അവസാനമായി അവന്റെ ഹൃദയത്തോട് ചേര്‍ന്ന് അവൾ; കണ്ണ് നനയിക്കും ചിത്രം

സ്റ്റെഫാനിയെ തന്റെ പ്രിയതമനിൽ നിന്നും പിരിക്കാൻ രംഗബോധമില്ലാതെ മരണം കാത്തിരിക്കുന്നുണ്ട്. തന്റെ പ്രിയനെ മരണം തട്ടിയെടുക്കുമെന്ന്  ബോധ്യമുള്ളതുകൊണ്ടാവണം അവന്റെ ഹൃദയത്തിൽ പറ്റിച്ചേർന്ന് അവൾ കിടക്കുന്നത്. പ്രിയപ്പെട്ടവന്റെ ഹൃദയതാളം ഇനി കേൾക്കാനോ ആ നെഞ്ചിൽ കിടക്കാനോ ഇനിയൊരിക്കലും സാധിക്കില്ലെന്ന് അവൾക്കറിയാം. 

സ്റ്റെഫാനി റേ എന്ന കാമുകിയുടെ ചിത്രം വെബ്‌ലോകത്തെ കരയിക്കുന്നുവെങ്കിൽ അതിനു പിന്നിൽ ഹൃദയം തൊടുന്ന ഒരു പ്രണയത്തിന്റെയും കണ്ണുനനയിക്കുന്ന വിരഹത്തിന്റെയും കഥയുണ്ട്. കടലിൽ വീണ് അത്യാസന്ന നിലയിലായ കാമുകന് സ്റ്റെഫാനി അന്ത്യയാത്ര നൽകുന്ന ദൃശ്യമായിരുന്നു സോഷ്യൽ മീഡിയയെ അസ്വസ്ഥമാക്കിയത്.

കടുത്ത ചൂടിൽ നിന്നും രക്ഷപ്പെടാനായി കഴിഞ്ഞ ആഴ്ച വെയിൽസിലെ ബീച്ചിലെത്തിയതാണ് ബ്ലേക്ക് വാർഡും സ്റ്റെഫാനിയും. കൂട്ടുകാരോടൊപ്പം കടലിൽ നീന്തുന്നതിനിടയിൽ വാർഡ്സ് വൻതിരയിൽ അകപ്പെട്ടു. നടുകടലിലേക്ക് എറിയപ്പെട്ട വാർഡ്സിനെ രക്ഷാസേന എത്തിയാണ് കരയ്ക്കെത്തിച്ചത്. വാർഡ്സിനൊപ്പം മറ്റ് കൗമാരക്കാരുമുണ്ടായിരുന്നു. അവരുടെയാരുടെയും ജീവൻ ഭീഷണിനേരിട്ടില്ല. പക്ഷെ വാർഡ്സിനെ അത്യാസന്ന നിലയിലാണ് കരയിൽ എത്തിച്ചത്.വാർഡ്സ് ആശുപത്രിയിലായപ്പോൾ മുതൽ സ്റ്റെഫാനിയും ഒപ്പമുണ്ട്. ഒരു നിമിഷം പോലും വാർഡ്സിനരികിൽ നിന്നും മാറാതെയാണ് സ്റ്റെഫാനി നിന്നത്.

വാർഡിസിന് നൽകിയിരുന്ന ലൈഫ് സപ്പോർട്ട് ശനിയാഴ്ച ഓഫാക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ  മരണം ഉറപ്പായ നിമിഷം സങ്കടം സഹിക്കാതെ സ്റ്റെഫാനി, വാർഡ്സിന്റെയൊപ്പം ആശുപത്രി കിടക്കയിൽ കിടന്നു. വാർഡ്സിനെ കെട്ടിപിടിച്ച് കരയുന്ന സ്റ്റെഫാനി ഒപ്പമുള്ളവർക്കും കണ്ണീർകാഴ്ചയായി. അധികം വൈകാതെ വേദനയില്ലാത്ത ലോകത്തേക്ക് വാർഡ്സ് യാത്രയായി. കിടക്കയിൽ കിടന്ന് കാമുകനെ കെട്ടിപ്പിടിച്ച് അന്ത്യചുംബനമേകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായി.