‘പെട്ടെന്നാണ് വെള്ളം കഴുത്തറ്റം എത്തിയത്, രക്ഷപ്പെട്ടത് ഇങ്ങനെ’: ധർമജന്‍

പ്രളയത്തില്‍നിന്നു  രക്ഷപ്പെട്ടതിന്റെ  ആശ്വാസം പങ്കുവെച്ച് ചലച്ചിത്ര താരം ധര്‍മജൻ ബോൾഗാട്ടി. വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷപ്പെട്ടെന്നും ഇപ്പോൾ ഭാര്യയുടെ വീട്ടിലാണെന്നും സമൂഹ മാധ്യമത്തിലൂടെ ലൈവിലെത്തി ധര്‍മജന്‍ വ്യക്തമാക്കി. 

‘‘വൈകുന്നേരം വരെ രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നു, എറ്റവും അവസാനമാണ് ഞാനും കുടുംബവും രക്ഷപ്പെട്ടത്.  രണ്ടു വഞ്ചികൾ മാത്രമാണ് രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നത്. അവസാനമായപ്പോൾ വഞ്ചി വരാതായി. വൈദ്യുതി സംവിധാനങ്ങളൊക്കെ നിലച്ചുപോയി. വെള്ളം നോക്കി കൊണ്ടിരിക്കുമ്പ‌ോൾ കൂടികൊണ്ടിരിക്കുന്ന അവസ്ഥ. മുറ്റത്തേക്കിറങ്ങിയാൽ കഴുത്തറ്റം വരെ വെള്ളം,’’ ധർമജൻ തന്റെ അനുഭവം വിവരിച്ചു.

അനുഭവിക്കുമ്പോഴാണ് നമുക്ക് അതിന്റെ വേദന മനസ്സിലാകുകയുള്ളുവെന്നും ഇനിയും പെട്ടുകിടക്കുന്നവരെ രക്ഷിക്കാന്‍  ഒരുമിച്ച് നിൽക്കാമെന്നും ധർമജൻ പറഞ്ഞു. സഹായമഭ്യർത്ഥിച്ച് വിളിച്ച് എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിച്ചുകൊണ്ടാണ് താരം ലൈവ് വിഡിയോ അവസാനിപ്പിച്ചത്. 

കൊച്ചിയിലുള്ള വീടിനുചുറ്റും വെള്ളം കയറിയെന്നും തന്റെ അമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം കുടുങ്ങിയിരിക്കുകയാണെന്നും ധർമജന്റെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങൾ വഴി പുറത്തു വന്നിരുന്നു.