'ഉള്ളതെല്ലാം നഷ്ടപ്പെട്ടു, കുടിവെള്ളം പോലുമില്ല; പുറത്തുകടക്കാൻ സഹായിക്കൂ'

പ്രളയദുരിതത്തിൽ നിന്നും രക്ഷിക്കണമെന്ന് സമൂഹ മാധ്യമത്തിലൂടെ അഭ്യർഥിച്ച് യുവതി. കുടിക്കാൻ വെള്ളം പോലും കിട്ടാത്ത അവസ്ഥയിലാണെന്നു കാണിച്ച് രാധികാ മാധവം എന്ന യുവതിയാണ് സമൂഹമാധ്യമത്തിലൂടെ സഹായം അഭ്യർഥിച്ചത്. പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയിലെ വീട്ടിലാണ് യുവതി കുടുങ്ങി കിടക്കുന്നത്. വെള്ളം കയറി സമീപ പ്രദേശങ്ങളിലെ വീടുകളുടെ ചിത്രവും യുവതി പങ്കുവെച്ചിട്ടുണ്ട്. 

'ഞങ്ങൾക്കുണ്ടായിരുന്ന എല്ലാം ഏതാണ്ട് പൂർണമായി നഷ്ടപ്പെട്ടു'വെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. മിക്ക വീടുകളുടെയും ഒന്നാം നില മുങ്ങിയെന്നും വെള്ളം കൂടികൊണ്ടിരിക്കുകയാണെന്നും പറയുന്നു. പുറംലോകവുമായി ബന്ധപ്പെടാൻ മാര്‍ഗമില്ലെന്നും ഫോൺ ചാർജ് ചെയ്യാൻ കറന്റില്ലെന്നും കുറിപ്പിലുണ്ട്. പുറത്തുകടക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

ഫോണുകള്‍ക്ക് നെറ്റ്‌വർക്ക് ലഭ്യമല്ലെന്നും കോളുകൾ കണക്ട് ആവുന്നില്ലെന്നും യുവതി കമന്റിൽ വ്യക്തമാക്കുന്നു. ഇരുപത് ശതമാനം ചാർജ് മാത്രമേ ഫോണിൽ അവശേഷിക്കുന്നുള്ളുവെന്നും പറയുന്നു. പ്രദേശത്ത് സൈന്യത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഏറെ വൈകാതെ സഹായം ലഭിക്കുമെന്നും കമന്റുകളുണ്ട്. പിന്നീടുള്ള വിവരങ്ങളൊന്നും യുവതിയിൽ നിന്നും ലഭിച്ചിട്ടില്ല. 

പമ്പയാര്‍ കരകവിഞ്ഞതോടെ പത്തനംതിട്ടയുടെ പലമേഖലകളും അപ്രതീക്ഷിതമായി വെള്ളത്തിനടിയിലായി. പമ്പയുടെ തീരത്തെ വീടുകളിൽ കുടുംബങ്ങൾ കുടുങ്ങിയിരിക്കുകയാണ്. ൈസന്യവും ദുരന്തനിവാരണ സേനയും പ്രവർത്തനങ്ങൾ തുടരുകയാണ്. ആശയ വിനിമയം തടസ്സപ്പെടുന്നതും ജലനിരപ്പ് ഉയരുന്നതും പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്.