ് സൻസീര. ഉപ്പയുടെയും ഉമ്മയുടെയും വീട്ടുകാർ കണ്ണൂർ സ്വദേശികളാണ്, പിന്നീടവർ കുടകിലേക്കു കുടിയേറുകയായിരുന്നു.

കുടകിൽ പഠിക്കുന്നതിനിടെയാണ് അനീഷിനെ കണ്ടുമുട്ടുന്നത്. തുടക്കത്തിൽ അനീഷ് പ്രണയം പറഞ്ഞപ്പോൾ തന്നെ തന്റെ വീട്ടുകാർ സമ്മതിക്കാനിടയില്ലെന്ന് സൻസീര പറഞ്ഞിരുന്നു.  എന്നാൽ പതിയെ പതിയെ ഇഷ്‌ടമാണെന്ന് താനും പറഞ്ഞു. ഒരുദിവസം യൂത്ത്ഫെസ്റ്റിവല്‍ കഴിഞ്ഞ് താനും അനീഷും ബസിൽ വരുന്നതിനിടെയാണ് ഒരുകൂട്ടം ആളുകൾ തങ്ങളെ പിന്തുടരുന്നതായി ശ്രദ്ധയിൽപെട്ടത്. 

സ്റ്റോപ്പെത്തി ബസ്സിറങ്ങിയപ്പോഴേക്കും ഒത്തിരിപേർ വന്ന് രണ്ടുപേരെയും തല്ലി അവശനിലയിലാക്കി. അപ്പോഴേക്കും വീട്ടുകാർ വന്നെങ്കിലും തറവാടിന്റെ പേരു നശിപ്പിച്ചു എന്നു പറഞ്ഞ് അവരും തള്ളിപ്പറഞ്ഞു. പിന്നീസ് കേസും മറ്റുമൊക്കെയായതോടെ വീട്ടുകാർ തന്നെ കണ്ണൂരിലേക്കു വിടുകയായിരുന്നു. മാനസികമായി തളർന്നതോടെ രണ്ടുപേരും പഠിത്തം ഉപേക്ഷിച്ചു. 

മകളെ കെട്ടിച്ചു തരണമെന്ന് അനീഷ് പറഞ്ഞുവെങ്കിലും വീട്ടുകാർ സമ്മതിച്ചിരുന്നില്ല. പിന്നീടൊരു ദിവസം അനീഷിന്റെ പ്രണയത്തെ തള്ളിക്കളയാൻ പറ്റില്ലെന്നു തോന്നി ഇറങ്ങിപ്പോവുകയായിരുന്നു താനെന്നും സൻസീറ പറഞ്ഞു. ഇപ്പോൾ രണ്ടുപേരും പഠനമൊക്കെ പൂർത്തിയാക്കിയെങ്കിലും തനിക്കു ജോലിക്കു പോകാൻ ബുദ്ധിമുട്ടുണ്ട്. അന്നത്തെ മർദ്ദനങ്ങൾ കാരണം ഡിസ്ക്കിനിപ്പോഴും പ്രശ്നമാണ്. ഒരു പെൺകുട്ടികളെയും ഇങ്ങനെ തല്ലരുതെന്ന് അവർ ഇനിയെങ്കിലും മനസ്സിലാക്കണമെന്നും സൻസീര പറയുന്നു. 

കുറേ ചികിൽസയൊക്കെ ചെയ്തുവെങ്കിലും ഇനിയെല്ലാം ദൈവത്തിന്റെ കയ്യിലാണെന്നാണ് സൻസീര പറയുന്നത്. ഇപ്പോഴും സ്വപ്നം സ്വന്തമായൊരു ജോലിയാണ്. ശാരീരിക ബുദ്ധിമുട്ടുകൾ മാറിക്കഴിഞ്ഞാൽ താൻ ജോലി കണ്ടെത്തുമെന്ന ഉറച്ച വിശ്വാസമുണ്ട് സൻസീരയ്ക്ക്. ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് പ്രണയത്തെ തല്ലിക്കെടുത്തുന്നവരെ വെല്ലുവിളിക്കുന്നതാണ് സൻസീരയുടെയും അനീഷിന്റെയും ജീവിതം.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam