Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' ആർക്കും വേണ്ടായിരുന്നു, 50-ാം വയസ്സിൽ വിവാഹംകഴിച്ചപ്പോൾ... '

Komola കോമളയും ഭർത്താവും

പ്രണയിക്കാനും വിവാഹം കഴിക്കാനുമൊക്കെ ഒരു പ്രായമുണ്ടെന്നൊക്കെ പറയുന്നതു വെറുതെയാണ്. ടീനേജിലും യൗവനം തുളുമ്പി നിൽക്കുന്ന പ്രായത്തിലും മാത്രമല്ല ജീവിതഭാരങ്ങളെല്ലാം ഏറെക്കുറെ ഒതുക്കിയ നാൽപതുകളിലും അമ്പതുകളിലുമൊക്കെ പ്രണയിക്കാം ആത്മാര്‍ഥമായി തന്നെ. അത്തരമൊരു പ്രണയകഥയാണ് ഫൊട്ടോഗ്രാഫർ ജിഎംബി ആകാശ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. അതോടെ, അമ്പതാം വയസ്സിൽ പ്രണയിച്ചു വിവാഹം കഴിച്ചവർ ഇന്നു താരങ്ങളായിരിക്കുകയാണ്. 

ഇരുപത്തിയഞ്ചാം വയസ്സിൽ വിധവയാവുകയും മൂന്ന് ആൺമക്കളെ വളർത്തണമെന്ന വലിയ ഉത്തരവാദിത്തം ശിരസ്സിലേറ്റേണ്ടി വന്നവളുമാണ് കോമള. പിന്നീ‌ടങ്ങോട്ട് ആരുടെയും സഹായമില്ലാതെ കഠിനാധ്വാനം ചെയ്താണ് കോമള ജീവിച്ചത്. മക്കള്‍ക്കെല്ലാം വീടും ഭൂമിയുമൊക്കെ വാങ്ങി അവരെ വിവാഹം കഴിപ്പിച്ച് ഒരു നിലയിൽ ആക്കുന്നതുവരെയും കോമളയ്ക്കു മറ്റൊന്നിനെക്കുറിച്ചും ചിന്തയുണ്ടായിരുന്നില്ല. എന്നാൽ തന്നെ സ്നേഹിക്കാനോ തന്നോടൊന്നു കരുതലോടെ മിണ്ടാനോ ആരുമില്ലെന്ന തോന്നലിൽ നിന്നാണ് കോമളയുടെയുള്ളിൽ വീണ്ടും പ്രണയം മൊട്ടിടുന്നത്. അങ്ങനെ അമ്പതാം വയസ്സില്‍ കോമള വീണ്ടും പ്രണയത്തിലാണ്ടു.. വിവാഹം കഴിച്ചു... കോമളയുടെ വാക്കുകളിലേക്ക്...

'' എനിക്ക് ഇരുപത്തിയഞ്ചു വയസ്സുള്ളപ്പോഴാണ് എന്നെയും മൂന്നു മക്കളെയും തനിച്ചാക്കി ഭർത്താവു മരിക്കുന്നത്. എന്റെ കയ്യിലാകെയുണ്ടായിരുന്ന ഒരുജോഡി സ്വർണ വളകൾ വിറ്റാണ് ഭർത്താവിന്റെ മരണാനന്തര ചടങ്ങുകൾ നടത്തിയത്. ആരും എന്നെ സഹായിക്കാൻ ഉണ്ടായിരുന്നില്ല. എങ്ങും എത്തപ്പെ‌ടാതെ നിലനിൽപിനായൊരു കച്ചിത്തുരുമ്പുപോലും ഇല്ലായിരുന്നു. ജീവിക്കാൻ വേണ്ടി തെരുവുകളിൽ ബ്രെ‍ഡു വിറ്റ് തുച്ഛമായ പണം സമ്പാദിച്ചുതുടങ്ങി. 

കഴിഞ്ഞ ഇരുപതു വർഷമായി ബ്രെഡും മുട്ടയുമൊക്കെ വിറ്റാണ് ഞാൻ മക്കളെ വളർത്തുന്നതും അവരെ പ​ഠിപ്പിക്കുന്നതുമൊക്കെ. ഇരുപതു വർഷം കഴിഞ്ഞപ്പോള്‍ ഒരു ചെറിയ മുറി വാടകയ്ക്കെടുത്ത് റെസ്റ്റ്റന്റ് തുടങ്ങി. ആ വരുമാനത്തിൽ നിന്ന് ഞങ്ങളുടെ ഗ്രാമത്തിൽ തന്നെ മക്കൾക്കായി ഭൂമിയും വീടും വാങ്ങി. അവരെ നല്ല രീതിയിൽ വിവാഹം കഴിപ്പിക്കുകയും ചെയ്തു. 

ഇരുപത്തിയഞ്ചോളം വർഷങ്ങൾ ഞാൻ തനിച്ചാണ് ജീവിച്ചത്, ഒരുപാടു കഷ്‌ടപ്പെട്ടിട്ടുണ്ട്. ​സ്നേഹിക്കാനോ എന്റെ ഒറ്റപ്പെടലിലും കഷ്ടപ്പാടിലും സാന്ത്വനിക്കാനോ ആരുമുണ്ടായിരുന്നില്ല. എന്നും ഞാൻ ഒറ്റയ്ക്കായിരുന്നു. ഒരിക്കൽ റെസ്റ്റ്റന്റിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്, എന്നും ഉച്ചഭക്ഷണത്തിനായി എത്തിയിരുന്ന ഒരു തൊഴിലാളി. നിഷ്കളങ്കമായ കണ്ണുകളോടെ ഇടയ്ക്കിടയ്ക്ക് എന്നെ നോക്കുകയും ഭക്ഷണം കഴിച്ചുകഴിഞ്ഞും ഏറെനേരം ഇരുന്നതിനു ശേഷം മാത്രം പോവുകയും ചെയ്തിരുന്നയാള്‍. 

ഞാന്‍ ചോദിക്കാതെ തന്നെ അദ്ദേഹം എന്നെ ജോലികളിൽ സഹായിക്കാൻ തുടങ്ങി. പാത്രങ്ങൾ കഴുകുകയും ആളുകൾക്കു ഭക്ഷണം വിളമ്പുകയുമൊക്കെ ചെയ്തു. പറ്റാവുന്നത്ര എന്നെ സഹായിച്ചുകൊണ്ടിരുന്നു. ആദ്യനോട്ടത്തിൽ തന്നെ എനിക്കദ്ദേഹത്തെ ഇഷ്ടമായിരുന്നു. പതിയെ എനിക്കതു പ്രണയമായി മാറി. ഒരുദിവസം അദ്ദേഹം എന്നോടു വിവാഹ അഭ്യർഥന ന‌ടത്തി. 

പക്ഷേ എന്റെയുള്ളിലെ വികാരം തുറന്നു പറയാൻ എനിക്കു കഴിയുമായിരുന്നില്ല. ഈ പ്രായത്തിൽ ഒരു വിവാഹം കഴിച്ചാൽ ആളുകൾ എന്തു കരുതും മക്കൾ ​എങ്ങനെ പ്രതികരിക്കുമെന്നൊക്കെയായിരുന്നു ചിന്ത. പക്ഷേ ആരും എന്റെ ഒറ്റപ്പെടൽ എത്രത്തോളമാണെന്നു മനസ്സിലാക്കിയിരുന്നില്ല. എനിക്കും സ്നേഹം വേണമെന്ന് ആരും മനസ്സിലാക്കിയില്ല. സംസാരിക്കാനും പ്രണയിക്കാനുമൊക്കെ ഒരാൾ വേണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ ഞാൻ എന്റെ‌ മക്കളെക്കുറിച്ചു മാത്രമേ ചിന്തിച്ചിരുന്നുള്ളു. 

അങ്ങനെ റെസ്റ്റ്റന്റ് വിട്ടുപോകാനും എന്റെ അഭിമാനം കാക്കാനും തീരുമാനിച്ചു. പക്ഷേ ഇദ്ദേഹം എന്നെ‌ വിട്ടുപോകാൻ ഒരുക്കമായിരുന്നില്ല. അദ്ദേഹം എന്റെ വീട്ടിലേക്കു തിരഞ്ഞെത്തി. മക്കളോട് എന്നെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നറിയിച്ചു. പക്ഷേ എന്റെ മക്കൾ അദ്ദേഹത്തെ ശാരീരികമായും മാനസികമായും അപമാനിച്ചു. അതെനിക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, ഗ്രാമം വിട്ടുപോകാൻ ഞാൻ അദ്ദേഹത്തോട് അഭ്യർഥിച്ചു. അദ്ദേഹം അതുകേട്ട് തിരികെപോയി.

അതിനുശേഷം തൊട്ട് തീർത്തും മോശമായാണ് മക്കൾ എന്നോടു പെരുമാറിയത്. അവരുടെ വീട്ടിൽ നിന്നും എന്നെ പുറത്താക്കി. എനിക്കുണ്ടായിരുന്ന സമ്പാദ്യമൊക്കെ അവരെടുത്തു. വീണ്ടും ഞാൻ റെസ്റ്റ്റന്റിൽ തിരികെയെത്തി. അപമാനിച്ചുവിട്ടതുകൊണ്ട് അദ്ദേഹം ഇനിയൊരിക്കലും എന്നെ കാണാനെത്തില്ലെന്ന് ഞാൻ കരുതി. ഓരോദിവസവും ഞാൻ അദ്ദേഹത്തിനായി കാത്തിരുന്നു. ഒരുദിവസം വീണ്ടും അദ്ദേഹത്തെ കണ്ടു, അന്നും എന്നെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നറിയിച്ചു. 

കഴിഞ്ഞ അഞ്ചു വർഷമായി ഞങ്ങൾ ഒന്നിച്ചാണ് താമസിക്കുന്നത്. ഞങ്ങളുടെ കുഞ്ഞു റെസ്റ്റ്റന്റ് ഒന്നിച്ചു നടത്തുന്നു. ഞാൻ ഭക്ഷണം പാചകം ചെയ്യുകയും എന്റെ ഭർത്താവായ അദ്ദേഹം അവയെല്ലാം വിളമ്പുകയും പാത്രങ്ങൾ കഴുകുകയും ചെയ്യും. ഞാൻ ചെയ്യുന്നതിനേക്കാൾ ഏറെ ജോലികൾ അദ്ദേഹം ചെയ്യുമായിരുന്നു. നിന്റെ ജീവിതത്തിൽ സന്തോഷം പകരാനാണ് ഞാൻ എത്തിയതെന്ന് എ​ന്നും എന്നോടു പറയുമായിരുന്നു. 

അമ്പതാം വയസ്സിൽ വീണ്ടും വിവാഹം കഴിച്ചുവെന്നു പറഞ്ഞ് ആളുകൾ എന്നെ കളിയാക്കുയിരുന്നു. പലപ്പോഴും എന്നെനോക്കി ചീത്തവാക്കുകൾ പറഞ്ഞിട്ടുമുണ്ട്. പക്ഷേ നിങ്ങൾക്കൊരു കാര്യം അറിയുമോ അവയൊന്നും ഞാൻ ശ്രദ്ധിക്കാറേയില്ല, ഇനിയൊരിക്കലും ശ്രദ്ധിക്കുകയുമില്ല''.

സമൂഹവും കുടുംബവുമൊക്കെ എന്തു ചിന്തിക്കും എന്നു കരുതാതെ സോകോൾഡ് സങ്കൽപങ്ങളെ കാറ്റിൽ പറത്താൻ തീരുമാനിച്ചപ്പോഴാണ് കോമളയ്ക്കു സ്വന്തമായൊരു ജീവിതം വീണ്ടുമുണ്ടായത്. ആരോരുമില്ലാതെ ഒറ്റപ്പെടലിൽ വിങ്ങിയിരിക്കാതെ പ്രണയിക്കാൻ പ്രായമില്ലെന്നു തെളിയിച്ച് വീണ്ടും സന്തോഷങ്ങളുടെ നാളുകൾ തിരഞ്ഞെടുത്ത കോമളയ്ക്ക് സമൂഹമാധ്യമത്തിലാകെ അഭിനന്ദന പ്രവാഹമാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam