Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരമായി ഹനാനും‍; സോഷ്യൽ മീഡിയ ചേർത്തു പിടിച്ച ജീവിതങ്ങൾ

social-media-stars

‘നീയൊക്കെ ആരെയാടാ വീട്ടിൽ ചെന്ന് നടനാക്കിയത്. കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും ചാൻസ് ചോദിച്ചും തന്നെയാ ഇവിടെ ആരെങ്കിലും എന്തെങ്കിലും ഒക്കെ ആയിട്ടുള്ളൂ..’ മമ്മൂട്ടി ബെസ്റ്റ് ആക്ടർ എന്ന ചിത്രത്തിൽ പറഞ്ഞ ഈ വാചകത്തിന് എപ്പോഴും മറുപടി പറയാൻ കഴിയുന്ന ഒരേയൊരു കൂട്ടരേയുള്ളൂ. ആ കൂട്ടത്തിന്‍റെ പേര് സോഷ്യൽ മീഡിയ എന്നാണ്. നിമിഷനേരം കൊണ്ട് താരങ്ങൾ ഉയർന്നുപൊങ്ങുന്നത് കേരളം കാണുന്നു. പരിമിതികളും ദോഷവശങ്ങളും ഒട്ടൊരുപാട് പറയാനുണ്ടെങ്കിലും സമൂഹമാധ്യമങ്ങള്‍ ചില നേരങ്ങളില്‍ വിസ്മയ താരമാകുന്നത് അങ്ങനെയാണ്. 

എവിടെയോ വന്നുവീഴുന്നൊരു ചെറുകഷ്ണത്തില്‍ പിടിച്ച് പിന്നെയത് ട്രോളുകളായും പിന്തുണ പോസ്റ്റുകളായും ഷെയറുകളായും നീളുന്നു. സാമൂഹിക സാംസ്കാരിക രംഗത്ത് സോഷ്യൽ മീഡിയയുടെ കണ്ടെത്തലുകൾ തുടരുക തന്നെയാണ്. ഇപ്പോഴിതാ ഹനാനിൽ എത്തിനിൽക്കുന്ന ആ താരശോഭയ്ക്ക് മുൻപും പിൻപും ഏറെ പേരുണ്ട്. അതിൽ ആരാണ് തുടക്കം? ആരാണ് ഒടുക്കം എന്നൊന്നില്ല. കഷ്ടതയുടെ കണ്ണീര് കുടിച്ചവരെ ഷെയറിലും ലൈക്കിലുമേറ്റി സപ്പോർട്ട് ചെയ്ത പാരമ്പര്യമാണ് മിക്കപ്പോഴും കേരളത്തിലെ സോഷ്യൽ മീഡിയക്കും ട്രോളൻമാർക്കും ഉള്ളത്.

മകൻ ശ്രീഹരിയെ ഉറക്കാൻ ‘രാജഹംസമേ’ എന്ന പാട്ട് പാടിയ ചന്ദ്രലേഖ ഇക്കൂട്ടത്തിലെ മിന്നും താരമാണ്. ഒരുപക്ഷേ സോഷ്യൽ മീഡിയ വീട്ടിൽച്ചെന്ന് താരമാക്കിയവരിൽ മുൻനിരക്കാരി. കഷ്ടപ്പാടിന്‍റെയും സങ്കടങ്ങളുടെയും ഇടയിൽ പഠിക്കാത്ത സംഗീതം അവർ നൊന്തുപാടിയപ്പോൾ സോഷ്യൽ മലയാളി അവരെ നെഞ്ചോടക്കി. ജീവിതം മാറിമറിഞ്ഞ ആ കഥ പറയുമ്പോൾ ഇന്നും ചന്ദ്രലേഖ നന്ദി പറയുന്നത് ഈ സോഷ്യൽ മീഡിയക്കാണ്. മലയാളം, തമിഴ് ചലച്ചിത്രമേഖലയിൽ പാവങ്ങളും ഈ വാനമ്പാടി പാടിപ്പറക്കുന്നു. ആ നേട്ടങ്ങളുടെ ഇങ്ങേയറ്റത്ത് വൈരമുത്തുവിന്‍റെ വരികൾക്ക് വരെ ചന്ദ്രലേഖ ശബ്ദം നൽകി എന്നുള്ളതാണ്. എം.ജി ശ്രീകുമാറിനൊപ്പവും അവർ പാടി. സ്റ്റേജ് പരിപാടികളിലും സജീവം. ഓരോ വേദിയിലും അവർ നമസ്കരിക്കുമ്പോൾ ഉള്ളുനിറയുന്നത് സോഷ്യൽ മലയാളിക്ക് കൂടിയാണ്.

പാട്ടിന്‍റെ ലോകത്തേക്ക് മാത്രം കൈപിടിച്ചുയർത്തിയ ഗായകരുടെ പട്ടിക ചന്ദ്രലേഖയിൽ ഒതുങ്ങുന്നതല്ല. യേശുദാസിന്‍റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന പേരിൽ അവാർഡ് നിഷേധിക്കപ്പെട്ട കൊല്ലം അഭിജിത്തും ഇക്കൂട്ടത്തിലെ അംഗമാണ്. ആ അവഗണന സോഷ്യൽ ലോകം ചർച്ചയാക്കിയതോടെ ആ ഗായകനെ തേടി വീണ്ടും അവസരങ്ങളെത്തി. തുടക്കം മാത്രമല്ല ഒന്നു വീണുപോയാലും അവഗണിക്കപ്പെട്ടാലും ഈ കൂട്ടുകാർ ഒപ്പം കാണും എന്നതിന്‍റെ തെളിവാണ് അഭിജിത്ത്. അന്താരാഷ്ട്രപുരസ്കാരം സ്വന്തമാക്കിയാണ് അഭിജിത്ത് സോഷ്യൽ ലോകത്തിന്‍റെ പിന്തുണയ്ക്ക് മറുപടി നൽകിയത്.

‘കമൽഹാസൻ തോളില്‍ തട്ടിയിട്ട് പറഞ്ഞു. എന്റെ അടുത്ത ചിത്രത്തിൽ ഒരു ഗാനം നിനക്കായി ഞാൻ മാറ്റിവയ്ക്കും’. അതെ രാകേഷ്. മഴ തോരാൻ കാത്തിരുന്ന ആ തടിപ്പണിക്കാരനോട് മൊബൈൽ ക്യാമറ ഓണ്‍ ആക്കി സുഹൃത്ത് ചോദിച്ചു. സംഗീതം പഠിക്കാത്ത നിന്‍റെ സംഗീതം ഈ മഴയ്ക്ക് കൂട്ടായിരിക്കട്ടെ.. ആ വാക്കിൽ രാകേഷ് പാടിയതും പിന്നീട് മഴ പോലെ സോഷ്യല്‍ മീഡിയയില്‍ പെയ്തിറങ്ങിയതും മലയാളി കണ്ടതാണ്. ഉലകം മുഴുവൻ കേട്ട ആ ശബദ്മാധുര്യത്തെ തേടി ഉലകനായകൻ വരെ എത്തി. സ്വപ്നങ്ങൾ അധികമില്ലാതിരുന്ന കാലത്ത് നിന്ന് സ്വപ്നലോകത്തെ വിസ്മരാജകുമാരനാക്കി രാകേഷിനെ നമ്മൾ മാറ്റി. 

പേര് പറയാൻ ഒരുപാടുണ്ട്. നീതിക്ക് വേണ്ടിയും ഇവർ ശബ്ദിച്ചു. ജിഷ്ണു പ്രണോയുടെ കുടുംബവും ശ്രീജിത്തും അടക്കം നീതിക്കായി ശബ്ദമുയർത്തിയപ്പോഴും സോഷ്യൽ ലോകം കരുത്ത് തെളിയിച്ചു. ലോകമെമ്പാടും പ്രിയങ്കരിയായ പ്രിയ വാരിയരും സോഷ്യൽ ലോകം പ്രശസ്തിയുടെ നെറുകിലെത്തിച്ചവരിൽ ഒരാളാണ്. ഇന്ന് ചലച്ചിത്ര ലോകത്തും പരസ്യലോകത്തും കോടികൾ വിലയുള്ള മിന്നും താരമായി പ്രിയ മാറി.

ഇവരുടെ പട്ടികയിൽ ഒടുവിലത്തെ പേരുകാരിയായി ഹനാൻ. അവളെ കുറിച്ച് പത്രവാര്‍ത്തകളിലൂടെ ആ ജീവിതത്തിന് സല്യൂട്ടടിച്ച് മലയാളി ഷെയർ ചെയ്ത പോസ്റ്റുകളും ലൈക്കുകളുമാണ് ഒരു വൈകുന്നേരത്തിന്‍റെ മാറ്റത്തിൽ ജീവിതവും മാറ്റിമറിച്ചു. കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനിൽ കോളജ് യൂണിഫോം ധരിച്ച് മീൻ വിൽക്കുന്ന ഒരു ചെറിയ പെൺകുട്ടി നാളെ സിനിമാലോകത്തിന്‍റെ ഭാഗമാണ്. അതും പ്രണവിന്‍റെ രണ്ടാമത്തെ ചിത്രത്തിലൂടെ. പ്രവാസി മലയാളികളുടെ സ്നേഹവും അവളെ തേടിയെത്തുന്നു. പഠനചെലവ് പൂർണമായും അവർ ഏറ്റെടുത്തു. 

ഒരു ലൈക്കിലും ഷെയറിലും എന്തിരിക്കുന്നു  എന്ന് ചോദിക്കുന്നവരോടുള്ള ഉത്തരങ്ങളാണ് ഈ ‘സോഷ്യല്‍ കൂട്ടം’. ചന്ദ്രലേഖ, രാകേഷ്, അഭിജിത്ത്, ശ്രീജിത്ത്, ഹനാൻ... ആ പട്ടിക നീളുമെന്നുറപ്പ്. കാരണം ഇത് ‘സമൂഹ’മാധ്യമമാണ്. ഇനിയും ഇല്ലായ്മകളെ ഷെയര്‍ ചെയ്യണം. വെളിച്ചമെത്താത്ത പ്രതിഭാവിലാസങ്ങളിലേക്ക് ടാഗ് ചെയ്യണം. വിഭാഗീയതകളും വര്‍ഗീയതയും ഡിലീറ്റ് ചെയ്യപ്പെടണം. അങ്ങനെ നല്ലതിനുമേല്‍ മാത്രം ലൈക്കുകള്‍ നിറയുന്ന കാലം പുലരണം.