Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വവർഗാനുരാഗ സ്വത്വം വെളിപ്പെടുത്തിയ മകനെ ചേർത്തുപിടിച്ച് മാതാപിതാക്കൾ

arnanbb അർണബ് നന്ദി അമ്മ സുപ്രിയ നന്ദിയോടും അച്ഛൻ അമർ കുമാർ നന്ദിയോടുമൊപ്പം

സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതി വിധി പുറത്തുവന്നതോടെ സ്വന്തം സ്വത്വം വെളിപ്പെടുത്തി യുവാവ്. മുംബൈ സ്വദേശിയായ അർണബ് നന്ദിയാണ് താൻ സ്വവർഗാനുരാഗിയാണെന്നു ലോകത്തോടു വിളിച്ചുപറഞ്ഞ് രംഗത്തെത്തിയത്. ‘ഇനിയൊരിക്കലും എന്റെ മകൻ കുറ്റവാളിയില്ല’ എന്ന പോസ്റ്ററുമായി അർണബിനൊപ്പം ചിത്രമെടുത്തു തുറന്ന മനസ്സോടെ മാതാപിതാക്കളും അവനെ സ്വീകരിച്ചു. മാതാപിതാക്കൾ നൽകിയ പിന്തുണയും സ്നേഹവും വ്യക്തമാക്കുന്ന കുറിപ്പിൽ വ്യക്തിത്വം തിരച്ചറിയാനാവാതെ താൻ അനുഭവിച്ച വേദനകളും അർണബ് പങ്കുവെയ്ക്കുന്നുണ്ട്. 

അർണബ് പങ്കുവെച്ച കുറിപ്പിലെ പ്രസക്തഭാഗങ്ങൾ;

‘‘ഞാനിന്ന് അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണ്. മാത്രമല്ല ഇനി ഞാനൊരു കുറ്റവാളിയുമല്ല. ഞാന്‍ എഴുതുന്ന ഈ കാര്യങ്ങൾ നിങ്ങൾ പങ്കുവെയ്ക്കണം. സമാനമായ പ്രശ്നങ്ങൾ കാരണം കഷ്ടപ്പെടുന്നവർക്കും അവരുടെ കുടുംബത്തിലേക്കും എന്റെ സന്ദേശം എത്തിച്ചേരണം. ഇൗ കുറിപ്പ് പങ്കുവെയ്ക്കാൻ മടി കാണിക്കരുത്.

ലൈംഗികത എന്നത് ഒരാളുടെ വ്യക്തിത്വമല്ല, വ്യക്തിത്വത്തിന്റെ ഒരു ഭാഗം മാത്രമാണ്. രണ്ടു വര്‍ഷം മുമ്പ് ഞാന്‍ ജീവിച്ച ജീവിതം എന്നതു സ്വാതന്ത്ര്യമില്ലാത്ത ഒന്നായിരുന്നു. ഞാൻ ആരാണ് എന്നറിയാത‌െ കുഴങ്ങുകയായിരുന്നു. എന്റെ സുഹൃത്ത് നിഖിലിന്റെ പിറന്നാള്‍ ദിനത്തില്‍ എന്റെ സ്വവര്‍ഗാനുരാഗ സ്വത്വം  തുറന്നുപറഞ്ഞപ്പോള്‍, ഒരു പൂമ്പാറ്റ പ്യൂപ്പയില്‍ നിന്നും പുറത്തുവന്ന പ്രതീതിയായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.

ആദ്യമൊക്കെ എന്റെ സ്വത്വം പുറത്തു പറയാന്‍ ഭയമായിരുന്നുവെങ്കിലും, പിന്നീട് പതുക്കെ പതുക്കെ ധൈര്യം കിട്ടിതുടങ്ങി. എനിക്ക് ലൈംഗികശേഷി കുറവാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളൊക്കെ സമൂഹത്തില്‍ നിന്നുയര്‍ന്നു. ഇന്നു ഞാന്‍ വീട്ടിലേക്കു പ്രവേശിച്ചപ്പോള്‍ അച്ഛനും അമ്മയും എന്നെ കെട്ടിപ്പുണര്‍ന്നു. സന്തോഷത്തോടെ അവര്‍ എന്നോട് പറഞ്ഞു ‘അഭിനന്ദനങ്ങള്‍, ഇനി മുതല്‍ നീ കുറ്റക്കാരനല്ല’. എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. എന്നോട് എന്റെ മാതാപിതാക്കള്‍ തന്നെയാണ് ഇത് ലോകത്തോടു വിളിച്ചുപറയാന്‍ പറഞ്ഞത്.

ഇതിന്റെ അടുത്ത പടി എന്നത് എല്ലാവരിലും അവബോധം സൃഷ്ടിക്കുകയാണ്. എങ്കില്‍ മാത്രമേ മറ്റ് ഇന്ത്യാക്കാരോടൊപ്പം സ്വത്വം വെളിപ്പെടുത്തി കൊണ്ടു സഹവസിക്കാന്‍ ഞങ്ങള്‍ക്കു സാധിക്കുകയുള്ളു. ഇനിയും ഒരുപാടു ദൂരം യാത്ര ചെയ്താലേ ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ സംഭവിക്കുന്നത് കാണാന്‍ സാധിക്കുകയുള്ളു. ഇനിയും ഇൗ വിഭാഗത്തിൽപ്പെട്ടവർ കഷ്ടപ്പെട്ട് എതിര്‍വര്‍ഗ്ഗ പങ്കാളിയോടൊപ്പം ജീവിക്കേണ്ടി വരുന്ന കാലത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാനാവുന്നില്ല. ഞങ്ങള്‍ക്ക് ആരുടേയും സഹതാപം ആവശ്യമില്ല. സുരക്ഷിതവും, സൗഹാര്‍ദപരവുമായി ജീവിക്കാന്‍ ഉതകുന്ന ഒരു അന്തരീക്ഷം മാത്രം മതി ഞങ്ങള്‍ക്ക്.’’ 

എൽജിബിടി വിഭാഗത്തില്‍പ്പെട്ടവർക്കു എന്തെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുണ്ടെങ്കിൽ തന്നെ സമീപിക്കാം എന്ന് പറഞ്ഞ്, ഫോണ്‍ നമ്പറും മെയിൽ െഎഡിയും നൽകിയാണ് അർണബ് കുറിപ്പ് അവസാനിപ്പിക്കുന്നത്.