Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പങ്കാളിയുമായി വഴക്കിടുമ്പോൾ പറയരുതേ ഈ 5 കാര്യങ്ങൾ!

Couples

സ്ത്രീ പുരുഷ പങ്കാളികളില്‍ വഴക്ക് കൂടാത്തവരായി ആരും ഉണ്ടാകില്ല. വഴക്കിനിടയില്‍ ദേഷ്യം വന്നാല്‍ പിന്നെ വായില്‍ തോന്നിയത് വിളിച്ച് പറയുന്നതും മിക്കവരുടെയും ശീലമാണ്. എന്നാല്‍ ഈ ശീലം അല്‍പ്പം പ്രശ്നക്കാരനാണ്. പ്രത്യേകിച്ചും പുരുഷന്‍മാര്‍ക്ക്. കാരണം നിങ്ങള്‍ വലിയ പ്രശ്നമുണ്ടാക്കില്ല എന്ന് കരുതി പറയുന്ന കാര്യങ്ങള്‍ പോലും സ്ത്രീകളെ കഠിനമായി തന്നെ വേദനിപ്പിച്ചേക്കാം. അത് കുത്തുവാക്കുകളോ വഴക്കോ പോലും ആകണമെന്നില്ല പുരുഷന്‍മാര്‍ തമാശയായി പറയുന്ന കാര്യങ്ങള്‍ പോലും വലിയ ആഘാതം സ്ത്രീകളില്‍ ഉണ്ടാക്കിയേക്കാം. ഇങ്ങനെ വഴക്കിനിടയില്‍ സ്ത്രീകളോട് പറയാന്‍ പാടില്ലാത്ത ചില പൊതു കാര്യങ്ങളാണ് താഴെ പറയുന്നത്. 

1 ശാന്തരാകാന്‍ ആവശ്യപ്പെടാതിരിക്കുക

വഴക്കിനിടയില്‍ സ്ത്രീകളോട് ശാന്തരാകാന്‍ ആവശ്യപ്പെടുന്നത് അവരെ കുറ്റപ്പെടുത്തുന്നതിന് തുല്യമായാണ് അവര്‍ കാണുന്നത്. എല്ലാം തങ്ങളുണ്ടാക്കിയ പ്രശ്നമാണെന്നും ഇപ്പോള്‍ പ്രശ്നം പരിഹരിക്കാനാകാത്തത് തന്റെ ദേഷ്യം മൂലമാണെന്നും പറയുന്നതിന് പകരമാണ് തന്നോട് ശാന്തയാകാന്‍ ആവശ്യപ്പെടുന്നതെന്നാണ് അവര്‍ മിക്കപ്പോഴും ധരിക്കുക. അത് കൊണ്ട് നിങ്ങളുടെ പങ്കാളിയുമായുണ്ടാകുന്ന വഴക്കുകളില്‍ ശാന്തയാകു എന്ന വാക്ക് നിരോധിക്കുക.

മറ്റൊന്നാണ് നിനക്ക് ഭ്രാന്താണോ എന്ന ചോദ്യം. ഇതും സ്ത്രീകളെ നേരിട്ട് കുറ്റപ്പെടുത്തുന്നതിന് പകരം പുരുഷന്‍മാര്‍ ഉപയോഗിക്കുക വാക്കാണ്. വഴക്കിനിടയില്‍ പലരും യാഥാര്‍ഥ്യബോധമില്ലാത്ത കാര്യങ്ങൾ വൈകാരികമായി പറഞ്ഞെന്നിരിക്കും. അതിനര്‍ത്ഥം അവരുടെ മേല്‍ ഭ്രാന്ത് ആരോപിക്കാം എന്നതല്ല. മാത്രമല്ല വഴക്കിനിടയില്‍ തങ്ങള്‍ക്കെതിരെ ഉയരുന്ന എന്ത് ആരോപണത്തെയും അതിലും രൂക്ഷമായി നേരിടാന്‍ സ്ത്രീകള്‍ക്ക് വാശി കൂടും.

2. നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക

ഒരു ഐ ലവ് യു പറയുന്നതിലൂടെ എല്ലാ വഴക്കും തീരും എന്ന് തെറ്റിദ്ധരിക്കരുത്. ചെറിയ സൗന്ദര്യ പിണക്കങ്ങള്‍ മാറിയേക്കാം. എന്നാല്‍ തമ്മിലുള്ള വഴക്ക് അങ്ങനെ മാറില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ സ്നേഹം പ്രകടിപ്പിക്കാനും അത് നല്‍കാനുമൊക്കെ നിര്‍ബന്ധപൂര്‍വ്വം ശ്രമിക്കുന്നത് പ്രശ്നം വഷളാക്കുകയേ യുള്ളു. നിങ്ങളുടെ തെറ്റ് മറച്ച് പിടിക്കാനാണ് സ്നേഹവും കൊണ്ട് വരുന്നതെന്ന് അവര്‍ ചിന്തിക്കും. ചിലപ്പോള്‍ അക്കാര്യം പറഞ്ഞ് വീണ്ടും വഴക്ക് വഷളാക്കിയെന്നും വരും. അതിനാല്‍ സ്നേഹപ്രകടനം വഴക്ക് തീരും വരെ മാറ്റി വക്കുക.

3. ഭൂതകാലം ചികയാന്‍ പോകേണ്ട

വഴക്ക് കൂടുമ്പോള്‍ എതിരാളിയെ എങ്ങനെയൊക്കെ പരാജയപ്പെടുത്താം എന്നും മാനസികമായി തളര്‍ത്താം എന്നും ചിന്തിക്കുന്നവരാണ് മിക്കവരും. ഇതിന് അവര്‍ക്കിടയില്‍ അല്ലാത്തപ്പോഴുള്ള സ്നേഹവുമായി വലിയ ബന്ധമൊന്നും ഉണ്ടാകില്ല. എന്നാല്‍ ഇങ്ങനെ ചെയ്യുന്ന പല പ്രവര്‍ത്തികളും പിന്നീട് അവര്‍ തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കാം. ഇതിൽ പ്രധാനമാണ് പങ്കാളിയുടെ ഭൂതകാലത്തെ ചികഞ്ഞെടുത്തുള്ള കുറ്റപ്പെടുത്തല്‍. അത് അവരുടെ മുന്‍ ബന്ധങ്ങളെ കുറിച്ചായാലും. അവര്‍ക്ക് സംഭവിച്ചിട്ടുള്ള തെറ്റുകളെക്കുറിച്ചായാലും അത്തരം പരാമര്‍ശങ്ങള്‍ വഴക്കിനിടയില്‍ ഉയര്‍ത്തുന്നത് ഒഴിവാക്കുക.

4. വഴക്കിട‌നിടയില്‍ മാപ്പ് പറയാതിരിക്കുക

മാപ്പ് പറഞ്ഞാല്‍ പ്രശ്നം അവസാനിക്കുമല്ലോ എന്ന് കരുതിയാല്‍ തെറ്റി. കാരണം നിങ്ങള്‍ വഴക്ക് കൂടുന്നത് നിങ്ങളുടെ സുഹൃത്തുക്കളോടല്ല, ജീവിത പങ്കാളിയോടാണ്. മാപ്പ് പറഞ്ഞ് വേഗത്തില്‍ കീഴടങ്ങുന്നത് അവരുടെ കോപത്തെ തണുപ്പിക്കില്ല. മാപ്പ് പറഞ്ഞാല്‍ പ്രശ്നം തീരുമോ എന്ന ചോദ്യമാകും മിക്കവാറും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുക. നിങ്ങളുടെ തെറ്റ് മൂലമാണ് വഴക്കുണ്ടായതെന്ന് ചൂണ്ടിക്കാട്ടി അതേ വിഷയത്തില്‍ മറ്റൊരു ഏറ്റുമുട്ടലിന് അവര്‍ തയാറെടുത്തേക്കാം. മാപ്പ് പറഞ്ഞിട്ടും വഴക്ക് തീരാത്തത്തിന്റെ ദേഷ്യം നിങ്ങള്‍ക്ക് കൂടി ഉണ്ടാകുമ്പോള്‍ പ്രശ്നം വീണ്ടും വഷളാകും. അതിനാല്‍ തന്നെ നിങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തന്നെ വഴക്ക് തീര്‍ന്നിട്ട് മാപ്പ് പറയുന്നതാകും ഉചിതം.

5.നിങ്ങള്‍ ശ്രദ്ധിക്കുന്നല്ലെന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കാതിരിക്കുക

ഇപ്പോള്‍ പറഞ്ഞത് എന്താണെന്ന് കേട്ടില്ല, ഒന്ന് കൂടി പറയാമോയെന്ന് ഒരിക്കലും നിങ്ങളുടെ പങ്കാളിയുമായുള്ള വഴക്കിനിടയില്‍ ചോദിക്കാതിരിക്കുക. ഇത് അവര്‍ പറയുന്നതിന് നിങ്ങള്‍ വില കൊടുക്കുന്നില്ലെന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കും. ഇത് പോലെതന്നെയാണ് വഴക്കിടിയില്‍ അവരുട ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നതും. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുന്നത് തന്നെയാകും പ്രശ്നപരിഹാരത്തിന് സഹായിക്കുന്നത്.  

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam