Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങളോ? കാരണം ഇതാണ്!

couple

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ഒരു കാരണം ഉണ്ടായിരിക്കും. സന്തോഷമായാലും സങ്കടമായാലും കാരണമില്ലാതെ നമ്മിലേക്ക് കടന്നു വരാറില്ല. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളും ഇങ്ങനെ തന്നെയാണ്. നമ്മള്‍ നേരിടുന്ന ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് പിന്നിലും ഒരു കാരണം ഉണ്ടായിരിക്കും. ജീവിതത്തില്‍ നിങ്ങള്‍ അതൃപ്തരാണെന്ന് തോന്നിയാല്‍ അതിന്റെ കാരണം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. 

എന്തുകൊണ്ട് കാരണം കണ്ടെത്തണം എന്ന് ചോദിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആദ്യം മാര്‍ഗ്ഗം അതിന്റെ കാരണം കണ്ടെത്തലാണ് എന്നാണ് ഉത്തരം. സ്വാഭാവികായും നാം ഒരു പ്രശ്നം നേരിടുമ്പോള്‍ അതിന് മറ്റുള്ളവരെ കുറ്റപ്പെടുത്താനാകും ആദ്യം തോന്നുക. പ്രത്യേകിച്ചും ദാമ്പത്യ ജീവിതത്തില്‍ ഇത്തരം കുറ്റപ്പെടുത്തലുകള്‍ക്ക് സാദ്ധ്യത കൂടും. നിങ്ങളുടെ അസംതൃപ്തിയുടെ കാരണം കണ്ടെത്തിയാലെ അതിനു പിന്നില്‍ നിങ്ങളാണോ പങ്കാളിയാണോ എന്ന് അറിയാനാകൂ.

ദാമ്പത്യജീവിതത്തിലുള്ള സന്തോഷമില്ലായ്മ നീണ്ടു നില്‍ക്കുമ്പോഴാണ് പങ്കാളികള്‍ അതൃപ്തിയിലേക്കും നിരാശയിലേക്കും വഴുതി വീഴുന്നത്. ഈ സന്തോഷമില്ലായ്മ രണ്ട് പേര്‍ തമ്മിലുള്ള ജീവിതത്തിന്റെ അകത്തു നിന്നോ പുറത്തു നിന്നോ കടന്നു വരാം. അതായത് മനപ്പൊരുത്തം ഇല്ലായ്മയും വാക്ക് തര്‍ക്കവും മുതല്‍ ജോലിഭാരം വരെ കാരണങ്ങളാകാം. നിങ്ങളുടെ ജീവിതത്തില്‍ ഈ സന്തോഷമില്ലായ്മയോ, അതൃപ്തിയോ അനുഭവിക്കുന്നുണ്ട് എങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും. 

എന്താണ് മാറ്റേണ്ടത് 

ദാമ്പത്യത്തിന്റെ ആദ്യസമയങ്ങളിലാണെങ്കില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി എന്തു ചെയ്യാണമെന്ന് സ്വയം ചോദിച്ചാല്‍ ആദ്യം ലഭിക്കുന്ന  ഉത്തരം ബന്ധം അവസാനിപ്പിക്കുക എന്നതാവും. നാം ജീവിക്കുന്ന സമൂഹം ചുമത്തുന്ന ബാദ്ധ്യതകള്‍ മൂലം ദാമ്പത്യത്തിന്റെ കാലയളവ് വര്‍ദ്ധിക്കും തോറും ഈ ബന്ധം അവസാനിപ്പിക്കാനുള്ള ചിന്ത ഇല്ലാതാകും. ഇതിന് പകരം സ്വയം അവഗണിച്ചു കൊണ്ട് പോലും വിട്ട് വീഴ്ചകള്‍ക്ക് തയ്യാറാകും. എന്നിട്ട് സ്വന്തം ത്യാഗത്തെക്കുറിച്ചോര്‍ത്ത് നിര്‍വൃതി അടയുകയും ചെയ്യും. 

യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ദാമ്പത്യത്തിലുണ്ടായ പ്രശ്നങ്ങളെ അഭിമുഖീകരിച്ച് പരിഹാരം കണ്ടെത്താനുള്ള ക്ഷമയും ധൈര്യവും ഇല്ലാത്തതാണ് മേല്‍പറഞ്ഞ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. ദാമ്പത്യത്തില്‍ പ്രശ്നമുണ്ടായാല്‍ അത് വിടൂ, മറക്കൂ തുടങ്ങിയ വാക്കുകളാണ് പതിവായി കേള്‍ക്കാറുള്ളത്. ഈ വിട്ടു കളയൽ ആണ് പലപ്പോഴും നിങ്ങളുടെ ജീവിതം നരക തുല്യമാക്കി തീര്‍ക്കുന്നത്. അതുകൊണ്ട് തന്നെ മാറ്റേണ്ടത് ജീവിത പങ്കാളിയേയോ നിങ്ങളേയോ അല്ല മറിച്ച് പ്രശ്നങ്ങളെ സമീപിക്കുന്ന രീതിയാണ്.

പ്രശ്നങ്ങളെ എങ്ങനെ കണ്ടെത്തും എന്നതാണ് ചോദ്യമെങ്കില്‍ ഇനി നമുക്ക് അതിലേക്ക് കടക്കാം.

നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്തെന്ന് സ്വയം ചോദിക്കുക ആഗ്രഹങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം ഏറ്റവുമധികം ജീവിതത്തില്‍ ബോധ്യമാകുക ദാമ്പത്യത്തില്‍ തന്നെയാണ്. ഒരു പക്ഷെ നിങ്ങളുടെയോ പങ്കാളിയുടെയോ ആഗ്രഹത്തോളം ദാമ്പത്യജീവിതം എത്തുന്നില്ല എന്നതായിരിക്കാം പ്രശ്നം. അതല്ലെങ്കില്‍ നിങ്ങളുടെ ജീവിതവും ജോലിയും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റുന്നില്ല എന്നതായാരിക്കാം പ്രതിസന്ധി. പ്രശ്നമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന കാര്യം നിങ്ങളെ എങ്ങനെയാണ് അസംതൃപ്തരാക്കുന്നതെന്ന് പരിശോധിക്കുക. 

ദാമ്പത്യത്തിലെ ആശയവിനിമയം

പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നതാണ് രണ്ട് പേര്‍ക്കിടയിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. ചിലപ്പോള്‍ പങ്കാളികളില്‍ ഒരാള്‍ക്ക് മാത്രമാകും ഒരു കാര്യം പ്രശ്നമായി തോന്നുക. ഇത് അടുത്തയാളെ പറഞ്ഞ് മനസ്സിലാക്കേണ്ടതുണ്ട്. അത് ചെയ്യാതെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാവും ചെയ്യുക. ഇതിനായി ഇരുവര്‍ക്കും ഇടയിലെ സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തെ പരസ്പരം മാനിക്കുവാൻ തയാറാവണം.

കൗണ്‍സിലിംഗ് ആകാം

പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ കഴിയുന്നെങ്കില്‍ അടുത്ത സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹായം തേടുകയാണ് നാ‌ട്ടുനടപ്പ്. എന്നാല്‍ ഇതില്‍ ഒരു ചെറിയ പ്രശ്നമുണ്ട്. ബന്ധുക്കളായാലും സുഹൃത്തുക്കളായാലും അവര്‍ക്ക് കാര്യങ്ങളെ നിക്ഷ്പക്ഷമായി കാണാന്‍ കഴിയില്ല. അതു കൊണ്ട് തന്നെ നിങ്ങള്‍ക്കുള്ളില്‍ പ്രശ്നങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ ഏതെങ്കിലും കൗണ്‍സിലിംഗിന് പോകുന്നതാകും ഉത്തമം. നിങ്ങള്‍ക്ക് കണ്ടെത്താനോ പരിഹരിക്കാനോ കഴിയാത്ത പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ ഒരു കൗണ്‍സിലര്‍ക്ക് സാധിച്ചേക്കും. 

എന്നിട്ടും പ്രശ്നപരിഹാരത്തിന് കഴിഞ്ഞില്ലെങ്കില്‍ 

കഴിയുന്നതെല്ലാം ശ്രമിച്ചിട്ടും പ്രശ്നം പരിഹരിക്കാന്‍ സാധിച്ചില്ലെങ്കിലും ഇരുവരും കൈ കൊടുത്ത് പിരിയുക എന്നതായിരിക്കും ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. കാരണം ഇതേ പ്രശ്നങ്ങള്‍ സഹിച്ചുള്ള മുന്നോട്ടു പോയാൽ ഇരുവരുടെയും ജീവിതം കുട്ടിച്ചോറായേക്കാം. പിരിയുക എന്നത് ഏറെ വിഷമമുള്ള കാര്യമാണ്. പക്ഷെ പിരിയാതെ ജീവിക്കുമ്പോഴുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ പിരിഞ്ഞ ശേഷമുള്ള താല്‍ക്കാലിക വേദനയാണ് നല്ലത്.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ദാമ്പത്യജീവിതത്തില്‍ മാത്രമല്ല ജോലിയിലും, സുഹൃത്തുക്കള്‍ക്കിടയിലും എല്ലാം ബാധകമാണ്. ഏതെങ്കിലും ഒരു ബന്ധത്തിലോ വിഷയത്തിലോ നിങ്ങള്‍ അസംതൃപ്തരാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് മാറ്റം ആവശ്യമുണ്ട് എന്നാണ്. ആ മാറ്റം എങ്ങനെ വേണം എന്നതാണ് നിങ്ങള്‍ കണ്ടെത്തേണ്ടത്. 

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam