Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസ ഫണ്ടിലേക്ക് 490 രൂപ; അതിന് ലക്ഷങ്ങളുടെ വില!

bai-indira-krishna

ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലൂടെ കേരളം കടന്നുപോകുമ്പോൾ ഉള്ളവനും ഇല്ലാത്തവനും സഹായഹസ്തം നീട്ടി നിൽക്കുന്ന കാഴ്ചയാണ് എങ്ങും. ജാതിയോ മതമോ രാഷ്ട്രീയമോ ഭാഷയോ നോക്കാതെ സഹായപ്രവാഹം പുരോഗമിക്കുമ്പോഴാണ് ഒരു വിദ്യാർഥിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നത്.

പ്രളയബാധിത പ്രദേശത്ത് എത്തിയ മധ്യപ്രദേശുകാരനായി വിഷ്ണുവിനെ പറ്റി അറിഞ്ഞപ്പോഴാണ് ബായ് ഇന്ദിരാ കൃഷ്ണൻ എന്ന സാധാരണ വിദ്യാർഥി ആകെ ബാക്കിയുണ്ടായിരുന്ന തുക സഹായഹസ്തമായി നൽകിയത്. വിൽപ്പനയ്ക്ക് കൊണ്ട് വന്ന കമ്പിളിപ്പുതപ്പുകൾ ദുരിതബാധിതർക്ക് നൽകാൻ വിഷ്ണു കാണിച്ച മനസിന്റെ നൻമ ഇന്ന് മുഖ്യമന്ത്രി വരെ പ്രശംസിച്ചതാണ്. ആ വിഷ്ണു ഇന്ന് കേരളത്തിന് ഒരു പ്രചോദനം കൂടി ആയിരിക്കുകയാണ്.

ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ പോണ്ടിച്ചേരിയിൽ പഠിക്കുന്ന ഇൗ മലയാളി വിദ്യാർഥി ഒാണത്തിന് നാട്ടിലേക്ക് വരാൻ കരുതി വച്ച 490 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്  നൽകി. അക്കൗണ്ടിൽ ആകെ അവശേഷിച്ച തുകയാണ് ഇൗ വിദ്യാർഥി നൽകിയത്. അതിന് പ്രചോദനമായത് വിഷ്ണു നൽകിയ ആ കമ്പളിപ്പുതപ്പുകളായിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കടുത്ത സാമ്പത്തിക പരിമിതികളിൽപ്പെട്ടിരിക്കുമ്പോഴാണ് പോണ്ടിച്ചേരി സെന്റ്രൽ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ലഭിക്കുന്നത്. യൂണിവേഴ്സിറ്റി ഹോസ്റ്റൽ പോലും കണ്ടെത്താൻ കഴിയാതിരുന്നപ്പോളാണ് ജോസഫേട്ടനും (Joseph Pv) , ശ്രീകുമാർ ചേട്ടനും ( Sreekumar B Mundakathil), പ്രവീൺ ചേട്ടനും ഒക്കെ ഓടിയെത്തുന്നത്. അവരുടെസ്നേഹം കൊണ്ടുമാത്രമാണ് പോണ്ടിക്കുള്ള വണ്ടിക്കൂലിപോലും കൈയിൽ വന്നത്. ഹോസ്റ്റൽ ഫീയും സെമസ്റ്റർ ഫീയുമൊക്കെ അവർ തന്ന പൈസ കൊണ്ട് അടച്ചു തീർത്തു. ബാക്കിയുണ്ടായിരുന്ന പൈസ ഓണത്തിന് വീട്ടിലേക്ക് പോകാൻ മാറ്റി വച്ചതാണ്. ട്രെയിൻ ബുക്ക് ചെയ്യാൻ സേവിംഗ്സ് അക്കൗണ്ടിലെ തുക തികയാത്തതിനാൽ യാത്ര ജനറൽ കമ്പാർട്ട്മെന്റിൽ മതിയെന്ന് തീരുമാനമെടുത്തിരിക്കുമ്പോഴാണ് കേരളത്തിൽ നിന്നും മഴക്കെടുതി വാർത്തകൾ എത്തുന്നത്. 

ജീവിതം കൈയിൽ പിടിച്ച് കുടുംബത്തോടൊപ്പം ഒരു വലിയ വിഭാഗം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പലായനം ചെയ്യുന്നത് നിസഹായനായി നോക്കി നിൽക്കുവാനെ കഴിയുമായിരുന്നുള്ളൂ. അപ്പോഴാണ് മധ്യപ്രദേശുകാരൻ വിഷ്ണുവിന്റെ കഥ അറിയുന്നത്. വിൽക്കാനായി കൊണ്ടുവന്ന മുഴുവൻ ബ്ലാങ്കറ്റുകളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവൻ. ദുരിതമനുഭവിക്കുന്നവർക്കൊപ്പം നിൽക്കേണ്ടത് എന്റെകൂടി കടമയാണ്. അതുകൊണ്ടുതന്നെ അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്ന 490 രൂപയും CMO Kerala യുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.