Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയുടെ പൊന്നുണ്ണി ; ഇത് ഉറവ വറ്റാത്ത മാതൃ- പുത്ര ബന്ധം 

Shyla ഷൈലയും മകൻ ശരത്തും

മേടമാസത്തിലെ കാർത്തിക നക്ഷത്രം, മകൻ ശരത്തിന്റെ വലത്തെ കൈ തന്റെ ഉള്ളം കയ്യിൽ വച്ചു നിറഞ്ഞ കണ്ണുകളോടെ ഗുരുവായൂർ അമ്പാടിക്കണ്ണന്റെ മുന്നിൽ തൊഴുതു നിൽക്കുമ്പോൾ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി ഷൈല രാമചന്ദ്രൻ എന്ന ഈ അമ്മയുടെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ, ഈ ജന്മത്തിലും വരും ജന്മങ്ങളിലും ശരത് ചന്ദ്രൻ എന്ന ഈ ശരത്ത് മോൻ തന്റെ മകനായി ജനിക്കണമേ എന്ന പ്രാർഥന മാത്രം. തലച്ചോറിന്റെ വളർച്ചക്കുറവു മൂലം ബുദ്ധിവളർച്ചയില്ലാത്ത ഈ മകന് എല്ലാമെല്ലാമാണ് അമ്മയായ ഷൈല. ഭിന്നശേഷിക്കാരായ കുട്ടികൾ ജനിക്കുന്നതോടെ ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ടമായി എന്നുപറയുന്നവർ ഈ അമ്മയുടെയും മകന്റെയും കഥ അറിഞ്ഞിരിക്കണം.

ഇന്നലെ 28  വയസ്സ് തികഞ്ഞിരിക്കുന്നു ശരത്തിന്, എന്നാൽ മൂന്നു മാസമുള്ള കുഞ്ഞിന്റെ ബുദ്ധിവളർച്ച മാത്രമേ ഈ യുവാവിനുള്ളൂ. പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ ഷൈലയുടെയും രാമചന്ദ്രക്കുറുപ്പിന്റെയും കടിഞ്ഞൂൽ കൺമണിയായി 1990 മേടമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ഒരു ആൺകുഞ്ഞു ജനിച്ചപ്പോൾ അവർ കരുതിയില്ല , അവരെ കാത്തിരിക്കുന്നത് കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു വാർത്തയാണെന്ന്. 

ഷൈല പൂർണ ആരോഗ്യത്തോടെ ഗർഭകാലം പൂർത്തിയാക്കിയ ശേഷമായിരുന്നു പ്രസവം. 18ാം വയസ്സിൽ വിവാഹിതയായ ഷൈല , ഡിഗ്രി പഠനം പൂർത്തിയയാക്കുന്നതിനിടയ്ക്കാണ് ഗർഭം ധരിക്കുന്നത്. മൂന്നാം വർഷ പരീക്ഷ എഴുതിയ ഉടൻ പ്രസവം. പ്രസവത്തിനു മുന്നോടിയായി പലവിധ ചെക്കപ്പുകൾ നടത്തിയിരുന്നുവെങ്കിലും ഗർഭസ്ഥ ശിശുവിന് എന്തെങ്കിലും തരത്തിലുള്ള ശാരീരിക വൈഷമ്യങ്ങൾ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തിയില്ല. 

shyla-1 ചേട്ടന്റെ ബുദ്ധിവളർച്ച തിരിച്ചെടുത്ത ദൈവം പക്ഷെ ഈ സഹോദരങ്ങൾക്ക് നിറഞ്ഞ ബുദ്ധിയും ചേട്ടനെ പൊന്നുപോലെ സ്നേഹിക്കാനുള്ള മനസും നൽകി...

പ്രസവത്തിന് കൃത്യം ഒരാഴ്ച മുൻപാണ് കുഞ്ഞിനു ഭാരം കുറവാണ് എന്ന് ഡോക്ടർമാർ പറയുന്നത്. എന്നാൽ അതു കാര്യമാക്കേണ്ടതില്ല എന്നും പ്രസവശേഷം ശരിയായ പരിചരണത്തിലൂടെ തൂക്കം വർധിപ്പിക്കാം എന്നും ഡോക്ടർമാർ പറഞ്ഞു. അങ്ങനെ തീർത്തും നോർമൽ ആയിത്തന്നെ പ്രസവം നടന്നു. വളരെ ചെറിയ പ്രായം ആയതിനാലും കുഞ്ഞുങ്ങളെ നോക്കി പരിചയം ഇല്ലാത്തതിനാലും തനിക്കു ജനിച്ച മകനു ചില പോരായ്മകൾ ഉണ്ട് എന്ന് ഈ അമ്മയ്ക്കു മനസിലായില്ല. 

''കുഞ്ഞിന്റെ കാൽ അൽപം വളഞ്ഞ നിലയിൽ ആയിരുന്നു. പുറമെ നിന്നു നോക്കുമ്പോൾ അതു മാത്രമായിരുന്നു അവനുള്ള പോരായ്മ. തലച്ചോറിനു വളർച്ചയില്ല എന്നത് എനിക്കു കാഴ്ചയിൽ മനസിലാകുന്ന കാര്യമല്ലായിരുന്നു. പ്രസവശേഷം ഡോക്ടർമാർ ഇക്കാര്യം വീട്ടുകാരോടു പറഞ്ഞുവെങ്കിലും ഞാൻ എങ്ങനെ പ്രതികരിക്കും എന്ന പേടി മൂലം അവർ എന്നോടു പറയാതിരുന്നു. കാലിന്റെ വളവു ശരിയാക്കാൻ തുടർ ചികിത്സ നൽകണം എന്നു മാത്രമാണ് എന്നോടു പറഞ്ഞിരുന്നത്. മൂന്നു ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. തുടർന്ന് , അവനെയും കൊണ്ട് വിവിധ ആശുപത്രികൾ കയറിയിറങ്ങി. കൂട്ടത്തിൽ ഒരാശുപത്രിയിലെ ഡോക്ടർ ആണ് എന്റെ മകന്റെ തലച്ചോറിനു വളർച്ച ഇല്ല എന്നും  മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ബുദ്ധിവികാസം മാത്രമേ മകനുള്ളൂ എന്നും പറഞ്ഞു തന്നത്. ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്ന ഒന്നല്ല എന്നു പറഞ്ഞു മനസ്സിലാക്കിയതോടെ അവനെ ഉൾക്കൊണ്ട് അവനു വേണ്ടി ജീവിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു'' ഷൈല പറയുന്നു. 

ഒറ്റപ്പെട്ട നാളുകൾ , ശക്തി നൽകിയത് ശരത്തിന്റെ പുഞ്ചിരി 

തലച്ചോറിനു വളർച്ചയിലെ എന്നതു മാത്രമായിരുന്നില്ല ശരത്തിന്റെ പ്രശ്നം, ശരത്തിന്റെ  ഇടുപ്പെല്ലുകൾ സ്ഥാനം തെറ്റിക്കിടക്കുന്നവയായിരുന്നു. മാത്രമല്ല, തലച്ചോറിന്റെ വളർച്ചക്കുറവ് മൂലം ആന്തരിക അവയവങ്ങൾ ഏലാം തന്നെ വലിപ്പം കുറഞ്ഞവയായിരുന്നു. ഇതുമൂല ശാരീരിക അസ്വസ്ഥതകൾ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്നു. ശ്വാസതടസ്സം, ആസ്മ , ദഹനക്കുറവ് എന്നിവയെല്ലാം ആ കുഞ്ഞു ശരീരത്തെ തളർത്തിയിരുന്നു. ജനിച്ചപ്പോൾ രണ്ടു കിലോ മാത്രമായിരുന്നു ശരത്തിന്റെ ഭാരം. തുടർന്ന് ഒന്നരക്കിലോ ആയി ഭാരം കുറഞ്ഞു. കുഞ്ഞിന്റെ ജീവൻ പോലും നഷ്ടപ്പെടുമോ എന്നു ഭയന്ന നിമിഷം ആയിരുന്നു അത്. എന്നാൽ മകനെ വിധിക്കു വിട്ടു കൊടുക്കാനോ ദുഖിച്ചിരിക്കാനോ ഈ അമ്മ തയ്യാറല്ലായിരുന്നു. 

കുടുംബത്തിൽ ബുദ്ധിക്കുറവും ശാരീരിക വൈകല്യവും ഒരുപോലെയുള്ള ഒരു കുഞ്ഞു ജനിച്ചപ്പോൾ, വിധിയാണ് എന്നും ദൈവ കോപം ആണ് എന്നും പറഞ്ഞു നോവിച്ചവർ ധാരാളം ഉണ്ടായിരുന്നു. എന്നാൽ ഇത്തരം കുഞ്ഞുങ്ങളെ ദൈവം എല്ലാവർക്കും നൽകില്ല, നോക്കും എന്നുറപ്പുള്ള അച്ഛനമ്മമാർക്കു മാത്രമേ നൽകുകയുള്ളൂ , അതിനാൽ തന്റെ മകനെ തൻ പൊന്നു പോലെ നോക്കും എന്ന മറുപടി പ്രവർത്തിയിലൂടെ കാണിച്ചാണ് ഈ അമ്മ അത്തരക്കാരുടെ വായടച്ചത്. 

shyla-3 സിംഗപ്പൂരുള്ള ശ്യാം ഏട്ടന്റെ ശബ്ദം കേൾക്കാതെ ഒരു ദിവസം പോലും ഉറങ്ങില്ല. ഏതു കാര്യത്തിന് ഇറങ്ങുകയാണ് എങ്കിലും അനിയത്തികുട്ടിക്ക് ഏട്ടന്റെ...

ശരത് ജനിച്ച് നാലുവർഷത്തോളം സമയമെടുത്താണ് ഷൈലയും കുടുംബവും സ്ഥിതിഗതികളുമായി ഇണങ്ങിയത്. ബുദ്ധിവളർച്ചയും ശരീര വളർച്ചയും ഒരേ പോലെ ഇല്ലാത്ത ഒരു കുഞ്ഞിനെ വളർത്തുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ദാഹിക്കുന്നു എന്നോ വിശക്കുന്നു എന്നോ പറയാൻ അവനു കഴിഞ്ഞിരുന്നില്ല. അമ്മ കൂടെ നിന്ന് മകന്റെ ആവശ്യങ്ങൾ മനസിലാക്കി. മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ  പോലെ ചിരിക്കാനും കരയാനും മാത്രമേ ശരത്തിന് ഇപ്പോഴും കഴിയുകയുള്ളൂ. 

'' പല ചികിത്സകൾ ചെയ്തു . എന്നാൽ ഒരു ഫലവും ഇല്ല. ഇപ്പോൾ ഞങ്ങൾ യാഥാർഥ്യവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞു. മകന്റെ മുഖത്ത് വിരിയുന്ന ഒരു ചെറിയ ചിരി മാത്രം മതി ഞങ്ങൾക്കു ജീവിക്കാൻ. പാലും പഞ്ചസാരയും ചേർത്ത് ചോറു മിക്സിയിൽ അടിച്ചാണ് ശരത്തിന് കൊടുക്കുന്നത്. 28  വയസിലും കുറുക്കുകഴിക്കുന്ന ഒരു കുഞ്ഞാണ് എനിക്ക് അവൻ.  ജനിച്ച നാൾ മുതൽ ഇന്ന് വരെ അവനെ ഞാൻ എടുത്തുകൊണ്ട് നടക്കുന്നു, കുളിപ്പിക്കുന്നു, ഭക്ഷണം കൊടുക്കുന്നു. ഞാൻ അത് എന്റെ ഭാഗ്യമായാണ് കാണുന്നത്. ഒരിക്കലും അവൻ ഒരു വേദനയായി തോന്നിയിട്ടില്ല '' ഷൈല പറയുന്നു. 

താങ്ങായി തണലായി ഈ അമ്മയുണ്ട് 

ശരത്തിനെ ഓർത്ത് സഹതപിക്കുന്നവർക്ക് മുന്നിൽ ധൈര്യത്തോടെ ഷൈല പറയും 'ഞാൻ അവനെ നന്നായി നോക്കും എന്നു ഭഗവാന് ഉറപ്പുണ്ട്, അതിനാലാണ് എന്റെ മകനായി അവനെ ജനിപ്പിച്ചത്'. ആ വാക്കുകളിൽ നിന്നുള്ള ഊർജം ഉൾകൊണ്ട് അച്ഛൻ രാമചന്ദ്രക്കുറുപ്പും ബാക്കി വീട്ടുകാരും പയ്യെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. നാലു വർഷത്തിനുശേഷം ശരത്തിന് , ഒരു കുഞ്ഞനിയൻ പിറന്നു , ശ്യാം . പിന്നെ, ഒരനുജത്തിയും . ചേട്ടന്റെ ബുദ്ധിവളർച്ച തിരിച്ചെടുത്ത ദൈവം പക്ഷെ ഈ സഹോദരങ്ങൾക്ക് നിറഞ്ഞ ബുദ്ധിയും ചേട്ടനെ പൊന്നുപോലെ സ്നേഹിക്കാനുള്ള മനസും നൽകി. 

സിംഗപ്പൂരിൽ റോബോട്ടിക് എൻജിനീയർ ആണ് ശരത്തിന്റെ അനിയൻ ശ്യാം. അനുജത്തി പത്താം ക്‌ളാസ് വിദ്യാർഥിനിയും. ഒരു കാര്യവും ശരത്തിന് സ്വയം ചെയ്യാനുള്ള കഴിവില്ല. മൂന്ന് മാസം പ്രായമുള്ള കുട്ടി എങ്ങനെയോ അതുപോലെ തന്നെ. അതിനാൽ ഷൈലക്ക് ദിവസത്തിൽ ഏറിയ പങ്കും മകന്റെ കൂടെ ചെലവഴിക്കേണ്ടി വന്നു . അമ്മയ്ക്ക് അമ്മയുടെ ശരത്ത് മോനോടാണ് സ്നേഹം കൂടുതൽ എന്ന് മക്കൾ ഇടക്ക് പരിഭവം പറയും എങ്കിലും, ശരത്ത് ചേട്ടനില്ലാതെ ഇവർക്കൊരു ജീവിതമില്ല. അത്രയ്ക്ക് അടുപ്പമാണ് ഈ മക്കൾ തമ്മിൽ .  

shyla-4 അടുത്തിടെ ശ്യാമിന്റെ വിവാഹം ഉറപ്പിച്ചിരുന്നു, മരുമകൾ ആയി ഞങ്ങളുടെ വീട്ടിലേക്കെത്തുന്ന കുട്ടി പോലും ശരത്തിനു ഞങ്ങൾ നൽകുന്ന അതേ സ്നേഹവും സംരക്ഷണവും...

സിംഗപ്പൂരുള്ള ശ്യാം ഏട്ടന്റെ ശബ്ദം കേൾക്കാതെ ഒരു ദിവസം പോലും ഉറങ്ങില്ല. ഏതു കാര്യത്തിന് ഇറങ്ങുകയാണ് എങ്കിലും അനിയത്തികുട്ടിക്ക് ഏട്ടന്റെ അനുഗ്രഹം വേണം. കുടുംബത്തിൽ ഒരു ചടങ്ങു നടക്കുന്നു എങ്കിൽ എല്ലാവരും ആദ്യം പരിഗണിക്കുക ശരത്തിന്റെ കാര്യമാണ്. അത്രക്ക് മേൽ ഈ കുടുംബത്തിന്റെ പൊന്നോമന ആയിക്കഴിഞ്ഞു ശരത്ത്. 

ശരത്തിനെയും കൊണ്ട് ഈ അമ്മ പോകാത്ത ക്ഷേത്രങ്ങൾ ഇല്ല. ഇന്നോവയിൽ ആണ് കൂടുതലും യാത്ര ചെയ്യുന്നത്. കാരണം മൂന്നു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇരിക്കുവാൻ ശരത്തിന് കഴിയില്ല. ഇന്നോവയിൽ ആകുമ്പോൾ സീറ്റ് നിവർത്തിയിട്ടു കിടക്കാം. മൂകാംബികയിൽ പോയപ്പോൾ ട്രാവലർ വിളിച്ചാണ് പോയത്. അതിൽ കിടക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. എവിടെ പോയാലും ശരത്തിന്റെ കാര്യത്തിൽ ഈ അമ്മയ്ക്കു വിട്ടു വീഴ്ചയില്ല. 

'' ദൈവം ഒരു തുലാസിന്റെ ആദ്യത്തെ തട്ടിൽ എന്റെ ശരത്ത് മോനെയും രണ്ടാമത്തെ തട്ടിൽ ഭർത്താവിനെയും രണ്ടുമക്കളെയും ഇരുത്തിയാൽ, ഞാൻ എന്റെ ശരത്ത് മോനെ വേണം എന്നെ പറയൂ. അവനു വേണ്ടി മാത്രമേ പ്രാർഥിക്കൂ. കാരണം , അവൻ ഇപ്പോഴും മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞാണ്. മറ്റുള്ളവരുടെ കാര്യം നോക്കാൻ അവർക്കറിയാം. സ്വയം പ്രാപ്തരാണ്. ശരത്തിന് ദൈവാംശം ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ പ്രായത്തിലും ഞാൻ അവനെ എടുക്കുന്നു, കുളിപ്പിക്കുന്നു, ഭക്ഷണം നൽകുന്നു.. അവനു വേണ്ടി ചെയ്യുന്ന ഓരോ കാര്യത്തിലും ഞാൻ ആനന്ദം കണ്ടെത്തുന്നു എന്നതാണ് വാസ്തവം'' ഷൈല പറയുന്നു. 

28  ാം പിറന്നാൾ അമ്പാടിക്കണ്ണന്റെ നടയിൽ 

ഗുരുവായൂരപ്പൻ തനിക്ക് തന്ന നിധിയാണ് ശരത്ത് എന്നാണ് ഷൈല പറയുന്നത്. അതിനാൽ തന്നെ ശരത്തിന്റെ ഓരോ പിറന്നാളും ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് ആഘോഷിക്കുക. ഇന്നലെ ശരത്തിന്റെ 28 ാം പിറന്നാൾ ആയിരുന്നു. പതിവ് പോലെ ഈ അമ്മയും മകനും ഗുരുവായൂരിൽ എത്തി. മകനെ വീൽ ചെയറിൽ ഇരുത്തി കൃഷ്‌ണനെ തൊഴുകിച്ചു. പിറന്നാൾ സമ്മാനമായി  കരീം എടക്കര എഴുതി കൊച്ചിൻ ബഷീർ സംഗീതം നൽകി, മനീഷ് ആലപിച്ച  'അമ്മതൻ പൊന്നണി' എന്ന ആൽബം ഈ അമ്മയ്ക്കും മകനും സമർപ്പിച്ചു. 

shyla-2 ദൈവം ഒരു തുലാസിന്റെ ആദ്യത്തെ തട്ടിൽ എന്റെ ശരത്ത് മോനെയും രണ്ടാമത്തെ തട്ടിൽ ഭർത്താവിനെയും രണ്ടുമക്കളെയും ഇരുത്തിയാൽ...

ഇടക്കിടക്ക് ആശുപത്രിവാസം അനുഭവിക്കണം ശരത്തിന്. ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ട്. വെന്റിലേറ്ററിൽ വരെ കിടത്തേണ്ട അവസ്ഥ കഴിഞ്ഞ വർഷം ഉണ്ടായി. എന്നാൽ അതിൽ നിന്നെല്ലാം തന്റെ മകനെ രക്ഷിച്ചത് ഗുരുവായൂരപ്പൻ ആണ് എന്ന് ഈ അമ്മ വിശ്വസിക്കുന്നു. നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ രാമചന്ദ്രക്കുറുപ്പ് , ഇപ്പോൾ അമേരിക്കയിലാണ് ജോലി ചെയ്യുന്നത്. എല്ലാ രണ്ടു മാസം  കൂടുമ്പോഴും തന്റെ മകന്റെ അടുത്തേക്ക് ഇദ്ദേഹം ഓടിയെത്തും. അതിൽ കൂടുതൽ ഒന്നും ശരത്തിനെ കാണാതെ ഇരിക്കാൻ ഈ അച്ഛനും കഴിയില്ല. 

ശരത്തിന്റെ പിറന്നാൾ ദിനത്തിൽ ഹാൻഡി ക്രോപ്സ് എന്ന സംഘടനയിലെ ഭിന്നശേഷിക്കാരായ ആളുകൾ നിർമിച്ച വിത്ത് പേന ഗുരുവായൂരിൽ എത്തിയവർക്ക് ഷൈല സമ്മാനമായി നൽകി. തന്റെ മകനെ പോലെ വേറിട്ട വിധി അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങാകുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഫേസ്‌ബുക്കിൽ ഏറെ സജീവമാണ് ഈ അമ്മ. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരെ പ്രോത്സാഹിപ്പിക്കാനും അവർക്കു വേണ്ടി ജീവിക്കാനും ഈ അമ്മ സമയം കണ്ടെത്തുന്നു. ഇത്തരത്തിൽ തന്നെ പ്രതിദിനം ധാരാളം പേർ ബന്ധപ്പെടുന്നുണ്ട് എന്നു ഷൈല അപറയുന്നു. 

shyla-5 ശരത്തിന്റെ ഓരോ പിറന്നാളും ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് ആഘോഷിക്കുക. ഇന്നലെ ശരത്തിന്റെ 28 ാം പിറന്നാൾ ആയിരുന്നു..

'' എന്റെ മകൻ ശരത്ത് എന്നല്ല, ശരത്തിന്റെ അമ്മ ഷൈല എന്ന പേരിലാണ് ഇപ്പോൾ ഞാൻ അറിയപ്പെടുന്നത്. എന്റെ ഏറ്റവും വലിയ സന്തോഷം അതു തന്നെയാണ്. അവനു വേണ്ടിയാണു ഞാനും എന്റെ കുടുംബവും ജീവിക്കുന്നത്. അടുത്തിടെ ശ്യാമിന്റെ വിവാഹം ഉറപ്പിച്ചിരുന്നു, മരുമകൾ ആയി ഞങ്ങളുടെ വീട്ടിലേക്കെത്തുന്ന കുട്ടി പോലും ശരത്തിനു ഞങ്ങൾ നൽകുന്ന അതേ സ്നേഹവും സംരക്ഷണവും നൽകുന്നു. എന്തുകൊണ്ടും ശരത്തിന്റെ ജനനത്തിൽ ഞങ്ങൾ ഇപ്പോൾ സന്തുഷ്ടരാണ്'' ഷൈല എന്ന ഈ അമ്മയുടെ വാക്കുകളിൽ നമുക്ക് വായിച്ചെടുക്കാം , ശരത്ത് എന്ന അമ്മയുടെ ഈ പൊന്നുണ്ണിയോടുള്ള അളവറ്റ സ്നേഹം ! ശരത്ത്, നീ ഭാഗ്യവാനാണ്  ഈ അമ്മയുടെ മകനായി ജനിച്ചു എന്നതിൽ..

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam