Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടനെഞ്ചിലൊരു ആന്തലായ് ആ നാണയത്തുട്ടുകൾ; ഹൃദയം തൊടും ഈ കുറിപ്പ്

mohanan

മഹാപ്രളയത്തിൽ ദുരിതലായവരെ സഹായിക്കാൻ കയ്യിലെ ചില്ലറതുട്ടുകളുമായി വടിയും കുത്തി നാലു കിലോമീറ്റർ നടന്നു വന്ന മനുഷ്യനെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു.

തെരുവിൽ ഭിക്ഷയെടുക്കുന്ന മോഹനൻ എന്ന പഴയ ആനക്കാരനാണ് ഇൗരാറ്റുപേട്ട മുൻ മുൻസിപ്പൽ ചെയർമാൻ ടി.എം.റഷീദിന്റെ വീട്ടിലെത്തിയത്. കയ്യിലെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനെത്തിയതായിരുന്നു ആ മനുഷ്യന്‍.  

അലഞ്ഞുതിരിഞ്ഞുള്ള ജീവിതത്തിനിടയിലും പത്രം കൃത്യമായി വായിക്കാൻ മോഹനൻ ശ്രമിക്കും. അങ്ങനെയാണ് കേരളത്തെ നടുക്കുന്ന മഹാപ്രളയത്തിന്റെ തീവ്രത അദ്ദേഹം മനസ്സിലാക്കിയത്. പിന്നെ വൈകിയില്ല, കയ്യിലുള്ള ചില്ലറത്തുട്ടുകളുമായി റഷീദിന്റെ വീട്ടിലെത്തി. 

പണത്തിനു വന്നതായിരിക്കുമെന്നു കരുതി മോഹനനു നേരെ റഷീദ് ഇരുപതു രൂപ നീട്ടി. എന്നാൽ ആ വീടിന്റെ പടിയിലിരുന്നു കയ്യിൽ കരുതിയ മുഷിഞ്ഞ നോട്ടുകളും ചില്ലറകളും എണ്ണി തിട്ടപ്പെടുത്തി മോഹനൻ ആ തുക റഷീദിനു നേരെ നീട്ടി . 94 രൂപ. 

‘‘മുഖ്യമന്ത്രി സാറിന്റെ ദുരിതാശ്വാസ ഫണ്ടിേലക്ക് കൊടുക്കണം. എനിക്ക് അറിയില്ല എങ്ങനെയാ പണം നൽകേണ്ടതെന്ന്. സാർ ചെയ്താ മതി.’’ ഇത്രയും പറഞ്ഞ് അയാൾ നടന്നകന്നു.

പൂഞ്ഞാർ കല്ലേക്കുളം സ്വദേശിയാണ് മോഹനൻ. വർഷങ്ങൾക്ക് മുൻപ് ആന പട്ടകൊണ്ട് അടിച്ചതിനെത്തുടർന്നാണ് മോഹന്റെ ഒരു കാലിന് സ്വാധീനം നഷ്ടമായത്. 

ജീവിതത്തിലുണ്ടായ പരുക്ക് ജീവിതത്തിന്റെ തന്നെ താളം തെറ്റിച്ചെങ്കിലും ആ മനസിന്റെ വലിപ്പം എത്രയോ വലുതാണെന്ന് ആ ചില്ലറത്തുട്ട് കയ്യിൽ പിടിച്ച് കൊണ്ട് ഒാർത്തുപോയെന്ന് റഷീദ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. മോഹനൻ പകർന്ന ഉൗർജം നാടിന് മാത്യകയാവാനാണ് അനുഭവം സമൂഹമാധ്യമത്തിൽ കുറിച്ചതെന്നും തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്നും റഷീദ്.

‘ഇടനെഞ്ചിൽ ഒരു ആന്തൽ സമ്മാനിച്ച്’ അയാൾ ആ വീടിന്റെ പടിക്കെട്ടിറങ്ങി. ആ അനുഭവക്കുറിപ്പ് വായിക്കുന്നവരുടെ ഉള്ളിലും അതിജീവനത്തിന്റെ  മഹാപ്രളയമാവുകയാണ്.

കുറിപ്പിന്റെ പൂർണരൂപം;

ഈ തുട്ടുകൾ ,,,

മുഖ്യമന്ത്രിയെ 

ഏല്പിക്കാൻ 

എന്റെ വീടുതേടി 

വന്നു ,,,അതും 4 കിലോമീറ്റർ 

വടിയും കുത്തി നടന്നു ,,

ഈ മനുഷ്യൻ ,,

എണ്ണാൻ തുടങ്ങി ,,,,

എന്താ ചെയ്യേണ്ടത് 

എന്നു ഒരു എത്തും പിടിയും 

കിട്ടിയതെ ഇല്ല ,,,

നമ്മളൊക്കെ എന്തു ,,,

ഇടനെഞ്ചിൽ ഒരു ആന്തൽ 

സമ്മാനിച്ച് ,,

പടി ഇറങ്ങി പോയി ,,

ആ പഴയ ആനക്കാരൻ ,,,

94 രൂപ വെച്ചിട്ടുപോയി ,

പൂഞ്ഞാർ കാരൻ മോഹനൻ ചേട്ടൻ 

ആന വക്കയ്ക്കു അടിച്ചു 

കാൽ തളർത്തി ,,,

ചികിൽസിച്ചു തളർന്നു !!

oh അല്ലാഹ്

ആ കണ്ണുകളിലെ തിളക്കം കണ്ടോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.