Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നാളെ നിങ്ങളുടെ മകളോ പെങ്ങളോ എന്നെപ്പോലെ ഒറ്റപ്പെടാതിരിക്കട്ടെ'

Abuse ഹരിത പകർത്തിയ ചിത്രം

തരംകിട്ടിയാൽ സ്ത്രീകളെ ഉപദ്രവിക്കാൻ തുനിയുന്നവരുടെ വാർത്തകളില്ലാത്ത ഒരു ദിനം പോലും കടന്നുേപാകുന്നില്ല. തങ്ങൾ നേരിട്ട ൈലംഗിക അതിക്രമങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള സ്ത്രീകൾ തുറന്നു പറഞ്ഞ മീ റ്റൂ ക്യാംപെയ്ന്റെ അലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഓരോ മണിക്കൂറിലും ഏതെങ്കിലും സാഹചര്യങ്ങളിൽ സ്ത്രീകൾ മാനസികമായും ശാരീരികമായുമൊക്കെ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതു വ്യക്തമാക്കുന്നതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പാരാമെഡിക്കൽ അവസാന വർഷ വിദ്യാർഥിനിയായ ഹരിത കൃഷ്ണഹരി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്.

കായംകുളത്തു നിന്നും കൊല്ലത്തേക്ക് കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യവേ നേരിട്ട ദുരനുഭവമാണ് ഹരിത പങ്കുവച്ചിരിക്കുന്നത്. കരുനാഗപ്പള്ളി കഴിഞ്ഞപ്പോഴാണ് ബസ്സിന്റെ പിൻസീറ്റിലിരുന്ന യുവാവ് ശരീരത്തിൽ സ്പർശിച്ചതായി ഹരിത തിരിച്ചറിഞ്ഞത്. അയാളുടെ കൈപിടിച്ചുമാറ്റി കുറേ ചീത്തവിളിച്ചെങ്കിലും യാത്രക്കാരിലൊരാൾ പോലും പ്രതികരിക്കാനോ തന്റെ ഭാഗം കേൾക്കാനോ കൂടെ നിന്നില്ലെന്നു പറയുന്നു ഹരിത.

'ഒന്നുറക്കെ വിളിച്ചിരുന്നെങ്കിൽ ഞങ്ങൾ പ്രതികരിച്ചേനെ എന്നു പറയുന്ന മലയാളികളോട്' എന്ന ആമുഖത്തോടെയാണ് ഹരിത കുറിപ്പ് തുടങ്ങുന്നത്. ബസ്സിലുണ്ടായിരുന്ന ഒരാൾ പോലും അയാളെ ചോദ്യം ചെയ്തിരുന്നില്ല, പൊലീസിൽ വിളിച്ചു പരാതിപ്പെട്ടെങ്കിലും പാതിവഴിയിൽ വച്ച് അയാളെ കണ്ടക്ടർ ഇറക്കിവി‌ട്ടതോടെ പൊലീസിലേൽപ്പിക്കാൻ കഴിഞ്ഞില്ല. അയാളെ ഇറക്കി വിടുകയാണോ എന്നു ചോദിച്ചപ്പോൾ അയാള്‍ അതുവരെയാണ് ടിക്കറ്റ് എടുത്തതെന്ന ഉദാസീനമായ മറുപടിയാണ് കണ്ടക്ടറിൽ നിന്നും ഹരിതയ്ക്കു കിട്ടിയത്.

 

ഹരിതയുടെ കുറിപ്പിലേക്ക്...

'ഒന്നുറക്കെ വിളിച്ചിരുന്നെങ്കിൽ ഞങ്ങൾ പ്രതികരിച്ചേനെ' എന്നു പറയുന്ന മലയാളികളോട്, ഏറ്റവും വെറുപ്പോടെ എഴുതുന്ന ഒരു പോസ്റ്റ് ആണ്. ഇത് എത്രതോളം ആളുകളിൽ എത്തും എന്നറിയില്ല. സംഭവ ദിവസം 6/5/2018 ,നട്ടുച്ചയ്ക്ക് 12 മണി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പാരാമെഡിക്കൽ അവസാന വർഷ വിദ്യാർഥിനിയാണ് ഞാൻ. ഒരു സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാനായി കായംകുളത്തു നിന്നും കൊല്ലത്തേക്ക് ഒരു ksrtc ഓർഡിനറി ബസിൽ യാത്ര ചെയ്യുകയായിരുന്നു.. കരുനാഗപ്പള്ളി കഴിഞ്ഞപ്പോൾ ബസിന്റെ പിൻസീറ്റിലിരുന്നിരുന്ന 30 വയസു താഴെ പ്രായം ഉള്ള ഒരു യുവാവ് എന്റെ ശരീരത്തു സ്പർശിച്ചു.

പ്രതികരണ ശേഷിയുടെ ഉറവ വറ്റാത്തതു കൊണ്ടു സീറ്റിൽ നിന്നും എഴുന്നേറ്റു നിന്ന് അയാളുടെ കൈ പിടിച്ചു മാറ്റി നല്ല രീതിയിൽ ഉച്ചത്തിൽ വായിൽ വന്നതൊക്കെ പറഞ്ഞു, പക്ഷേ കരണം നോക്കി ഒന്ന് അടിക്കാൻ എന്നിലെ അപലത അനുവദിച്ചില്ല, (അതിൽ ഇപ്പോൾ ഖേദിക്കുന്നു).. നിസ്സഹായത കൊണ്ടു കണ്ടക്ടറിനോടു വിവരം പറഞ്ഞു. ബസിൽ ഇരുന്ന സകലമാന യാത്രക്കാരും ഈ വിവരം അറിഞ്ഞു ,"ദേഹത്തു സ്പർശിച്ച മാന്യൻ ഞാൻ ഒന്നും ചെയ്തില്ല എന്നു കൈമലർത്തി ",അടുത്തിരുന്ന പെണ്‍കുട്ടി എനിക്കു വേണ്ടി ദൃക്സാക്ഷിത്വം പറഞ്ഞു...(അവളും ഒരുപക്ഷേ എന്നെങ്കിലും ഇര ആയിട്ടുണ്ടാകാം)....

ശരിക്കും തകർന്നു പോയ നിമിഷം ഇതൊന്നും ആയിരുന്നില്ല, ആ ബസിൽ ഉണ്ടായിരുന്ന ഒരാളുകൾ പോലും അയാളെ ഒന്നും ചെയ്തില്ല എന്നതാണ്. അക്കൂട്ടത്തിൽ "ചന്ദനകുറിയുള്ളവനും,നിസ്കാര തഴമ്പുള്ളവനും കൊന്ത ഇട്ടവനും ഉണ്ടായിരുന്നു"."മുടി നരച്ചവനും,സ്പൈക്ക്‌ വെച്ചവനും ഉണ്ടായിരുന്നു"."ഞരമ്പിലൂടെ ചുവന്ന രക്തം ഒഴുകുന്ന പച്ച മനുഷ്യരായ സ്ത്രീയും പുരുഷനും ഉണ്ടായിരുന്നു". ഇരയായ ഞാൻ മാത്രം എഴുന്നേറ്റു നിന്നു ബഹളം വെച്ചു. കയ്യിൽ ഇരുന്ന ജനമൈത്രി പൊലീസ് കാർഡ്‌ എടുത്തു പൊലീസിൽ വിളിച്ചു വണ്ടി നമ്പർ പറഞ്ഞു കൊടുത്തു, ഈ വിവരം കണ്ടക്ടറും അറിഞ്ഞു. എന്നിട്ടും ഒരു പ്രതികരണവും ആരിൽ നിന്നും ഞാൻ കണ്ടില്ല.

".ഇവനെ പോലുള്ളവനെ വെറുതെ വിട്ടാൽ ഇനിയും നൂറു നൂറു സൗമ്യയും,ജിഷയും ഉണ്ടാകും" എന്ന് ഞാൻ ആ ബസിൽ ഇരുന്നു മുറവിളി കൂട്ടി. ..അവന്റെ ഫോട്ടോ എടുക്കുമ്പോഴും,വിഡിയോ പിടിക്കുമ്പോഴും എല്ലാവരും കാഴ്ചക്കാരെ പോലെ ഇരുന്നു."വെറും പെണ്ണായി ചുരുങ്ങി പോയ നിമിഷം". സങ്കടവും അമർഷവും നീരുറവ പോലെ പൊട്ടി ഒഴുകി. ലോകത്തുള്ള സകലമാന പെണ്ണുങ്ങളെയും, അവർ തരണം ചെയ്തു പോകുന്ന അവസ്ഥകളെയും ഓർത്തു.. ആസിഫ മോൾക്കു വേണ്ടി ഹർത്താൽ നടത്തിയ മലയാളികൾ, സോഷ്യൽ മീഡിയയിൽ വാതോരാതെ പ്രസംഗിക്കുന്നവർ കാഴ്ചബംഗ്ലാവിന്റെ മുന്നിൽ എത്തിയ പോലെ കണ്ണു മിഴിച്ചു നിൽക്കുന്നു...

ആ വൃത്തികേട്ടവന്റെ പ്രവർത്തിയേക്കാൾ വേദനിപ്പിച്ചത് പ്രതികരണ ശേഷി നഷ്ടപെട്ട യാത്രക്കാരുടെയും, government ശമ്പളം പറ്റുന്ന കണ്ടക്ടറുടെയും ഉത്തരവാദിത്തം ഇല്ലായ്മയാണ്.. എന്റെ മകൾ, പെങ്ങൾ, ഭാര്യ അല്ലലോ എന്നുള്ള ആശ്വാസം ആയിരിക്കാം അവരുടെയുള്ളിൽ.. അങ്ങനെ ആയതു കൊണ്ടാകാം ചവറ പൊലീസ് സ്റ്റേഷന് തൊട്ടു പിന്നിലുള്ള സ്റ്റോപ്പിൽ അവനെ ഇറക്കി വിട്ടു രക്ഷപ്പെടുത്തിയത്."അയാളെ ഇറക്കി വിടുവാണോ നിങ്ങൾ" എന്ന ചോദ്യത്തിന് "അയാൾ ഈ സ്റ്റോപ് വരെ ആണ് ടിക്കറ്റ് എടുത്തത് "എന്ന conductor ന്റെ ആണത്തം നശിച്ച മറുപടി. അവനെ ഒന്നു നുള്ളാൻ പോലും കൈ പൊക്കാത്ത മീശ വെച്ച കുറെ പുരുഷ കേസരികൾ, പുറകിൽ ഇരുന്ന ഒരു ചേച്ചി മാത്രം പെൺകുട്ടികൾക്ക് ഒറ്റക്കു യാത്ര ചെയ്യണ്ടേ എന്നു നാവു പൊക്കി ചോദിച്ചു.. ഞാൻ ഉണ്ട് കൂടെ എന്നു പറയാൻ പോലും ഒരു മനുഷ്യൻ മുന്നോട്ടു വന്നില്ല.

നേരത്തെ വിളിച്ചതനുസരിച്ച് ചവറ police stationന്റെ അടുത്ത്,പോലീസ് വണ്ടി തടഞ്ഞു...ഇരയായ എനിക്ക് അവരെ ഏൽപ്പിക്കാൻ ഞാൻ mobile പകർത്തിയ അയാളുടെ ചിത്രങ്ങളും ,videoയും മാത്രമേ ഉണ്ടായിരുന്നുള്ളു. അയാളെ ഇവരെല്ലാം കൂടി രക്ഷപെടുത്തി എന്നു പറയാൻ അല്ലാതെ മറ്റൊന്നിന്നും എനിക്കു സാധിച്ചില്ല.. ഞായറാഴ്ച അല്ലായിരുന്നെങ്കിൽ എനിക്കു വേണ്ടി പ്രതികരിക്കാൻ, മനുഷ്യത്വം കാണിക്കാൻ കുറച്ചു കോളജ് പയ്യന്മാർ എങ്കിലും ഉണ്ടായേനെ എന്നു ഞാൻ സ്വയം വിലപിച്ചു...

"ദിവസം തോറും നൂറുകണക്കിനു പെൺകുട്ടികള്‍ ഈ വൃത്തികേടുകൾ സഹിക്കുന്നുണ്ട് ,".ഒരാൾ മാത്രമാകും ഇതുപോലെ പ്രതികരിക്കുക, പ്രതികരിച്ചിട്ടും ഫലം സ്വന്തം മനസമാധാനം നശിക്കൽ ആണ് എന്നു മനസിലാക്കി മിണ്ടാതെ സഹിക്കുന്നവരാണ് ബാക്കി 99 പേരും..

പ്രിയപ്പെട്ട കേരളമേ.........

ഒരു പെണ്‍കുട്ടി അവളുടെ നിസ്സഹായത നിങ്ങളുടെ മുന്നിൽ തുറന്നു പറയുമ്പോൾ അവൾക്കു വേണ്ടി ഒന്നു ശബ്ദം ഉയർത്തു...അവളെ സ്പര്‍ശിചും അസ്ഥാനത്തു നോക്കിയും ലിംഗം ഉയർത്തുന്നവന്മാരെ സംഭവ സ്ഥലത്തു വെച്ചു തന്നെ പിടികൂടി നിയമത്തിനു കൊടുക്കൂ.. നാളെ നിങ്ങളുടെ മകൾ,പെങ്ങൾ,സുഹൃത്ത് ഇതുപോലെ ഒരു നിസ്സഹായ അവസ്ഥ ലോകത്തോട് വിളിച്ചു പറയാൻ ഇട ഉണ്ടാകാതിരിക്കട്ടെ... എന്നെപ്പോലെ ഒറ്റപ്പെട്ടു പോകാതിരിക്കട്ടെ. എന്നോട് മനുഷ്യത്വം കാട്ടി പെരുമാറിയ കേരള പൊലീസിന് നന്ദി. നിങ്ങളുടെ പെണ്മക്കളുടെ എല്ലാം കയ്യിൽ major police station നമ്പർ,SI മൊബൈൽ നമ്പർ ,പിങ്ക് പോലീസ് നമ്പർ നൽകി അവരെ സുരക്ഷിതർ ആക്കൂ...  

NB: അയാളുടെ photo and video താഴെ പോസ്റ്റ് ചെയ്യുന്നു. maximum share ചെയ്തു നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കൂ...ആലപ്പുഴ, കൊല്ലം ജില്ലയിൽ ഉള്ള ആൾ ആകാനാണ് കൂടുതൽ സാധ്യത.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam