Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനീഷ് മോൻ, ഇദ്ദേഹമാണ് ആ രണ്ടുവയസ്സുകാരന്റെ രക്ഷയ്ക്കെത്തിയ ദേവദൂതൻ!

devanarayanan കളമശേരി റെയിൽവേ ക്വാർട്ടേഴ്‌സിൽ എത്തിയ ഇ.വി. അനീഷ് മോൻ ദേവനാരായണനുമൊത്ത്. അമ്മൂമ്മ ശാന്ത സമീപം. ചിത്രം: ഇ.വി. ശ്രീകുമാർ

രാത്രി കുതിച്ചുപായുന്ന ട്രെയിനിലെ ജനാലയിലൂടെ മിന്നായം പോലൊരു കാഴ്ച. അടുത്ത ട്രാക്കിലൂടെ കരഞ്ഞുകൊണ്ടു നടന്നുപോകുന്നൊരു പിഞ്ചുകുഞ്ഞ്. കുഞ്ഞു തന്നെയോ അതോ കൂരിരുട്ടിലെ വെറും തോന്നലോ? യാത്രക്കാരനായ അനീഷ് അടുത്ത നിമിഷാർധത്തിലെടുത്ത തീരുമാനം രക്ഷിച്ചെടുത്തത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നത്തെ. 

മലപ്പുറം കെഎപി–5 ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസറായ അനീഷ് മോൻ ഇന്റർനെറ്റ് കണക്‌ഷൻ ഉള്ള ഫോണിൽ നിന്ന് ഉടനടി കളമശേരി പൊലീസ് സ്റ്റേഷന്റെ നമ്പർ കണ്ടെത്തി വിവരം വിളിച്ചറിയിക്കുകയായിരുന്നു. രണ്ടു മിനിറ്റു കൊണ്ട് സംഭവസ്ഥലത്തു പാഞ്ഞെത്തിയ കളമശേരി പൊലീസ് സംഘം കുട്ടിയെ രക്ഷപ്പെടുത്തി. സംഭവം നടന്നതു വെള്ളിയാഴ്ച രാത്രി എട്ടരയോടെ. താൻ രക്ഷിച്ച കുഞ്ഞ് ദേവനാരായണനെയും കുടുംബത്തെയും കാണാൻ അനീഷ് ഇന്നലെ കളമശേരിയിലെത്തി. താനും മകൾ മഞ്ജുവും അനുഭവിച്ച ദുഃഖസാഗരത്തിനു പരിഹാരം കണ്ടയാൾ മുന്നിൽ വന്നു നിന്നപ്പോൾ ദേവനാരായണന്റെ അമ്മൂമ്മ ശാന്തയുടെ കണ്ണുകൾ നിറഞ്ഞു. ദേവനാരായണൻ അനീഷ് നീട്ടിയ മധുരം വാങ്ങി. 

വെള്ളിയാഴ്ച വൈകിട്ട് ക്വാർട്ടേഴ്സിലെ മുറ്റത്തു മറ്റു കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ദേവനാരായണൻ. കുറച്ചുനേരം കഴിഞ്ഞു കുട്ടിയെ നോക്കിയപ്പോൾ തൊട്ടടുത്ത ക്വാർട്ടേഴ്സിന്റെ മുറ്റത്തു സൈക്കിൾ മറിഞ്ഞുകിടക്കുന്നതും കൂടെ കളിച്ചുകൊണ്ടിരുന്ന കുട്ടി കരഞ്ഞുകൊണ്ടു നിൽക്കുന്നതുമാണു കണ്ടത്. ദേവനാരായണൻ വീടിനകത്തേക്കു കയറിപ്പോയിരിക്കാമെന്നു കരുതി വീട്ടിൽ അന്വേഷിച്ചെങ്കിലും കണ്ടില്ല. തുടർന്നു മഞ്ജുവും അമ്മ ശാന്തയും നിലവിളിയുമായി പുറത്തിറങ്ങി. റെയിൽവേ പാളത്തിനു സമീപം കുഞ്ഞിന്റെ കാലടയാളങ്ങൾ കണ്ട് അന്വേഷിച്ചെങ്കിലും എതിർദിശയിലേക്കായിരുന്നു ദേവനാരായണൻ നടന്നു പോയത്.

അനീഷ് മോൻ വൈക്കത്തെ ഭാര്യവീട്ടിലേക്കുള്ള യാത്രയിലായിരുന്നു. കുട്ടിയെ കണ്ട സ്ഥലത്തു വെട്ടമില്ലെന്നും അപ്പോളോ കമ്പനിക്കു സമീപത്താണെന്നു കരുതുന്നതായും ടോർച്ചുമായി പോകണമെന്നും പൊലീസുകാരെ അറിയിച്ചു. രണ്ടുമിനിറ്റു കൊണ്ട് കളമശേരി പൊലീസ് പാഞ്ഞെത്തി കുട്ടിയെ രക്ഷപ്പെടുത്തി രക്ഷിതാക്കളെ ഏൽപിച്ചുവെന്നറിയിച്ചപ്പോൾ പൊലീസുകാരനായതിൽ അഭിമാനം തോന്നിയെന്ന് അനീഷ് പറഞ്ഞു. 

റെയിൽവെ സ്റ്റേഷനിൽ ടെക്നിക്കൽ ഗ്രേഡിൽ ജോലി ചെയ്യുന്ന മഞ്ജുവിനെ ജോലിസ്ഥലത്തു ചെന്നു കണ്ടും അനീഷ് ആശ്വാസം പകർന്നു. മൂന്നു മാസം മുൻപാണു മഞ്ജുവിനു സ്വദേശമായ കൊല്ലത്തുനിന്നു കളമശേരിയിലേക്കു സ്ഥലം മാറ്റം കിട്ടിയത്. ആറ്റുനോറ്റുണ്ടായ ദേവനാരായണനെ പിരിഞ്ഞിരിക്കാൻ കഴിയാത്തതിനാൽ ഒരു മാസം അവധിയെടുത്തു വീട്ടിലായിരുന്നു. അവധി തീരുന്നതിനു മുൻപേ ക്വാർട്ടേഴ്സ് അനുവദിച്ചുകിട്ടിയതിനാലാണ് അമ്മയെയും മകനെയും കൂട്ടി മൂന്നു ദിവസം മുൻപ് കളമശേരിയിലെത്തിയത്. ഭർത്താവ് അജിത്ത് കൊല്ലത്ത് ടാക്സി ഡ്രൈവറാണ്. 

കാഞ്ഞിരപ്പിള്ളി കാളകെട്ടി ഇടയ്ക്കാട്ട് കുടുംബാംഗമാണ് ഇ.വി. അനീഷ് മോൻ. പത്തു വർഷം മുൻപാണ് പൊലീസിൽ ചേർന്നത്. ഭാര്യ അനു ജോസഫ് വൈക്കത്ത് അധ്യാപികയാണ്. ഏക മകൾ‍ അ‍ഞ്ചുവയസ്സുകാരി ഷർമിള മേരി ജോസഫ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam