Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മാനസിക രോഗിയെ പോലെ അയാളെന്റെ പുറകെ നടന്നു' നൂറുദ്ദീനെക്കുറിച്ച് ഹനാൻ

noorudheen-hanan-comment

മീന്‍ വില്‍പ്പന നടത്തിയതിന്റെ പേരിൽ തന്നെ സോഷ്യൽ മീഡിയയിലൂടെ ക്രൂരമായി അവഹേളിച്ച വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ മുൻപ് കണ്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഹനാന്‍. വയനാട് സ്വദേശിയായ നൂറുദ്ദീന്‍ ഷെയ്ഖിനെ കഴിഞ്ഞ ദിവസമാണ് കൊച്ചി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നൂറുദ്ദീന്‍ ഷെയ്ഖിനെ കാണാനിടയാക്കിയ സംഭവത്തെക്കുറിച്ച് ഹനാൻ പറയുന്നതിങ്ങനെ;

"അന്ന് കോളജില്‍ നിന്ന് അയച്ച വാഹനത്തിലാണ് ഞാന്‍ മാധ്യമ പ്രവര്‍ത്തകരെ കാണാനായി പോയത്. അവിടെ എത്തിയത് മുതല്‍ ഈ നൂറുദ്ദീന്‍ ഷെയ്ഖിനെ ഞാൻ കാണുന്നുണ്ടായിരുന്നു. ഒരു മാനസിക രോഗിയെപോലെ അയാള്‍ എന്റെ പുറകെ നടക്കുകയായിരുന്നു. ഇക്കാര്യം അവിടെ ഉണ്ടായിരുന്ന ഒരു വനിതാ റിപ്പോര്‍ട്ടറോട് ഞാൻ പറഞ്ഞിരുന്നു. ഒപ്പം എന്നെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്രയ്‌ക്ക് ഉപദ്രവകാരിയാണ് അയാളെന്ന് അറിഞ്ഞിരുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നുണ്ട്. സര്‍ക്കാരിന്റെയും കോളജിന്റെയും ഭാഗത്തുനിന്ന് എല്ലാ സഹായങ്ങളുമുണ്ട്." 

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കൊച്ചി സിറ്റി പൊലീസ് നൂറുദ്ദീനെതിരെ കേസെടുത്തത്. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ഇയാള്‍ ഹനാനെ അധിക്ഷേപിച്ച് രംഗത്തുവന്നത്. വിഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ പെൺകുട്ടിയ്‌ക്കെതിരെ അധിക്ഷേപങ്ങൾ  കുന്നുകൂടുകയായിരുന്നു. പിന്നീട് വിശദീകരണം നല്‍കി ഇയാള്‍ വെള്ളിയാഴ്ചയും വിഡിയോയിൽ വന്നിരുന്നു. ഇതിലും ഹനാനെതിരെ മോശം പരാമര്‍ശങ്ങളുണ്ട്. വയനാട് സ്വദേശിയായ ഇയാള്‍ കൊച്ചിയിലാണ് താമസിക്കുന്നത്. ഹനാനെ സമൂഹ മാധ്യമങ്ങൾ വഴി അപമാനിച്ച മുഴുവൻ പേർക്കെതിരെയും പൊലീസ് കേസെടുക്കും. ഹൈടെക് സെല്ലിനാണ് അന്വേഷണത്തിന്റെ ചുമതല. 

വിവാദ സംഭവവികാസങ്ങളുടെ പേരിൽ നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തമ്മനത്ത് മീൻ കച്ചവടം നടത്താൻ ഹനാന് പൊലീസ് അനുമതി നൽകിയിരുന്നില്ല. പിന്നീട് ഹനാന് മീൻ കച്ചവടം നടത്താൻ കൊച്ചി നഗരസഭ കിയോസ്ക് നൽകുമെന്ന് മേയർ സൗമിനി ജെയിൻ അറിയിച്ചിരുന്നു. നഗരസഭമേഖലയിലെ സൗകര്യമുളള സ്ഥലം ഇതിനായി നൽകും. ഹനാന് നഗരസഭ നേരിട്ട് ലൈസൻസ് നൽകുമെന്നും മേയർ ഉറപ്പുനൽകി.