ആദ്യ കീമോ കഴിഞ്ഞപ്പോള്‍ വിവാഹ നിശ്ചയം, എട്ടാമത്തെ കീമോയ്ക്ക് മുമ്പ് വിവാഹം

കാൻസറിനെതിരെ പ്രണയംകൊണ്ടു പോരാടുന്ന സച്ചിനും ഭവ്യയ്ക്കും കൈതാങ്ങായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും. കാൻസർ രോഗിയായ തന്റെ പ്രണയിനിയെ ജീവിത സഖിയാക്കിയ യുവാവിന്റെ കഥ മാധ്യമങ്ങളിൽനിന്ന് അറിഞ്ഞു പോത്തുകല്ലിലെ പൂളപ്പാടത്തെ സച്ചിന്റെ വീട്ടിൽ എത്തുകയായിരുന്നു പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. 

ഭവ്യയുടെ ചികിൽസയ്ക്കായി  25000 രൂപ അദ്ദേഹം കൈമാറി. സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

ഏറെ ആവേശത്തോടെയാണ് മലപ്പുറം സ്വദേശികളായ സച്ചിന്റെയും ഭവ്യയുടെയും കഥ കേരളം ഏറ്റെടുത്തത്. ഒന്നിച്ചു പഠിക്കുന്ന കാലത്തു മൊട്ടിട്ട ഇഷ്ടം. പ്രണയവും ജോലിയും സ്വപ്നങ്ങളുമായി കടന്നുപോകുന്ന സന്തോഷ ദിനങ്ങൾക്കിടയിലാണ് ഭവ്യയ്ക്കു കാൻസറാണെന്ന് അറിയുന്നത്. എന്നാൽ പ്രണയത്തിൽനിന്നു പിന്നോട്ടു പോകാതെ ഒന്നിച്ചുനിന്നു പോരാടാൻ ഇരുവരും തീരുമാനിച്ചു.

മകളുടെ ചികിത്സാ ചെലവും കുടുംബചെലവും താങ്ങാനാവാതെ കഷ്‌ടപ്പെടുന്ന കൂലിപ്പണിക്കാരനായ ഭവ്യയുടെ അച്ഛന് തുണയായി സച്ചിന്റെ കരങ്ങളെത്തി. സച്ചിന്‍ മാർബിൾ പണിക്കാരനായി. ആദ്യത്തെ കീമോ കഴിഞ്ഞപ്പോൾ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. എട്ടാമത്തെ കീമോ ചെയ്യാനായി ഭവ്യ ആശുപത്രിയിലെത്തുക സച്ചിന്റെ ഭാര്യയായാണ്. ലളിതമായി നടന്ന ചടങ്ങുകളോടെ നടന്ന ഇരുവരുടെയും വിവാഹം ഏറെ ആവേശത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. നിരവധിപേരാണ് ഇവർക്കു സഹായവാഗ്ദാനങ്ങളുമായി എത്തിയത്.