Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിനിയെ ഓര്‍ത്ത് ലോകാരോഗ്യ സംഘടന; അത്യപൂര്‍വ്വ ആദരം ഗാസയിലെ റസാനൊപ്പം

WHO Tweet

നിപ്പ രോഗകാലത്ത് മലയാളിയുടെ അഭിമാനമുയര്‍ത്തി മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിക്ക് ലോകാരോഗ്യ സംഘടനയുടെ അത്യപൂര്‍വ്വ ആദരം.  സംഘടനയുടെ ഹെൽത്ത് വർക്ക്ഫോഴ്സ് ഡയറക്ടർ ജിം ക്യാംബെൽ ആണ് ലിനിയെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തത്.

ലിനിക്കൊപ്പം ഗാസയിലെ മാലാഖ എന്നു ലോകം വിശേഷിപ്പിച്ച റസാന്‍ അല്‍ നജാര്‍, ലൈബീരിയയില്‍ നിന്നുള്ള സലോമി കര്‍വ എന്നിവര്‍ക്കും അദ്ദേഹം ആദരമര്‍പ്പിച്ചു. ‘റസാന്‍ അല്‍ നജാര്‍ (ഗാസ), ലിനി പുതുശേരി(ഇന്ത്യ), സലോമി കര്‍വ(ലൈബീരിയ). മറന്നുപോയെങ്കില്‍ ഒാര്‍ത്തെടുക്കുക ഇവരെ’ അദ്ദേഹം കുറിച്ചു.

നിപ്പ ബാധിച്ച ചികില്‍സ തേടിയവരെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്കും നിപ്പ ബാധ സ്ഥിരീകരിക്കുന്നത്. ചികില്‍സയിലായിരുന്ന ലിനി മെയ് 21നാണ് മരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് ലിനി ഭര്‍ത്താവ് സജീഷിനെഴുതിയ കത്ത് മലയാളിയുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. ഗാസയിലെ മാലാഖ എന്നു ലോകം വിശേഷിപ്പിച്ച ഇരുപതുകാരിയാണ് റസാന്‍ അല്‍ നാജര്‍. ഗാസ സമരക്കാരായ പലസ്തീനികളെ പരിചരിക്കാന്‍ പോയ റസാനെ ഇസ്രയേല്‍ സൈന്യം വെടിവച്ചുകൊല്ലുകയായിരുന്നു. ഗാസ പട്ടണമായ ഖാന്‍ യൂനുസ് തെരുവിലാണ് ആ മാലാഖ വെടിയേറ്റു വീണത്. 

ആഫ്രിക്കയില്‍ എബോള വൈറസിനെതിരെയുള്ള പോരാട്ടമാണ് സലോമിയെ ലോകത്തിന് മാതൃകയാക്കിയത്. എബോള രോഗത്തില്‍ നിന്നും മുക്തി നേടിയ ശേഷമായിരുന്നു സലോമി രോഗത്തിനെതിരെ പോരാടാന്‍ ഇറങ്ങിയത്. 2017ലാണ് ഇവര്‍ മരിക്കുന്നത്. ലോകത്തിന് തന്നെ മാതൃകയായ ഇൗ മൂന്നു രക്തസാക്ഷികളെ ഒരിക്കല്‍ കൂടി ഒാര്‍മപ്പെടുത്തുകയായിരുന്നു അദ്ദേഹം.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam