Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് അച്ഛന്റെ ഹോട്ടലിൽ സഹായി, ഇന്ന് അറിയപ്പെടുന്ന സംരംഭക

Karthika Nair കാർത്തിക നായര്‍, കാർത്തികയുടെ അച്ഛൻ

പാലക്കാട് യാക്കര എന്ന ഗ്രാമത്തിൽ അച്ഛന്റെ ചെറിയ ഹോട്ടലിൽ സഹായത്തിനു നിൽക്കുന്ന പെൺകുട്ടിയുടെ സ്വപ്നങ്ങൾ അന്നേ വാനോളം ഉയരത്തിലായിരുന്നു. അകലെനിന്ന് അനുജത്തിക്കൊപ്പം ഹോട്ടലിലേക്കു വേണ്ട വെള്ളം കോരിനിറച്ചു െകാണ്ടുവരുമ്പോൾ തന്നെ നോക്കിയിരുന്ന സഹതാപ മിഴികളൊന്നും അവള്‍ കൂട്ടാക്കിയതേയില്ല. സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന അച്ഛന് തന്നെ പഠിപ്പിക്കുന്നതിലൂടെ വീണ്ടും ബാധ്യതയുണ്ടാകാതിരിക്കാൻ അവൾ വിദൂര വിദ്യാഭ്യാസം നേടി.. പതിയെ നാലായിരം രൂപ ശമ്പളം കിട്ടുന്ന ജോലിയിൽ പ്രവേശിച്ചു.. പിന്നീടങ്ങോട്ടു നടന്നത് ചരിത്രമാണ്. ഭാഗ്യ നിർഭാഗ്യങ്ങളല്ല കടുത്ത നിശ്ചയദാർഢ്യവും കഠിനാധ്വാനവുമാണ് തന്നെ ഈ നിലയിലെത്തിച്ചതെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന ആ പെൺകുട്ടിയുടെ പേര് കാർത്തിക നായര്‍. 

വുമണ്‍ എക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യൂഇഎഫ് ) ''യങ് ലീഡേഴ്‌സ് ക്രിയേറ്റിങ് എ ബെറ്റര്‍ വേള്‍ഡ് ഫോര്‍ ഓള്‍'' (എല്ലാവര്‍ക്കുമായി പുതുലോകം സൃഷ്ടിക്കുന്ന യുവ നേതാക്കള്‍) അവാര്‍ഡ് നേടിയ ഏക മലയാളിയാണ് കൊച്ചിയില്‍ നിന്നുള്ള ബ്യൂട്ടി സ്‌പെഷ്യലിസ്റ്റും യുവ സംരംഭകയുമായ കാര്‍ത്തിക നായര്‍. ഒന്നുമില്ലായ്മയിൽ നിന്നും വളർന്ന് വിജയകരമായ കാര്‍ത്തിക പ്രൊഫഷണൽ ബ്യൂട്ടി ക്ലിനിക് വരെയെത്തി നിൽക്കുന്ന കാർത്തികയുടെ വിശേഷങ്ങളിലേക്ക്...

karthika-4 വുമണ്‍ എക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യൂഇഎഫ് ) ''യങ് ലീഡേഴ്‌സ് ക്രിയേറ്റിങ് എ ബെറ്റര്‍ വേള്‍ഡ് ഫോര്‍ ഓള്‍'' (എല്ലാവര്‍ക്കുമായി പുതുലോകം സൃഷ്ടിക്കുന്ന യുവ നേതാക്കള്‍) അവാര്‍ഡ് നേടുന്ന കാർത്തിക

 

കാർത്തികയിൽ ഒരു സംരംഭക ഉണ്ടെന്ന തോന്നൽ തുടങ്ങിയത് എപ്പോൾ തൊട്ടാണ്?

അച്ഛനെ കണ്ടാണ് എന്നിലും ഒരു സംരംഭക ഉണ്ടെന്ന തോന്നൽ തുടങ്ങിയത്. അച്ഛന് യാക്കരയിൽ ഒരു കുഞ്ഞു ഹോട്ടൽ ഉണ്ടായിരുന്നു. അവിടെ ജോലിക്കാരൊന്നും ഇല്ലായിരുന്നു, അമ്മയും അനുജനും അനുജത്തിയും ഞാനുമൊക്കെയാണ് അച്ഛനെ സഹായിച്ചിരുന്നത്. അന്നുതന്നെ കണക്കുകൾ നോക്കാനും കസ്റ്റമേഴ്സിനെ സ്വീകരിക്കാനുമൊക്കെ ഞാൻ മിടുക്കിയായിരുന്നെന്ന് അച്ഛൻ പറയുമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടിയതോടെയാണ് ബിരുദം വിദൂര വിദ്യാഭ്യാസത്തിലൂടെ ചെയ്യാനും പെട്ടെന്നൊരു ജോലി കണ്ടെത്താനും തീരുമാനിച്ചത്. പക്ഷേ സ്വന്തമായൊരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ കിട്ടുന്ന ഒരു സംതൃപ്തി ഒന്നു വേറെതന്നെയാണെന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. കൂടാതെ ഒരുപാടു സംരംഭകരെക്കുറിച്ചും ഞാൻ വായിച്ചു മനസ്സിലാക്കിയിരുന്നു. അവരിൽ ഏറേപെരും കഷ്ടപ്പെട്ടും സഹിച്ചുമൊക്കെയാണ് വിജയം വരിച്ചതെന്നു മനസ്സിലാക്കിയപ്പോൾ എന്തുകൊണ്ട് എനിക്കും ചെയ്തൂടെന്നു ചിന്തിച്ചു. ഏറ്റവും വലിയ പ്രചോദനം അച്ഛൻ തന്നെയാണെന്നു പറയാതെവയ്യ.

Karthika കാർത്തിക അച്ഛനും അമ്മയ്ക്കും അനുജത്തിക്കുമൊപ്പം

 

കാർത്തിക പ്രൊഫഷണൽ ബ്യൂട്ടി ക്ലിനിക്കിനെക്കുറിച്ച്?

ബിരുദം ചെയ്തതിനുശേഷം കമ്പനി സെക്രട്ടറി കോഴ്സ് ചെയ്യുന്നതിനിടെയാണ് എറണാകുളത്ത് മൂന്നുവർഷത്തെ ഇന്റേണ്‍ഷിപ്പിനു േവണ്ടി വരുന്നത്. ഹോസ്റ്റൽ ഫീസിനും മറ്റും അച്ഛനെ ബുദ്ധിമുട്ടിക്കരുതെന്നു ചിന്തിച്ചിരുന്നു. ഒപ്പം ബെംഗളൂരുവിൽ പഠിക്കുന്ന അനുജത്തിക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്നും. അങ്ങനെയാണ് ഇന്റേൺഷിപ്പിനൊപ്പം പാർട് ടൈം ജോലിയും ചെയ്യാൻ തുടങ്ങുന്നത്. ഒരു ട്രാവൽ & ടൂറിസം കമ്പനിയിൽ നാലായിരം രൂപ ശമ്പളത്തിനാണ് ജോലി ആരംഭിക്കുന്നത്. കിട്ടുന്ന തുകയിൽ 2500 ഹോസ്റ്റൽ ഫീസിനു നീക്കിക്കഴിഞ്ഞ് ബാക്കി ആയിരം വീട്ടിലേക്കും അഞ്ഞൂറു രൂപ സ്വന്തം കയ്യിലും വെക്കും. അവിടുത്തെ ബ്രാഞ്ച് മാനേജറാണ് എന്റെ മാർക്കറ്റിങ് മേഖലയിലുള്ള കഴിവിനെക്കുറിച്ച് ആദ്യമായി പറയുന്നത്. മാർക്കറ്റിങ് ഫീൽഡിൽ പുറത്തു പോയി ജോലി ചെയ്യണം എന്ന എന്റെ തെറ്റിദ്ധാരണയെ തിരുത്തുകയായിരുന്നു അദ്ദേഹം. പതിയെ നല്ല കമ്പനികളിൽ കയറുകയും ഐക്യ എന്ന സ്ഥാപനത്തിലും എത്തപ്പെടുകയായിരുന്നു. ശേഷം ഒരു ഇറ്റാലിയൻ കോസ്മെറ്റിക് കമ്പനിയുടെ കേരള ഹെഡ് ആയി ജോലി ആരംഭിച്ചതോടെയാണ് മാറ്റങ്ങൾ തുടങ്ങുന്നത്. അവിടെനിന്നും കോസ്മെറ്റിക് പ്രൊഡക്റ്റുകളെക്കുറിച്ചു ലഭിച്ച പരിശീലനങ്ങൾ വഴിത്തിരിവായി മാറി. ഒരു ധാരണയുമില്ലാതെ എന്തെല്ലാം അബദ്ധങ്ങളാണ് നാം മുടിയുടെയും ചർമത്തിന്റെയും സംരക്ഷണത്തിന്റെ പേരിൽ ‌നടത്തുന്നതെന്നു മനസ്സിലാക്കി. അവിടെ നിന്നുള്ള കോസ്മെറ്റോളജി ട്രെയിനിങ് കഴിഞ്ഞതോടെ കേരളത്തിലും  പെർഫെക്റ്റ് ആയൊരു ബ്യൂട്ടി ക്ലിനിക് തുടങ്ങണമെന്ന ചിന്തയുദിച്ചു. കറുപ്പോ വെളുപ്പോ അല്ല ഹെൽതി സ്കിന്നിലാണ് കാര്യം എന്ന് ഇവിടെയുള്ളവരെയും േബാധവൽക്കരിക്കണമെന്നുറപ്പിച്ചു.  അങ്ങനെയാണ് കാർത്തിക പ്രൊഫഷണൽ ബ്യൂട്ടി ക്ലിനിക് തുടങ്ങുന്നത്. ഹെൽതി സ്കിൻ & ഹെയർ കെയറിനാണ് ഞങ്ങളുടെ ബ്യൂട്ടി ക്ലിനിക് പ്രാധാന്യം നൽകുന്നത്. ഒപ്പം ബ്ലീച് നൽകാത്ത ഏകസ്ഥാപനവുമാണിത്.

karthika-1 . കറുപ്പോ വെളുപ്പോ അല്ല ഹെൽതി സ്കിന്നിലാണ് കാര്യം എന്ന് ഇവിടെയുള്ളവരെയും േബാധവൽക്കരിക്കണമെന്നുറപ്പിച്ചു. അങ്ങനെയാണ് കാർത്തിക പ്രൊഫഷണൽ ബ്യൂട്ടി ക്ലിനിക് തുടങ്ങുന്നത്...

തുടക്കത്തിൽ വീട്ടുകാരുടെ എതിർപ്പുണ്ടായിരുന്നെന്നു പറയുന്നുണ്ടല്ലോ?

പാലക്കാട്ടെ ഒരു സാധാരണ ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഞാൻ. ഇത്രയും പഠിച്ചിട്ട് ബ്യൂട്ടി പാർലറിനു വേണ്ടി ജീവിതം കളയുകയാണോ എന്ന സങ്കടമായിരുന്നു അച്ഛന്. അദ്ദേഹത്തെ കുറ്റപ്പെടുത്താനും പറ്റില്ല, അവർക്ക് ഇതിന്റെ ബിസിനസ് സാധ്യതകളെക്കുറിച്ചു ധാരണയില്ലെന്നതിനൊപ്പം അവർ കണ്ട പാർലറുകളെ വച്ചു താരതമ്യപ്പെടുത്തുകയായിരുന്നു. ബിസിനസ് തുടങ്ങിയാലുള്ള സമ്മർദ്ദങ്ങളെക്കുറിച്ച് അച്ഛൻ പലതവണ പറഞ്ഞുതന്നു. പക്ഷേ എന്റെ മനസ്സ് ഉറച്ചുനിന്നിരുന്നു. ഒടുവിൽ ലോണെല്ലാം കിട്ടി ബ്യൂട്ടി ക്ലിനിക് കണ്ടതോടെയാണ് അച്ഛന് ആശ്വാസമായത്. 

ഇന്നത്തെ തലമുറ സ്കിൻ&ഹെയർ കെയറിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

നമ്മൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വളരെ മുന്നിലാണെങ്കിലും ചർമ സംരക്ഷണത്തിന്റെ കാര്യത്തിൽ തീരെ പിന്നിലാണെന്നു വേണം പറയാൻ. എത്രവിലകൊടുത്തും മൊബൈൽ ഫോൺ, ലാപ്ടോപ്, വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയൊക്കെ വാങ്ങാൻ തയാറാണെങ്കിലും അതിന്റെ നാലിലൊന്നു േപാലും ചർമ സംരക്ഷണത്തിനായി ചിലവഴിക്കാൻ തയാറല്ല. എന്നാൽ അവയൊക്കെ ഒരിക്കൽ കേടുപാടു സംഭവിച്ചാലും മാറ്റിവാങ്ങാവുന്നതേയുള്ളു. പക്ഷേ ചർമം അങ്ങിനെയല്ല. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ചിട്ടയായ ഡയറ്റ് പിന്തുടരുക എന്നിവയൊക്കെ ചെയ്യുന്നവരുടെ ചർമത്തിന്റെ മാറ്റം കണ്ടാൽ തന്നെ തിരിച്ചറിയും. 

karthika-2 നമ്മൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വളരെ മുന്നിലാണെങ്കിലും ചർമ സംരക്ഷണത്തിന്റെ കാര്യത്തിൽ തീരെ പിന്നിലാണെന്നു വേണം പറയാൻ. എത്രവിലകൊടുത്തും...

ഒരു സ്ത്രീ സംരംഭക എന്ന നിലയിൽ എപ്പോഴെങ്കിലും മടുപ്പിക്കുന്ന തോന്നലുണ്ടായിട്ടുണ്ടോ?

ഈ മേഖലയിൽ എത്തുന്നതിന്റെ ഘട്ടങ്ങളിലാണ് മടുപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്. ലോണിനും മറ്റും വേണ്ടി ഓടിയകാലം മറക്കാൻ പറ്റില്ല. എല്ലാവർക്കും മുന്നിൽ ചിരിച്ചുനിന്ന് വൈകുന്നേരമാവുമ്പോഴേക്കും കരയാൻ തുടങ്ങും. സെറ്റിലായി കഴിഞ്ഞതിനു ശേഷം മീറ്റിങ്ങുകളിലും മറ്റും േപാകുമ്പോൾ ഞാൻ എത്ര കഠിനാധ്വാനത്തിലൂടെയാണ് ഈ നിലയിലെത്തിയതെന്നു ധാരണയില്ലാത്തവർ ' ബ്യൂട്ടീഷ്യനല്ലേ' എന്നൊക്കെ പറഞ്ഞു കളിയാക്കിയിരുന്നു. ഇപ്പോഴും പാർലർ നടത്തിക്കൊണ്ടുപോകുന്നതിനെ ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയാത്തവരും ഉണ്ട്.

സംരംഭക രംഗത്തേക്കു കാലെടുത്തുവെക്കുന്ന സ്ത്രീകളോടു പറയാനുള്ളത്?

നിങ്ങൾ ഒരുകാര്യം തീരുമാനിച്ചുറപ്പിച്ചാൽ അതിനായി ഏറെ തയാറെടുപ്പുകളെടുക്കുക, പ്ലാൻ ചെയ്യുക, കാര്യമായ പഠനം നടത്തുക. എന്താണോ ചെയ്യാൻ പോകുന്നത് അതിനെക്കുറിച്ച് നൂറുശതമാനം ബോധവതികളാകണം. വിജയം മാത്രം സ്വപ്നം കണ്ടുവന്നാൽ നിരാശയായിരിക്കും ഫലം, ആദ്യത്തെ ഒരുവർഷം കാര്യമായ ലാഭമൊന്നും പ്രതീക്ഷിക്കരുത്. പതിയെ എന്നാൽ സ്ഥിരതയുള്ള പോക്കാണു േവണ്ടത്. മാർക്കറ്റിനെക്കുറിച്ചു നന്നായി പഠിച്ചിരുന്നിട്ടും ആദ്യത്തെ ആറുമാസം എന്നെ സംബന്ധിച്ച് കഠിനമായിരുന്നു. ലോണിനും മറ്റും ഓടിനടന്ന സമയത്താണ്  ഇനി എന്തു പ്രതിബന്ധം വന്നാലും നേരിടാം എന്ന ധൈര്യം ഉണ്ടായത്. ഒപ്പം സഹിക്കാനും കഷ്ടപ്പെടാനും തയാറാണെങ്കിൽ വിജയം നിങ്ങള്‍ക്കരികിൽ തന്നെയുണ്ടാകും. 

karthika-6 വുമണ്‍ എക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യൂഇഎഫ് ) ''യങ് ലീഡേഴ്‌സ് ക്രിയേറ്റിങ് എ ബെറ്റര്‍ വേള്‍ഡ് ഫോര്‍ ഓള്‍'' (എല്ലാവര്‍ക്കുമായി പുതുലോകം സൃഷ്ടിക്കുന്ന യുവ നേതാക്കള്‍) അവാര്‍ഡ് നേടിയവർക്കൊപ്പം കാർത്തിക

പാലക്കാട്ടെ ഒരു ഗ്രാമത്തിൽ നിന്നും വന്ന് സ്വപ്നങ്ങൾ കയ്യെത്തിപിടിച്ചിരിക്കുന്നു, തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു?

പുരസ്കാരം സ്വന്തമാക്കി നിൽക്കുന്ന ഈ നിമിഷത്തിൽ തിരിഞ്ഞു നോക്കുമ്പോൾ ആദ്യം കണ്ണിൽ തെളിയുന്നത് അച്ഛന്റെ ഹോട്ടലിലേക്കു വെള്ളം േകാരിനിറയ്ക്കുന്ന എന്നെയും അനുജത്തിയെയുമാണ്. അന്ന് ഒരുപാടുപേർ ഞങ്ങളെ സഹതാപത്തോടെ നോക്കിനിന്നിട്ടുണ്ട്. അവരെയൊക്കെയാണ് ഓർമ വരുന്നത്. പുരസ്കാരം സ്വീകരിക്കുമ്പോൾ കണ്ണുനിറഞ്ഞ് എനിക്കവിടെയുള്ളതൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല. സാമ്പത്തിക ഭദ്രതയുള്ള ഒരു വീട്ടിലായിരുന്നു ജനിച്ചിരുന്നതെങ്കിൽ എനിക്കീ നിശ്ചയദാർഢ്യം ഉണ്ടാകുമെന്നു തോന്നുന്നില്ല. യാതനകളും കഷ്ടപ്പാടുമൊക്കെ സഹിച്ചതുകൊണ്ടാണ് ജീവിതത്തിൽ എന്തെങ്കിലുമൊക്കെയായി തീരണമെന്ന വാശിയുണ്ടാകുന്നത്. ഒപ്പം ഇത്രയെങ്കിലുമൊക്കെ ആകാൻ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഓരോരുത്തരെയും ഓർക്കുന്നു.

 

Karthika കാർത്തിക അനുജനൊപ്പം

ഭാവി പരിപാടികൾ?

കലൂർ കത്രിക്കടവിലാണ് കാർത്തിക ബ്യൂട്ടി ക്ലിനിക് ആദ്യമായി തുടങ്ങുന്നത്. പിന്നീട് അതിന്റെ ആദ്യഫ്രാഞ്ചൈസി ആലുവയിൽ ആരംഭിച്ചു. അടുത്തത് മൂവാറ്റുപുഴയിൽ ആരംഭിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ. തീർച്ചയായും വിവാഹവും വൈകാതെയുണ്ടാകും. ഒപ്പം എന്റെ ജീവിതം ആർക്കെങ്കിലുമൊക്കെ പ്രചോദനമാക്കുകയാണെങ്കിൽ അത്രയും സന്തോഷം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam