Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുടെ ആ 'ചങ്ക്' അധ്യാപകന് വിലക്ക്, ശാസന!!

Bhagavan

വിദ്യാർഥി സ്നേഹത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ തമിഴ്നാട് തിരുവള്ളൂരിലെ അധ്യാപകനെ മാനസികമായി തളർത്തി ഉന്നത ഉദ്യോഗസ്ഥർ. മാധ്യമങ്ങളോട് സംസാരിക്കുന്നതിനടക്കം വിലക്കേർപ്പെടുത്തി. പ്രവർത്തി സമയങ്ങളിൽ സ്കൂളിന് പുറത്ത് പോകരുതെന്നും നിർദേശം. കുട്ടികൾക്ക് ദൈവമായിരുന്ന ഭഗവാൻ മാഷിപ്പോൾ മേലുദ്യോഗസ്ഥരുടെ കണ്ണിലെ കരടാണ്. പ്രോത്സാഹിപ്പിക്കുന്നതിന് പകരം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. വാർത്തകളിലൂടെ ലോകമറിഞ്ഞ മാതൃക അധ്യാപകനെ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് വിലക്കി.

പഠിപ്പിക്കുന്നതിനപ്പുറം മറ്റൊന്നും ചെയ്യേണ്ടെന്ന ശാസനയും. പ്രവർത്തി സമയങ്ങളിൽ സ്കൂളിന് പുറത്ത് പോകരുത്. ഇങ്ങനെ, ആ അധ്യാപകനെ മാനസികമായി തളർത്തിയ നിർദേശങ്ങളാണ് മേഖല വിദ്യാഭ്യാസ ഡയറക്ടർ നൽകിയത്. വിദ്യാർഥി സ്നേഹത്തിന് മുന്നിൽ തലകുനിച്ച് കരഞ്ഞ ഭഗവാൻ എന്ന അധ്യാപകനിപ്പോൾ മേലുദ്യോഗസ്ഥരുടെ കണ്ണുരുട്ടൽ കണ്ട് തകർന്നിരിക്കുകയാണ്.

ദിവസേന നൂറുകണക്കിനാളുകളാണ് മേഖല വിദ്യാഭ്യാസ ഓഫിസും ജില്ല വിദ്യഭ്യാസ ഓഫിസിലും ഫോൺ ചെയ്ത് ഭഗവാനെ ട്രാൻസ്ഫർ ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നത്. എ.ആർ.റഹ്മാനും ഋതിക് റോഷനും വരെ ഭഗവാൻ മാഷിന് ട്വിറ്ററിലൂടെ പിന്തുണ അറിയിച്ചിരുന്നു. അധ്യാപകനെ വിട്ടുതരില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയുമാണ് വെളിഗരം സർക്കാർ സ്കൂളിലെ വിദ്യാർഥികൾ.