Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' അത് മരണത്തിലേക്കുള്ള കൈ വീശലാണെന്ന് ഞാനറിഞ്ഞില്ല '

Vinod Kovoor വിനോദ് കോവൂർ പാത്തുവിനൊപ്പം

മലയാളികൾക്ക് വിനോദ് േകാവൂർ എന്ന പേരിനോടുള്ളതിനേക്കാൾ അടുപ്പം മൂസക്കായ് എന്ന പേരിനോടായിരിക്കും. വർഷങ്ങളായി പ്രേക്ഷക മനസ്സുകളിൽ വിനോദ് എം80മൂസ എന്ന സീരിയലിലെ മൂസയാണ്. കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ വിനോദ് കോവൂരിനെ ചിരിച്ചും സന്തോഷിപ്പിച്ചുമൊക്കെയേ കണ്ടിട്ടുള്ളു, എന്നാൽ ഇപ്പോൾ ഹൃദയം െതാടുന്നൊരു പോസ്റ്റാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. തനിക്കു പ്രിയങ്കരിയായിരുന്ന പാത്തു എന്ന പെൺകുട്ടിയുടെ വിയോഗത്തെക്കുറിച്ചാണ് ആ പോസ്റ്റ്. 

കാന്‍സര്‍ ബാധിതയായ പതിമൂന്നുകാരിയാണ് വിനോദ് കോവൂരിന്റെ ഉള്ളുലച്ച ആ പാത്തു. ഏതുനേരവും M80 മൂസ സീരിയൽ മൊബൈലിൽ കണ്ടുകൊണ്ടിരിക്കുന്ന പാത്തുവിനെ വിനോദിനു പരിചയപ്പെടുത്തിയത് പെയിൻ ആന്റ് പാലിയേറ്റീവിലെ ഡോക്ടർ അൻവർ ആയിരുന്നു. അന്നുമുതലാണ് പാത്തു വിനോദിനു പ്രിയപ്പെട്ടവളാകുന്നത്. പിന്നീടങ്ങോട്ട് പാത്തുവിന്റെ രോഗശാന്തിക്കു േവണ്ടി ദിനവും വിനോദ് പ്രാർഥിച്ചിരുന്നു. പലതവണ പാത്തുവിനടുത്തു പോവുകയും സമാധാനിപ്പിക്കുകയും സന്തോഷിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു.

ഏപ്രിൽ 25ന് സലാലയ്ക്കു പോകുംമുമ്പാണ് വിനോദ് അവസാനമായി പാത്തുവിനെ കാണുന്നത്. അന്നു തിരികെ പോരുംനേരം വീൽചെയറിലിരുന്നു കൈവീശിയത് അവസാനത്തേതായിരുന്നുെവന്ന് നിനച്ചിരുന്നില്ലെന്ന് വിനോദ് പറയുന്നു. വേദനയില്ലാത്ത ലോകത്തേക്കു യാത്രയായ പാത്തുവിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടാണ് വിനോദ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപത്തിലേക്ക്..

എന്റെ പാത്തുവേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി.കഴിഞ്ഞ കുറേ ദിവസങ്ങളിൽ പാത്തുവിനെ കൂടുതൽ വേദനിപ്പിക്കാതെ അവൾക്ക് ആയുസ് നീട്ടികൊടുക്കാൻ വേണ്ടി പ്രാർഥിക്കാൻ ഞാൻ പലരോടും അഭ്യർഥിച്ചിരുന്നു. ഇനി അതു വേണ്ട. അവൾ ഇന്നു കാലത്തു യാത്രയായി. കഴിഞ്ഞ കുറേ ദിനങ്ങളായി ക്യാൻസർ ബാധിച്ച് വേദനയുമായി മല്ലിടുകയായിരുന്നു ഈ പതിമൂന്നുകാരി. ഏതു നേരവും M80 മൂസ സീരിയൽമൊബൈലിൽ കണ്ടോണ്ടിരുന്ന പാത്തുവിനെ എന്നെ പരിചയപ്പെടുത്തിയത് പെയിൻ ആന്റ് പാലിയേറ്റീവിലെ ഡോക്ടർ അൻവർ സാറാണ്. അന്നു മുതൽ പാത്തു എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളായി.

പലതവണ ഞാൻ അവളുടെ അടുത്തുചെന്ന് അവളെ സന്തോഷിപ്പിച്ചു. അവൾക്കു വേണ്ടി അമ്പലങ്ങളിൽ പോയി പ്രാർഥിച്ചു. പങ്കെടുക്കുന്ന ചടങ്ങുകളിൽ എല്ലാം ഞാൻ പാത്തുവിന്റെ അവസ്ഥയെക്കുറിച്ചു പറഞ്ഞു. വിഷു ദിനത്തിൽ അവൾടെ ആഗ്രഹപ്രകാരം വീട്ടിൽ നിന്നു പായസം ഉണ്ടാക്കി കൊടുത്തു. അവളെ ചിരിപ്പിച്ചു സന്തോഷിപ്പിച്ചു അവളെക്കൊണ്ട് സംസാരിപ്പിച്ചു. ഏറ്റവും ഒടുവിൽ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് അവളെ യാത്രയാക്കുമ്പോൾ അവളും ഉമ്മയും ബാപ്പയും പറഞ്ഞു അവരുടെ വീട്ടിൽ ഒരു ദിനം ചെല്ലണമെന്ന്. 

vinod-kovoor-1 വിനോദ് കോവൂർ പാത്തുവിനൊപ്പം

ഏപ്രിൽ 25ന് സലാലക്ക് പോകുന്ന ദിവസം വൈകീട്ട് കൂട്ടുകാരൻ ഗണേഷിനേയും കൂട്ടി പാത്തുവിന്റെ വീട്ടിൽ ചെന്നു. അന്നും അവൾ നല്ല സന്തോഷത്തിലായിരുന്നു. യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ഉപ്പയോട് പറഞ്ഞ് മുറ്റത്തെ മാവിൽ നിന്നും കുറേ മാങ്ങ പറിച്ച് എനിക്ക് തന്നുവിട്ടു .ഇനി പത്തു ദിവസം കഴിഞ്ഞേ വരികയുള്ളൂന്നും പറഞ്ഞ് യാത്രയാകുമ്പോൾ ഉമ്മറത്ത് വീൽ ചെയറിലിരുന്ന് എന്റെ പാത്തു കൈ വീശി കാണിക്കുകയായിരുന്നു . അത് മരണത്തിലേക്കുള്ള കൈ വീശലാണെന്ന് ഞാൻ ഞാനറിഞ്ഞില്ല. 

അവസാനമായി ഒന്നുപോയി കാണാൻ പറ്റാത്ത വിഷമത്തിലാണ് ഞാനിപ്പോൾ. കൊച്ചിയിൽ അമ്മ അസോസിയേഷന്റെ പരിപാടികളുടെ തിരക്കിലാണ്. ഇന്ന് കാലത്തും എന്റെ പ്രാർഥനയിൽ അവൾ ഉണ്ടായിരുന്നു. ഇന്ന് ഇവിടെ കാലത്ത് നടന്ന ഒരു ചടങ്ങിൽ ഇന്നസെന്റ് ആശുപത്രിയിൽ വെച്ച് കണ്ട ക്യാൻസർ ബാധിച്ച ഒരു പെൺകുട്ടിയുടെ കഥ പറഞ്ഞിരുന്നു. അപ്പോഴും ഞാൻ എന്റെ പാത്തുവിനെ ഓർത്തു. ആ ചടങ്ങ് കഴിഞ്ഞപ്പോഴാണ് പാലിയേറ്റീവിലെ വഫ എന്ന വളണ്ടിയർ വിളിച്ച് സങ്കട വാർത്ത പറയുന്നത്. വല്ലാതെ തകർന്നുപോയി ഞാൻ. 

ഇത്തിരി നേരം റൂമിൽ വന്നിരുന്ന് അവളുമൊത്ത് ചില വിട്ട നിമിഷങ്ങൾ ഓർത്തു കണ്ണ് നിറഞ്ഞു. അവസാനമായി അവളെ ഒന്നുകാണാൻ പറ്റാത്തതിന്റെ വിഷമം ഉണ്ട്. പക്ഷെ എന്തു ചെയ്യാൻ കലാകാരന്മാരുടെ ജീവിതം ഇങ്ങനെയൊക്കെയാണ് ഇഷ്ട്ടപ്പെട്ടവരുടെ വേർപാട് വേളയിലും ഞങ്ങൾ തമാശ പറഞ്ഞ് അഭിനയിക്കേണ്ടി വരും. പാത്തുവിനെ ഒടുവിൽ കാണാൻ പോയപ്പോൾ എന്റെ കൂടെ വന്നിരുന്ന കൂട്ടുകാരൻ ഗണേഷിനെ ഞാൻ പാത്തുവിന്റെ വീട്ടിലേക്ക് അയച്ചിട്ടുണ്ട് അവന്റെ കണ്ണിലൂടെ എനിക്ക് പാത്തുവിനെ കാണാൻ സാധിക്കും. പാത്തൂ....... ദൂരവും തിരക്കും പ്രശ്നമായത് കൊണ്ടാണ് മോളെ അല്ലെങ്കിൽ നിന്റെ മൂസാക്കായ് അവിടെ എത്തുമായിരുന്നു. സ്വർഗ്ഗ ലോകത്ത് നീ സന്തോഷത്തോടെ ഇരിക്കി. ആത്മാവിന് നിത്യശാന്തി നേരുന്നു മോളെ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam