Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആ റിയാലിറ്റി ഷോ ചെകുത്താന്റെ കയ്യൊപ്പ് പതിഞ്ഞ തീരുമാനം’

gs-pradeep ചിത്രം : ശ്രീകാന്ത് കളരിക്കൽ

ചില വീഴ്ചകൾ നമ്മളെ സന്തോഷിപ്പിക്കുന്നത് തിരിച്ചുവരാൻ കഴിയുമ്പോഴാണ്. ഒരർഥത്തിൽ ചില വീഴ്ചകൾ അനിവാര്യതയാവാം. ആ വീഴ്ചകളിൽ നിന്ന് കര കയറുമ്പോൾ കുറച്ചു കൂടി കരുത്തുണ്ടാകും നമുക്ക്. മനസ്സിന് ദൃഢതയും പുത്തൻ തെളിച്ചവും ഉണ്ടാകും...’’ പറയുന്നത് ജി.എസ്. പ്രദീപ്. വാക്കുകളെ സ്ഫുടം െചയ്തെടുത്ത ഭാഷയിൽ സംസാരിച്ച് ഒാർമയുടെയും അറിവിന്റെയും അപാരമായ പാതകളിലൂടെ അശ്വമേധം നടത്തി, മലയാളികളെ വിസ്മയിപ്പിച്ച അവതാരകൻ. പക്ഷേ, പ്രശസ്തിയുടെ വെള്ളിെവളിച്ചത്തിൽ നിന്ന് ഇടയ്ക്ക് പ്രദീപ് അപ്രത്യക്ഷനായി. യൂട്യൂബിലും വാട്സ്ആപ്പിലും പ്രദീപിന്റെ ‘ഏറ്റുപറച്ചിൽ’ എന്ന പേരിൽ, തുന്നിച്ചേർത്തെടുത്ത ചില ദൃശ്യങ്ങൾ പ്രചരിക്കുമ്പോഴും പ്രദീപ് മൗനം പാലിക്കുകയായിരുന്നു. ഇപ്പോൾ ഇടവേളയ്ക്കു ശേഷം ജി. എസ്. പ്രദീപ് വീണ്ടും  സംസാരിക്കുന്നു. ഈ ഇടവേളക്കാലത്ത് അനുഭവങ്ങളുടെ ഹോട്സീറ്റിലിരുന്നപ്പോൾ ജീവിതം എന്ന ഗ്രാൻഡ് മാസ്റ്റർ സമ്മാനിച്ച തിരിച്ചറിവുകളെക്കുറിച്ച്  പ്രദീപിനു പറയാനേറെയുണ്ട്.

എല്ലാ അർഥത്തിലും ഒരു തിരിച്ചുവരവിന്റെ സമയമാണല്ലോ?

അതെ. േകാളജിൽ പഠിക്കുന്ന കാലത്തേ കലോൽസവങ്ങളിലും പ്രസംഗമൽസരങ്ങളിലും സജീവമായിരുന്നു. പതിന‍ഞ്ചാം വയസ്സിൽ ദൂരദർശനിൽ ടോക്ക് ഷോ അവതാരകനായി കലാജീവിതം തുടങ്ങിയതാണ് ‍ഞാൻ. അവിടെ നിന്നിങ്ങോട്ട് മുപ്പതു വർഷം. എല്ലാ മനുഷ്യരുടെയും  ജീവിതത്തിൽ വിധിയുടെ അദൃശ്യമായ കയ്യൊപ്പ് പതിയുന്ന നിമിഷമുണ്ട്. എന്റെ ജീവിതത്തിലത് ‘അശ്വമേധം’ എന്ന ‘വിപരീതസമസ്യാ’പരിപാടിയുടെ രൂപത്തിലായിരുന്നു. ‘അശ്വമേധം’ ആയിരത്തോളം എപ്പിസോഡുകൾ മലയാളത്തിൽ ചെയ്തു. തമിഴിലെയും  തെലുങ്കിലെയും മിഡിൽ ഈസ്റ്റിലെയും  ചാനലുകളിൽ ആ പരിപാടി അവതരിപ്പിച്ചു. 2006 മുതൽ 2009 വരെ ശ്രീലങ്കയിലെ ചാനലിലും പ്രോഗ്രാം ഹിറ്റായി. നാലഞ്ചു ഭാഷകളിൽ 15– 16 ചാനലുകളിൽ ആറായിരത്തിൽപ്പരം എപ്പിേസാഡുകൾ അവതരിപ്പിച്ചു.

ഇതു കഴി‍ഞ്ഞാണ് ആകസ്മികമായി മലയാളത്തിലെ ഒരു ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയത്. ദൈവത്തിന്റെ കൈെയാപ്പ് പോലെ ചെകുത്താന്റെ കൈയൊപ്പും നമ്മുടെ ജീവിതത്തിൽ പതിയുന്ന മുഹൂർത്തമുണ്ടാകാം. ആ പരിപാടിയിൽ പങ്കെടുത്തതിെന ഞാനങ്ങനെയാണ് കാണുന്നത്. ആ പരിപാടിയിൽ എത്തിയതിനെ തുടർന്ന് എനിക്ക് വലിയ ചീത്തപ്പേരുണ്ടായി. അതുവരെ എന്നെ ഇഷ്ടപ്പെട്ടിരുന്ന ആളുകൾക്ക് എന്നോടുള്ള സ്നേഹത്തിൽ കുറവുണ്ടായി. അതിനു തൊട്ടുമുൻപുള്ള വർഷങ്ങളിലെ നിരന്തരമായ മദ്യപാനശീലവും വലിയ തകർച്ചയുണ്ടാക്കി. അത് ആരോഗ്യത്തെ ഏറെ ബാധിച്ചു. ഒരുപക്ഷേ, മരണത്തിലേക്കു വരെ വഴുതി വീഴാവുന്ന സാഹ‌ചര്യമായിരുന്നു. ഇനി ഏറിയാൽ ‘രണ്ടാഴ്ച’ എന്നു വരെ ഡോക്ടർമാർ പറ‍ഞ്ഞിരുന്നു. മൂന്ന് മാസം ബെഡ് റിഡൻ ആയി ആശുപത്രിയിൽ കിടന്നു.

gsp-family

അങ്ങനെ കിടക്കുമ്പോഴൊരു ദിവസം എനിക്ക് ഒരിക്കൽ കൂടി പ്രസംഗിക്കണമെന്നു തോന്നി. സുഹൃത്ത് ഷാഹുൽ ഹമീദിനോടു പറഞ്ഞു: ‘‘എനിക്ക് ഒരിക്കൽ കൂടി പ്രസംഗിക്കണം... കണ്ണൂരിലെ വേദിയിൽ.’’ ഡോക്ടർമാർ വിലക്കി. ഞാനപ്പോൾ ചോദിച്ചു:‘‘ഈ പ്രസംഗത്തിനു പോയില്ലെങ്കിൽ ആയുസ്സ് തിരിച്ചു കിട്ടുമെന്നുറപ്പാണോ?’’ ഡോക്ടർമാർക്ക് ആ ഉറപ്പു തരാനാകില്ലായിരുന്നു. ‘‘എങ്കിൽ അതു കൂടി ഞാനവസാനമായി നടത്തട്ടെ’’ ഞാൻ വാശി പിടിച്ചു. അങ്ങനെ കണ്ണൂരിൽ പോയി പ്രസംഗിച്ചു:‘‘തോൽക്കാനും  തളരാനും ആയിരം കാരണങ്ങളുണ്ടാകും. ജയിക്കാൻ പക്ഷേ, ഒറ്റ കാരണമേ േവണ്ടൂ. ജയിക്കണമെന്ന വാശി...’’ കുട്ടികളോടുള്ള ആ പ്രസംഗത്തിൽ ഞാനങ്ങനെ പറഞ്ഞപ്പോൾ നിറഞ‍്ഞ കയ്യടി ഉയർന്നു. 

ആ പ്രസംഗം നടത്തി തിരികെ വന്ന ശേഷം നടത്തിയ രക്തപരിശോധനയിൽ അദ്ഭുതകരമായ മാറ്റമായിരുന്നു. അതിപ്പോഴുമൊരു മിസ്റ്ററി പോലെയാണ്! നിലവിൽ ആ രോഗത്തിന്റെ ശേഷിപ്പുകളൊന്നും എന്നിലില്ല. രോഗത്തിന്റെ അവശതയിലേക്കു പോകുന്നതിനു മുൻപേ മദ്യപാനമെന്ന ദുഃശീലം ഞാൻ ഉപേക്ഷിച്ചിരുന്നു. നാലര വർഷമായി മദ്യമുപേക്ഷിച്ചിട്ട്. ഇപ്പോൾ മദ്യത്തിനെതിരെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് ഞാൻ.

മദ്യപാനശീലം ഉപേക്ഷിക്കുക എളുപ്പമായിരുന്നോ?

കഠിനമായി തീരുമാനിച്ച് ഞാനതു നടപ്പാക്കി. എന്റെ കരിയർ ഗ്രാഫ് മുകളിൽ നിന്ന് താഴേക്കു വരാനുള്ള കാരണങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോൾ മദ്യപാനം  പ്രധാന കാരണമായി തോന്നി. മാത്രമല്ല, എന്നെ ഏറെ ഇഷ്ടപ്പെടുന്നവർ കുട്ടികളും വായനയെ സ്നേഹിക്കുന്നവരും അറിവിനെ ഇഷ്ടപ്പെടുന്നവരുമൊക്കെയാണ്. അവരെന്നെ ഇഷ്ടപ്പെടുമ്പോൾ അവരിഷ്ടപ്പെടാത്ത  ഒരു സ്വഭാവവും എന്നിലുണ്ടാകരുതെന്ന് തീർച്ചപ്പെടുത്തി.

തിരക്കിൽ നിന്നെല്ലാം പെട്ടെന്ന് വിട്ടകന്നപ്പോൾ വലിയ ഒറ്റപ്പെടലും  വേദനയും തോന്നിയോ?

തിരക്ക്, പ്രശസ്തി... ഇതെല്ലാം വളരെ സന്തോഷകരമാണ്. ആ തിരക്കിൽ നിന്നിരുന്ന ഒരാളെ സംബന്ധിച്ച് ഏറ്റവും തകർക്കുന്ന കാര്യമാണ്, ‘ഇപ്പോ കാണാറില്ലല്ലോ, പരിപാടിയൊന്നും ഇല്ലേ’ എന്ന ആളുകളുെട ചോദ്യം. ഞാൻ തിരക്കിന്റെ കാര്യത്തിലന്ന് ഏറ്റവും ഉയരത്തിലായിരുന്നു. അശ്വമേധം കളിച്ചിരുന്നത് അന്തർദേശീയ തലത്തിലെ സെലിബ്രിറ്റികൾക്കൊപ്പമായിരുന്നു. പെട്ടെന്ന് ആ തിരക്കിൽ നിന്നെല്ലാമകന്ന് തനിച്ചായപ്പോൾ, എന്റെ ആരോഗ്യം പോലും താഴേക്കു വീണു പോയപ്പോൾ ആകെ തകർന്നുപോയെന്നതു സത്യമാണ്.

പക്ഷേ, മറ്റൊരു തരത്തിലും ചിന്തിക്കാം. ഏതൊരു പ്രശസ്തനെ സംബന്ധിച്ചും അയാൾ അങ്ങനെയൊന്നുമാകാതിരുന്നതിനു മുമ്പുള്ളൊരു കാലമുണ്ട്. അയാൾ വെറും സാധാരണക്കാരനായിരുന്ന ഒരു കാലം. ആ കാലത്തെ അവസ്ഥയിലേക്കു പോകുമ്പോൾ അയാൾക്കു പ്രത്യേകിച്ചു ദുഃഖിക്കാനൊന്നുമില്ലെന്നാണു ഞാൻ വിശ്വസിക്കുന്നത്. തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലും എന്റെ മനസ്സിലെ ശുഭാപ്തിവിശ്വാസത്തിന്റെ തിരി അണഞ്ഞിരുന്നില്ല. ഒറ്റയ്ക്കായിപ്പോയ ആ കാലഘട്ടത്തി ൽ ഞാനെന്റെ പഴയ ഒാർമകളിലേക്കു മടക്കയാത്ര പോയി. കരഞ്ഞ് മറന്ന പുസ്തകങ്ങളെ ഒാർത്തു, കണ്ണുകളെ നനച്ച കവിതകളെ ഒാർത്തു, ന‍ടന്നു നനഞ്ഞ മഴവഴികളെ ഒാർത്തു...  ഒറ്റപ്പെടലിന്റെ നിമിഷങ്ങൾ ജീവിതത്തിലെ തിരിച്ചറിവിന്റെയും തിരിച്ചു പോക്കിന്റെയും ഒാർമിച്ചെടുക്കലിന്റെയും സ്ഫുടീകരിക്കലിന്റെയും നിമിഷങ്ങളായിരുന്നു. മനസ്സിനെ ദൃഢമാക്കുകയും നിർഭയമാക്കുകയും െചയ്ത നിമിഷങ്ങളായിരുന്നു.

Read more : ജി.എസ് പ്രദീപുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം