Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛന്റെ പാത പിൻതുടരില്ല‌െ‌ന്ന് സഞ്ജയ് ദത്തിന്റെ‌ മകൾ

sanjay-dutt-and-daughter

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതം ബോക്സോഫിൽ വിസ്മയം തീർത്ത് മുന്നേറുകയാണ്.  രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത സഞ്ജു എന്ന ചിത്രത്തിൽ രണ്ടുപേരുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി ചർച്ചകളും സജീവമായിരുന്നു.  സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യ റിച്ചയെക്കുറിച്ചും മകൾ തൃഷാലയെക്കുറിച്ചും സിനിമയിൽ സൂചനകളില്ലാത്തതായിരുന്നു ചർച്ചകൾക്ക് അടിസ്ഥാനം. ഇപ്പോഴിതാ ആരാധകർക്ക് മറുപടിയുമായി മകൾ തൃഷാല തന്നെ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നടത്തിയ സംവാദം സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുകയാണ്.

സഞ്ജയ് ദത്തിന്റെ മകളായിരിക്കുന്നതിൽ എന്തു തോന്നുന്നു എന്നായിരുന്നു സഞ്ജയ്‌യുടെ ഒരു ആരാധകന് തൃഷാലയോടു ചോദിക്കാനുണ്ടായിരുന്നത്. അച്ഛന്റെ കൂടെയായിരിക്കുമ്പോൾ എല്ലാ മക്കൾക്കും തോന്നുന്നതുപോലെ മാത്രമേ തനിക്കും തോന്നാറുള്ളൂവെന്നും നിങ്ങൾ നിങ്ങളുടെ അച്ഛനോടൊപ്പമായിരിക്കുമ്പോൾ നിങ്ങൾക്കെന്താണ് തോന്നുന്നത്, അതുപോലെ തന്നെയാണെനിക്കും എന്നാണ് തൃഷാല നൽകിയ മറുപടി.

അച്ഛനുമമ്മയും ഒപ്പമില്ലാത്ത ജീവിതത്തെക്കുറിച്ചായിരുന്നു മറ്റൊരാളുടെ ചോദ്യം. തനിക്കതിനെപ്പറ്റി കൃത്യമായ ഒരു മറുപടി നൽകാൻ കഴിയില്ലെന്നായിരുന്നു തൃഷാലയുടെ മറുപടി. കാരണം താൻ അച്ഛനമ്മമാരൊടൊപ്പം കഴിഞ്ഞത് തീരെ ചെറിയ പ്രായത്തിലാണ്. ഓർമ്മയുറയ്ക്കാത്ത പ്രായത്തിലായതുകൊണ്ട് ആ ജീവിതം എങ്ങനെയാണന്ന് കൃത്യമായി അറിയില്ല. അങ്ങനെയൊരു ജീവിതമില്ലാതിരുന്നതുകൊണ്ടുതന്നെ അവരൊപ്പമില്ലാത്ത ജീവിതത്തെക്കുറിച്ച് കൃത്യമായി മറുപടിയില്ലെന്നും തൃഷാല പറയുന്നു.

അച്ഛനെപ്പോലെയാണോ അമ്മയെപ്പോലെയാണോ തൃഷാല എന്ന ചോദ്യത്തിന് പക്ഷേ അവർക്ക് കൃത്യമായ മറുപടിയുണ്ട്. ആറ്റിറ്റ്യൂഡും ദേഷ്യവും അച്ഛനിൽ നിന്നാണെന്നും നന്മയും സ്നേഹവമുള്ള പെരുമാറ്റം അമ്മയിൽ നിന്നാണെന്നും തൃഷാല പറയുന്നു. നൽകാനുള്ള മനസ്സും സ്റ്റൈലും രണ്ടുപേരിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും തൃഷാല സമ്മതിക്കുന്നു.

ഒരു നല്ല ചിത്രവുമായി ബോളിവുഡ് വിളിച്ചാൽ എന്തുമറുപടി നൽകുമെന്ന ചോദ്യത്തിന് നോ എന്ന ഉത്തരമാണ് നൽകുകയെന്നാണ് തൃഷാലയുടെ മറുപടി. ന്യൂയോർക്കിലെ ഹോഫ്സ്ട്ര യൂണിവേഴ്സിറ്റിയിൽ നിന്ന് അടുത്തിടെയാണ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം തൃഷാല പൂർത്തിയാക്കിയത്. അച്ഛന്റെ അഭിനയപാത മകൾ പിന്തുടരില്ലെന്ന് തൃഷാലയുടെ മറുപടിയിൽ നിന്ന് ആരാധകർ ഏകദേശം ഉറപ്പിച്ച മട്ടാണ്.

1987 ൽ ആയിരുന്നു സഞ്ജയ് ദത്ത് റിച്ച ശർമ്മ എന്ന ബോളിവുഡ് താരത്തെ വിവാഹം കഴിച്ചത്. ആ ബന്ധത്തിലുണ്ടായ മകളാണ് തൃഷാല. വിവാഹം കഴിഞ്ഞ് രണ്ടുവർഷത്തിനു ശേഷം റിച്ചയ്ക്ക് ബ്രെയിൻട്യൂമർ സ്ഥിരീകരിക്കുകയും 1996 ൽ റിച്ച മരിക്കുകയും ചെയ്തു. തുടർന്ന് റിച്ചയുടെ മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലായിരുന്നു തൃഷാലയുടെ ജീവിതം. വല്ലപ്പോഴുമേ പരസ്പരം കാണാൻ അവസരം ലഭിക്കുന്നുള്ളൂവെങ്കിലും സഞ്ജയ് ദത്തുമായും അദ്ദേഹത്തിന്റെ മൂന്നാം ഭാര്യ മാന്യതയുമായും അവരുടെ ഇരട്ടക്കുഞ്ഞുങ്ങളുമായും വളരെ നല്ല ബന്ധമാണ് തൃഷാല പുലർത്തുന്നത്.

Read more : Lifestyle Malayalam Magazine, Beauty Tips in Malayalam