Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' മോനെ ഈ പോസ്റ്റ് കണ്ടാൽ നീ വരുമോ?' ഉള്ളുരുകി ഒരച്ഛൻ!

rekha-vellathooval-social-media-post

‘മോനെ.. ഈ പോസ്റ്റ് നീ കാണുന്നുണ്ടെങ്കിൽ.. ഞങ്ങൾ തന്ന സ്നേഹം ഉള്ളിലുണ്ടെങ്കിൽ.. ഏത് തടവറയിലാണ് നീയെങ്കിലും ശിക്ഷ കഴിയുമ്പോൾ ഞാൻ വരാം.. നിന്നെ കൂട്ടി വരാൻ. നീ വരുമോ? അന്നു നീ കണ്ട മുത്തഛനും മുത്തശ്ശിയും അമ്മയും ഇന്നില്ല. ചിന്നുമോൾ വിവാഹം ചെയ്ത് ഒരു കുട്ടിയായി. നീ കാണാത്ത ചേട്ടനും കല്യാണം കഴിഞ്ഞ് ഒരു കുട്ടിയായി. ഞാൻ ഇന്ന് പോലീസല്ല. കാണാൻ ആഗ്രഹമുണ്ട്. നീ വരുമോ?’ സ്വന്തം മകനെ നഷ്ടപ്പെട്ട ഒരു അച്ഛന്റെ കണ്ണീര്‍കുറിപ്പല്ല. നിമിഷം നേരം കൊണ്ട് ഒരു കടലോളം വാല്‍സല്യം തോന്നിയ ‘മകനു’വേണ്ടി രേഖ െവള്ളത്തൂവല്‍ എന്ന അച്ഛന്‍ ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. ഒരു റിട്ടയേര്‍ഡ് പൊലീസുകാരന്റെ വാക്കുകള്‍.

സിനിമാ സംവിധായകന്‍ മമാസിന്റെ അച്ഛന്‍ ജീവിതത്തില്‍ നിന്നും പങ്കുവച്ച ഇൗ വാക്കുകളില്‍ തേടുന്നത്  മണിക്കൂറുകള്‍ മാത്രം വളര്‍ത്തുപുത്രനായിരുന്ന മകനെയാണ്. ആ കഥ അദ്ദേഹം തന്നെ കുറിപ്പില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കാലത്ത് മോഷണക്കേസില്‍പ്പെട്ട് തന്റെ മുന്നിലെത്തിയ പന്ത്രണ്ട് വയസുകാരനോട് തോന്നിയ വാല്‍സല്യം. പിന്നീട് പലകുറി അവനെ മോഷണക്കേസുകളില്‍ പൊലീസ് പിടിച്ചു. ഒടുവില്‍ അവനെ ചേര്‍ത്ത് നിര്‍ത്തി അവന്റെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. വീട്ടിലെ ദുരവസ്ഥ മനസിലാക്കിയ ഇദ്ദേഹം അവനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. 

മകനെ പോലെ വാല്‍സല്യം നല്‍കി മികച്ച വിദ്യാഭ്യാസം നല്‍കി തന്റെ രണ്ടുമക്കള്‍ക്കൊപ്പം വളര്‍ത്താനായിരുന്നു ഇദ്ദേഹത്തിന്റെ ചിന്ത. പക്ഷേ അവിടെയും അദ്ദേഹം പരാജയപ്പെട്ടു. 

ഒരു ദിവസം ആരോടും പറയാതെ അവന്‍ ആ വീട്ടില്‍ നിന്നും പോയി. പിന്നിട് അന്വേഷിച്ചപ്പോള്‍ ഒരു മോഷണക്കേസില്‍ പൊലീസ് പിടിയിലാണെന്ന് അറിഞ്ഞു. വര്‍ഷങ്ങള്‍ ഒട്ടേറെ കടന്നുപോയി. ഇപ്പോള്‍ ജന്‍മം കൊണ്ട് പിതാവല്ലെങ്കിലും ഇൗ മനുഷ്യന്‍ ആ മകനെ കാത്തിരിക്കുകയാണ്. ഇൗ കുറിപ്പ് അവന്‍ വായിക്കുന്നെങ്കില്‍ ഒരിക്കല്‍ കൂടി തന്റെ ജീവിതത്തിലേക്ക് അവന്‍ മടങ്ങി വരണമെന്ന് അകമഴിഞ്ഞ് ആഗ്രഹിച്ചുകൊണ്ടാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ ഇൗ കുറുപ്പിട്ടിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

ആ കുട്ടിയെ ഞാൻ ആദ്യം കാണുന്നത് മറ്റൊരു പോലീസ് സ്‌റ്റേഷനിൽ വച്ചായിരുന്നു. കറുത്ത പെയിന്റടിച്ച ഗ്രില്ലുകളുള്ള ലോക്കപ്പിനു മുന്നിൽ വച്ച്.പോലീസുകാർവട്ടം കൂടി നിന്ന് അവനെ ചോദ്യം ചെയ്യുന്നു. അവൻ ഒന്നും മിണ്ടുന്നില്ല. എന്തെങ്കിലും ഒരു മറുപടിക്കു വേണ്ടി, ചില ക്ഷമകെട്ട പോലീസുകാർ അവന്റെ താടിയിലും തലയിലും തട്ടുന്നുണ്ട്.ഞാൻ ഉച്ച ഊണു കഴിച്ച് സ്‌റ്റേഷനിൽ വരുമ്പോഴാണ് ഈ കാഴ്ച.കാര്യം തിരക്കി.അപ്പൊ കൂടെ ജോലി ചെയ്യുന്ന ഒരു പോലീസുകാരൻ പറഞ്ഞു - "ഇവനൊ?പെരും കള്ളനല്ലെ? പട്ടാപ്പകൽ ഓടുപൊളിച്ചിറങ്ങി ഒരു വീട്ടിൽ മോഷണം ചെയ്യുമ്പോൾ നാട്ടുകാർ പിടികൂടി ഇവിടെ എത്തിച്ചതാ.. " " യ്യൊ! ഇത്ര ചെറുപ്പത്തിലൊ!?"എന്റെ ഉള്ളിൽ നിന്നും അറിയാതെ വന്ന ആശങ്കയുടെ ശബ്ദം. അവന് ഏതാണ്ട് 12 വയസ്സ് പ്രായം വരും." ഇവന്റെയൊക്കെ നടു ഇന്ന് തളർത്തി വിട്ടില്ലെങ്കിൽ നാളെ നമുക്കൊക്കെ പണിയാകും." - മറ്റൊരു പോലീസുകാരൻ. എനിക്കന്ന് ഒരു നെടുവീർപ്പിടാനെ കഴിഞ്ഞൊള്ളു. കാരണം ഞാൻ അവരെ പോലെ തന്നെ ഒരു സാദാ കോൺസ്റ്റബിൾ.രണ്ടു മാസം കഴിഞ്ഞപ്പോൾ എനിക്ക് മറ്റൊരു സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ കിട്ടി. അവിടെയെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ദാ... ആ കുട്ടിയെ വേറൊരു കേസ്സിൽ പിടിച്ച് സ്‌റ്റേഷനിൽ കൊണ്ടു വന്നിരിക്കുന്നു. അതും ഒരു മോഷണത്തിനാണ്. കൊച്ചു കുട്ടി ആയതു കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ പോലീസ് .മുൻപരിചയം ഉണ്ടായിരുന്നതുകൊണ്ട് ഞാൻ അവനെ എന്റെ മേശയ്ക്കരികിൽ ചേർത്തു നിർത്തി സ്നേഹത്തോടെ ചിലതു ചോദിച്ചു. എനിക്ക് അറിയേണ്ടിയിരുന്നത് അവന്റെ വീട്, മാതാപിതാക്കൾ, സഹോദരങ്ങൾ, വീട്ടിലെ സാഹചര്യം എന്നതൊക്കെയായിരുന്നു. ചോദ്യത്തിലെ മൃദുത്വം കൊണ്ടാകാം അവൻ എന്നോട് ഉള്ളുതുറക്കാൻ തുടങ്ങി. അപ്പോഴേക്കും അവനെ കേൾക്കാനായി ഉദ്യോഗസ്ഥർ ചുറ്റിനും കൂടി .ഞാൻ അവനെ സ്നേഹത്തോടെ ഒന്നുകൂടി ചേർത്തു പിടിച്ചു .തലയിൽ ച

െറുതായി തലോടിക്കൊണ്ടിരുന്നു. കടത്തിണ്ണകളിലും പോലീസ് സ്‌റ്റേഷനുകളിലും അന്തിയുറങ്ങിയതിന്റെ എത്രയെത്ര തീഷ്ണ അനുഭവങ്ങളാണ് ആ കുഞ്ഞു ബാല്യത്തിനുള്ളത്. !! 

അവന്റെ മുടി ചെമ്പിച്ചതും പൊടിപിടിച്ചതും വഴുക്കലുള്ളതുമായിരുന്നു. മുഖത്ത് പോറലുകളുടെ ഉണങ്ങിയ പാടുകൾ. ആരോ ഉപേക്ഷിച്ച കീറിയ പാന്റും ,പൊടിമണ്ണു നിറമുള്ള അളവു തെറ്റിയ ഷർട്ടും. എന്റെ സ്നേഹം ആ പിഞ്ചു ബാല്യത്തെ അസ്വസ്ഥതപ്പെടുത്തി. അവന്റെ മുഷിഞ്ഞ കണ്ണുകളുടെ ഓരങ്ങളിൽ എവിടെയൊ ചെറിയ നനവ് കിനിഞ്ഞു വരുന്നത് ഞാൻ കണ്ടു. കഥകളുടെ കെട്ടഴിയുന്തോറും കീഴ് ചുണ്ട് വിതുമ്പുകയും മൂക്ക് വിയർക്കുകയും ചെയ്യുന്നുണ്ടായിരുന്നു.മദ്യപാനിയായ അച്ഛൻ. രോഗി ആയിരുന്നിട്ടും കൂലിപ്പണിക്കുപോയി വീടു നോക്കുന്ന അമ്മ. വേറെയും മൂന്നു കുഞ്ഞുങ്ങൾ. അമ്മ വയ്യാതിരുന്ന് നനഞ്ഞ വിറക് അടുപ്പിൽ വച്ച് തീ ഊതിക്കത്തിച്ച് കഞ്ഞി വേവിക്കുമ്പോൾ, കുടി കഴിഞ്ഞു വരുന്ന അച്ഛൻ അമ്മയുടെ മുടി കൂട്ടിപ്പിടിച്ച് തറയിലൂടെ വലിച്ച് ചവിട്ടിമെതിക്കും.കുട്ടികളെയും അയാൾ ഉപദ്രവിക്കും. തുടയിലും പുറത്തും കമ്പി പഴുപ്പിച്ചു വച്ച് പൊള്ളിച്ചതിന്റെ കരിവാളിച്ച പാടുകൾ ആ കുരുന്ന് എന്നെ കാണിച്ചു തന്നു.ഞാൻ അവനെ കൂടുതൽ വാത്സല്യത്തോടെ ചേർത്തു പിടിച്ചു.കാക്കിയുടെ ഉള്ളിൽ ആരും കാണാതെ ഒരഛൻ തേങ്ങിക്കരയുന്നുണ്ടായിരുന്നു. എന്റെ മനസ്സ് അവനെ കുളിപ്പിച്ച് നല്ല ഉടുപ്പിടുവിച്ച് നെറുകയിൽ തെരുതെരെ ഉമ്മവച്ചു കൊണ്ടിരുന്നു."നിന്നെ എന്റെ വീട്ടിലേക്ക് കൊണ്ടു പൊയ്ക്കോട്ടെ? അവിടെ ഒരു അനുജത്തി കുട്ടിയും, അമ്മയും, മുത്തഛനും മുത്തശ്ശിയുമുണ്ട്.ഒരു ചേട്ടനുണ്ട്-മമാസ് .അവൻ പഠിക്കുന്നത് പാലക്കാടാണ്. അനുജത്തി ചിന്നു മോള് പഠിക്കുന്ന സ്കൂളിൽ മോനെ ചേർക്കാം. എന്താ നമുക്ക് പോകാം.?" അവൻ സമ്മതിച്ചു. അവന്റെ മുഷിഞ്ഞ മുഖത്ത് പ്രതീക്ഷയുടെ ചെറിയൊരു വെളിച്ചം കണ്ടതുപോലെ. 

rekha-vellathooval-fb-post1

ഞങ്ങൾ വീട്ടിലെത്തി. എല്ലാവരെയും പരിചയപ്പെടുത്തി. കിടക്കാൻ പ്രത്യേക മുറിയും, കട്ടിലും നല്ലമെത്തയും കൊടുത്തു.വീട്ടിൽ എല്ലാവർക്കും വലിയ സന്തോഷമായി. ചിന്നുമോൾക്ക് കൂട്ടിന് ഒരു ചേട്ടനെ കിട്ടിയ സന്തോഷം. ചിന്നു മോളുടെ സ്കൂളിൽ അവനെ ചേർക്കാനുള്ള കാര്യങ്ങൾ നീക്കി. പിറ്റേന്ന് ജോലി കഴിഞ്ഞ് ഞാൻ വീട്ടിലെത്തിയപ്പോൾ ചിന്നുമോൾ ഓടി വന്ന് വലിയൊരു പരാതി പറഞ്ഞു - " ആ ചേട്ടായി അഛൻ നട്ട ഈറ്റയെല്ലാം വെട്ടിക്കളഞ്ഞു. " ഞാൻ ഞെട്ടിപ്പോയി. പറമ്പിന്റെ മൂലയിൽ പൊന്നുപോലെ വളർത്തി സംരക്ഷിച്ചു പോന്ന ഒന്നാന്തരം ഈറ്റകളെല്ലാം അപ്പാടെ വെട്ടിക്കളഞ്ഞിരിക്കുന്നു. തന്നെയുമല്ല പറമ്പിൽ വെട്ടുകിട്ടാത്ത മരങ്ങളുമില്ലായിരുന്നു. എനിക്ക് അടക്കാനാവാത്ത സങ്കടവും ദേഷ്യവും വന്നു. വീട്ടിലെല്ലാവർക്കും അവനോട് ബുദ്ധിമുട്ടായി. എന്റെ ശ്വാസഗതി നിയന്ത്രിക്കാൻ പാടുപെട്ടു. കുറച്ചു നേരം മെഡിറ്റേഷനിൽ ഇരുന്നു. ആശ്വാസമായപ്പോൾ അവനെ ചേർത്തിരുത്തി. " എന്താ മോനെ നീയിങ്ങനെ..?" അവൻ ഒന്നും മിണ്ടിയില്ല. അവന്റെ മുഖത്തിന് കെട്ടടങ്ങാത്ത ഏതൊ പകയുടെ കനൽ നിറമായിരുന്നു. തല്ലിക്കെടുത്തിയ സന്തോഷങ്ങളുടെയും സ്വപ്നങ്ങളുടെയും പട്ടടയിലെ കനലുകൾ.

പിറ്റേന്ന് ഞാൻ ജോലിക്കു പോകും മുൻപ് വീട്ടിലെ കൃഷി ആയുധങ്ങളെല്ലാം ഒളിപ്പിച്ചു വച്ചു. അവനെ പ്രത്യേകം ശ്രദ്ധിച്ചേക്കണമെന്നും സ്കൂളിൽ ചേർന്നു കഴിഞ്ഞ് മറ്റു കുട്ടികളുമായി ഇടപെട്ടു കഴിയുമ്പോൾ എല്ലാം മാറിക്കൊള്ളുമെന്നൊക്കെ വീട്ടിലുള്ളവരെ പറഞ്ഞ് ആശ്വസിപ്പിച്ചു.വൈകിട്ട് ജോലി കഴിഞ്ഞു വരും വഴി അയൽക്കാരെ കണ്ടു. അവർ പരിഭ്രാന്തിയിലായിരുന്നു." സാറെ.. ആ കൊച്ചിനെ കാണാനില്ല. ഞങ്ങൾ പറമ്പിലും മറ്റും അന്വേഷിച്ചു. ഇനിയിപ്പൊ എന്താ ചെയ്ക? ആ ചോദ്യം എന്റെ ഉള്ളിലും ആവർത്തിച്ചു. "ഇനി എന്താ ചെയ്യുക..?" അവൻ പറഞ്ഞു തന്ന അഡ്രസ്സു വച്ച് അപ്പോൾ തന്നെ ഞങ്ങൾ പുറപ്പെട്ടു. വീട്ടിലെത്തി. അവിടെ ഇല്ല.തന്നെയുമല്ല ആ കുട്ടി പറഞ്ഞതിനേക്കാൾ ഭീകരമായിരുന്നു ആ വീടിന്റെ അന്തരീക്ഷം. അയൽക്കാർ ഓരോന്ന് പറയുന്നതു കേട്ടപ്പോൾ ഉള്ളു നുറുങ്ങിപ്പോയി. ഞങ്ങൾ തിരിച്ചു പോന്നു. മടങ്ങും വഴിയാണ് ആ വിവരം അറിഞ്ഞത് - അവനെ മറ്റൊരു സ്‌റ്റേഷനിൽ മോഷണത്തിന് പിടിച്ചെന്ന്. ഞാൻ സ്തബ്ധനായി. ഒരു നിമിഷം കണ്ണടച്ചിരുന്നു പോയി. ഇപ്പോൾ എത്ര ഋതുക്കളാണ് കടന്നു പോയിരിക്കുന്നത്! എങ്കിലും.....

"മോനെ.. ഈ പോസ്റ്റ് നീ കാണുന്നുണ്ടെങ്കിൽ.. ഞങ്ങൾ തന്ന സ്നേഹം ഉള്ളിലുണ്ടെങ്കിൽ.. ഏത് തടവറയിലാണ് നീയെങ്കിലും ശിക്ഷ കഴിയുമ്പോൾ ഞാൻ വരാം.. നിന്നെ കൂട്ടി വരാൻ. നീ വരുമൊ? അന്നു നീ കണ്ട മുത്തഛനും മുത്തശ്ശിയും അമ്മയും ഇന്നില്ല. ചിന്നുമോൾ വിവാഹം ചെയ്ത് ഒരു കുട്ടിയായി. നീ കാണാത്ത ചേട്ടനും കല്യാണം കഴിഞ്ഞ് ഒരു കുട്ടിയായി. ഞാൻ ഇന്ന് പോലീസല്ല. കാണാൻ ആഗ്രഹമുണ്ട്. നീ വരുമൊ?

Read more at:

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.