Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളക്കെട്ടിൽ 'ഓടിരക്ഷപ്പെട്ട' വീട്ടുകാരേ, ഇവൻ ഹാപ്പിയാണ് ഇവർക്കൊപ്പം!

Guppy

കഴിഞ്ഞ ദിവസങ്ങളിൽ തകർത്ത് പെയ്ത മഴയിൽ കോട്ടയം ആലപ്പുഴ ജില്ലകൾ പൂർണമായും വെള്ളത്തിനടിയിൽ ആയിരുന്നു. വെള്ളം കയറിയ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന ജനങ്ങളെ പോലെ തന്നെ മനുഷ്യ മനസാക്ഷിയെ വേദനിപ്പിച്ച ഒരു കാഴ്ചയായിരുന്നു, വെള്ളപ്പൊക്കത്തിൽ ഉടമസ്ഥർ സ്വന്തം കാര്യം തേടി പോയപ്പോൾ വീട്ടിലെ കൂട്ടിൽ ഒറ്റപ്പെട്ട ഒരു നായയുടെ ജീവിതം. കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിൽ നിന്നും വന്ന ഒരു ഫോൺ കോളിനെ തുടർന്ന് വളർത്തുമൃഗങ്ങൾക്കായി പ്രവർത്തിക്കുന്ന ശ്വേതയും സംഘവും അവിടെ എത്തുമ്പോൾ, കൂട്ടിൽ പൂട്ടിയിട്ട നിലയിൽ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി നിൽക്കുകയായിരുന്നു നായ. അരക്കൊപ്പം വെള്ളത്തിൽ രണ്ടു കിലോമീറ്ററോളം നടന്ന് ശ്വേതയും കൂട്ടരും ആ നായയെ രക്ഷിച്ചു. പിന്നീട് നേരെ ആശുപത്രിയിലേക്ക്, മരണത്തിന്റെ മുന്നിൽ നിന്നും രക്ഷപ്പെട്ട ആ നായക്ക് ശ്വേതാ ഗപ്പി എന്ന് പേരിട്ടു. ഇപ്പോൾ ശ്വേതയ്‌ക്കൊപ്പം അവൻ സുഖമായിരിക്കുന്നു. വെള്ളപൊക്കത്തിലെ തന്റെ രക്ഷാപ്രവർത്തന അനുഭവങ്ങളെ മുൻനിർത്തി ശ്വേത മനോരമ ഓൺലൈനിനോട് മനസ് തുറക്കുന്നു. 

എങ്ങനെയാണു മൃഗങ്ങളുടെ രക്ഷാപ്രവർത്തനത്തിലേക്ക് എത്തുന്നത്?

ഞാൻ ഒരു ഐടി പ്രൊഫഷണൽ ആണ്. ജോലി ബാംഗ്ലൂർ ആണ്, എന്നാൽ ഇപ്പോൾ കുറച്ചു നാളായി വർക്ക് അറ്റ് ഹോം ആണ്. നായ്ക്കളെയും പൂച്ചകളെയും ഒക്കെ പണ്ട് മുതലേ വലിയ ഇഷ്ടമായിരുന്നു. ആ ഇഷ്ടം വളർന്നാണ് രക്ഷാപ്രവർത്തനം എന്ന മേഖലയിലേക്ക് എത്തുന്നത്. ഇത് കുറച്ചു കാലങ്ങളായി ചെയ്‌തു വരുന്നു. എനിക്കൊപ്പം ഭർത്താവ് ബിജിലും സുഹൃത്തുക്കളായ നവീൻ, സുനിത, അർജുൻ എന്നിവരും ഉണ്ട്. മനുഷ്യരുടെ പോലെ തന്നെ വിലയേറിയതാണ് മൃഗങ്ങളുടെ ജീവനും എന്ന ചിന്തയിൽ നിന്നാണ് ഇതെല്ലാം ചെയ്യുന്നത് .

guppy2

വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനത്തെ പറ്റി എന്ത് പറയുന്നു?

തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. ഒരാപത്ത് വരുമ്പോൾ സ്വന്തം കാര്യം മാത്രം നോക്കി രക്ഷപ്പെടുന്ന മനുഷ്യർ അത് വരെ നോക്കി വളർത്തിയ മൃഗങ്ങളെപ്പറ്റി ചിന്തിക്കുന്നില്ല. രക്ഷാക്യാമ്പിലേക്കും മറ്റും മാറുമ്പോൾ നായ്ക്കളെയും പൂച്ചകളെയും കൂടെ കൊണ്ട് പോകാൻ പറ്റില്ല എങ്കിൽ അവരെ കൂട്ടിൽ നിന്നും പുറത്തിറക്കി വിടാൻ എങ്കിലും ശ്രമിക്കണം. കാരണം അവർക്ക് സ്വയം രക്ഷപ്പെടാനുള്ള ശ്രമമെങ്കിലും നടത്താമല്ലോ.

എങ്ങനെയാണ് ഗപ്പിയുടെ അരികിലേക്ക് എത്തുന്നത്? 

താഴത്തങ്ങാടി പ്രദേശത്ത് ഒരു വീട്ടിൽ കഴിഞ്ഞ രണ്ടു ദിവസമായി ഒരു നായ കൂട്ടിൽ വെള്ളത്തിൽ നിൽക്കുകയാണ് എന്ന് അയൽവാസി വിളിച്ചു പറഞ്ഞത് കേട്ടാണ് ഞങ്ങൾ അവിടെ എത്തുന്നത്. അരവരെ വെള്ളമായിരുന്നു. വീടിനടുത്തേക്ക് വാഹനം എത്തുമായിരുന്നില്ല. അതിനാൽ രണ്ടു കിലോമീറ്റർ അകലെ വാഹനം പാർക്ക് ചെയ്ത  ശേഷം വെള്ളത്തിലൂടെ നടന്നാണ് നായയുടെ അടുത്ത്‌ എത്തുന്നത്. 

അവിടെ എത്തിയപ്പോൾ ഒരു മരത്തടിയിൽ കയറി നിൽക്കുകയാണ് നായ. മൂക്ക് മാത്രമാണ് വെള്ളത്തിനു മുകളിൽ ഉണ്ടായിരുന്നത്. രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ അവൻ പ്രതികരിച്ചില്ല. കാരണം രണ്ടു ദിവസം വെള്ളത്തിൽ ഒരേ നിൽപ്പ് നിന്നിട്ട് ആകെ ആവശനായിരുന്നു. അവനെ എടുത്ത് വെള്ളത്തിലൂടെ തിരികെ രണ്ടു കിലോമീറ്റർ നടന്നാണ് ഞങ്ങൾ കോടിമാതാ ആശുപത്രിയിൽ എത്തിയത്. ഗ്ലൂക്കോസും മറ്റ് മരുന്നുകളും കൊടുത്ത്. ബോഡി ടെമ്പറേച്ചർ വളരെ കുറഞ്ഞു പോയിരുന്നതിനാൽ ഒരു ദിവസം മുഴുവൻ ഹോട്ട് വാട്ടർ ബാഗ് വച്ച് ചൂട് പിടിച്ചു. പിന്നീട് അവൻ സാവധാനം ഭക്ഷണം കഴിച്ചു. പിന്നെ എഴുന്നേറ്റ് നടക്കാൻ തുടങ്ങി. അതിനു ശേഷമാണ് ഞാൻ അവനെ എന്റെ വീട്ടിലേക്ക് കൊണ്ട് വരുന്നത്. ഗപ്പി എന്ന് പേരും ഇട്ടു. വെള്ളത്തിൽ നിന്നും കിട്ടിയത് കൊണ്ടാണ് ഗപ്പി എന്ന് പേരിട്ടത്.

guppy4

എന്താണ് ഗപ്പിയുടെ ഇപ്പോഴത്തെ അവസ്ഥ? 

അവൻ ഹാപ്പിയാണ്. വന്നു മൂന്നു ദിവസത്തിനുള്ളിൽ ഞാനും ഭർത്താവ് ബിജിലുമായി നല്ല ചങ്ങാത്തത്തിലായി. ഭക്ഷണ കൃത്യമായി കഴിക്കുന്നുണ്ട്. ഓടുകയും ചാടുകയും ഒക്കെ ചെയ്യുന്നുണ്ട്. രക്ഷിക്കാനായി ചെല്ലുമ്പോൾ തൊലിയും നഖവും എല്ലാം രണ്ടു ദിവസം തുടർച്ചയായി വെള്ളത്തിൽ നിന്നതിനാൽ അഴുകിത്തുടങ്ങിയ അവസ്ഥയിൽ ആയിരുന്നു. ഇപ്പോൾ അതിനെല്ലാം നല്ല മാറ്റമുണ്ട്. പിന്നെ ശരീരമാകെ ജടകെട്ടിയ അവസ്ഥയിൽ ആയിരുന്നതിനാൽ കഴിഞ്ഞ ദിവസം ജടപിച്ച മുടിയൊക്കെ ഒന്ന് വെട്ടിയൊതുക്കി സുന്ദരനാക്കി.

വളർത്തു മൃഗങ്ങളോടുള്ള മലയാളികളുടെ സമീപനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത് ?

എല്ലാവരെയും അടച്ചു പറയുന്നില്ല, എന്നാൽ പലരും വളർത്തുൃഗങ്ങളുടെ ജീവനെ പറ്റി ചിന്തിക്കുന്നേയില്ല. ഉദാഹരണം പറയുകയാണെങ്കിൽ , ഞങ്ങൾ ഗപ്പിയെ രക്ഷപ്പെടുത്താൻ പോകുമ്പോൾ തിട്ടടുത്ത വീട്ടിൽ സമാനമായ അവസ്ഥയിൽ ഒരു നായ ഉണ്ടായിരുന്നു. അവൻ പകുതിയോളം വെള്ളത്തിൽ മുങ്ങി നിൽക്കുകയാണ്. അവനെ കൂട്ടിൽ നിന്നും എടുത്ത് വീടിന്റെ സിറ്റൗട്ടിൽ ഇരുത്തട്ടെ എന്ന് ഞങ്ങൾ പലവട്ടം ചോദിച്ചിട്ടും വീട്ടുകാർ സമ്മതിച്ചില്ല. അവർ സ്വയം മാറ്റിക്കൊള്ളാം എന്നാണ് പറഞ്ഞത്. വൈകുന്നേരത്തോടെ അവർ നായയെ മാറ്റി. എന്നാൽ പകൽ മുഴുവൻ അങ്ങനെ വെള്ളത്തിൽ നിർത്തേണ്ട ആവശ്യം എന്തായിരുന്നു എന്ന് മനസിലാകുന്നില്ല. ദയവ് ചെയ്ത് വെള്ളപ്പൊക്കത്തെ തുടർന്ന് പലായനം ചെയ്യുന്ന ആളുകൾ വളർത്തു മൃഗങ്ങളെ തുറന്നു വിട്ടിട്ട് പോകൂ, അങ്ങനെയാകുമ്പോൾ അവയ്ക്ക് സ്വയം രക്ഷപെടാൻ എങ്കിലും ശ്രമിക്കാമല്ലോ . 

guppy3

ഗപ്പിയെ ഉടമകളെ തിരികെ ഏൽപ്പിക്കുമോ ?

ഒരിക്കലുമില്ല . അവനെ ആ നിലക്ക് ഉപേക്ഷിച്ചു പോയവരാണ് അവർ. മാത്രമല്ല നായയെ രക്ഷപ്പെടുത്തിയ ശേഷം വീട്ടുകാരോട് സംസാരിച്ചപ്പോൾ അവർ അവന്റെ കാര്യത്തിൽ വലിയ താല്പര്യം കാണിച്ചില്ല. അവന് എത്ര വയസുണ്ട് എന്ന കാര്യത്തിൽ പോലും അവർക്ക് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല. ആദ്യം രണ്ട് വയസ്സെന്നും പിന്നീട് 11  വയസ്സെന്നുമാണ് പറഞ്ഞത്. അതിനാൽ അവനെ സ്നേഹിക്കുന്ന ആളുകൾക്ക് അഡോപ്‌ഷന് നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നല്ലൊരു കുടുംബം അവനെ ഏറ്റെടുക്കാൻ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.