Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉള്ളിലൊളിപ്പിച്ച പ്രണയം കണ്ടുപിടിക്കാം, നാല് മാർഗ്ഗങ്ങൾ

love

ഭാഷ എന്നത് അടിസ്ഥാനമായി ആശയവിനിമയത്തിനുള്ള ഒരു ഉപാധിയാണ്. പക്ഷെ കേവലം അക്ഷരങ്ങള്‍ കൂട്ടിയിണക്കി വാക്കുകളിലൂടെ ആശയം പറയുന്നത് മാത്രമല്ല ഭാഷ. കണ്ണിമ ചെറുതായി അനക്കുന്നതു മുതല്‍ നമ്മുടെ പ്രവര്‍ത്തികള്‍ വരെ നാം പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഭാഷകളാണ്. പ്രണയത്തിലും ഇത്തരം ഭാഷകളുണ്ട്. ഒന്നും പറയാതെ എല്ലാം പറയാന്‍ സഹായിക്കുന്ന പ്രണയത്തിലെ ഇത്തരം ഭാഷകളെക്കുറിച്ചാണ് ഇനി പറയുന്നത്.  വാക്കുകളിലൂടെയല്ലാതെ നിങ്ങള്‍ക്ക് ഒരാളോടുള്ള പ്രണയം പറയാനോ സൂചിപ്പിക്കാനോ ഉള്ള മാര്‍ഗ്ഗങ്ങളാണ് ഈ ഭാഷകള്‍.

നമ്മുടെ ചിന്തകളില്‍ അവരുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍

പ്രണയിക്കുന്ന ആള്‍ നമ്മെ ഓര്‍ക്കുന്നു എന്ന അറിവ് നമുക്ക് നല്‍കുന്ന സന്തോഷം വളരെ വലുതാണ്. നമ്മുടെ പങ്കാളിയെയോ പ്രണയിക്കുന്ന ആളെയോ നാം ഓര്‍ക്കുമ്പോള്‍ അത് അവരെ അറിയിക്കുന്നത് ശക്തമായ ബന്ധങ്ങളുടെ തെളിവാണ്. അവരുടെ ഇഷ്ടങ്ങളെ ഓര്‍ത്ത് വച്ച് അവരെക്കുറിച്ചുള്ള ചിന്തയില്‍ ഇഷ്ടമുള്ള ഭക്ഷണ സാധനം വാങ്ങി പോകുന്നത് പ്രണയം പറയാനുള്ള ഒരു ഭാഷയാണ്. പങ്കാളികളില്‍ ഒരാള്‍ എത്താറാകുമ്പോള്‍ വാതില്‍ തുറന്ന് അവര്‍ക്ക് വേണ്ടി കാത്ത് നില്‍ക്കുന്നത് വരുന്ന ആളെക്കുറിച്ച് നാം നിരന്തരം ചിന്തിച്ചിരുന്നുവെന്ന് പറയാതെ പറയുവാനുള്ള ഭാഷയാണ്.

സമ്മാനങ്ങള്‍

ഇഷ്ടപ്പെടുന്ന ആള്‍ക്ക് സമ്മാനങ്ങള്‍ നാം നല്‍കുക സ്വാഭാവികമാണ്. എന്നാല്‍ പിന്നീടുള്ള ജീവിതത്തിൽ പ്രണയത്തിന്റെ അളവിനെ നിങ്ങള്‍ക്ക് മനസ്സിലാക്കി തരുന്നതില്‍ ആ സമ്മാനങ്ങള്‍ക്കും ഉണ്ടാകും നിര്‍ണ്ണായക പങ്ക്. നിങ്ങള്‍ വാങ്ങിക്കൊടുത്ത സമ്മാനങ്ങളെക്കുറിച്ച് നിങ്ങളുടെ പങ്കാളി ഇടക്കിടെ ഓര്‍മ്മിക്കുകയും അതേക്കുറിച്ച് സംസാരിക്കുകയും ചെയ്യാറുണ്ടോ. ആ സമ്മാനങ്ങളെ ഇടക്കിടെ എടുത്ത് അത് കണ്ട് സന്തോഷിക്കാറുണ്ടോ? എങ്കില്‍ അത് കാണിക്കുന്നത് നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോടുള്ള തീവ്രമായ പ്രണയത്തെയാണ്. നിങ്ങള്‍ വാങ്ങിക്കൊടുത്ത സമ്മാനങ്ങളാണ് അവര്‍ നിങ്ങളോടുള്ള പ്രണയത്തിന്റെ ഭാഷയായി ഉപയോഗിക്കുന്നത്.

സമയം

24 മണിക്കൂര്‍ പോലും ജീവിക്കാന്‍ തികയുന്നില്ലെന്ന് തോന്നുന്ന കാലഘട്ടമാണിത്. എല്ലാ തിരക്കുകള്‍ക്കും ഇടയിൽ പ്രണയിക്കുന്ന പങ്കാളിക്കായി അല്‍പ്പസമയം നിങ്ങള്‍ മാറ്റി വച്ചാല്‍ അത് സംസാരിക്കുന്നത് തീവ്രമായ പ്രണയത്തിന്റെ ഭാഷ തന്നെയാണ്. ഓഫീസ് തിരക്കുകള്‍ മുതല്‍ ഫോണ്‍ വരെ മാറ്റി വച്ച് തന്റെ പങ്കാളിക്കൊപ്പം മാത്രം അല്‍പ്പസമയം ചിലവഴിച്ച് നോക്കൂ, ഈ നിമിഷങ്ങള്‍ക്ക് പറയാന്‍ കഴിയുന്നത്ര പ്രണയം നിങ്ങള്‍ക്ക് വാക്കുകളാല്‍ ഒരിക്കലും പങ്കുവെക്കാൻ കഴിയില്ല.

ശാരീരിക സ്പര്‍ശങ്ങള്‍

ശാരീരിക സ്പര്‍ശങ്ങള്‍ എന്നാല്‍ സെക്സില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. സജീവമായി സെക്സ് ഉള്ള ദമ്പതികള്‍ക്കിടയില്‍ പോലും ഒരു തലോടലിന്റെ അഭാവം സൃഷ്ടിക്കുന്ന വിടവ് ഏറെ വലുതായിരിക്കും.  വെറുതെ ഇരിക്കുമ്പോഴോ, സംസാരിക്കുമ്പോഴോ, ഒരുമിച്ചിരുന്ന് ടി.വി കാണുമ്പോഴോ പോലും കൈ കോര്‍ത്ത് പിടിച്ചിരുന്ന് നോക്കൂ, അത് നിങ്ങളുടെ പങ്കാളിക്കും നിങ്ങള്‍ക്കും ഇടയില്‍ സൃഷ്ടിക്കുന്ന അത്മബന്ധം ഏറെ വലുതായിരിക്കും. ഇത്തരം ചെറിയ സ്പര്‍ശനങ്ങളില്‍ ആഴത്തിലുള്ള പ്രണയത്തിന്റെ ഭാഷ നിങ്ങളറിയാതെ തന്നെ ഒളിഞ്ഞ് കിടക്കുന്നുണ്ട്. 

സ്വന്തം പങ്കാളിയുടെ പ്രണയഭാഷ തിരിച്ചറിയുക

മുകളില്‍ പറഞ്ഞ പ്രണയഭാഷകള്‍ പൊതുവായ നിരീക്ഷണത്തില്‍ നിന്ന് കണ്ടെത്തിയവയാണ്. സ്വന്തം പങ്കാളിയുടെ പ്രണയഭാഷ മനസ്സിലാക്കുക എന്നത് അവര്‍ക്ക് നിങ്ങളോടുള്ള പ്രണയം മനസ്സിലാക്കുന്നതിന് സഹായിക്കും. മിക്ക ദമ്പതികള്‍ക്കും ഇടയിലുള്ള പ്രണയ ഭാഷകള്‍ മുകളില്‍‍ പറഞ്ഞ നാല് കാര്യങ്ങളിലോ അല്ലെങ്കില്‍ വാക്കുകളാലോ ഉള്ളതാകാം. ചിലര്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ട ഒന്നിലധികം കാര്യങ്ങളിലൂടെയാകും അവരുടെ പ്രണയം പറയുന്നത്. ഇക്കാര്യങ്ങളിലൂടെ തങ്ങള്‍ പ്രണയം പറയുകയാണെന്ന് ഒരു പക്ഷെ അവര്‍ പോലും മനസ്സിലാക്കുന്നില്ല എന്നതാണ് ഈ പ്രണയ ഭാഷകളുടെ മനോഹാരിതയും. 

Read more :  Lifestyle Malayalam Magazine, Beauty Tips in Malayalam