Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്കാഹിന്റെ മൂന്നാം നാൾ മരണം, വിവാഹപന്തലിൽത്തന്നെ മരണാനന്തര ചടങ്ങുകളും

saufan

ജംശീനയുടെ കൈ പിടിച്ച് ജീവിതത്തെക്കുറിച്ചു സ്വപ്നം കാണാൻ സഫ്‌‌വാന് രണ്ടു ദിവസം തന്നെ ധാരാളമായിരുന്നു. ഒരായുസ്സ് മുഴുവൻ താലോലിക്കാനുള്ള ഓർമ്മകൾ ജംശീനയ്ക്കു പകർന്നു നൽകിയാണ് അവൻ പ്രാണൻ വെടിഞ്ഞത്. കിനാക്കൾ കണ്ടു തുടങ്ങിയ അതേ കല്യാണപ്പന്തലിൽ ഒരിക്കൽ കൂടി സഫ്‌വാൻ എത്തിയപ്പോൾ ഉയർന്നത് കൂട്ടക്കരച്ചിലാണെന്നു മാത്രം. 

ഓഗസ്റ്റ് 12നായിരുന്നു മലപ്പുറത്തെ പെരിങ്ങാവ് കൊടപ്പറമ്പ് മാന്ത്രമ്മല്‍ സഫ്‌വാന്റെ വിവാഹം. രണ്ടു ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 15, ബുധനാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ പ്രിയപ്പെട്ടവരെ തനിച്ചാക്കി അവൻ പോയ്മറഞ്ഞപ്പോൾ വേദനയിൽ നീറിയത് ഒരു നാടു കൂടിയാണ്. 

അയല്‍വാസിയും സുഹൃത്തുമായ പാണ്ടികശാല അസ്‌കറിന്റെ വീട്ടിലെ മണ്ണിടിച്ചില്‍ കണ്ടാണ് സഫ്‌വാനും പിതാവ് മുഹമ്മദലിയും വീടിനു പിന്നിൽ വച്ചിരുന്ന കോഴിക്കൂട് മാറ്റാനായി പോയത്. അപ്പോഴാണ് മരണം ഉരുൾ പൊട്ടലിന്റെ രൂപത്തിൽ അവരുടെ അടുത്തേക്കും എത്തിയത്. ഓടി മാറാന്‍ ശ്രമിച്ചപ്പോഴേക്കും ഇരുവരും മണ്ണിനടിയില്‍ കുടുങ്ങി. സ്വപ്നങ്ങൾ ബാക്കിവച്ച് സഫ്‌വാൻ മരണത്തിനൊപ്പം പോയി. മുഹമ്മദലിക്കും രക്ഷപ്പെടാൻ കഴിഞ്ഞില്ല. 

ദുരന്ത നിവാരണത്തിനുള്ള സന്നദ്ധ സംഘടനയായ വിഖായയുടെ വളണ്ടിയര്‍ കൂടിയായ സഫ്‌വാന്റെ മരണത്തിൽ നാട് മുഴുവൻ തേങ്ങുകയാണ്. കല്യാണത്തിനു ഒരുക്കിയ പന്തലില്‍ തന്നെയായിരുന്നു സഫ്‌വാന്റെ മരണാനന്തര ചടങ്ങുകളും.