Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാതായിട്ട് ഒരു മാസം കഴിഞ്ഞു, ജസ്ന എവിടെ?

Jasna ജസ്ന

ഇന്നേക്ക് നാൽപത്തിയഞ്ചു ദിവസമായി ആ പെൺകുട്ടിയെ കാണാതായിട്ട്. പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) മാർച്ച് 22ന് രാവിലെ 9.30 മുതല്‍ കാണാതായതാണ്. അച്ഛന്റെയും കൂടപ്പിറപ്പുകളുടെയും ഉള്ളിലെ കനലായി ജെസ്ന ഇതെങ്ങോട്ടു മാഞ്ഞുപോയിരിക്കുകയാണ്? സമൂഹമാധ്യമത്തിലൂടെയും ജെസ്നയ്ക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാണ്. ''വീട്ടിൽ നിന്ന് സന്തോഷപൂർവ്വം പുറത്തേക്ക് പോയ ഒരു പെൺകുട്ടി ഇനിയും തിരിച്ചെത്താത്ത ഒരു വീട്ടിൽ അപ്പനും കൂടപ്പിറപ്പുകളും കാത്തിരിക്കുന്നുണ്ട്. ആ സങ്കടങ്ങൾക്ക് നാം കൂട്ടാവാം'' എന്നു പറഞ്ഞ് നജീബ് എന്നയാൾ സമൂഹമാധ്യമത്തിൽ കുറിച്ച പോസ്റ്റും ശ്രദ്ധേയമാവുകയാണ്. എന്തെങ്കിലും വിവരം നൽകാൻ കഴിയുന്നവർ ജസ്നയുടെ കസിൻ റോജിസ് ജെറിയുമായി ബന്ധപ്പെടണമെന്നു പറഞ്ഞ് നമ്പറും നജീബ് കുറിച്ചിട്ടുണ്ട്. 

അതിനിടെ തെളിവുകളൊന്നും ബാക്കി വയ്ക്കാതെ കാണാതായ ജസ്നയെ എങ്ങനെ കണ്ടെത്താനാകുമെന്ന് അറിയാതെ ഉഴലുകയാണ് പൊലീസ്. പ്രത്യേക സംഘം തുടരെ അന്വേഷണം നടത്തുന്നുമുണ്ട്. ജസ്നയുടെ വാട്സാപും മൊബൈൽ ഫോണുമൊക്കെ പൊലീസ് പരിശോധിച്ചിരുന്നു. അസ്വാഭാവികമായി അവയിലൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.  കാണാതായ ജസ്ന എരുമേലി വരെയെത്തിയതായി മാത്രമാണ് പൊലീസിനു ലഭിച്ച തെളിവ്. 

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് ജെസ്‌നയുടേത്. അതുകൊണ്ടുതന്നെ ജെസ്‌നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്. കാണാതാവുന്ന നാളിൽ ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്നു രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. 

ഒരു ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്‌നയെ കുറിച്ച് വിവരമൊന്നും ഇല്ല. ജെസ്‌നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കൈവശം ഒന്നും എടുക്കാതെയാണ് ജെസ്‌ന പുറത്തുപോയത്. 

 

നജീബിന്റെ കുറിപ്പിലേക്ക്...

അവൾ എങ്ങോട്ടാണ് മാഞ്ഞുപോയത്!

ഈ പെൺകുട്ടിയെ നമുക്കറിയില്ല. പക്ഷെ നമ്മുടെ വീട്ടിൽ/കുടുംബത്തിൽ/ അയല്‍പക്കങ്ങളിൽ ഈ പ്രായത്തിലുള്ള ഒരുപാടു പെൺകുട്ടികളുണ്ട്. അവരിലൊരാൾ ഒരുദിവസം അല്‍പനേരമെങ്കിലും വീട്ടിലെത്താൻ വൈകുകയും വിവരങ്ങളൊന്നും അറിയാതിരിക്കുകയും ചെയ്താൽ എന്തായിരിക്കും അവസ്‌ഥ.

പരിചയക്കാരെയൊക്കെ വിളിച്ചന്വേഷിച്ചും പലവഴിക്കു തിരഞ്ഞിറങ്ങിയും പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചും... ഉത്കണ്ഠയോടെ, പരിഭ്രാന്തിയോടെ ഇരുട്ടിലേക്ക് കണ്ണുനട്ട്..... ഓരോ വിളിക്കും കാതോർത്ത്, താങ്ങാനാവാത്ത വർത്തയൊന്നും കേൾക്കല്ലേ എന്ന് കരളുരുകി പ്രാർഥിച്ച്....

എത്ര പെട്ടെന്നാണ് ഒരു കുടുംബം എല്ലാ സന്തോഷങ്ങളും അവസാനിച്ച് നിസ്സഹായമായ നിലവിളിയിലേക്ക് വീണുപോകുക. ഒരു രാത്രിയെങ്കിലും ഇങ്ങനെ തള്ളി നീക്കുക എന്നത് എത്ര കഠിനമായ അനുഭവമാണ്.

കഴിഞ്ഞ രണ്ടു മാസത്തോളമായി ഈ ഫോട്ടോയിൽ കാണുന്ന പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനിയും, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജ് Bcom രണ്ടാം വർഷ വിദ്യാർഥിനിയുമായ ജസ്ന മരിയ ജെയിംസിന്റെ കുടുംബം ഇതുപോലെ അവൾക്കുവേണ്ടി കാത്തിരിക്കുകയാണ്!

പരീക്ഷക്ക് വേണ്ടി സ്വസ്ഥമായിരുന്നു വായിക്കാനും പഠിക്കാനും അപ്പന്റെ പെങ്ങളുടെ വീട്ടിലേക്ക് പോയതാണ് ഈ ഇരുപതുകാരി. അങ്ങോട്ടുള്ള ബസ്സിൽ കയറിയത് കണ്ടവരുണ്ട്. പക്ഷെ അവൾ അവിടെ എത്തിയിട്ടില്ല. എങ്ങോട്ട് പോയി എന്ന യാതൊരു വിവരവും ഇല്ലാതെ ഇപ്പോൾ അറുപത് ദിവസങ്ങൾ ആവുന്നു!

ഏറെ കൂട്ടുകാർ ഇല്ലാത്ത, പ്രണയമോ വഴിവിട്ട സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന ഈ നാട്ടുമ്പുറത്തുകാരി പോകുമ്പോൾ പഠിക്കാനുള്ള പുസ്തകങ്ങൾ അല്ലാതെ വസ്ത്രങ്ങളോ ATM കാർഡോ എടുത്തിട്ടില്ല. ഉപയോഗിക്കുന്ന സാദാഫോൺ വീട്ടിൽ തന്നെയുണ്ട്. വീട്ടുകാരോ കൂട്ടുകാരോ പരിചയക്കാരോ ഒരു ഒളിച്ചോട്ടത്തിനുള്ള സാധ്യത കാണുന്നില്ല. പോലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു വിവരവും കിട്ടാതെ ഓരോ ദിവസവും കഴിഞ്ഞു പോവുകയാണ്.

എന്താണ് സംഭവിച്ചിരിക്കുക എന്നറിയില്ല. ഒരു വിദേശവനിതയെ ഇതേപോലെ കാണാതായി ഒരു മാസം കഴിഞ്ഞപ്പോൾ കേട്ട വാർത്തയുടെ നടുക്കം മാറാത്ത നമുക്കെങ്ങനെയാണ് എന്നിട്ടും ഈ പെൺകുട്ടിയുടെ കാര്യം കണ്ടില്ല എന്നു നടിക്കാൻ കഴിയുക.

സോഷ്യൽ മീഡിയയിലൂടെ ശ്രമിക്കണം എന്നഭ്യർഥിച്ച് ഫേസ്‌ബുക്ക് സുഹൃത്ത് Jincy Maria ആണ് വിവരങ്ങൾ മെസേജ് ചെയ്തത്.

കേരളത്തിനകത്തും പുറത്തുമായി കഴിയുന്ന നമുക്ക് ഈ വാർത്തയും ഫോട്ടോയും share ചെയ്യുന്നതിലൂടെ ആ കുടുംബത്തിന്റെ കാത്തിരിപ്പിനും കണ്ണീരിനും ശമനമാവാൻ കഴിഞ്ഞാലോ?

ഈ പെൺകുട്ടിയെ കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ എവിടെവെച്ചെങ്കിലും കണ്ടുമുട്ടിയ, അല്ലെങ്കിൽ എന്തെങ്കിലും വിവരം തരാൻ കഴിയുന്ന ആരുടെയെങ്കിലും മുന്നിൽ ഈ വാർത്തയും ചിത്രവും എത്തിയെങ്കിലോ. നമുക്കു പരമാവധി ശ്രമിക്കാം.

അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാനോ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കാനോ ഒന്നുകൂടി ജനശ്രദ്ധ ഉണ്ടാവനോ ഏതെങ്കിലും മാധ്യമ പ്രവർത്തകരുമായി ബന്ധമുള്ളവർ അവരുടെ ശ്രദ്ധയിൽ പെടുത്താനും ശ്രമിക്കുക.

ഒരുപാട് നന്മകൾക്ക് കാരണമാകുന്ന സോഷ്യൽ മീഡിയക്ക് ജസ്നയെ കണ്ടെത്താനും കഴിയട്ടെ. നമുക്ക് നല്ല വാർത്ത മാത്രം പ്രതീക്ഷിക്കാം. പരമാവധി ആളുകളിൽ എത്താൻ താങ്കളിലൂടെ സാധ്യമാവട്ടെ.

വീട്ടിൽ നിന്ന് സന്തോഷപൂർവ്വം പുറത്തേക്ക് പോയ ഒരു പെൺകുട്ടി ഇനിയും തിരിച്ചെത്താത്ത ഒരു വീട്ടിൽ അപ്പനും കൂടപ്പിറപ്പുകളും കാത്തിരിക്കുന്നുണ്ട്. ആ സങ്കടങ്ങൾക്ക് നാം കൂട്ടാവുക.

എന്തെങ്കിലും വിവരം നൽകാൻ കഴിയുന്നവരോ, മാധ്യമപ്രവർത്തകർക്ക് കൂടുതൽ വിവരങ്ങൾ അറിയാനോ ജസ്നയുടെ കസിൻ റോജിസ് ജെറി യുടെ 9995780027 എന്ന നമ്പറിൽ ബന്ധപ്പെടാം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam