Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടുകാരന്റെ പ്രണയത്തെ ജീവിതം കൊണ്ട് കാത്തവൻ

friendship-love

കൂട്ടുകാരനുവേണ്ടി ജീവിതം നൽകിയ സൗഹൃദം. സിനിമയിൽ മാത്രമല്ല അത്തരം സൗഹൃദങ്ങളുള്ളത്, ജീവിതത്തിലുമുണ്ട് കണ്ണുനനയിക്കുന്ന കോരിത്തരിപ്പിക്കുന്ന ഹൃദയസ്പർശിയായ സൗഹൃദക്കഥകൾ. നായകന് പ്രിയതമയെ സ്വന്തമാക്കാൻ വെടിയുണ്ടയേറ്റു വാങ്ങിയ ഒരുപാവം സുഹൃത്തിന്റെ കഥയാണ് ഇത്. 'ഹ്യുമന്‍സ് ഓഫ് ബോംബെ' സമൂഹ മാധ്യമ പേജിലാണ് ഈ സൗഹൃദം പങ്കുവയ്ക്കപ്പെട്ടത്.

ആ കഥ ഇങ്ങനെ,

ഞാനും അവനും ഒരുമിച്ചാണ് വളര്‍ന്നത്. പരസ്പരം അറിയിക്കാതെ നമ്മളൊന്നും ചെയ്തിട്ടില്ല. മെല്ലെ, അവന്‍ സ്കൂളിലെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. പക്ഷെ, അവളൊരു വലിയ ബ്രാഹ്മണ കുടുംബത്തില്‍ നിന്നുള്ളതായിരുന്നു. അത് പ്രശ്നമായി. അവന്‍ താഴ്ന്ന ജാതിക്കാരനും. പക്ഷെ, എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ഞാനവരുടെ കൂടെ നില്‍ക്കുമെന്ന് ഞാനുറപ്പിച്ചിരുന്നു. 

അവരത്രയും പ്രണയത്തിലായിരുന്നു. അവളുടെ കൂടെ ജീവിക്കാന്‍ തന്നെയാണ് അവന്റെ തീരുമാനം. ഞാനെന്ത് പറയാനാണ്. പ്രണയമെന്നാല്‍ അങ്ങനെയാണല്ലോ?. അവള്‍ അവനേയും ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് ഉറപ്പായിരുന്നു. അങ്ങനെ അവര്‍ക്ക് ഒളിച്ചോടാനുള്ള സാഹചര്യം ഞങ്ങളുണ്ടാക്കി. അവരെ കോടതിയില്‍ ഹാജരാക്കി. പിന്നീടവര്‍ വിവാഹിതരായി. പതിനൊന്ന് ദിവസം അവരെ മാറ്റിനിര്‍ത്തി. ചെറിയ പാത്രങ്ങളില്‍ ആരുമറിയാതെ റൊട്ടിയും കറിയും കടത്തിക്കൊണ്ടു പോയി അവര്‍ക്ക് നല്‍കി.

ഇത് അറിഞ്ഞപ്പോൾ എന്‍റെ അച്ഛനും അമ്മയും എന്നെ തല്ലി. ഞാനതൊന്നും കാര്യമാക്കിയില്ല. പക്ഷേ അവിടം കൊണ്ടു തീര്‍ന്നില്ല. അവളുടെ സഹോദരന്മാര്‍ എന്നെ കണ്ടെത്തി. അതിലൊരാള്‍ എന്നെ വെടിവച്ചു. എന്‍റെ വയറിലാണ് വെടിയേറ്റത്. പത്ത് ദിവസം ഞാന്‍ ആശുപത്രിയില്‍ കിടന്നു. പക്ഷെ, എന്‍റെ സുഹൃത്തും ഭാര്യയും സുരക്ഷിതരായിരുന്നു. എനിക്കതു മതിയായിരുന്നു. 

ഇരുപത് വര്‍ഷങ്ങളായി ഇതൊക്കെ കഴിഞ്ഞിട്ട്. എന്‍റെ സുഹൃത്ത് ഇപ്പോള്‍ നല്ല നിലയിലാണ്. മസ്കറ്റില്‍ അവനൊരു ജോലിയുണ്ട്. മൂന്നു കുട്ടികളുണ്ട് അവന്. അവര്‍ക്കായി അവനവിടെ ജോലി ചെയ്യുന്നു. എനിക്കവനെ മിസ് ചെയ്യുമ്പോള്‍ ഞാനവനെ വിളിക്കും. ഞങ്ങളുടെ സൗഹൃദം ആരെയും കാണിക്കാനുള്ളതല്ല. ഞാനവനോട് പണം ചോദിച്ചാല്‍ എന്തിനെന്ന് പോലും ചോദിക്കാതെ അവന്‍ തരും. ഞങ്ങള്‍ തമ്മിലുള്ളത് പറഞ്ഞറിയിക്കാനാവാത്ത വിശ്വാസമാണ്. അവനെപ്പോൾ ഞാൻ അടുത്ത് വേണമെന്നു തോന്നുന്നുവോ അപ്പോഴൊക്കെ ഞാനവിടെ കാണും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.