Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാതായിട്ട് 24 ദിവസം, ഈ പെൺകുട്ടി എവിടെ?

Jesna Mariya James

ഇരുപത്തിനാല് ദിവസമായി ആ പെൺകുട്ടിയെ കാണാതായിട്ട്... അവൾ എവിടെ? ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ പെൺകുട്ടിയെ കണ്ടെത്താനായില്ല. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെയാണ് (20) കഴിഞ്ഞ 22ന് രാവിലെ 9.30 മുതല്‍ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് ജെസ്‌നയുടേത്. അതുകൊണ്ടുതന്നെ ജെസ്‌നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്.

കഴിഞ്ഞ 22ന് ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്നു രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. ഒരു ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്‌നയെ കുറിച്ച് വിവരമൊന്നും ഇല്ല. ജെസ്‌നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ജെസ്‌ന ഉപയോഗിച്ചിരുന്ന ഫോണും കോള്‍ലിസ്റ്റും പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല. കൈവശം ഒന്നും എടുക്കാതെയാണ് ജെസ്‌ന പുറത്തുപോയത്. 

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ദീപ മനോജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പും ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ദീപയുടെ പോസ്റ്റ് ഇങ്ങനെ – 

' പ്രിയപ്പെട്ടവരേ... കഴിഞ്ഞ മാർച്ച്‌ 22 നു Jesna Maria James എന്ന ഈ കൊച്ചു മിടുക്കിയെ കാണാതായിട്ട് ഇന്ന് 20 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.. ഇന്ന് അവളുടെ പപ്പയോടും ചേച്ചിയോടും സംസാരിക്കാൻ എനിക്കായി.. എന്റെ പാപ്പൻ വഴി ഞാൻ ജെയിംസ് ചേട്ടന്റെ നമ്പർ മേടിച്ചു. കണ്ണീരോടെ ജെയിംസ് ചേട്ടൻ മകളുടെ വരവിനായി കാത്തിരിക്കുന്നു.. കാഞ്ഞിരപ്പള്ളി St. ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനി ആണ് ജെസ്‌ന. കൂട്ടുകെട്ടുകളോ അനാവശ്യ സംസാരമോ ഒന്നുമില്ലാത്ത ഈ കൊച്ചു മിടുക്കി പഠനത്തിൽ മാത്രം ശ്രദ്ധ പുലർത്തിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.. അവളുടെ ചേച്ചി ഗദ്ഗദങ്ങൾക്കു നടുവിൽ പറഞ്ഞു തന്ന കഥയാണ് നിങ്ങളോട് പങ്കു വക്കുന്നത്.. അവരുടെ അമ്മ ന്യുമോണിയ ബാധിച്ചു 9 മാസം മുൻപ് ഇഹലോക വാസം വെടിഞ്ഞു.. ആ വേദന ഈ കുഞ്ഞുങ്ങളെ വല്ലാതെ തളർത്തിയിരുന്നു.. ചേച്ചി എറണാകുളത്തു പഠിക്കുന്നു.. സഹോദരൻ അമൽ ജ്യോതിയിലും.. അമ്മയുടെ മരണശേഷം വീട്ടിൽ പപ്പക്കും സഹോദരനും ആഹാരം ഉണ്ടാക്കാൻ കഴിയാത്തതിൽ തന്റെ ഹോസ്റ്റൽ ജീവിതം അവസാനിപ്പിച്ചു അവൾ വീട്ടിൽ നിന്നും കോളേജിൽ പോയി വരികയായിരുന്നു.... സാമ്പത്തികമായും ഭദ്രമായ കുടുംബമായിരുന്നു കുന്നത് ജെയിംസ് ചേട്ടന്റേത്.. കൺസ്ട്രക്ഷൻ ജോലികളിൽ തിരക്കാണെങ്കിലും ഭാര്യയുടെ വിയോഗത്തിന് ശേഷം മക്കളുടെ കാര്യത്തിൽ ഒരമ്മയുടെ സ്നേഹം കൂടി നൽകാൻ ജെയിംസ് ചേട്ടൻ ശ്രദ്ധിച്ചിരുന്നു എന്ന് നാട്ടുകാരും മക്കളും സാക്ഷ്യം നൽകുന്നു.. ഇവൾ എവിടെ ?? 20 ദിവസങ്ങൾ കഴിഞ്ഞിട്ടും ജെയിംസ് ചേട്ടൻ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുത്തിട്ടും ഇവളെ എന്ത് കൊണ്ടു കണ്ടെത്താൻ കഴിഞ്ഞില്ല.. FIR ഫയൽ ചെയ്തിട്ടും അന്വേഷണം എങ്ങും എത്തിയില്ല... ദയവായി നിങ്ങൾ share ചെയ്യൂ.. ഇവളെ കണ്ടെത്താൻ നിങ്ങളുടെ ഒരു share നാകുമെങ്കിൽ നമുക്കതു ചെയ്യാം... തളർന്ന കുടുംബത്തെ കൈ പിടിച്ചു ഉയർത്താൻ നിങ്ങൾ എന്നെ സഹായിക്കില്ലേ ??? നിങ്ങളുടെ സ്വന്തം ദീപ മനോജ് ' 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.