സ്വവർഗരതി; ചരിത്രവിധിക്കൊപ്പം പ്രണയം വെളിപ്പെടുത്തി സുകന്യ കൃഷ്ണ 

സെപ്റ്റംബർ 6 എൽജിബിടി വിഭാഗത്തിൽപ്പെട്ടവരെ സംബന്ധിച്ച് ചരിത്രപ്രധാനമായ ദിവസമായിരുന്നു . 157 വർഷങ്ങൾ നീണ്ടുനിന്ന നിയമത്തിന്റെ അവഗണന പരിസമാപ്തിയിലെത്തി. സ്വവർഗരതി ക്രിമിനൽകുറ്റമാകുന്ന നിയമം റദ്ദാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു . ലൈംഗിക ന്യൂന്യപക്ഷ വിഭാഗങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന സുപ്രീം കോടതിയുടെ ചരിത്രവിധി വന്ന ദിവസം തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റും എഴുത്തുകാരിയുമായ സുകന്യ കൃഷ്ണ. തന്റെ പ്രണയത്തെയും ചരിത്രവിധിയേയും കുറിച്ചു സുകന്യ മനോരമഓൺലൈനിനോടു സംസാരിക്കുന്നു  

അതേ, ഞാൻ പ്രണയത്തിലാണ്

ഞാൻ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തെ സംബന്ധിച്ചു ചരിത്രപ്രധാനമായ ഒരു കോടതി വിധി വന്ന ഈ സാഹചര്യത്തിൽ ഏറെ സന്തോഷത്തോടു കൂടി പറയുന്നു, ഞാൻ പ്രണയത്തിലാണ്. എന്നാൽ എന്റെയും പ്രണയിക്കുന്ന വ്യക്തിയുടെയും സ്വകാര്യത മാനിച്ച് കൂടുതൽ വിശദാംശങ്ങളിലേക്കു കടക്കാൻ സാധിക്കില്ല. എന്നാൽ ജീവിതത്തെ സംബന്ധിച്ചു വളരെ നിര്‍ണായകമായ ഒരു തീരുമാനത്തിലാണ് ഞങ്ങൾ ഇപ്പോൾ എത്തി നിൽക്കുന്നത്. 

ഇതിനു മുൻപ് ഒരിക്കൽ ഞാൻ പ്രണയത്തിലാണ് എന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ചില കാരണങ്ങൾകൊണ്ട് അതു പ്രവർത്തികമായില്ല. അതുകൊണ്ടും കൂടിയാണ് ഇത്തവണ കാര്യങ്ങൾ പൂർണമായും വ്യക്തമാക്കാത്തത്. നമ്മുടെ നാട്ടിലെ ആളുകൾക്ക് ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളാനുള്ള മനക്കരുത്തോ മഹാമനസ്‌കതയോ ഇനിയും ഉണ്ടായിട്ടില്ല. അതിനു ഇനിയും ഏറെക്കാലം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. 

കോടതിവിധിയെ സാഗതം ചെയ്യുന്നു. പക്ഷേ,

സ്വവർഗരതി നിയമവിധേയമാക്കിയ കോടതിവിധിയെ പൂർണമനസ്സോടെ സ്വാഗതം ചെയ്യുന്നു. എന്നാൽ അതുകൊണ്ടു മാത്രം പ്രശ്നം തീരില്ല. സ്വവർഗരതി മാത്രമേ നിലവിൽ നിയമവിധേയമായിട്ടുള്ളൂ. സ്വവർഗവിവാഹത്തിന്റെ കാര്യത്തിലും തീരുമാനം ഉണ്ടാകണം. ഈ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം ഉണ്ടാകണം.

പ്ലാസ്റ്റിക്ക് പ്രകൃതി വിരുദ്ധമല്ല, സ്വവർഗ്ഗരതി പ്രകൃതി വിരുദ്ധമാണ് !

ഞാൻ പഠിച്ചിട്ടുള്ളത് പ്രകൃതിക്ക് ദോഷം ചെയ്യുന്ന കാര്യങ്ങളാണ് പ്രകൃതിവിരുദ്ധം എന്നാണ്. 24 മണിക്കൂറും പ്ലാസ്റ്റിക് ഉപയോഗിക്കുന്ന, ലോകത്തില്‍ ഏറ്റവും കൂടുതൽ കാർബൺ പുറംതള്ളുന്ന രാജ്യത്തെ ജനങ്ങളാണ് സ്വവർഗ ലൈംഗികത കുറ്റമാണ്, പ്രകൃതിവിരുദ്ധമാണ് എന്നൊക്കെ പറയുന്നത്. പ്ലാസ്റ്റിക് പ്രകൃതിവിരുദ്ധമല്ലാത്തിടത്തു സ്വവർഗരതി എങ്ങനെ പ്രകൃതി വിരുദ്ധമാകും? മാറ്റങ്ങൾ ആരംഭിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നതാണ് വാസ്തവം.

ചർച്ചകൾക്കു തുടക്കമാകും 

ഏറെ പ്രതിസന്ധികൾ തരണം ചെയ്യേണ്ടതായി ഉണ്ടെങ്കിലും പുതിയ വിധി നിരവധി ചർച്ചകൾക്കു തുടക്കം കുറിക്കും എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ആളുകൾ എൽജിബിടി സമൂഹത്തിന്റെ പ്രശ്നങ്ങളെ പറ്റി കൂടുതൽ സംസാരിക്കുകയും യോജിച്ച നടപടികൾ സ്വീകരിക്കുകയും ചെയ്യും എന്നാണ് കരുതുന്നത്. നാളത്തെ തലമുറക്ക് ഇതിന്റെ പ്രയോജനം പൂർണമായി ലഭിക്കും.