Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'താലിയുമായി ചെന്നപ്പോൾ കണ്ടത് അവളുടെ തണുത്തുറഞ്ഞ ശരീരം'

athira-brijesh അവധി കഴിഞ്ഞു മടങ്ങും മുമ്പ് ആദ്യമായി ഒരു മാധ്യമത്തോട് എന്ന ആമുഖത്തോടെ ബ്രിജേഷ് മനസ്സുതുറന്നു.

ജീവനുതുല്യം പ്രണയിച്ചവളെ താലിചാർത്തി സ്വന്തമാക്കാനെത്തുമ്പോൾ അവളുടെ ജീവനറ്റ് മരവിച്ച ശരീരം കാണേണ്ടി വരിക. വിവാഹത്തിന്റെ തലേദിവസം അച്ഛന്റെ കത്തിമുനയിൽ ജീവൻ നഷ്ടപ്പെട്ട മലപ്പുറം അരീക്കോട് സ്വദേശിനി ആതിരയ്ക്ക് ഒരു മോഹമേ ഉണ്ടായിരുന്നുള്ളൂ, പ്രണയിച്ചയാളിന്റെ കൈകളിലേക്ക് അച്ഛൻ തന്നെ കൈപിടിച്ചേൽപ്പിക്കണം. ആതിരയെ താലി ചാർത്താൻ കാത്തിരുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബ്രിജേഷിന് കേട്ടതൊന്നും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഇന്ത്യൻ ആർമിയുടെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ബ്രിജേഷ് യുപിയിലെ ക്യാംപിൽ നിന്ന് അവധിയെടുത്തെത്തിയത് വിവാഹശേഷം ആതിരയെയും കൊണ്ട് മടങ്ങിചെല്ലാനുള്ള തയാറെടുപ്പെല്ലാം പൂർത്തിയാക്കിയാണ്. അവധി കഴിഞ്ഞു മടങ്ങും മുമ്പ് ആദ്യമായി ഒരു മാധ്യമത്തോട് എന്ന ആമുഖത്തോടെ ‘വനിത’യോട് ബ്രിജേഷ് മനസ്സുതുറന്നു. 

"അമ്മ വള്ളിക്ക് പ്രമേഹം മൂർഛിച്ച് കാഴ്ച നഷ്ടപ്പെട്ടതോടെ ദിവസത്തിൽ മൂന്നു പ്രാവശ്യം വരെ ഡയാലിസിസ് വേണ്ടിവന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് അമ്മയോട് ആതിര കൂട്ടായി. എന്റെ കാലം കഴിഞ്ഞാലും നിന്നെ നോക്കാൻ ഇതുപോലൊരു മോളെ കണ്ടുപിടിക്കണം എന്ന് അമ്മ പറഞ്ഞു. അന്നു രാത്രി അമ്മ മരിച്ചു. രണ്ടുമൂന്നു ദിവസം കഴിഞ്ഞ് കേസ് ഫയലിൽ നിന്ന് എന്റെ നമ്പരെടുത്ത്, അമ്മയെ അവസാനമായി കാണണമെന്നു മോഹമുണ്ടായിരുന്നു എന്നുപറഞ്ഞ് ആതിര കരഞ്ഞു. ആ പരിചയമാണ് പ്രണയമായത്. പ്രണയം ഒരു വർഷത്തോളം ഞങ്ങൾ രഹസ്യമാക്കി വച്ചു. കോഴ്സ് കഴിഞ്ഞ് മെഡിക്കൽ കോളജിൽ തന്നെ ആതിരയ്ക്ക് ജോലി കിട്ടി. ആയിടെ അവൾക്ക് ഒരു വിവാഹാലോചന വന്നു. അപ്പോഴാണ് ഒരാളോടു ഇഷ്ടമുണ്ടെന്നും, ലീവിനു വരുമ്പോൾ നേരിൽ വരുമെന്നും അച്ഛനോട് പറഞ്ഞത്. 

എന്റെ ജാതി അറിഞ്ഞതോടെ അടിയും വഴക്കും പതിവായി. വീണ്ടും രണ്ടുവർഷത്തോളം ആരുമറിയാതെ ഞങ്ങൾ പ്രണയിച്ചു. ഇതിനിടെ മഞ്ചേരി താലൂക്കാശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യനായി ആതിരയ്ക്ക് ജോലി കിട്ടി. ഇതിനിടെ വീട്ടിലെ പ്രശ്നങ്ങൾ കാരണം അവൾ എനിക്കൊപ്പം ഇറങ്ങിവന്നു. പിറ്റേന്ന് പൊലീസ് സ്റ്റേഷനിലേക്ക് ഇറങ്ങുംമുമ്പ് എന്റെ വീട്ടുകാർ പറഞ്ഞിരുന്നു, ആതിരയ്ക്ക് താലി കെട്ടാൻ. പക്ഷേ, താലിയൊക്കെയിട്ട് പെട്ടെന്നു കാണുമ്പോൾ അച്ഛനും അമ്മയ്ക്കും വിഷമമാകുമെന്ന് ആതിര പറഞ്ഞു. ആ ആഗ്രഹം സാധിച്ചുകൊടുക്കാനേ അപ്പോൾ തോന്നിയുള്ളൂ. പിന്നീട് സംഭവിച്ചതോ... അപകടവാർത്ത് അറിഞ്ഞ് രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോയത് മന്ത്രകോടിയും താലിയുമൊക്കെ എടുത്താണ്. അവിടെ വച്ചെങ്കിലും നിശ്ചയിച്ച മുഹൂർത്തത്തിൽ താലി ചാർത്തണമെന്നു ഞാൻ മോഹിച്ചു. പക്ഷേ, ആശുപത്രി മോർച്ചറിയിൽ അവളുടെ തണുത്തുറഞ്ഞ ശരീരമാണ് കണ്ടത്..."- ബ്രിജേഷ് പറയുന്നു.      

ആതിരയുടെയും ബ്രിജേഷിന്റെയും കഥ വായിക്കാം, ഈ ലക്കം ‘വനിത’യിൽ...