Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പപ്പട വിൽപനയിലൂടെ താരമായ അമ്മൂമ്മ ഇവിടെയുണ്ട്

pappada-ammooma

തിരുവനന്തപുരം ചാല മാർക്കറ്റിൽ കൊടും വെയിലത്തിരുന്ന്  ‘25 പപ്പടം ഇരുപത് രൂപ’ എന്നു തൊണ്ട പൊട്ടി വിളിച്ചു പറഞ്ഞിട്ടും ആരാലും ശ്രദ്ധിക്കാതെ പോയ അമ്മൂമ്മയെ ഓർമയുണ്ടോ? കാഴ്ചക്കാരിൽ ഒരാൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ച അമ്മൂമ്മയുടെ കച്ചവട വിഡിയോ പെട്ടെന്നുതന്നെ‌ വൈറലായി. വാർധക്യത്തിലും അധ്വാനിച്ചു ജീവിക്കാനുള്ള അമ്മൂമ്മയുടെ മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി.

തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിനടുത്താണ് നാട്ടുകാർ ‘പപ്പട അമ്മൂമ്മ’ എന്നു സ്നേഹത്തോടെ വിളിക്കുന്ന വസുമതി അമ്മയുടെ വീട്.  എൺപത്തിയേഴ് വയസ്സുള്ള വസുമതിയമ്മ കഴിഞ്ഞ 40 വർഷമായി തിരുവനന്തപുരം ചാല മാർക്കറ്റിലും പരിസരത്തും പപ്പടം വിൽക്കുന്നു. 

''എനിക്ക് 45 വയസ്സുള്ളപ്പോൾ ഭർത്താവ് മരിച്ചു. എട്ടു മക്കളെ വളർത്തുന്നതിനായി വേറെ മാർഗം ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് പപ്പട കച്ചവടം തുടക്കുന്നത്’’ വസുമതിയമ്മ പറഞ്ഞു. അന്ന് ഉഴുന്ന് വാങ്ങി മാവാക്കുന്നതും പരത്തി ഉണക്കി പപ്പടങ്ങൾ ഉണ്ടാക്കുന്നതും അമ്മൂമ്മ തന്നെ. 

മായം ചേർക്കാത്തതിനാലാണ് കഴിഞ്ഞ 40 വർഷങ്ങളായി എനിക്ക് ഈ തൊഴിൽ തുടരാൻ കഴിഞ്ഞത്'' വസുമതി അമ്മൂമ്മ തന്റെ ദീർഘകാല കച്ചവടത്തിനു പിന്നിലെ രഹസ്യം പരസ്യമാക്കി. പപ്പടം വിറ്റാണ് മക്കളെ പോറ്റിയത്. രണ്ടു മക്കൾ മരിച്ചു. ഏറെ ദുഃഖം നിറഞ്ഞ ആ സന്ദർഭത്തിലും മറ്റു മക്കൾക്കായി വസുമതിയമ്മ തന്റെ തൊഴിൽ തുടർന്നു. അവശേഷിക്കുന്ന ആറ് മക്കളുടെയും വിവാഹം നടത്തി. അഞ്ചു പെണ്ണും ഒരാണും ആണുള്ളത്. ഇതിൽ ഭർത്താവ് മരിച്ചു പോയ ഒരു മകൾക്കും പേരക്കുട്ടികൾക്കുമൊപ്പമാണ് വസുമതിയമ്മയുടെ താമസം. 

pappadama-house ചിത്രം: ബിജുസ് സൈലബ്ദീൻ 

''കൊച്ചുമക്കളെ സ്‌കൂളിൽ പറഞ്ഞുവിട്ട് പപ്പടവുമായി ഞാൻ നേരെ ചന്തയിൽ എത്തും. പത്തര മണി മുതൽ വൈകിട്ട് ആറര മണി വരെ ചന്തയിൽ തന്നെ ഉണ്ടാകും. ചില ദിവസങ്ങളിൽ നല്ല വില്പനയുണ്ടാകും. എന്നാൽ ചില ദിവസങ്ങളിൽ ഒന്നും വിറ്റു പോകില്ല. അതുകൊണ്ടൊന്നും ഞാൻ തളരില്ല. അടുത്ത ദിവസം നല്ലപോലെ കച്ചവടം തരണമെന്നു മഹാദേവനോട് പ്രാർത്ഥിച്ചുകൊണ്ട് വീട്ടിലേക്കു മടങ്ങും, അത്രതന്നെ.’’ വസുമതിയമ്മ പറയുന്നു. 

അത്യാവശ്യം ഭേദപ്പെട്ട നിലയിൽ കച്ചവടം മുന്നോട്ടു പോകുന്നതിനിടയിലാണ് അമ്മൂമ്മയെ ഹൃദ്‌രോഗം കീഴടക്കുന്നത്. അതോടെ പപ്പടം പരത്തൽ കഠിനമായി മാറി. പക്ഷേ, തന്റെ തൊഴിൽ ഉപേക്ഷിക്കാൻ കക്ഷി തയാറായില്ല. കലർപ്പില്ലാതെ പപ്പടം നിർമ്മിക്കുന്നവരെ കണ്ടെ‌ത്തി അവരിൽ നിന്നും പപ്പടം വാങ്ങി ചില്ലറ വില്പന തുടങ്ങി. പഴയ പത്താം ക്ലാസുകാരിയായ വസുമതി അമ്മൂമ്മയ്ക്ക് അത്യാവശ്യം കച്ചവട തന്ത്രങ്ങളും അറിയാം. 

പാക്കറ്റിലുള്ള ബ്രാന്റഡ് പപ്പടങ്ങളുടെ പിന്നാലെ ആളുകൾ പായുമ്പോൾ പരമ്പരാഗതമായി പപ്പടം നിർമിക്കുന്നവർക്കു കച്ചവടം കുറവാണെന്നു വസുമതി അമ്മ പറയുന്നു. വീട്ടുവാടക, കൊച്ചുമകളുടെ പഠനം, ട്യൂഷൻ ഫീസ്, വീട്ടുചെലവ് അങ്ങനെ അമ്മൂമ്മയുടെ ചുമലിൽ ഉത്തരവാദിത്തങ്ങൾ ഏറെയാണ്. ‘‘പ്രായം 90 കഴിഞ്ഞാലും ഞാൻ പപ്പട വിൽപനയുമായി മുന്നോട്ടുപോകും, അതിനുള്ള ആരോഗ്യം മഹാദേവൻ തന്നാൽ മാത്രം മതി’’ വസുമതി അമ്മ നയം വ്യക്തമാക്കി. 

വിപണിയിൽ പിടിച്ചു നിൽക്കുന്നതിനായി തന്റെ പപ്പടവും ഒരു ബ്രാൻഡ് നെയിമിൽ ഇറക്കണം എന്ന ആഗ്രഹവും നവതിയുടെ പടിവാതിൽക്കൽ നിൽക്കുന്ന ഈ കൊച്ചു സംരംഭക മറച്ചുവയ്ക്കുന്നില്ല. ആരിൽ നിന്നും സഹായങ്ങൾ ആഗ്രഹിക്കാത്ത വസുമതിയമ്മ ഒരു കാര്യമേ ആളുകളോട് ആവശ്യപ്പെടാറുള്ളൂ. ‘ഇഷ്ടപ്പെട്ടാൽ എന്റെ പപ്പടം സ്ഥിരമായി വാങ്ങണം’. പല്ലില്ലാത്ത മോണകാട്ടി ചിരിച്ച് നിഷ്കളങ്കതയോ‌‌ടെ പപ്പട അമ്മൂമ്മ  അക്കാര്യം ആവശ്യപ്പെടുമ്പോൾ നിരാകരിക്കാൻ തോന്നുകയുമില്ല.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.