Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ വീട്ടിലേക്ക് മാറും മുൻപ് പ്രളയം അവരെ കൊണ്ടുപോയി

anson-house ഒരായുസ്സിന്റെ അധ്വാനം കൊണ്ട് പണിതുയർത്തിയ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനു മുൻപാണ് രംഗബോധമില്ലാത്ത എത്തിയ പ്രളയം ആൻസനെയും അമ്മയെയും തട്ടിയെടുത്തത്.

അപ്രതീക്ഷിത പ്രളയം തകർത്തെറിഞ്ഞത് ഒരുപാട് സ്വപ്നങ്ങളുമായി പുതിയ ജീവിതം തുടങ്ങാനിരുന്ന നിരവധി ജീവിതങ്ങളെ കൂടിയാണ്. ചാലക്കുടിയിൽ മകനും അമ്മയും പ്രളയത്തെ തുടർന്ന് വീട് തകർന്നു വീണു മരിച്ചത് ഹൃദയഭേദകമായ വാർത്തയായിരുന്നു. ജോജോ പ്ലാസ്റ്റിക് എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്ന ആൻസണും അമ്മയും ഒരായുസ്സിന്റെ അധ്വാനം കൊണ്ട് പണിതുയർത്തിയ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനു മുൻപാണ് രംഗബോധമില്ലാത്ത എത്തിയ പ്രളയം ഇരുവരെയും തട്ടിയെടുത്തത്. ആൻസനെ അനുസ്മരിച്ചു കൊണ്ട് എഴുത്തുകാരി കൂടിയായ ലിപി ജസ്റ്റിൻ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പാണ് ഈ വാർത്ത കൂടുതൽ ആളുകളിലേക്കെത്തിച്ചത്. 

സ്വപ്നഭവനത്തിലേക്ക് പ്രവേശിക്കാതെ സ്വർഗീയ ഭവനത്തിലേക്ക് പ്രവേശിച്ച ആൻസൻ.... 

ആൻസനെക്കുറിച്ച്‌ ഇന്നലെ വരെ അധികമൊന്നും എനിക്കറിയില്ലായിരുന്നു. ചാലക്കുടിയിലെ ജോജോ പ്ലാസ്റ്റിക് എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു, കോട്ടാറ്റ് അതിർത്തിയിൽ മൂഞ്ഞേലി ഇടവക അംഗമായ ആൻസൻ.

എപ്പോൾ ചെന്നാലും ഏറെ തിരക്കുള്ള ജോജോ പ്ലാസ്റ്റിക്ക് സ്ഥാപനവുമായി ഒരഞ്ചു വർഷത്തെ പരിചയം മാത്രമാണ് എനിക്കുണ്ടായിരുന്നത്.

ഏതൊരാളുടെ വീടിനും, കടയ്ക്കും, ഓഫീസിനുമൊക്കെ ആവശ്യമായ A-Z സാധന സാമഗ്രഹികൾ തുച്ഛമായ വിലക്ക് കിട്ടി കൊണ്ടിരുന്ന ഒരു കട.

ചാലക്കുടിയിൽ വരുന്ന ഏതൊരു മനുഷ്യനും ഒരിക്കലെങ്കിലും ആ കടയിൽ കയറാതെ പോയിട്ടുണ്ടാവുകയില്ല. അനേകായിരം ജനങ്ങളുടെ അത്താണിയായിരുന്നു ജോജോ പ്ളാസ്റ്റിക്. അതിനു പുറമെ ഒട്ടേറെപേർക്ക് ജോലി കൊടുത്തിരുന്ന ഒരു സ്ഥാപനവും.

എന്നു ചെന്നാലും ഇടതു കയ്യിലെ മൊബൈൽ ഇടതു ചെവിയിലേക്ക് വെച്ച് സപ്ലെയേഴ്സിനോടും, വലതു കയ്യും വലതു ചെവിയും കണ്ണും ഉപയോഗിച്ച് കസ്സ്റ്റമേഴ്സിനോടും, ഒരേ സമയത്ത് സംസാരിക്കുന്ന ആൻസനെ ഞാൻ അത്ഭുതപൂർവ്വം നോക്കി നിന്നിട്ടുണ്ട്. ഒരാളെയും കാത്തു നിർത്തി മുഷിപ്പിക്കുന്ന സ്വഭാവം തീരെയില്ല. എല്ലാവരുടെ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയും ശക്തമായ നടപടിയും ആൻസനിൽ നിന്നും എന്നും എല്ലാവർക്കും കിട്ടിയിരുന്നു. അങ്ങനെയുള്ള ആൻസനെയാണ് ഈ പ്രളയം തട്ടിയെടുത്തത്.

ആഗസ്റ്റ് പതിനഞ്ചിന്‌ സ്വാതന്ത്ര്യദിനത്തിൽ ചുറ്റുമുള്ളവർക്ക് വേണ്ടി മധുര പലഹാരങ്ങൾ വിതരണം ചെയ്തിരുന്ന ആൻസൻ...പെരിങ്ങൽക്കുത്ത് ഡാം തുറന്നു വിടുന്നുണ്ട്, ചാലകുടിക്കാർ ജാഗ്രത പാലിക്കണമെന്ന് എഫ്ബി പോസ്റ്റിട്ട ആൻസൻ...

ആ ആൻസനാണ് പതിനാറിലെ ദുരന്ത രാത്രിയിൽ വെഞ്ചിരിപ്പിന് കാത്തു കിടന്നിരുന്ന തന്റെ പുതിയ സ്വപ്ന ഗൃഹത്തിന് തൊട്ടടുത്ത് പഴയ തറവാട്ടു വീട്ടിൽ വൃദ്ധയായ അമ്മയുടെ കൈ പിടിച്ച്‌ മരണത്തിലേക്ക് ഒഴുകി പോയത്!.

ആൻസനും അമ്മയും തറവാട് വീട് കുതിർന്നു വീണ് മരണപെട്ടു എന്ന വാർത്ത ചാലക്കുടി ദേശത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. മരണവാർത്ത കേട്ട് ഞെട്ടിയവരുടെ ഹൃദയം പൊട്ടിയത് ആൻസൻ സ്വപ്നം കണ്ടിരുന്ന...പുതിയ ജീവിതത്തിന്റെ തൊട്ട് അടുത്ത് എത്തിയിട്ട്കൂടി അതിലേക്കൊന്നു പ്രവേശിക്കാൻ പോലും സാധിക്കാതെ പോയ ആൻസന്റെ വിധിയെ ഓർത്തിട്ടായിരുന്നു!.

തന്റെ ആയുസ്സിന്റെ അധ്വാനം കൊണ്ടുണ്ടാക്കിയ പുതിയ വീടിന്റെ വെഞ്ചിരിപ്പിന് ശേഷം ഒരു വിവാഹ ജീവിതവും ആൻസൻ സ്വപ്നം കണ്ടിരുന്നു എന്നു പറഞ്ഞു കേൾക്കുന്നു. ആൻസന്റെ മരണവാർത്ത കേട്ട് വിശ്വസിക്കാനാകാതെ ആ വിധിയെക്കുറിച്ച്‌ പതം പറഞ്ഞു നടന്നിരുന്ന എന്റെ കണ്ണുകൾ തുറപ്പിച്ചത് എന്റെ മകൾ ആയിരുന്നു.

അവൾ ചോദിച്ചു..."ഈ അമ്മയെന്തുന്നാ ആളുടെ വിധിയെ പറ്റി ഓരോന്നു പറഞ്ഞു നടക്കുന്നെ...ഒരാൾ വിവാഹം കഴിച്ചോ വീട് പണിതോ എന്നൊന്നും അല്ല നമ്മൾ നോക്കേണ്ടത്. അയാൾ എത്ര ജനഹൃദയങ്ങളിൽ ജീവിക്കുന്നു എന്നു മാത്രമാണ് നമ്മൾ നോക്കേണ്ടത്." അതേ..എത്ര ശരി!!

ഒരാളുടെ ജീവിത വിജയം നിശ്ചയിക്കേണ്ടത് അയാൾ നേടിയ സമ്പത്തിന്റെയോ, കോടികൾ മുടക്കി പണിതുയർത്തിയ വീടിന്റെയോ, വിജയിപ്പിച്ച സംരംഭത്തിന്റെയോ സ്ഥിതി നോക്കിയല്ല...ഒരു മനുഷ്യന്റെ വിജയം അളക്കേണ്ടത് അയാൾ നേടിയ ഹൃദയങ്ങൾ നോക്കിയാണ്. ആ ഹൃദയങ്ങളിൽ അയാൾക്കുള്ള സ്ഥാനം നോക്കിയാണ്!!.

അങ്ങനെ നോക്കുമ്പോൾ ആൻസന്റെ മരണം അദ്ദേഹത്തിന്റെ വിജയം തന്നെയാണ്. ഒരുപാട് ജന ഹൃദയങ്ങളെ തന്റെ വ്യക്തിത്വം കൊണ്ട് മാത്രം കീഴ്‌പെടുത്തിയ വിജയം! ആ വിജയത്തിന്റെ ഒരു ഉദാഹരണം ആണല്ലോ ആയിരകണക്കിന് കസ്റ്റമേഴ്സിൽ ഒരാൾ മാത്രമായ...അയൽദേശത്ത് താമസിക്കുന്ന എന്നെ പോലെ ഉള്ളവരുടെ ഹൃദയങ്ങളിൽ പോലും ആൻസൻ നിറഞ്ഞു നിൽക്കുന്നത്.

കൂടപ്പിറപ്പുകൾക്കും കൂടപ്പിറപ്പുകളെ പോലെ സ്നേഹിക്കുന്ന സഹ പ്രവർത്തകർക്കും നാട്ടുകാർക്കും ആൻസന്റെ മരണത്തിലുള്ള അനുശോചനങ്ങൾ അറിയിക്കുന്നു. പെറ്റമ്മയെ മരണത്തിൽ പോലും ഒറ്റയ്ക്ക് ആക്കാത്ത ആൻസന് നാടിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ....