Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'തിരക്കിനിടയിൽ പ്രണയിക്കാനും ചേർത്തുപിടിക്കാനും മറക്കരുത് ' കണ്ണീർക്കുറിപ്പ്

ramesh-with-wife

അകാലത്തിൽ പൊലിഞ്ഞ പ്രിയതമയുടെ ചിത്രം ഒരിക്കൽ കൂടി സമൂഹമാധ്യമത്തിൽ പങ്കുവച്ച് രമേഷ്കുമാർ വീണ്ടും ഏവരുടേയും കണ്ണിനെ ഇൗറനണിയിക്കുന്നു. 

ഒന്നരവർഷം മുമ്പാണ് രാമേഷിന്റെ ഭാര്യ തലച്ചോറിൽ ട്യൂമർ ബാധിച്ച മരിച്ചത്. തങ്ങളുടെ ജീവിതം എന്നും ആഘോഷമായിരുന്നുവെന്നും ഇന്നും അവൾ തന്നോടൊപ്പം എന്നുമുണ്ടെന്നും ഒാർമിപ്പിക്കുകയാണ് രമേഷ്. കീമോയ്ക്ക് ശേഷം ഐഎസ്എൽ കാണാനും സ‌ച്ചിനെകാണാനുമൊക്കെ ഭാര്യയുമായി പോയ രമേഷിന്റെ കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

സെപ്റ്റംബർ രണ്ടിന് വിവാഹവാർഷമായിരുന്നുവെന്നും അതിനാൽ ഒരുമിച്ചുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയാണെന്നും പറഞ്ഞാണ് രമേഷ് ചിത്രവും കുറിപ്പുമിട്ടിരിക്കുന്നത്. തങ്ങളുടെ പ്രണയനാളുകളുടെ ഒാർമകളാണ് കുറിപ്പുകളിൽ നിറയെ. ഒപ്പം തിരക്കിനിടയിൽ , പ്രാരാബ്ധങ്ങൾക്കിടയിൽ ജീവിക്കാൻ മറന്നുപോകരുത് , സ്നേഹിക്കാൻ, പ്രണയിക്കാൻ, ചേർത്തുപിടിക്കാൻ, മറന്നുപോകരുത് ...പിന്നെയാവട്ടെ എന്നു കരുതരുത് എന്ന് ഒാർമിപ്പിക്കാനും രമേഷ് മറക്കുന്നില്ല.

രമേഷിന്റെ കുറിപ്പ് വായിക്കാം : 

' ഒരുപാട് നാളായി ഒരുമിച്ചൊരു ഫോട്ടോ ഇട്ടിട്ട്, കിടക്കട്ടെ ഒരെണ്ണം ചില പ്രിയപ്പെട്ട ദിവസങ്ങളിൽ ഇങ്ങനെയൊക്കെ ചെയ്യുന്നത് നല്ലതാ.

ഒരു കുഞ്ഞി കഥ പറയാം, ഒരു പാതിരാത്രിയിലാണ് പ്രണയം വന്നു വാതിലിൽ മുട്ടിയത്. എപ്പോഴും പറയുന്നപോലെ ഇവിടാരുമില്ല പോയിട്ട് പിന്നെ വരൂ എന്ന് പറഞ്ഞില്ല വാതിൽ തുറന്നു ഉള്ളിലേക്ക് കയറിയ പ്രണയത്തോട് പറഞ്ഞു ഇവിടെ ഇരിക്കാൻ ഒരു കസേരപോലുമില്ല അടുക്കളയിൽപോയാൽ ഒരു കാപ്പിയിട്ട് കുടിക്കാം ഇടക്ക് കഞ്ഞിയാവും, ഇടക്ക് ബിരിയാണി,ചിലപ്പോൾ പട്ടിണി... കഷ്ടമാണ് എന്തിനാ വെറുതെ.. വാതിൽ തുറന്നുതന്നെ കിടപ്പാണ് വേണമെങ്കിൽ ...

മറുപടി വന്നു , ഇല്ല...പോകുന്നില്ല കൂടാനാണ് തീരുമാനം ..എന്നത്തേയും പോലെ കുഞ്ഞുനുള്ളുമ്മകൾ മതി തള്ളവിരലും ചൂണ്ടുവിരലും ചേർത്തുപിടിച്ചു കുഞ്ഞ് കുഞ്ഞു നുള്ളുമ്മകൾ ..അതിൽ സ്നേഹമുണ്ട് കരുതലുണ്ട് അതിൽകൂടുതൽ വേറെന്ത് വേണം .....

ഓ അപ്പോൾ തീരുമാനിച്ചുറപ്പിച്ചാണല്ലേ ? 

ഉത്തരം....ചിരി .......

വീണ്ടും പറഞ്ഞു , 

ഭ്രാന്തനാണ് , മഴനനയണം പുഴകാണണം,കടലിൽമുങ്ങണം,കാട് കേറണം,എങ്ങോട്ടെന്നറിയാതെ യാത്രകൾ ചെയ്യണം, കുന്നിന്മുകളിൽകേറി കൂവണം , തണുപ്പുള്ള രാത്രിയിൽ ബൈക്കിലൊരുമിച്ചു പതിയെ കറങ്ങണം , തട്ടുകടയിൽ പോയി കട്ടനും ഓംലെറ്റും കഴിക്കണം , ചൂടുള്ള കട്ടൻ ഊതി കുടിക്കുമ്പോൾ കണ്ണിൽ കണ്ണിൽ നോക്കി പുഞ്ചിരിച്ചു നിൽക്കണം,ടെറസിനുമുകളിൽ മാനം നോക്കി കിടക്കണം , മഴത്തണുപ്പിൽ ഉമ്മവെക്കണം , കെട്ടിപിടിക്കണം കഥപറഞ്ഞുറങ്ങണം ഉറക്കത്തിലും ചേർത്ത് പിടിക്കണം ....അങ്ങനെയങ്ങനെ ഒരുപാടുണ്ട് ..മുഴുത്ത വട്ട് ....

സഹിക്കുമോ ?

ഉത്തരം ..ആണോ അതിലപ്പുറമാണ് ഞാൻ ...നിറഞ്ഞചിരി .

അങ്ങനെയാണ് രണ്ടു വട്ടുകൾ ചേർന്ന് മുഴുത്തവട്ടുരൂപംകൊള്ളുന്നത് .പിന്നൊന്നും നോക്കീല ഉള്ളംകൈയിലങ്ങിറുക്കിപ്പിടിച്ചു ഒരു താലിയും കെട്ടി പ്രണയത്തെ കൂടെയങ്ങുകൂട്ടി . ആ ദിവസമാണിന്ന് Sep-2ആറാംവിവാഹവാർഷികം ...

ഇതൊക്കെക്കണ്ട് താനെന്താടോ ഇങ്ങനെയെന്നു ചോദിക്കരുത് ..ഞാനിങ്ങനെയാണ് ...

പണ്ടൊക്കെ ഓരോ ചിത്രങ്ങൾ പോസ്റ്റുചെയ്യുമ്പോൾ ഇടക്കിടക്ക് അവൾ ചോദിക്കും എത്ര ലൈക്ക് ആയെന്നു ...98 ആയാൽ പറയും ശൊ രണ്ടു ലൈക്ക്‌ കൂടെ ആയാൽ നൂറടിക്കും ല്ലെ ?നോക്കിനിൽക്കാതെ മറ്റുള്ളവർക്കും ലൈക്ക്‌ കൊടുക്ക് മോനെ എന്ന് ..ഒടുവിൽ നൂറു ആയാൽ, ഓയ് കിച്ചപ്പാ...നമ്മള് നൂറടിച്ചെടാ എന്നും പറഞ്ഞു ഒരു സന്തോഷം ഉണ്ടവൾക്ക് ....

കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ പോലും സന്തോഷിച്ചിരുന്ന അവൾക്കുവേണ്ടിയാണ് ...അവളുടെ സന്തോഷങ്ങളാണിത് ...അതാണ് ഞാൻ ഇങ്ങനെയൊക്കെ.

സങ്കടവും, കരച്ചിൽ സ്മൈലികളും വേണ്ട ....ഇന്നത്തെ ദിവസം സന്തോഷം മാത്രം മതി കേട്ടോ സുഹൃത്തുക്കളെ ....

തിരക്കിനിടയിൽ , പ്രാരാബ്ധങ്ങൾക്കിടയിൽ ജീവിക്കാൻ മറന്നുപോകരുത് , സ്നേഹിക്കാൻ, പ്രണയിക്കാൻ, ചേർത്തുപിടിക്കാൻ, മറന്നുപോകരുത് ...പിന്നെയാവട്ടെ എന്നുകരുതരുത് ....മനോഹരമായ ഒരു ജീവിതം ഉണ്ടാവട്ടെ എല്ലാർക്കും ...ഞങ്ങള് അച്ഛനും മോനും കൂടെ ഇവിടെ തകർക്കുവാ കേട്ടോ ....അപ്പൊ ഇന്നത്തെ ദിവസം ഞങ്ങൾക്കുവേണ്ടി ഓരോ കെട്ടിപ്പിടുത്തങ്ങളും , ഉമ്മകളും ചേർത്തുപിടിക്കലുകളും നുള്ളുമ്മകളും കൊണ്ട് ആഘോഷമാക്കുക 

ഈ വിവാഹ വാർഷികത്തിന്റെ ഓർമ്മക്കായി ഇതിവിവിടെ കിടക്കട്ടെ ല്ലെ ... ' 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.