Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയെ വെല്ലും ക്ലൈമാക്സ്; പൊളിഞ്ഞത് തട്ടിക്കൊണ്ടുപോകൽ നാടകം

kasargod-kidnap

കാസർകോട് ചിറ്റാരിക്കലില്‍ അമ്മയെയും കുഞ്ഞിനെയും അക്രമിസംഘം തട്ടിക്കൊണ്ടു പോയെന്ന പരാതി കാമുകനൊപ്പം ഒളിച്ചോടാന്‍ യുവതി കളിച്ച നാടകമെന്നു പൊലീസ്. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനുവിനെയും മൂന്നുവയസ്സുകാരന്‍ മകനെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. ഭർത്താവിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മീനുവിനെ കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ യുവാവിനൊപ്പം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നു കസ്റ്റഡിയിലെടുത്തു. യുവാവ് തട്ടിക്കൊണ്ടുപോയതാണെന്നു യുവതിയുടെ മൊഴി ലഭിച്ചാല്‍ യുവാവിനെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനം. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കും.

ആറു മണിക്കൂറോളം ഒരു നാടിനെയാകെ മുൾമുനയിൽ നിർത്തിയ സംഭവത്തിനാണ് വൈകിട്ടോടെ തിരശീല വീണത്. രാവിലെ പത്തരയോടെയാണു സംഭവത്തിന്റെ തുടക്കം. മീനു ഭര്‍ത്താവ് മനുവിനെ ഫോണില്‍ വിളിച്ച് തന്നെയും കുഞ്ഞിനെയും ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നെന്ന് അറിയിച്ചു. പരിഭ്രാന്തനായ മനു അയല്‍പക്കത്തുള്ള ബന്ധുക്കളെ വിവരമറിയിച്ചു. അവര്‍ വീട്ടിലെത്തിയപ്പോള്‍ മീനുവും കുഞ്ഞും അവിടെ ഇല്ലായിരുന്നു. പ്രദേശത്തു പരിശോധന നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.

യുവതിയെയും കുഞ്ഞിനെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയെന്ന വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വീട്ടമ്മ സ്വന്തം ഇഷ്ടത്തിന് ഇറങ്ങിപ്പോകാനുള്ള സാധ്യത ആദ്യഘട്ടത്തിൽ തന്നെ പൊലീസ് ഉന്നയിച്ചെങ്കിലും ബന്ധുക്കൾ ഇതു നിഷേധിച്ചു. മുറിയില്‍ മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. തറയില്‍ കണ്ട ചോരക്കറയെന്നു തോന്നുന്ന ചുവന്ന പാടും വീട്ടിൽനിന്നു കരച്ചിൽ കേട്ടതായി അയക്കാരിൽ ചിലരുടെ മൊഴിയും പൊലീസ് ഗൗരവമായി എടുത്തു. ഈ സാഹചര്യത്തിൽ, യുവതിയെയും കുഞ്ഞിനെയും അക്രമിസംഘം തട്ടിക്കൊണ്ടു പോയെന്ന ഭർത്താവിന്റെ പരാതി അനുസരിച്ച് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായി.

എന്നാല്‍ മുറിയില്‍ വിശദമായി പരിശോധന നടത്തിയ പൊലീസ് സംഘം തട്ടിക്കൊണ്ടുപോകല്‍ കഥ പൂര്‍ണമായി വിശ്വസിച്ചില്ല. ഭര്‍ത്താവിനെയും ബന്ധുക്കളെയും ഏറെ നേരം ചോദ്യം ചെയ്തെങ്കിലും മീനുവിനു മറ്റൊരു ബന്ധമുണ്ടെന്നുള്ള ഒരു സൂചനയും ലഭിച്ചില്ല. തുടര്‍ന്ന് ഫൊറന്‍സിക് സംഘത്തിന്റെ പരിശോധനയില്‍ മുറിയിലെ തറയില്‍ കണ്ടതു രക്തക്കറയല്ലെന്നും ചാന്ത് ഒഴിച്ചതാണെന്നും തെളിഞ്ഞു. സ്ഥലത്തെത്തിയ പൊലീസ്നായ മണം പിടിച്ചു സമീപത്തെ റബര്‍തോട്ടത്തിലൂടെ ഓടിയാണ് റോഡിലേക്ക് എത്തിയത്. ഇതും തട്ടിക്കൊണ്ടു പോയി എന്ന സംശയത്തിന്റെ ബലം കുറച്ചു. സാഹചര്യത്തെളിവുകള്‍ ഒളിച്ചോട്ടത്തിലേക്കു വിരല്‍ചൂണ്ടിയെങ്കിലും ബന്ധുക്കള്‍ ആ സാധ്യത അപ്പാടെ തള്ളിയതോടെ പൊലീസും കുഴങ്ങി. മീനുവിന്റെ മൊബൈല്‍ ഫോണ്‍ മുറിയില്‍ ഇല്ലായെന്നുറപ്പിച്ചതോടെ പൊലീസ് അന്വേഷണത്തിന്റെ ദിശ മാറ്റാന്‍ തീരുമാനിച്ചു.

സമാന്തരമായി, മീനു ഒളിച്ചോടാനുള്ള സാധ്യതയും അന്വേഷണ പരിധിയില്‍ കൊണ്ടുവന്നു. വീട്ടമ്മയുടെ ഫോണ്‍ രേഖകള്‍ ഈ ഘട്ടത്തിലാണു പൊലീസ് പരിശോധിച്ചത്. രാവിലെ മുതല്‍ ഒരു നമ്പറില്‍നിന്നു നിരവധി തവണ മീനുവിന്റെ ഫോണിലേക്കു വിളിവന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ആ നമ്പര്‍ കേന്ദ്രീകരിച്ചായി അന്വേഷണം. അതിനൊപ്പം കാസർകോടുനിന്ന് കണ്ണൂർ, കോഴിക്കോട് ജില്ലകളിലേക്കു പുറപ്പെട്ട ട്രെയിനുകളിലും ബസുകളിലും പരിശോധന നടത്താനും ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഇതിനിടെ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ വെള്ള ആള്‍ട്ടോ കാര്‍ കണ്ടെത്തിയതോടെ മൂന്നുമണിക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന മംഗളൂരു–കോയമ്പത്തൂര്‍ എക്സ്പ്രസ് വിശദമായി പരിശോധിക്കാന്‍ റെയില്‍വേ പൊലീസിനു നിര്‍ദേശം നല്‍കി. ഈ പരിശോധനയിലാണ് ഇരുവരെയും  കോഴിക്കോട് സ്റ്റേഷനിൽ വച്ച് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്. മീനുവിനെ ചിറ്റാരിക്കല്‍ സ്റ്റേഷനില്‍ എത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തും.

ചെറുപുഴ സ്വദേശിയായ യുവാവ് തട്ടിക്കൊണ്ടു പോവുകയായിരുന്നെന്നു മീനു പറഞ്ഞാല്‍ യുവാവിനെതിരെ കേസെടുക്കേണ്ടി വരും. അതേസമയം, സ്വന്തം ഇഷ്ടപ്രകാരമാണു പോയതെന്നു സമ്മതിച്ചാല്‍ നാളെ ഇരുവരെയും കോടതിയില്‍ ഹാജരാക്കും. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതുകൊണ്ട് അവരുടെ ഇഷ്ടത്തിനു ജീവിക്കാന്‍ അനുവദിക്കാനാണ് സാധ്യത. കോട്ടയം സ്വദേശിനിയായ മീനുവിനെ നാലു വര്‍ഷം മുമ്പാണു മനു വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു. വലിയൊരാശങ്കയ്ക്കു വിരാമമായെങ്കിലും സംഭവത്തിന്റെ ഞെട്ടലില്‍നിന്നു ചിറ്റരിക്കല്‍ എന്ന മലയോരഗ്രാമം ഇനിയും മുക്തമായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.