Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേഷന്‍ കാര്‍ഡ് പോലുമില്ല; മുഖ്യമന്ത്രി ഒപ്പമുണ്ടെന്നതില്‍ സന്തോഷം: ഹനാൻ

hanan-cm1

കേരള സര്‍ക്കാര്‍ നെ‍ഞ്ചോടണച്ചതിന്റെ സന്തോഷം തുറന്നു പ്രകടിപ്പിച്ച് ഹനാൻ.  ഉയർന്ന ആരോപണങ്ങൾ വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചതോടെ സർക്കാർ ഒപ്പമുണ്ടെന്ന ആത്മവിശ്വസത്തിലാണ് ഹനാൻ. സ്വന്തമായി ഒരു റേഷന്‍കാര്‍ഡ് പോലും ഇല്ലാത്ത ആളാണ് താനെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഹനാന്‍ പറഞ്ഞു. തനിക്ക് പിന്തുണ നല്‍കി മുഖ്യമന്ത്രി സാര്‍ ഇട്ട പോസ്റ്റ് കൂട്ടുകാര്‍ കാണിച്ചു തന്നെന്നും ഏറെ സന്തോഷം തോന്നിയെന്നും ഹനാന്‍ കൂട്ടിച്ചേർത്തു. 

നിയമം നിയത്തിന്റെ വഴിക്ക് പോകണമെന്നാണ് ആഗ്രഹം. സോഷ്യല്‍ മീഡിയ വഴി അപമാനിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുക്കുമെന്നറിഞ്ഞു. ഒരു പരാതി നല്‍കാനോ അതിന് പിറകേ പോകാനോ ഈ അവസ്ഥയില്‍ എനിക്ക് കഴിയില്ല. എനിക്ക് മീന്‍കച്ചവടം തുടരണം - ഹനാന്‍ പറയുന്നു.

ഹനാനെ സോഷ്യൽ മീഡിയയിൽ അപമാനിച്ചവർക്കെതിരെ സർക്കാർ തന്നെ നടപടി ആരംഭിച്ചു. ഇത് തനിക്ക് കൂടുതൽ കരുത്ത് പകരുന്നതായി അവൾ പറയുന്നു.  സോഷ്യല്‍ മീഡിയയിലൂടെ ഹനാനെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഹനാനെ സംരക്ഷിക്കണമെന്നും എറണാകുളം ജില്ലാ കളക്ടറോട് അദ്ദേഹം ആവശ്യപ്പെട്ടു.

സത്യം പുറത്തുവന്നതോടെ നാനാഭാഗത്ത് നിന്ന് ഇൗ പെൺകുട്ടിക്ക് പിന്തുണയേറുകയാണ്.  ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും വനിതാ കമ്മീഷനും യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജോറോം ഉൾപ്പെടയുള്ളവരും പെണ്‍കുട്ടിയെ തുണച്ച് രംഗത്തെത്തിയിരുന്നു. ഹനാനെതിരെ വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വി.എസ് ആവശ്യപ്പെട്ടു.  സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണങ്ങൾക്ക് തുടക്കമിട്ട വ്യക്തി ഇന്നലെ രാത്രി തന്നെ മാപ്പപേക്ഷയുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസും സൈബർ വിഭാഗവും അപവാദപ്രചാരണം നടത്തിയവർക്കെതിരെ നടപടി ആരംഭിച്ചത്.