Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളെ കെട്ടിയിടേണ്ടി വന്ന ആ അമ്മയ്ക്കും പറയാനുണ്ട്

bindhu-sreelakshmi

കൊടുങ്ങല്ലൂർ സ്വദേശി 10 വയസ്സുകാരി ശ്രീലക്ഷ്മിയുടെ ജീവിതം ആരുടേയും കണ്ണുകൾ നിറക്കുന്നതാണ്. ജന്മനാ ഓട്ടിസവുമായി ജനിച്ച ശ്രീലക്ഷ്മിക്ക് അധികം സംസാരിക്കാനാവില്ല. സ്വന്തം അമ്മയെ പോലും തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന ശ്രീലക്ഷ്മി പെട്ടെന്ന് അക്രമാസക്തയാവുകയും വീടിനു പുറത്തേയ്ക്ക് ഇറങ്ങി ഓടുകയും ചെയ്യും. വീടിന്റെ ഏക വരുമാനമാർഗമായ അമ്മ ബിന്ദു പ്രദീപ് ജോലിക്ക് പോകുന്നതു മകളെ ജനലിൽ കെട്ടിയിട്ടിട്ടാണ്. കഴിഞ്ഞ ദിവസം ഈ അമ്മയുടെയും മകളുടെയും അവസ്ഥ വിവരിച്ചുകൊണ്ട് പുറത്തു വന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. നൊന്തു പ്രസവിച്ച മകളെ കെട്ടിയിട്ടു വളർത്തേണ്ടി വരുന്ന ഹതഭാഗ്യയായ അമ്മ. ചങ്കു തകരുന്ന വേദനയോടെ ഈ അമ്മയ്ക്ക് ഇതു ചെയ്തേ തീരൂ. 

ഭർത്താവ് ഉപേക്ഷിച്ചുപോയ ബിന്ദു സാമ്പത്തിക പരാധീനതകളിലും രണ്ടു മക്കളെ നെഞ്ചോടു ചേർത്തു പിടിക്കുന്നു. ഏറെ കഷ്ടപാടുകൾ സഹിച്ചും അവർ തന്റെ ചുമതലകള്‍ നിറവേറ്റുന്നു. ജോലിക്കു പോകാൻ മകളെ കെട്ടിയിടുകയല്ലാതെ വേറെ വഴിയൊന്നുമില്ല ഈ അമ്മയ്ക്ക്. ആക്രമാസക്തയാകുന്നതിനാൽ സ്പെഷ്യൽ സ്കൂളിലും മകളെ അയക്കാനാവില്ല. അപകടമരണങ്ങളിൽ പെടുന്ന ശവ ശരീരങ്ങളുടെ ഫോട്ടോ എടുക്കുകയാണ് ബിന്ദുവിന്റെ ജോലി. അതൊരു സ്ഥിരം വരുമാനമല്ലതാനും. തന്റെയും മക്കളുടെയും ജീവിതത്തിലെ ദുരന്തങ്ങളും പിന്നിട്ട വഴികളും മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് ബിന്ദു.

ചങ്ക് പൊടിയുന്ന വേദനയോടെയാണ് മകളെ കെട്ടിയിടുന്നത്

രണ്ടു മക്കളാണ് എനിക്ക്. മൂത്തമകൾ വിഷ്ണുപ്രിയ ഇപ്പോൾ ഏഴാം ക്ലാസിൽ പഠിക്കുന്നു. ജന്മനാ ഓട്ടിസം ബാധിച്ച കുട്ടിയാണു രണ്ടാമത്തെ മകൾ ശ്രീലക്ഷ്മി. കുട്ടി ജനിച്ചു മൂന്നു വയസ്സായപ്പോഴാണ് അവൾക്ക് ഓട്ടിസമുണ്ടെന്നു മനസിലാക്കുന്നത്. അതുവരെ കുട്ടി സംസാരിക്കാനും നടക്കാനും വൈകുന്നതു സ്വാഭാവികം മാത്രമായിരിക്കുമെന്നു കരുതിയിരുന്നു. എന്നാൽ അതല്ല, കുട്ടിക്ക് ഓട്ടിസം ആണെന്നു മനസ്സിലാക്കിയതോടെ ചികിത്സ തുടങ്ങി. ചികിത്സ തുടങ്ങുന്നതു വരെ ‘അമ്മ’ എന്നെങ്കിലും പറയുമായിരുന്നു അവൾ. എന്നാൽ പിന്നീട് അതും ഇല്ലാതായി. ചികിത്സയ്ക്കായി ഉള്ളതെല്ലാം വിറ്റു പെറുക്കി. കുഞ്ഞിന്റെ ചികിത്സ ഒരു ബാധ്യതയായപ്പോൾ ഭർത്താവ് എന്നെയും മക്കളെയും ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിച്ചു. ഇപ്പോൾ അവൾക്ക് 10 വയസ്സാണു പ്രായം. ഓട്ടിസത്തിനൊപ്പം അനിയന്ത്രിതമായി ദേഷ്യം വരുന്ന സ്വഭാവക്കാരിയാണ് അവൾ. ആ സമയത്ത് കുട്ടി വളരെ ഉപദ്രവകാരിയായി മാറുന്നു. അരികിൽ എത്തുന്നവരെ മാന്തുകയും കടിക്കുകയും ചെയ്യും. ഞാൻ ജോലിക്കു പോകാതെ വീട്ടു ചെലവുകളും ചികിത്സയും ഒന്നും നടക്കില്ല. അതിനാൽ  പുറത്തു പോകുമ്പോൾ നെഞ്ചു പൊട്ടുന്ന വേദനയോടെയാണ് ഞാൻ അവളെ ജനൽകമ്പിയിൽ കെട്ടിയിടുന്നത്. തിരികെ വീടെത്തുന്നതു വരെ നെഞ്ചിൽ തീയാണ്.

എല്ലായിടത്തു നിന്നും അവഗണന മാത്രം

ഓട്ടിസമുള്ള കുഞ്ഞു ജനിച്ചത് എന്തോ അപരാധം പോലെയാണു കുഞ്ഞിന്റെ അച്ഛനു തോന്നിയത്. അതിനാൽ അദ്ദേഹം ഞങ്ങളെ ഉപേക്ഷിച്ചു സ്വന്തം സന്തോഷം തേടി പോയി. പറയത്തക്ക ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല. ആകെയുള്ള പിന്തുണ സമീപവാസികളിൽ നിന്നുമാണ്. ഞാൻ ജോലിക്കായി പുറത്തു പോകുമ്പോൾ മകളെ നോക്കുന്നത് അയൽവാസികളാണ്. അവൾ ആരെയും അടുത്തേക്കു വരാൻ സമ്മതിക്കില്ലെങ്കിലും ഞാൻ മടങ്ങിയെത്തും വരെ അവൾക്കൊരു ശ്രദ്ധ ലഭിക്കും. 

മതിയായ ശമ്പളമില്ല, ഒപ്പം കടങ്ങളും 

കാലങ്ങളായി അപകടത്തിൽ മരിച്ച ശവശരീരങ്ങളുടെ ഫോട്ടോ എടുക്കലാണു ജോലി. ക്രൈം ഫോട്ടോഗ്രാഫി. ഇതൊരു സ്ഥിരം വരുമാനമാണെന്നു പറയാൻ സാധിക്കില്ല. ചിലപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ, ചിലപ്പോൾ മാസത്തിൽ ഒന്ന്. അങ്ങനെയാണു ജോലി.ഒരു ഫോട്ടോ സെഷന് 1000 രൂപയാണു ഞാൻ വാങ്ങുന്നത്. ചീഞ്ഞളിഞ്ഞ മൃതദേഹങ്ങളുടെ ഫോട്ടോ എടുക്കുകയെന്നത് ഏറെ ശ്രമകരമായ തൊഴിലാണ്. മറ്റു ഫോട്ടോഗ്രാഫർമാർ 1800 രൂപ വാങ്ങുമ്പോൾ പെണ്ണാണ് എന്ന ഒറ്റ കാരണം കൊണ്ട് എനിക്ക് 1000 രൂപ തികച്ചുതരാൻ പലര്‍ക്കും മടിയാണ്. എന്റെ ഏക വരുമാന മാർഗം അതാണ്. വീട്ടുവാടക തന്നെ 4000 രൂപ വരും. അതിനു പുറമെകുട്ടിയുടെ ചികിത്സയും വീട്ടു ചെലവുകളും. രുചികരമായൊരു ഭക്ഷണം പോലും എന്റെ മക്കൾക്കു നൽകുവാൻ എനിക്ക് ആകുന്നില്ല.  

ചികിത്സ ഇപ്പോഴും തുടരുന്നു

ശ്രീലക്ഷ്മിയുടെ ചികിത്സ ഇപ്പോഴും തുടരുകയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ന്യൂറോ വിഭാഗത്തിലാണു ചികിത്സ. ഒരു ആഴ്ചത്തെ മരുന്നിനു 1000 രൂപക്ക് മുകളിൽ വരും. എന്നാൽ എത്രകാലം ചികിൽസിക്കണമെന്നോ കുട്ടിക്കു മാറ്റം വരുമേ എന്നൊന്നും പറയാറായിട്ടില്ല. കുറഞ്ഞ പക്ഷം അവളെ സ്വന്തം കാര്യങ്ങൾ ചെയ്യുന്ന രീതിയിൽ പ്രാപ്തയാക്കണം എന്ന ഒറ്റ ആഗ്രഹമേ എനിക്കുള്ളൂ.

ഉറങ്ങുമ്പോൾ പോലും  ശരീരത്തോടു ചേർത്ത് കെട്ടിയിടും

രാത്രിയിൽ കുട്ടിക്ക് ഉറക്കം വളരെ കുറവാണ്. ചിലപ്പോൾ രണ്ടു മണിവരെ ഉണർന്നിരിക്കും. എപ്പോൾ വേണമെങ്കിലും ഇറങ്ങി ഓടാം എന്ന പേടിയുള്ളതിനാൽ രാത്രിയിലും അവളുടെ ശരീരം എന്റെ ശരീരത്തോട് ചേർത്ത് കെട്ടിയാണ് ഉറങ്ങുന്നത്. മൂത്തമകൾ വിഷ്ണു പ്രിയയുടെ അടുത്ത് ശ്രീലക്ഷ്മി ഇടയ്ക്കെ ചെല്ലും. എന്നാൽ പലപ്പോഴും ദേഷ്യഭാവമാണ് എല്ലാവരോടും കാണിക്കുന്നത്. ദേഷ്യം എന്നാൽ നമ്മെ ആക്രമിക്കുകയും തലമുടി പിഴുതെടുക്കുകയും ചെയ്യും. ഒരമ്മയ്ക്കും ഇതു പോലൊരു അവസ്ഥ ഇനി ഉണ്ടാകരുതേ എന്ന ഒരൊറ്റ പ്രാർത്ഥന മാത്രമാണ് എനിക്കുള്ളത്. 

ശ്രീലക്ഷ്മി ചിരിച്ചു കാണണം

ജീവിതത്തിൽ നടന്ന കയ്‌പേറിയ അനുഭവങ്ങളോ വേദനകളോ ഒന്നും എനിക്ക് വിഷയമല്ല. ഞാൻ ജീവിക്കുന്നത് എന്റെ മക്കൾക്കു വേണ്ടി മാത്രമാണ്. ഏതു വിധേനയും ശ്രീലക്ഷ്മിയുടെ ചികിത്സ മുന്നോട്ട് കൊണ്ടു പോകണം. അവളുടെ മുഖത്തെ ദേഷ്യഭാവം മറഞ്ഞു പുഞ്ചിരി വിടരണം. അതുമാത്രാമാണ് എന്റെ ആഗ്രഹം. ഞാൻ ജീവിക്കുന്നത് ആ ചിരി കാണാനാണ്.